30 April 2024, Tuesday

Related news

April 11, 2024
April 2, 2024
March 6, 2024
March 1, 2024
February 7, 2024
September 3, 2023
August 24, 2023
July 24, 2023
July 21, 2023
July 18, 2023

എന്റെ ഇറങ്ങിപ്പോക്കും പികെവിയുടെ ശകാരവും

Janayugom Webdesk
July 12, 2023 5:30 am

പികെവി എന്ന മൂന്നക്ഷരങ്ങള്‍ നന്മയുടെയും സ്നേഹത്തിന്റെയും വിശുദ്ധിയുടെയും പര്യായങ്ങളാണ്. സഹപ്രവര്‍ത്തകരോടും സഖാക്കളോടും പി കെ വാസുദേവന്‍ നായര്‍ എന്ന പികെവി പുലര്‍ത്തിയിരുന്ന സ്നേഹത്തില്‍ മാത്രമല്ല, തന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുല്യത നല്‍കിയതിലും അത് കാണാനാവും.

പികെവി എന്നും ഹൃദയത്തിലും ചിന്തയിലും നിറഞ്ഞുനില്‍ക്കുന്ന സഖാവാണ്. അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കെ, വെളിയം ഭാര്‍ഗവന്‍ ആശാനൊപ്പം ഞാനും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പഠിക്കാനുള്ള ഒരുപിടി കാര്യങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്ന് ലഭിച്ചു. പികെവി അന്ന്, സെക്രട്ടറി എന്ന നിലയില്‍ തയ്യാറാക്കുന്ന പ്രസ്താവനകള്‍ വായിച്ചുനോക്കാനായി തരും. വായിച്ച് പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്തണമെന്നും പറയും. പികെവിയെ പോലൊരാള്‍ ഇതിങ്ങനെ രണ്ട് തവണ കേട്ടു. മൂന്നാമതും ആയപ്പോള്‍ ഒരു സന്ദേഹം. അങ്ങ് എഴുതുന്നതില്‍ തിരുത്ത് വരുത്തേണ്ടതായൊന്നും ഇല്ലല്ലോ എന്ന് ഞാന്‍ പറഞ്ഞുനോക്കി. ‘എഴുതുന്നത് ഞാന്‍, വായിക്കുന്നതും ഞാന്‍. ഞാനെഴുതിയതിലെ തെറ്റുകളും പോരായ്മകളും എനിക്ക് കണ്ടെത്താനാവില്ല. അത് നിങ്ങള്‍ കൂടി കാണണം. ആവശ്യമെങ്കില്‍ തിരുത്തണം’- പികെവിയുടെ മറുപടി ഇങ്ങനെയായിരുന്നു. അതിലൂടെ അദ്ദേഹം, തന്റെ സഹപ്രവര്‍ത്തകര്‍ നാളെ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ ഒരു സൂചന തരികയായിരുന്നു.

പികെവി പകര്‍ന്ന പാഠങ്ങള്‍

പാര്‍ട്ടി കമ്മിറ്റി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം നല്‍കുന്ന പാഠം തലമുറകള്‍ പിന്തുടരേണ്ട ഒന്നാണ്. ഓരോ വര്‍ഷവും പിരിക്കുന്ന ഫണ്ട് എങ്ങനെ ചെലവഴിക്കണം എന്നതില്‍ വ്യക്തമായ നിലപാട് പാര്‍ട്ടിയില്‍ ഉണ്ട്. അത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സെക്രട്ടറിയുടേതാണ്. അത് പികെവി നിറവേറ്റിയിരുന്നു എന്നതിന്റെ ഒരനുഭവം ഓര്‍മ്മയില്‍ വരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിക്കുണ്ടായിരുന്ന ഓടിപ്പഴകിയ അംബാസിഡര്‍ കാര്‍ മാറ്റിവാങ്ങാന്‍ തീരുമാനിച്ചു. അതിന്റെ ചുമതല അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന എന്നെയാണ് ഏല്‍പ്പിച്ചത്. ഷോറൂമുകാരുമായി ബന്ധപ്പെട്ട് കാര്‍ വിലപറഞ്ഞ് ഉറപ്പിച്ചു. പറഞ്ഞ വിലയില്‍ നിന്ന് 25,000 രൂപ കിഴിവും തന്നു.

കാറില്‍ എസിയും ആവാമെന്ന ഒരു ആശയം ഷോറുമിലെ ആളുകള്‍ പറ‍ഞ്ഞപ്പോള്‍ എനിക്കും തോന്നി, സെക്രട്ടറി പദവിയിലിരിക്കുന്ന പികെവിയെ പോലൊരാള്‍ക്ക് ദൂരയാത്രകള്‍ ചെയ്യാനുള്ളതല്ലെ, എസി ആവാമെന്ന്. അങ്ങനെ അതും പറഞ്ഞ് ഉറപ്പിച്ച് ഷോറൂമില്‍ നിന്ന് പോന്നു. പിന്നീട് ഫിറ്റിങ്സ് എല്ലാം പൂര്‍ത്തിയാക്കി കാര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. ഞാന്‍ സന്തോഷത്തോടെ പികെവിയോട് വിവരം പറഞ്ഞു, പുതിയ കാര്‍ എത്തിയിട്ടുണ്ട്, ഒന്ന് കാണാം എന്ന്. പികെവി കാര്‍ കാണാന്‍ ഇറങ്ങി. ഡോര്‍ തുറന്ന് അകത്ത് കയറി നോക്കി. ഈ സമയത്താണ് എസി പികെവിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വേഗം കാറില്‍ നിന്നിറങ്ങി വേഗം ഓഫിസ് മുറിയിലേക്ക് മടങ്ങി. പിറകെ എന്നെ അങ്ങോട്ട് വിളിപ്പിക്കുകയും ചെയ്തു. കണ്ടമാത്രയില്‍ ശകാരം തുടങ്ങി; ‘കാര്‍ വാങ്ങുന്നത് പാര്‍ട്ടി സഖാക്കള്‍ പിരിച്ച പണംകൊണ്ടാണ്. അവര്‍ കല്ലിലും മുള്ളിലും കാലിനടി തേഞ്ഞ് ഫണ്ട് പിരിക്കുന്നത് നിങ്ങള്‍ക്ക് ധൂര്‍ത്തടിക്കാനല്ല. ഓരോ രൂപയും ചെലവഴിക്കുന്നത് അത്യാവശ്യത്തിനു മാത്രമാകണം’- പികെവിയോട് ക്ഷമ പറയേണ്ടിവന്നു എങ്കിലും ആ ശാസന എന്റെ ജീവിതത്തിന് സമ്മാനിച്ചത് വലിയ പാഠമാണ്.

എന്റെ ഇറങ്ങിപ്പോക്കും പികെവിയുടെ ശകാരവും

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത, പിന്നീടൊരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്ത ഒരു കാര്യം കൂടി പറയട്ടെ! പികെവി സെക്രട്ടറിയായിരിക്കെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് വേദി. ഒരു തെരഞ്ഞെടുപ്പ് കാലം കൂടിയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലിനുശേഷം തിരുത്തല്‍ വരുത്തുന്നതിന് ചേര്‍ന്നതായിരുന്നു. നേരത്തെ നിശ്ചയിച്ച് അറിയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അയാളോട് കാണിക്കുന്ന നീതികേടാണെന്ന നിലപാടില്‍ ഞാന്‍ നിന്നു. മറ്റേതെങ്കിലും സീറ്റില്‍ തീരുമാനിച്ചാല്‍പ്പോരെ എന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ രവി പറയണം, ആ സീറ്റ് ഏതെന്ന് എന്ന മറുപടിയായിരുന്നു പികെവിയില്‍ നിന്ന് വന്നത്. അത് എല്ലാവരുംകൂടിയല്ലേ തീരുമാനിക്കേണ്ടത്, എന്റെ അഭിപ്രായം മാത്രമാണ് ഞാന്‍ പറഞ്ഞത്. ഇത്രയും പറഞ്ഞ് ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റ് ഞാന്‍ ചെയ്ത. തീരുമാനം എടുക്കേണ്ട ആ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗം കഴിഞ്ഞ് താഴേക്കിറങ്ങിയ പികെവി എന്നെ വിളിച്ച് ആദ്യം പറഞ്ഞത്, ‘നിങ്ങള്‍ കാണിച്ചത് മര്യാദകേടാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാന്യതയല്ല. ഇത് ഒരിക്കലും ആവര്‍ത്തിക്കരുത്’ — ഇതെല്ലാം ഞാന്‍ പികെവിയില്‍ നിന്ന് പഠിച്ച വലിയ പാഠമാണ്.

ലീഡര്‍ഷിപ്പും സഖാക്കളും തമ്മിലുള്ള ബന്ധം

സെക്രട്ടറി ആയിരുന്നപ്പോഴും അല്ലാത്ത ഘട്ടത്തിലും പികെവിക്ക് പരിപാടികളും അതിനായുള്ള യാത്രകളും ധാരാളമായിരുന്നല്ലോ. ഈ യാത്രകളിലൊന്നും ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. പോകുന്ന വഴിയില്‍ പാര്‍ട്ടി സഖാക്കളെ മുന്‍കൂട്ടി വിളിച്ച് അവരുടെ വീടുകളില്‍ ഒരുക്കുന്ന ഭക്ഷണം കഴിക്കലായിരുന്നു പതിവ്. നമ്മള്‍ പലപ്പോഴും മനസില്‍ ആലോചിക്കും പികെവി ഒരു ലുബ്ധനാണെന്ന്. പാര്‍ട്ടിയില്‍ അദ്ദേഹം കാണിച്ച വലിയൊരു ഗുണപാഠമായിരുന്നു അത്. അവിടെ വിശപ്പകറ്റുക മാത്രമായിരുന്നില്ല ലക്ഷ്യം. പാര്‍ട്ടി സഖാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും കൂടിയായിരുന്നു. ലീഡര്‍ഷിപ്പും പാര്‍ട്ടി സഖാക്കളും തമ്മിലുള്ള ബന്ധമാണ് ഇവിടെ ബലപ്പെടുന്നത്. തന്റെ സഖാക്കളെ ജീവനുതുല്യം സ്നേഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു പികെവി. മറ്റൊരു വസ്തുത ഹോട്ടലുകളില്‍ പോയി ചെലവഴിക്കാനുള്ള പണം അന്ന് പാര്‍ട്ടിക്കില്ലായിരുന്നു.

ഇടതുമുന്നണിയും പികെവിയും

സിപിഐയുടെ ഭട്ടിന്‍ഡാ കോണ്‍ഗ്രസ് പികെവി എന്ന പാഠപുസ്തകത്തിലെ വലിയൊരു അധ്യായമാണ്. രാജ്യത്ത് ശക്തമായ ഇടതുപക്ഷ ഐക്യം ഉയര്‍ന്നുവരണമെന്ന ആശയത്തില്‍ സിപിഐയും സിപിഐ(എം)ഉം യോജിക്കണമെന്ന ആഹ്വാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കൈകൊണ്ടത്. അത്തരമൊരു പ്രമേയത്തിനും അതിന്റെ അവതരണ വിജയത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ആ സമ്മേളനത്തിന്റെ പ്രസീഡിയം കമ്മിറ്റി ചെയര്‍മാനായിരുന്ന പി കെ വാസുദേവന്‍ നായര്‍ ആയിരുന്നു. ഈ സമയം പികെവി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണെന്നോര്‍ക്കണം. സമ്മേളനത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തി അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഐക്യമുന്നണിയില്‍ നിന്ന് ഒഴിഞ്ഞ് സിപിഐയും സിപിഐ(എം)ഉം ചേര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയും ചെയ്തു. ഇന്ന് കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെ ഉത്ഭവത്തിനു പിന്നില്‍ സിപിഐയും സഖാവ് പികെവിയും കൈകൊണ്ട ദീര്‍ഘവീക്ഷണത്തിലൂന്നിയ ആ നിലപാട് തന്നെയാണ്.

ഒമ്പത് മാസക്കാലമേ പികെവി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളൂ. രാഷ്ട്രീയ പ്രവര്‍ത്തനമാണ് അധികാര കസേരയിലേക്കുള്ള പോംവഴിയെന്ന് ചിന്തിച്ചിരുന്ന വലിയൊരു സമൂഹം രാജ്യത്തൊട്ടാകെ വളര്‍ന്നുവന്ന കാലംകൂടിയായിരുന്നു അത്. അവിടെയാണ് പികെവി എന്ന രാഷ്ട്രീയ നേതാവ് ഏവരില്‍ നിന്നും വ്യത്യസ്തനായി പ്രസ്ഥാനത്തിനും രാഷ്ട്രീയ ലക്ഷ്യത്തിനും വേണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിച്ചത്. എല്ലാം പോയെന്ന് കരുതി പിന്മാറുകയല്ല അദ്ദേഹം ചെയ്തത്. പിന്നീടുള്ള ഒന്നരപതിറ്റാണ്ട് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. താന്‍കൂടി നേതൃത്വം നല്‍കി രൂപംകൊടുത്ത ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രധാനിയായി തന്നെ നിലകൊണ്ടു. പികെവിയുടെ വാക്കിനും തീര്‍പ്പിനും മുന്നണിക്കകത്ത് വലിയ വിലയുണ്ടായിരുന്നു. പലപ്പോഴും അത് നിര്‍ണായകവുമായിരുന്നു.

ജീവിതത്തിലെ ലാളിത്യം

മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം പികെവി പുല്ലുവഴിയിലെ തന്റെ വീട്ടിലേക്ക് പോയത് ഒരു കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ്. സ്റ്റാന്‍ഡില്‍ അദ്ദേഹം എത്തുമ്പോള്‍ ആ ബസില്‍ കയറാനായി ആളുകള്‍ തിരക്കുകൂട്ടുന്നതാണ് കണ്ടത്. ആ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഡ്രൈവര്‍ നിര്‍ബന്ധിച്ച് പികെവിയെ താന്‍ കയറുന്ന വാതിലിലൂടെ ബസിലേക്ക് കടത്തി. അകത്തും നല്ല തിരക്ക് ആയിരുന്നു. പികെവിയെ കണ്ട് പലരും സീറ്റുകളില്‍ നിന്നെഴുന്നേറ്റു. താനും അവരും തുല്യരാണെന്ന് പറഞ്ഞ് പികെവി ഡ്രൈവര്‍ക്കരികില്‍ തന്നെ നിന്നു. കിളിമാനൂര്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ഒഴിഞ്ഞൊരു സീറ്റ് കിട്ടുന്നത്. പികെവിയുടെ ലാളിത്യത്തിന് ഉദാഹരണങ്ങളാകുന്ന സംഭവങ്ങളേറെയാണ്.

പക്വതയും ലാളിത്യവും എല്ലാം ഉള്ളപ്പോഴും പികെവിയുടെ അസാമാന്യ ധൈര്യവും എടുത്തുപറയാതിരിക്കാനാവില്ല. ചോരപ്പുഴയൊഴുകിയ വയലാര്‍ സമരഭൂമിയില്‍ പുറമെനിന്ന് വസ്തുതകളറിയാന്‍ കയറിച്ചെന്ന ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായിരുന്നു പികെവി. 1946 ഒക്ടോബര്‍ 27നായിരുന്നു വയലാറില്‍ ദിവാന്റെ സൈന്യം കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത്. വെടിയുണ്ടകള്‍ക്കുമുന്നില്‍ വാരിക്കുന്തവുമായി തൊഴിലാളികള്‍ കരുത്ത് ചോരാതെ പിടിച്ചുനിന്നെങ്കിലും 800ലേറ പേരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് ജയിലറകള്‍ക്കുള്ളിലാക്കി. വീടുകളില്‍ അതിക്രമിച്ചുകയറി കിരാതവാഴ്ച നടത്തി. ഈ അന്തരീക്ഷത്തിലാണ് അവിടത്തെ വസ്തുതകള്‍ മനസിലാക്കാന്‍ വിദ്യാര്‍ത്ഥി സംഘത്തെ അയയ്ക്കണമെന്ന് സിപിഐ തീരുമാനിച്ചത്. അന്ന് ആലുവ യുസി കോളജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന പി കെ വാസുദേവന്‍ നായരെയാണ് അതിനായി പാര്‍ട്ടി നിയോഗിച്ചത്. പട്ടാളം വലയംതീര്‍ത്തിരുന്ന വയലാറില്‍ എത്തിയ പികെവിയെ പിടികൂടി കമാണ്ടന്റിന്റെ മുന്നില്‍ ഹാജരാക്കി. പട്ടാളമേധാവി വിരട്ടാന്‍ നോക്കിയെങ്കിലും പികെവി നെ‍ഞ്ചുയര്‍ത്തി തന്നെ നിന്നു. തന്റെ വരവിന്റെ ലക്ഷ്യമെന്തെന്ന് പട്ടാളത്തെ അറിയിച്ചു. ഒടുവില്‍ പൊലീസ് സംരക്ഷണത്തോടെ കൊലക്കളമായിത്തീര്‍ന്ന വയലാറില്‍ കാലുകുത്താന്‍ പികെവിക്ക് അനുവാദം ലഭിച്ചു. പട്ടാളത്തിന്റെ ഭീകരതാണ്ഡവം അദ്ദേഹം നേരിട്ട് കണ്ടു. അവിടെ നടന്ന ആ നരനായാട്ടിന്റെ യാഥാര്‍ത്ഥ്യം അന്ന് പികെവിയാണ് പുറംലോകത്തെ അറിയിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തനം എന്ന ജനസേവനം

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സി രാജേശ്വര റാവുവിനും ഇന്ദ്രജിത്ത് ഗുപ്തയ്ക്കൊമൊക്കെ പികെവിയോട് ഉള്ളില്‍ തട്ടിയ ബഹുമാനമായിരുന്നു. പികെവിയോട് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാവണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നിന്നുകൊടുത്തില്ല. അതിന് പികെവി പറഞ്ഞ കാരണം, തനിക്ക് വേണ്ടത്ര ഹിന്ദി വശമില്ല, സംസ്ഥാനത്തെ ശൈലിയില്‍ ദേശീയ നേതൃസ്ഥാനത്ത് ഇരുന്നു പ്രവര്‍ത്തനം നടത്താനാവില്ലെന്നെല്ലാമാണ്. എന്നാല്‍ പികെവിയുടെ നേതൃപാഠവം എവിടെയും ഉള്‍ക്കൊള്ളാവുന്ന ഒന്നായിരുന്നു. എ കെ ഗോപാലനൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിനിധിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്നു പികെവി.

രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സിപിഐക്ക് ഒരു സീറ്റ് കേരളത്തില്‍ നിന്ന് ഒഴിവുവന്ന സാഹചര്യത്തില്‍ പികെവിയെ ആയിരുന്നു പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വം മനസില്‍കണ്ടത്. പാര്‍ട്ടി നേതൃത്വത്തോട് പികെവി പ്രതികരിച്ചത്, ‘ഇനി ഞാന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ല’ എന്നായിരുന്നു. പികെവിയുടെ കൂടി നിര്‍ദ്ദേശപ്രകാരം അന്ന് വി വി രാഘവനെയാണ് രാജ്യസഭയിലേക്ക് അയയച്ചത്. പാര്‍ട്ടി പ്രവര്‍ത്തനം എന്നത് ജനങ്ങളെ സേവിക്കുന്ന ഒന്നാണെന്ന് തന്റെ ജീവിതംകൊണ്ടുതന്നെ പികെവി കാണിച്ചു. അതേസമയം പാര്‍ട്ടിക്ക് ദോഷമായി ഭവിക്കുന്ന ഒരു ശാഠ്യവും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുമില്ല. അതിന് തെളിവായിരുന്നു 2004ലെ പൊതുതെരഞ്ഞെടുപ്പ്. കൈവിട്ടുപോയ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് തിരിച്ചുപിടിക്കാന്‍ പികെവി അല്ലാതെ പാര്‍ട്ടിക്ക് യാതൊരു പോംവഴിയും അന്നുണ്ടായിരുന്നില്ല. പികെവി മത്സരിക്കണം എന്ന് പാര്‍ട്ടി ഏകകണ്ഠമായി തീരുമാനം എടുത്ത് അറിയിച്ചപ്പോള്‍ അദ്ദേഹത്തിന് വഴങ്ങാതിരിക്കാനുമായില്ല. പാര്‍ട്ടിയുടെ ആ തീരുമാനമായിരുന്നു ശരി, പികെവി അന്ന് തിരുവനന്തപുരത്തുനിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തി.

അക്ഷരാര്‍ത്ഥത്തില്‍ പികെവി പിന്തുടര്‍ന്നത് സഖാവ് സി അച്യുതമേനോന്റെ പാതകള്‍ തന്നെ ആയിരുന്നു എന്നത് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും മാതൃകയാക്കാവുന്നവരാണ് അച്യുതമേനോനും പി കെ വാസുദേവന്‍ നായരും. പികെവിയുടെ സ്മരണ പുതുക്കുന്ന ഈ ദിവസം കൂടുതല്‍ ഊര്‍ജം തരുന്നതാണ്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

——————————————————————————————————————–

(പി​കെവി ​സെന്റ​ർ ഫോ​ർ ഹ്യു​മ​ൻ ഡെ​വ​ല​പ്​മെന്റ് ആന്റ് ക​ൾച്ച​റ​ൽ അ​ഫ​യേ​ഴ്​സ് കി​ട​ങ്ങൂ​ർ ഏ​ർപ്പെ​ടു​ത്തി​യ ഈ ​വ​ർഷ​ത്തെ പു​ര​സ്​കാ​രത്തിന് (ഇന്ന്- 2023 ജൂലൈ 12ന് അവാര്‍ഡ് ഏറ്റുവാങ്ങും) അര്‍ഹനായ വ്യക്തിത്വമാണ് മുതിര്‍ന്ന സിപിഐ നേതാവുകൂടിയായ ലേഖകന്‍)

 

Eng­lish Sam­mury: Ex Chief Min­is­ter And CPI Leader PK Vasude­van Nair mem­o­ry, by pan­nyan Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.