16 April 2024, Tuesday

നിരീശ്വരന്‍

നന്ദിനി രാജീവ്
January 14, 2024 7:16 pm

അരവിന്ദന്റെ ഞായറാഴ്ചകൾ വൈകുന്നേരം ഒറ്റമൂർത്തീ ക്ഷേത്രത്തിന്റെ മുന്നിലുള്ള ആൽത്തറയിലെ കൂടിച്ചേരലിലാണ് അവസാനിക്കാറ്. വൈകുന്നേരം സുഖകരമായ കാറ്റേറ്റ് ആലിന്റെ ചുവട്ടിലുള്ള ഇരിപ്പ് ആകെയൊരു ഉണർവിന് വഴിയൊരുക്കാറുണ്ട്.
“അല്ല അരവിന്ദാ, എപ്പോഴും ആൽത്തറയിൽ ഇരിക്കാറുണ്ടെങ്കിലും അകത്തു കയറി തൊഴലൊന്നും കാണാറില്ലല്ലോ… നീയും നിരീശ്വരവാദിയാണോ…?” ശ്രീനിയുടെ ചോദ്യത്തിന് അരവിന്ദൻ ഒരു ചെറിയ ചിരിയാണ് മറുപടി നൽകിയത്.
“അതിന് അവന് കൂടും കുടുംബവുമൊന്നുമില്ലാലോ. അപ്പോ പിന്നെ ദൈവത്തിനോടെന്തു സങ്കടം പറയാനാ…” ഗോപിയുടെ വക കമന്റ് ഉടനേയെത്തി.
“ന്നാലും പൂരത്തിന് ഒരു ചെറിയ സംഭാവനപോലും തരാഞ്ഞത് ശരിയായില്ല അരവിന്ദാ… ഞങ്ങൾകമ്മിറ്റിക്കാരോട് ഒരു നല്ല തുക വാഗ്ദാനം നൽകിയത് നിന്നെ മനസിൽ കണ്ടിട്ടായിരുന്നു. പക്ഷേ ഞങ്ങളിപ്പോ പുലിവാലു പിടിച്ച മാതിരിയായി.” സേതുവിന്റെ മുഖം നിരാശയിൽ മങ്ങി. 

“ദൈവത്തിന്റെ പേരിലുള്ള ധൂർത്തിനൊന്നും ഞാനില്ല” അരവിന്ദൻ മെല്ലെ എഴുന്നേറ്റു.
“നീയിങ്ങനെ ദൈവത്തെ നിന്ദിച്ചു നടന്നാൽ ഒടുവിൽ നീ അനുഭവിക്കേണ്ടി വരും ഓർത്തോ. ഞങ്ങൾ എന്തിനും നിന്റെ കൂടെയുണ്ടായിരുന്നുവെന്ന് നീ മറന്നു പോകരുത്…” സേതു അമർഷത്തോടെ ബൈക്കിൽ കയറി അരവിന്ദനെ മറികടന്നു വേഗത്തിൽ പോയി.
അമ്പലത്തിലെ ഉത്സവം ഉഷാറാക്കണം. ശ്രീനിയും സേതുവും ഗോപിയും കൂടി തീരുമാനിച്ചു. ആ നാടിന്റെ തന്നെ തട്ടകത്തമ്മയാണ്. ജാതിഭേദമില്ലാതെ എല്ലാവരും അതിൽ പങ്കാളികളാവും. അതാണ് പതിവ്.
ഉത്സവ പിരിവിനായി മൂവരും കൂടി രാവിലെ തന്നെ പുറപ്പെട്ടു. ഗ്രാമത്തിലെ മിക്കവാറും വീടുകളെല്ലാം കയറിയിറങ്ങി. കനാലിന്റെ തെക്കുഭാഗത്തുള്ള മൂന്നു വീടുകൾ കൂടി ബാക്കിയുണ്ട്. അതും കൂടി കഴിഞ്ഞാൽ ഇന്നത്തെ നടത്തം അവസാനിപ്പിക്കാം. അതും പറഞ്ഞു കൊണ്ടാണ് അവർ കാദറിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നത്. മഴ പെയ്ത്, ടാറിടാത്ത റോഡു മുഴുവൻ ചതുപ്പായിരിക്കുന്നു. കഴിഞ്ഞ ഇലക്ഷന് ഈ റോഡു മുഴുവൻ ടാർ ചെയ്യാമെന്ന് വാഗ്ദാനം നൽകിയ കാര്യം പഞ്ചായത്തു മെമ്പർ കൂടിയായ സേതു ജാള്യതയോടെ ഓർത്തു. തെന്നി വീഴാതെ ബാലൻസ് ചെയ്ത് നടക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്ന തമാശ ഓർത്ത് സേതുവിന്റെ ചുണ്ടിലൊരു ചിരി പടർന്നു. 

ഗേറ്റു തുറന്നു കിടക്കുന്നതു കണ്ട് അകത്തേക്കു നടക്കുമ്പോഴാണ് അരവിന്ദൻ വീടിന്റെ പടിയിറങ്ങി വരുന്നതു കണ്ടത്.
“അല്ല നിരീശ്വരവാദിയെന്താ ഇവിടെ?” സേതു പരിഹാസഭാവത്തിൽ ചിരിച്ചു.
“കാദറിനെ ഒന്നു കാണാൻ വന്നതാ…” അതും പറഞ്ഞ് അരവിന്ദൻ തിരക്കിട്ടു നടന്നു പോയി.
അവർ മൂന്നു പേരും കയറിച്ചെല്ലുമ്പോൾ പൂമുഖത്ത് കുട്ടികൾ കലപില കൂട്ടി കളിയിലാണ്.
“മക്കളെ… കാദറില്ലേ? ഒന്ന് വിളിക്കാമോ?” ഗോപി ചോദിച്ചു.
“ബാപ്പ സുഖമില്ലാതെ കിടപ്പാ. നടക്കാൻ വയ്യ.” മൂത്ത കുട്ടി റസീന പറഞ്ഞു.
“അയ്യോ… എന്തു പറ്റി?” സേതുവിന്റെ ചോദ്യം കേട്ട് കാദറിന്റെ ഭാര്യ സീനത്ത് അകത്തുനിന്നും ഇറങ്ങി വന്നു.
“എന്തേ എല്ലാരും കൂടി?”
“കാദറിനെ ഒന്നു കാണാൻ…” ഗോപി പകുതിക്കു വച്ചു നിർത്തി.
“അകത്തേക്കു വന്നോളൂ…” അതും പറഞ്ഞ് സീനത്ത് മുൻപേ നടന്നു. അവർ കാദർ കിടന്ന മുറിയിലെത്തി. അവരെ കണ്ടപ്പോൾ കട്ടിലിൽ ക്ഷീണിതനായി കിടന്ന കാദറിന്റെ മുഖത്തൊരു ചിരി വിടർന്നു.
“എല്ലാരുമുണ്ടല്ലോ… ഇരിക്കിൻ.”
അവർ അമ്പരപ്പോടെ പരസ്പരം നോക്കി കസേരയിൽ ഇരുന്നു. 

“മൂന്നു മാസത്തോളമായി ഈ കിടപ്പ് തുടങ്ങീട്ട്. പ്രഷർ കൂടി സ്ട്രോക്ക് വന്നതാ. രണ്ടു മാസം ആശുപത്രിയിലായിരുന്നു. ഫിസിയോ തെറാപ്പി ചെയ്താൽ പതിയെ ഭേദംണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു.” നനവു പടർന്ന കണ്ണുകൾ ഒന്നു തുടയ്ക്കാനാവാതെ അയാൾ വിതുമ്പി.
”അരവിന്ദൻ അതിനൊക്കെ ഏർപ്പാടാക്കിയ കാര്യം പറയാനാ ഇപ്പോ വന്നിട്ടുപോയത്. സുഖം ല്ലാണ്ടായപ്പോ കമ്പനിക്കാര് ഒന്നും തന്നില്ല. ആശുപത്രിയിൽവച്ച് അപ്രതീക്ഷിതമായി അരവിന്ദനെ കണ്ടതുകൊണ്ടാ ബില്ലൊക്കെ അടയ്ക്കാൻ പറ്റീത്. ഒക്കെ അള്ളാഹുവിന്റെ കാരുണ്യം… അല്ലാച്ചാ… അവൻ… ന്റെ ആരായിട്ടാ ഇതൊക്കെ ചെയ്യണത്. ദൈവത്തിന്റെ അനുഗ്രഹോള്ളോനാ… അല്ലേൽ ഇതൊക്കെ ചെയ്യാൻ തോന്ന്വോ…” കാദറിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
ഒരു വാക്കും മിണ്ടാനാകാതെ പടിയിറങ്ങുമ്പോൾ അവരുടെ കോവിലിൽ നിരീശ്വരൻ കുടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.