22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 30, 2024
September 27, 2024
September 6, 2024
September 2, 2024
September 3, 2023
July 24, 2023
July 21, 2023
July 12, 2023
June 14, 2023

ഗോപുമ്മാൻ എന്ന പി കെ ഗോപാലകൃഷ്ണനും ഞാനും കമ്മ്യൂണിസ്റ്റ് പാർട്ടിയും

സി എന്‍ ജയദേവന്‍ Ex.MP
June 14, 2023 12:19 pm

ഒരു ഒഴുക്കില്‍ വായിച്ചുപോകാവുന്ന ഒരുപാട് കാര്യങ്ങള്‍. പലരുടെയും ഓര്‍മ്മകളും അനുഭവങ്ങളും ചികിഞ്ഞാല്‍ വലിയ ചരിത്രം തിളങ്ങിവരും. ചിലപ്പോള്‍ ചിന്തിക്കാനും അനുകരിക്കാനും ഉതകുന്ന ഒരുപാട് നന്മകള്‍ കാണാം. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ പാര്‍ലമെന്റ് അംഗവുമായ സി എന്‍ ജയദേവന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഈ ഗണത്തില്‍ ചേര്‍ക്കാവുന്ന പുതിയ ഒന്ന്. ‘ഗോപുമ്മാൻ എന്ന പി കെ ഗോപാലകൃഷ്ണനും ഞാനും കമ്മ്യൂണിസ്റ്റ് പാർട്ടിയും’ എന്ന തലവാചകത്തോടെ എഴുതിയ ആ ഓര്‍മ്മക്കുറിപ്പ് വായിക്കാം.

1948ൽ കൽക്കട്ടയിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സ് അംഗീകരിച്ച പരിപാടിയാണ് ചരിത്ര പ്രസിദ്ധമായ കൽക്കട്ട തീസിസ് എന്നറിയപ്പെടുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അധികം വൈകാതെ ഇങ്ങനെയൊരു പരിപാടി അംഗീകരിച്ചതിനെ തുടർന്ന് നെഹ്രു ഗവൺമെന്റ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. 1951 വരെ ആ നിരോധനം തുടർന്നു. എന്നാൽ ഈ നിരോധിക്കപ്പെട്ട കാലത്തു തന്നെ ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്ന 1950 ജനുവരി 26ന് രാജ്യത്തിന്റെ ദേശീയ പതാക ഉയർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അന്നേ ദിവസം കാലത്ത് കുറ്റിലക്കടവില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ജാഥ ആരംഭിച്ചു. ജാഥയുടെ ക്യാപ്റ്റൻ സഖാവ് സർദാർ ഗോപാലകൃഷ്ണനാണ്. സർദാറിന്റെ നേതൃത്വത്തിൽ ജാഥയായി ചെന്ന് ദേശീയ പതാക ഉയർത്തണമെന്നു തീരുമാനിച്ചത്, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാട്ടിക ഫർക്കാ കമ്മിറ്റിയാണ്.

പാർട്ടി നിരോധനത്തെ വെല്ലുവിളിച്ച് ത്രിവർണ പതാകയേന്തി ജാഥയായി ചെന്ന് പ്രഥമ റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാക ഉയർത്താനായിരുന്നു പാർട്ടി തീരുമാനം. വലപ്പാട് കുറ്റിലക്കടവ് കടപ്പുറത്തുനിന്ന് ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ സർദാർ ഗോപാലകൃഷ്ണന്റെ കൈകളിലേക്ക് ദേശീയപതാക കൈമാറി, അന്ന് ആ ജാഥ ഉദ്ഘാടനം ചെയ്തത് പി കെ ഗോപാലകൃഷ്ണനായിരുന്നു.

സർദാറിന്റെ നേതൃത്വത്തിൽ ആവേശകരമായി മുന്നേറിയ ജാഥയെ മൈലുകൾക്കപ്പുറം മതിലകത്തുവച്ച് പൊലീസ് തടഞ്ഞു നിർത്തി ഭീകര മർദ്ദനവും ലാത്തിച്ചാർജ്ജും അഴിച്ചുവിട്ടു. പൊലീസ് നരനായാട്ടിനെത്തുടർന്ന് മതിലകം ലോക്കപ്പിലടയ്ക്കപ്പെട്ട സർദാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സഖാക്കളെ പൊലീസ് തല്ലിച്ചതച്ചു. ക്രൂരമായ ഈ പൊലീസ് മർദ്ദനത്തിൽ സഖാവ് സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷിയായി.

സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടം തല്ലിച്ചതച്ചു കൊന്ന ആദ്യരക്തസാക്ഷി കമ്മ്യൂണിസ്റ്റുകാരനായ സർദാർ ഗോപാലകൃഷ്ണനാണ്. കൽക്കട്ടാ തീസിസ് രാജ്യ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് നെഹ്രു ഗവൺമെന്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനമേർപ്പെടുത്തിയ കാലത്തു തന്നെയാണ്, ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ പൊലീസുകാരാൽ കൊലചെയ്യപ്പെട്ട് രക്തസാക്ഷിയായത്. രാഷ്ട്രീയ വിദ്യാർത്ഥികൾ ചരിത്രത്തിലെ ഈ വൈരുധ്യം പഠന വിഷയമാക്കേണ്ടതാണ്.

സർദാറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ജനങ്ങളുടെ തിരിച്ചടി ഭയന്ന പൊലീസ് നാട്ടികയിലും പരിസരപ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ റെയ്ഡ് നടത്തി ക്രൂരമായ മർദ്ദനങ്ങളും ആക്രമണങ്ങളും അഴിച്ചു വിട്ടു. പ്രധാന നേതാക്കളെല്ലാം പിടികൊടുക്കാതെ ഒളിവിൽ പോയി. പി കെ ഗോപാലകൃഷ്ണനും ഈ കാലയളവിൽ ദീർഘകാലം ഒളിവിലായിരുന്നു. ഈ സംഭവങ്ങൾ നാട്ടിൽ ഭീതി പടർത്തുകയും പൊലീസ് സംഹാര താണ്ഡവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയും ചെയ്ത സമയത്താണ് ഞാൻ ജനിച്ചതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അമ്മയുടെ സഹോദരനാണ് പി കെ ഗോപാലകൃഷ്ണൻ. ആ നിലയ്ക്ക് എന്റെ ഗോപുമ്മാനാണ് അദ്ദേഹം. മണലൂർ ചിരുകണ്ഠത്ത് തറവാട്ടിലേക്കാണ് അമ്മയെ വിവാഹം ചെയ്തു കൊണ്ടുവന്നത്. അക്കാലത്ത് സ്ത്രീകൾ പൊതുവേ പ്രസവത്തിന് സമയമായാൽ സ്വന്തം വീട്ടിലേക്ക് പോവുകയാണ് പതിവ്. അമ്മ എന്നെ ഗർഭം ധരിച്ച് സ്വന്തം വീടായ പുവ്വത്തുംകടവിൽ പ്രസവസമയവും കാത്തിരിക്കുന്ന അവസരത്തിലാണ് സർദാർ ഗോപാലകൃഷ്ണൻ പൊലീസ് മർദ്ദനംമൂലം രക്തസാക്ഷിയാവുന്നത്. സർദാറിന്റെ സഹപ്രവർത്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഒളിവിൽ പോയ അമ്മയുടെ സഹോദരൻ (എന്റെ അമ്മാവൻ) പി കെ ഗോപാലകൃഷ്ണനെ അന്വേഷിച്ച് പല തവണ പൊലീസ് പുവ്വത്തുംകടവിലെത്തി. വീട്ടിൽ കയറി അക്രമം നടത്തുന്നതോടൊപ്പം സ്ത്രീകളെ അക്രമിക്കലും അക്കാലത്ത് പൊലീസിന്റെ കലാപരിപാടിയാണ്. അമ്മാവനെ അന്വേഷിച്ച് കയ്യിൽ കിട്ടാത്തതിന്റെ അരിശം തീർക്കാൻ പൊലീസുകാർ അന്ന് ഗർഭിണിയായിരുന്ന അമ്മയുടെ വയറ്റത്ത് ലാത്തി കൊണ്ട് കുത്തിയ കഥ പിൽക്കാലത്ത് എത്രയോ തവണ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അതോടൊപ്പം ഒരു ജ്യോത്സ്യപ്രവചന കഥയും കേൾക്കാറുണ്ടായിരുന്നു. ഞാൻ ജനിച്ചപ്പോൾ ജാതകം ഗണിച്ച ജ്യോത്സ്യൻ പറഞ്ഞുവത്രേ, ജനിച്ച കുഞ്ഞ് വലിയ വിപ്ലവകാരിയും രാഷ്ട്രീയ നേതാവുമൊക്കെയായി അറിയപ്പെടുമെന്ന്. പറഞ്ഞുവന്നത് അമ്മാവനായ പി കെ ഗോപാലകൃഷ്ണനെ കുറിച്ചാണ്.

ശ്രീനാരായണപുരം പനങ്ങാട് പുവ്വത്തുംകടവിൽ കുടുംബാംഗമായ പി കെ ഗോപാലകൃഷ്ണൻ, കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലും പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റായത്. മലയാളികളുടെ പ്രിയകവി പി ഭാസ്കരൻ ഉൾപ്പെടെ പിൽക്കാല കേരളം നെഞ്ചേറ്റിയ പ്രമുഖരായ നിരവധി പേർ പി കെ യുടെ സഹപാഠികളും രാഷ്ട്രീയത്തിൽ സഹപ്രവർത്തകരുമായിരുന്നു. അക്കാലത്തെ വിദ്യാർത്ഥികളുടെ പ്രബല സംഘടനയായ വിദ്യാർത്ഥി ഫെഡറേഷന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു പി കെ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാട്ടിക ഫർക്കയിലെ പ്രമുഖ നേതാവായി മാറിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായ രസകരമായ ഒരു സംഭവം പറയാതെ പോകുന്നത് അനുചിതമായി പോകും.

നാട്ടികയിലെ പ്രമുഖ ജന്മിയും കോൺഗ്രസ് നേതാവുമായിരുന്ന അടിപ്പറമ്പിൽ രാമൻ പി കെ ഗോപാലകൃഷ്ണന്റെ നേരെ അമ്മാവനാണ്. മരുമകൻ കമ്മ്യൂണിസ്റ്റായതിൽ വലിയ വൈഷമ്യം മനസിൽ കൊണ്ടു നടന്നിരുന്ന ആളുമായിരുന്നു അദ്ദേഹം. പഴയ നാട്ടിക ഫർക്ക ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്നതറിയാമല്ലോ.

1952ൽ മദ്രാസ് പ്രസിഡൻസി കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാട്ടികയിൽ നിന്ന് കൊട്ടിഘോഷിച്ച് അടിപ്പറമ്പിൽ രാമനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സർദാറിന്റെ രക്തസാക്ഷിത്ത്വത്തെ തുടർന്ന് അടിച്ചമർത്തപ്പെട്ട് ശിഥിലമായിപ്പോയ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാപരമായി വളരെ ദുർബലമായ സന്ദർഭത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ എതിരാളികൾ ഇല്ലെന്ന് കരുതി വിജയം സുനിശ്ചിതമായ ഭാവത്തിലാണ് കോൺഗ്രസും അടിപറമ്പിൽ രാമനും അനുയായികളും തെരഞ്ഞെടുപ്പു ഘോഷവുമായി മുന്നേറിയത്.

അടിപ്പറമ്പിൽ രാമൻ എന്ന അതികായനായ കോൺഗ്രസ് നേതാവിനെ നേരിടാൻ അവസാന നിമിഷത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടെത്തിയ സ്ഥാനാർത്ഥി പി കെ ഗോപാലകൃഷ്ണനാണ്. യുവാവും വിദ്യാസമ്പന്നനും വിപ്ലവകാരിയും ബുദ്ധിജീവിയുമെല്ലാമായ പി കെ ഗോപാലകൃഷ്ണൻ അടിപറമ്പിൽ രാമനെതിരായ നല്ല സ്ഥാനാർത്ഥിയായി പാർട്ടി വിലയിരുത്തി. നാടാകെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. കോൺഗ്രസുകാരനായ അമ്മാവനെതിരെ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി സ്വന്തം മരുമകൻ. പി കെ ഗോപാലകൃഷ്ണൻ അത് വലിയ കാര്യമാക്കിയില്ലെങ്കിലും അടിപറമ്പിൽ രാമൻ അതൊരു വലിയ വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. ജന്മിത്ത താടിയും മോടിയും ധാരാളിത്തവും അലങ്കാരങ്ങളും കൊട്ടിഘോഷങ്ങളുമായി അടിപറമ്പിൽ രാമനും അനുയായികളും തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റി. വിജയം സുനിശ്ചിതം! കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാ ദൗർബല്ല്യങ്ങൾ പരിഹരിച്ച് പരാധീനതകളും സാമ്പത്തിക പ്രതിസന്ധികളുമായി നിരങ്ങി നീങ്ങിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം പാർട്ടിക്കെതിരായ ഭരണകൂടത്തിന്റെ കടുത്ത പ്രതിരോധമുയർത്തിയ ഭീതിജനകമായ അന്തരീക്ഷവും നിലനിൽക്കുന്നുണ്ട്. അതെല്ലാം അഭിമുഖീകരിച്ചു നേരിട്ട തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ അടിപറമ്പിൽ രാമന് അടി പതറി. ദുർബലനെന്നു കരുതിയ പി കെ ഗോപാലകൃഷ്ണൻ വിജയിച്ച് എംഎൽസിയായി. അമ്മാവൻ തോറ്റു, മരുമകൻ വിജയിച്ചു. സർദാറിനെ കൊലപ്പെടുത്തിയ ഭരണകൂട ഭീകരതയ്ക്ക് ജനങ്ങൾ നല്കിയ തിരിച്ചടിയായിരുന്നു പി കെ യുടെ തെരഞ്ഞെടുപ്പു വിജയം.

പിൽക്കാലത്ത് സിപിഐ യുടെ പ്രമുവ നേതാവായി മാറിയ പി കെ ഗോപാലകൃഷ്ണൻ നാട്ടികയിൽ നിന്ന് പലതവണ എംഎൽഎ യും ഒരിക്കൽ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായി. പാർട്ടി പ്രവർത്തനത്തിന്റെ യാത്രകളും തിരക്കുകളും കഴിഞ്ഞാൽ വായനയിലും എഴുത്തിലുമായിരുന്നു അദ്ദേഹം പൂർണമായും ശ്രദ്ധിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും മാർക്സിയൻ ചിന്തകനും എഴുത്തുകാരനും ബുദ്ധിജീവിയുമൊക്കെയായിരുന്ന പി കെ ഗോപാലകൃഷ്ണൻ പക്ഷേ, കുടുംബത്തിൽ ഒരിക്കലും തന്റെ രാഷ്ട്രീയ നിലപാടുകൾ ആരുടെമേലും അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ല. ആരെയും തന്റെ പാർട്ടിയിൽ ചേരാൻ നിർബന്ധിച്ചതായും അനുഭവമില്ല. അതുകൊണ്ടായിരിക്കണം ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും പി കെ ഗോപാലകൃഷ്ണൻ പ്രവർത്തിച്ച സിപിഐ യെക്കാൾ എനിക്ക് അഭാവം സിപിഐ(എം)നോടാവാൻ കാരണമായത്. ഞാൻ താമസിക്കുന്ന മണലൂരിൽ എന്റെ സമ്പർക്കത്തിലുണ്ടായിരുന്ന ചെറുപ്പക്കാരെല്ലാം സിപിഐ(എം) പ്രവർത്തകരോ അനുഭാവികളോ ആയിരുന്നതും മാറ്റുരു കാരണമാകാം.

1967ൽ ആണ് ഞാൻ പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കാനെത്തുന്നത്. അക്കാലത്ത് അവിടത്തെ ഏറ്റവും ശക്തമായ വിദ്യാർത്ഥി സംഘടന എസ്എഫ്ഐ ആണ്. സ്വാഭാവികമായും എന്റെ രാഷ്ട്രീയാഭിമുഖ്യം മുൻനിർത്തി ഞാനൊരു സജീവ എസ്എഫ്ഐ പ്രവർത്തകനായി മാറുകയായിരുന്നു. വിക്ടോറിയ പഠന കാലത്താണ് ഞാൻ പോലുമറിയാതെ എന്റെ ജീവിതത്തിലെ യാതനാഭരിതമായ പൊലീസ് ലോക്കപ്പ് അനുഭവങ്ങളുണ്ടായത്.

തൊള്ളായിരത്തി അറുപതുകളുടെ അവസാന കാലത്താണല്ലോ ഇന്ത്യയിൽ നക്സലൈറ്റ് പ്രസ്ഥാനം പിറവി കൊള്ളുന്നത്. അതിന്റെ അലയൊലികൾ കേരളത്തിലും ശക്തമായി ഉയർന്നുവന്നു. ആദിവാസി-പാർശ്വവൽകൃത ജനവിഭാഗങ്ങൾക്കിടയിലാണ് നക്സൽ പ്രവർത്തനം വളർന്നു വന്നത്. 1971 — 72 കാലത്ത് തലശേരി — തൃശിലേരി പൊലീസ് സ്റ്റേഷൻ അക്രമങ്ങൾ നടന്നു. ഈ സംഭവത്തിനു ശേഷം ഒരു ദിവസം വൈകുന്നേരം പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർത്ഥിയായിരുന്ന എന്നെ ഒരു സംഘം പൊലീസുകാർ ഹോസ്റ്റലിൽ വന്ന് പിടിച്ചു കൊണ്ടുപോയി ലോക്കപ്പിലടച്ചു. പ്രശ്നമെന്താണെന്ന് എനിക്ക് മനസിലായതുമില്ല. ഏകദേശം രണ്ടാഴ്ചയിലധികം കാലം ലോക്കപ്പിൽ കിടന്നു. വിവരം വീട്ടിൽ വലിയ വിഷയമായി, നാട്ടിലാകെ പാട്ടായി.

എന്റെ അമ്മ നേരെ പുച്ചത്തുംകടവിൽ ചെന്ന് അമ്മാവൻ പി കെ ഗോപാലകൃഷ്ണനെ കണ്ട് മകനെ പൊലീസ് പിടിച്ച കാര്യം പറഞ്ഞ് സങ്കടവും ബഹളവുമായി. സ്വതവേ മൃദുഭാഷിയും ശാന്തപ്രകൃതിയുമായ പി കെ എല്ലാം കേട്ടിരുന്നു. അന്ന് സിപിഐ യുടെ ഭരണകാലമാണ്. കോൺഗ്രമായി ചേർന്നാണ് ഭരണം. സി അച്ചുത മേനോനാണ് മുഖ്യമന്ത്രി. സർക്കാരിനെതിരെ എസ്എഫ്ഐ സംഹാരാത്മകമായ സമരം നടത്തിവരുന്ന കാലമാണ്. ഞാനന്ന് എസ്എഫ്ഐ യുടെ വിക്ടോറിയ യൂണിറ്റ് സെക്രട്ടറിയാണ്. രാഷ്ട്രീയമായി നോക്കിയാൽ സഹോദരീപുത്രനായ ഞാനും അമ്മാവനായ പി കെ ഗോപാലകൃഷ്ണനും ബദ്ധശത്രുക്കൾ. പക്ഷേ അക്കാലം വരെയും ഞങ്ങൾ ഒരിക്കൽ പോലും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിരുന്നില്ല. അമ്മയുടെ കരച്ചിൽ സഹിക്ക വയ്യാതെ അവസാനം പി കെ ഗോപാലകൃഷ്ണൻ എന്ന സിപിഐ നേതാവായ എന്റെ അമ്മാവൻ തൃശൂർക്ക് യാത്രയായി. ഇന്നത്തെ പോലെ ഫോൺ — യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത കാലമാണ്.

പിന്നെ കേട്ടറിഞ്ഞ കഥ ഇങ്ങനെയാണ്; ബസ് കയറി തൃശൂരിൽ ചെന്നപ്പോൾ ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ്കോയ രാമനിലയത്തിലുണ്ടെന്നറിഞ്ഞു. അമ്മാവൻ നേരെ ചെന്ന് ആഭ്യന്തര മന്ത്രിയെ കണ്ടു. രണ്ടു പേരും പണ്ടേ നല്ല സുഹൃത്തുക്കളാണ്. നല്ല പഠനവും ചിന്തയും വായനയുമൊക്കെ ഉള്ളവരാണ്. വർത്തമാനങ്ങൾക്കെല്ലാം ശേഷം പി കെ, മന്ത്രിയോട് മരുമകൻ ദിവസങ്ങളായി പാലക്കാട് പൊലീസ് ലോക്കപ്പിൽ കടക്കുന്ന കാര്യം പറഞ്ഞു. മന്ത്രി സി എച്ച് മുഹമ്മദ്കോയ ഉടൻ തന്നെ ഏതൊക്കെയോ ഉയർന്ന പൊലീസ് ഓഫീസർമാരെ ഫോണിൽ വിളിച്ചു സംസാരിച്ചു. പ്രശ്നങ്ങൾ വരാതെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി പി കെ യെ സമാധാനിപ്പിച്ചു യാത്രയാക്കി. ഇതൊന്നും ലോക്കപ്പിൽ കിടക്കുന്ന ഞാൻ അറിയുന്നുണ്ടായിരുന്നില്ല. പതുക്കെ പൊലീസിന്റെ പെരുമാറ്റത്തിലൊക്കെ അൽപം മയം വന്നതു പോലെ തോന്നിയിരുന്നു. സ്റ്റേഷൻ ആക്രമണത്തിൽ ഞാൻ പങ്കാളിയല്ലാതിരുന്നതുകൊണ്ടാവണം ലോക്കപ്പിൽ എന്നെ കാര്യമായ മർദ്ദനത്തിനു വിധേയനാക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന മറ്റു പലർക്കും കാര്യമായ മർദ്ദനം ഏല്ക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്തായാലും അധികം വെകാതെയും വലിയ മർദ്ദനങ്ങളേല്കാതെയും ഞാൻ ലോക്കപ്പിൽ നിന്ന് മോചിതനായി. എന്തിനാണ് പൊലീസ് പിടിച്ച് ലോക്കപ്പിലിട്ടതെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു. പുറത്തുവന്ന ശേഷമാണ് കാര്യങ്ങളുടെ നിജസ്ഥിതി എനിക്ക് ബോധ്യമാവുന്നത്.

പാലക്കാട് ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിനടുത്ത് ഒരു ഭാസ്കരേട്ടൻ ഉണ്ടായിരുന്നു. ഞാൻ നല്ല സൗഹൃദത്തിലുമായിരുന്നു. വൈകുന്നേരങ്ങളിൽ കോളജ് വിട്ടു വരുമ്പോൾ പലപ്പോഴും ഭാസ്കരേട്ടനെ കാണുകയും വർത്തമാനം പറഞ്ഞിരികുകയും പതിവാണ്. പുള്ളിക്കാരൻ പലപ്പോഴും ആഴ്ചകളോളം അപ്രത്യക്ഷനാകും. പിന്നെ വീണ്ടും തിരിച്ചു വരും. ഭാസ്കരേട്ടൻ എന്താണ് ചെയ്തിരുന്നതെന്നൊന്നും എനിക്കറിയുകയോ ഞാൻ അന്വേഷിച്ച് മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. പൊലീസ് ലോക്കപ്പിൽ നിന്ന് പുറത്തുവന്നപ്പോഴാണ് നക്സലൈറ്റ് വിപ്ലവകാരിയായ ഭാസ്കരേട്ടന് രഹസ്യമായി ഒത്താശകൾ ചെയ്തു കൊടുത്തുവെന്ന പൊലീസ് സംശയത്തിന്റെ പേരിലാണ് ഞാൻ ലോക്കപ്പിലായതെന്ന വിവരം മനസിലാവുന്നത്. ഭാസകരേട്ടൻ ആവശ്യപ്പെടുന്ന ചില ചില്ലറ സഹായങ്ങളൊക്കെ ഞാൻ ചെയ്തു കൊടുത്തിരുന്നു. ബീഡി, സിഗററ്റ്, ചില പത്രമാസികകൾ, പുസ്തകങ്ങൾ ചിലപ്പോൾ തുച്ഛമായ ചില സാമ്പത്തികസഹായങ്ങൾ ഒക്കെ ഞാൻ ചെയ്തു കൊടുത്തിരുന്നു.

ഒളിവിലിരുന്ന നക്സലൈറ്റിനെ സഹായിക്കുന്ന ഞാനും നക്സലൈറ്റാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് എന്നെയും ലോക്കപ്പിലിട്ടത്. എന്തായാലും ഉന്നതമായ പൊലീസ് ഇടപെടലിനെ തുടർന്നാകണം വിശദമായ അന്വേഷണത്തിൽ എന്റെ നിരപരാധിത്വം ബോധ്യമായ പൊലീസ് അധികൃതർ എനിക്ക് വേഗം തന്നെ ലോക്കപ്പിൽ നിന്ന് വിടുതൽ നല്കി. കാര്യമായ കേസുകൾ ചർജ്ജ് ചെയ്യുകയുമുണ്ടായില്ല.

ഞാൻ നാട്ടിൽ തിരിച്ചെത്തി വീട്ടിലും അമ്മയുടെ വീട്ടിലും ഒക്കെ പോയി. അമ്മാവനെ കണ്ട അവസരങ്ങളിലൊന്നും ഒരിക്കൽ പോലും എന്നെ മോചിപ്പിക്കാൻ പൊലീസിൽ എന്തെങ്കിലും ഇടപെടൽ നടത്തിയതിനെ കുറിച്ച് പി കെ ഗോപാലകൃഷ്ണൻ സംസാരിച്ചില്ല. പിന്നീട് അമ്മയാണ് അമ്മാവൻ നടത്തിയ ഇടപെടലിനെ പറ്റി കുറച്ചൊക്കെ എനിക്ക് പറഞ്ഞു തന്നത്.

വിക്ടോറിയയിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി നാട്ടിലെത്തിയപ്പോൾ, വീട്ടുകാരെല്ലാം കൂടി ആലോചിച്ച് പ്രശ്നക്കാരനായ എന്നെ നാട്ടിൽ നിന്ന് ബോംബെയിലേക്ക് കയറ്റിവിടാൻ തീരുമാനിച്ചു. അവിടെ നിയമ പഠനത്തിന് പ്രവേശനം നേടി. പക്ഷേ പഠനം പൂർത്തിയാക്കാതെ ഞാൻ നാട്ടിൽ തിരിച്ചെത്തി. തൃശൂർ കേരള വർമ്മ കോളജിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു. ഇടവേളയ്ക്കു ശേഷം ഞാൻ വീണ്ടും എസ്എഫ്ഐ പ്രവർത്തനത്തിൽ സജീവമായി. രണ്ടു വർഷം യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

പി ജി പഠനം കഴിഞ്ഞ് നാട്ടിൽ കറങ്ങി നടക്കുന്ന സമയത്ത് കൃഷ്ണൻ കണിയാംപറമ്പിലുമായി വളർന്നു വന്ന സൗഹൃദമാണ് പിന്നീട് ദിശമാറി ഞാൻ സിപിഐ യിൽ എത്താൻ കാരണമായത്. കൃഷ്ണൻ കണിയാംപറമ്പിലിന്റെ പ്രേരണയിൽ ഇരിങ്ങാലക്കുട വച്ച് നടന്ന ഒരു യുവകലാസാഹിതി യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് എന്റെ നേരിട്ടുള്ള ആദ്യത്തെ സിപിഐ ബന്ധം ആരംഭിക്കുന്നത്. ആ യോഗത്തിൽ പി കെ ഗോപാലകൃഷ്ണൻ ഒരു പ്രഭാഷകനായി പങ്കെടുത്തിരുന്നു. ഇടവേളയിൽ ഞാൻ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആരോ പി കെ ഗോപാലകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്വതസിദ്ധമായ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു അപ്പോഴും പി കെ യുടെ പ്രതികരണം. തന്റെ അഭിപ്രായങ്ങളോ നിലപാടുകളോ എന്തങ്കിലും ബന്ധത്തിന്റെയോ സ്ഥാനത്തിന്റെയോ അധികാരത്തിന്റെയോ പേരിൽ അരുടെയും മേൽ കെട്ടിയേൽപിക്കാൻ ശ്രമിക്കാത്ത ഉയർന്ന ജനാധിപത്യ സ്വാതന്ത്ര്യബോധം ജീവിതത്തിൽ ഉയർത്തിപ്പിടിച്ച ധൈഷണിക പ്രഭാവമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി കെ ഗോപാലകൃഷ്ണൻ. അമ്മയുടെ സഹോദരനെന്ന നിലയിൽ അമ്മാവസ്ഥാനത്തിരുന്ന് ഞങ്ങൾ കുടുംബാംഗങ്ങളെ ശാസിക്കാനോ ഭരിക്കാനോ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. പരസ്പര സ്നേഹ ബഹുമാനങ്ങൾ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മരണംവരെ ഒരേ പോലെ തുടർന്ന ശാന്തഗംഭീരമായ സ്നേഹബന്ധമാണ് ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്.

Eng­lish Sam­mury: Ex.MP C.N.Jayadevan’s Arti­cle In mem­o­ry of PK Gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.