17 November 2024, Sunday
KSFE Galaxy Chits Banner 2

ശുചിത്വകേരളത്തിന് വേണ്ടത് ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍

എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി 
November 19, 2022 4:30 am

ശുചിത്വ മാലിന്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങളുമായി കേരളം മുന്നേറുകയാണ്. 2026 ആകുമ്പോഴേക്കും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് സംസ്ഥാനത്തിപ്പോള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നേതൃത്വപരമായ പ്രവര്‍ത്തനവും മുഖ്യപങ്ക് വഹിക്കുന്നു. ശുചിത്വം ഉറപ്പാക്കുന്നതില്‍ അതിപ്രധാനം ശുചിമുറിയുടെ ഉപയോഗമാണ്. 2016 ല്‍ നമ്മുടെ സംസ്ഥാനം വെളിയിട വിസര്‍ജനമുക്ത പദവി നേടി. എന്നാല്‍ ശുചിമുറി ഉപയോഗിച്ചതുകൊണ്ടു മാത്രം എല്ലാമായില്ല എന്നാണ് ഈ അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച് ‘തെളിനീര്‍രൊഴുകും നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍, ശുചിത്വമിഷന്‍ ജനകീയ പങ്കാളിത്തോടെ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പൊതു ജലാശയങ്ങളില്‍ 79 ശതമാനത്തിലും മനുഷ്യവിസര്‍ജ്യം കലര്‍ന്നിരിക്കുകയാണ്. നവംബര്‍ 19 ന് ലോക ശൗചാലയദിനം ആചരിക്കാന്‍ ഒരുങ്ങവേയാണ് ഇത്തരത്തിലൊരു ഗൗരവമായ വിഷയം പുറത്തുവരുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശ്യം. ശുചിമുറിയില്‍ വിസര്‍ജനശേഷം ഫ്ലഷ് ചെയ്യുന്നതോടെ ആ മാലിന്യം അദൃശ്യമാവുന്നു എന്നതാണ് നമ്മുടെ ചിന്ത. അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ ശൗചാലയദിനത്തിലെങ്കിലും നമുക്ക് ശ്രദ്ധകൊടുക്കാം.


ഇതുകൂടി വായിക്കൂ: സുസ്ഥിര വികസനം സാമൂഹ്യനീതിയിലൂടെ മാത്രം


സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ജലത്തിന്റെ ലഭ്യതയും, പര്യാപ്തമായ ശുചിത്വ സംവിധാനങ്ങളുടെ ലഭ്യതയും ഓരോ പ്രദേശത്തും ഉറപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ നമ്മുടെ മുന്നിലെ വെല്ലുവിളി കക്കൂസ് മാലിന്യ പരിപാലനത്തിലെ പോരായ്മകളാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ സിക്കിമും ഹിമാചല്‍ പ്രദേശുമാണ് കേരളത്തിനു മുമ്പേ വെളിയിട വിസര്‍ജനമുക്ത പദവി കൈവരിച്ചത്. എല്ലാ വീട്ടിലും ശുചിമുറികളുണ്ടെന്നും ആ ശുചിമുറികള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലൂടെയാണ് സംസ്ഥാനങ്ങള്‍ ഈ നിലവാരത്തിലേക്ക് ഉയരുന്നത്. ഈ നേട്ടം കൈവരിച്ചാല്‍ വിസര്‍ജന മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് അടുത്ത ഘട്ടം. നമുക്ക് പിന്നാലെ ഈ നേട്ടം കൈവരിച്ച തമിഴ്‌നാട്, ഒ‍ഡിസ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിച്ച് സംസ്കരണം ആരംഭിച്ചു കഴിഞ്ഞു. ഇതുകൂടാതെ വെളിയിട വിസര്‍ജന മുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഒഡിഎഫ് പ്ലസ് മാതൃക പദവി നേടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളെ പ്രാപ്തമാക്കേണ്ടതുണ്ട്. അതിലും കക്കൂസ് മാലിന്യ സംസ്‌കരണം ഒരു പ്രധാന മാനദണ്ഡമാണ്. ദ്രവ മാലിന്യ പരിപാലനം സംബന്ധിച്ച് നമ്മുടെ മൂന്നിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒഡിഎഫ് പ്ലസ് മാതൃകാ സ്ഥാപന നേട്ടം കൈവരിച്ചിട്ടുണ്ട്.
കക്കൂസ് മാലിന്യം കലരുന്നത് മൂലം ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നു. ജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന ബാക്ടീരിയയാണ് കോളിഫോം അഥവാ ഇ കോളി. മിക്ക സന്ദര്‍ഭങ്ങളിലും കോളിഫോം നേരിയ അണുബാധകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളുവെങ്കിലും, അവയുടെ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമായ മറ്റ് രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പഠനങ്ങളനുസരിച്ച് ഇത്തരത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള രോഗഹേതുക്കളായ സൂക്ഷ്മ ജീവികള്‍ തുടര്‍ച്ചയായി കുട്ടികളുടെ ശരീരത്തിലെത്തിയാല്‍ കുടല്‍ അണുബാധയിലേക്ക് നയിക്കും. വിശപ്പ് കുറയുന്നതിനും പോഷകങ്ങളുടെ ആഗിരണം നിലയ്ക്കുന്നതിനും ഈ അവസ്ഥ കാരണമാകും. പോഷകാഹാര നിലയെ ബാധിക്കുന്ന കാര്യമായതിനാല്‍ ബൗദ്ധിക പ്രശ്‌നങ്ങളിലേക്കും ഇത് വഴിതെളിക്കും. സംസ്ഥാനത്തെ ചില അങ്കണവാടികളില്‍ ഈ അടുത്ത കാലത്തുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍പോലും മനുഷ്യവിസര്‍ജ്യ സാന്നിധ്യം കണ്ടെത്തിയിരുന്നു.


ഇതുകൂടി വായിക്കൂ: സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യ പിന്നോട്ട്


പൊതുജലാശയങ്ങളിലെ മനുഷ്യവിസര്‍ജ്യ വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കിണറുകളിലേക്കും ഭൂഗര്‍ഭ ജലത്തിലേക്കുമൊക്കെ കോളിഫോം ബാക്ടീരിയയും രോഗഹേതുക്കളായ മറ്റ് ബാക്ടീരിയകളും കടന്നുകയറും. അപകടം വിളിച്ചുവരുത്തുന്ന അശാസ്ത്രീയ സമീപനമാണിത്. ശുചിമുറിയോട് അനുബന്ധമായി നിര്‍മ്മിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ എത്രത്തോളം സുരക്ഷിതമാണ്, എത്ര വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ ഉണ്ട് എന്നത് വിഷയമാണ്. മിക്ക വീടുകളിലും ഒറ്റ കുഴിയിലാണ് ശുചിമുറി മാലിന്യം ശേഖരിക്കുന്നത്. ഇത് നേരിട്ട് മണ്ണിലൂടെ ഭൂഗര്‍ഭജലത്തിലേക്കും മറ്റ് ജലാശയങ്ങളിലേക്കും കലരാന്‍ സാധ്യത ഏറെയാണ്. ശാസ്ത്രീയമായി ടാങ്കുകള്‍ നിര്‍മ്മിച്ചെങ്കിൽ മാത്രമേ വിസര്‍ജ്യം കൃത്യമായി സംസ്കരിക്കപ്പെടുകയുള്ളൂ. മൂന്നു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിസര്‍ജ്യാവശിഷ്ടം ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതുണ്ട്. നിലവില്‍ ടാങ്ക് നിറയുമ്പോഴാണ് നമ്മള്‍ അവശിഷ്ടം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ നീക്കം ചെയ്യുന്നതാവട്ടെ അശാസ്ത്രീയമായും. അതിനേക്കാള്‍ വലിയ പ്രശ്‌നം നീക്കുന്ന അവശിഷ്ടം എങ്ങനെ സംസ്കരിക്കുന്നു എന്നതിലാണ്. കക്കൂസ് മാലിന്യം ജലാശയങ്ങളില്‍ തള്ളി എന്ന വാര്‍ത്ത പുതുമയില്ലാത്ത സംഭവമായി മാറിയിരിക്കുകയാണ്.
സത്യത്തില്‍ അറിവില്ലായ്മകൊണ്ട് ഏറെ അപകടകാരിയായ ഒരു ഭൂതത്തെ തുറന്നുവിടുകയാണ് കക്കൂസ് മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയുന്നതിലൂടെ സംഭവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ‘മലംഭൂതം’ എന്ന പേര് നല്‍കി വിപുലമായ ക്യാമ്പയിന് ശുചിത്വ മിഷന്‍ രൂപംനല്‍കിയത്. അല്പം ജാഗ്രത പുലര്‍ത്തിയാല്‍ ഈ ഭൂതത്തെ പിടിച്ചുകെട്ടാന്‍ പ്രയാസമില്ല. ഇതിനായി മൂന്ന് കാര്യങ്ങള്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി. സെപ്റ്റിക് ടാങ്കുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം നിര്‍മ്മിക്കുക, മൂന്ന് വര്‍ഷം കൂടുമ്പോള്‍/നിറയുന്നതിന് മുന്‍പ് ടാങ്ക് വൃത്തിയാക്കുക, ടാങ്കില്‍ നിന്ന് നീക്കംചെയ്ത മാലിന്യങ്ങള്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.


ഇതുകൂടി വായിക്കൂ: ഇന്ത്യ ജി20യുടെ അധ്യക്ഷപദത്തിലെത്തുമ്പോള്‍


ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ അഥവാ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ കേരളത്തിന്റെ ശുചിത്വ പന്ഥാവിൽ ഒരു അത്യാവശ്യ ഘടകമാണ്. ശാസ്ത്രീയമായി ശുചിമുറി അവശിഷ്ടം സംസ്കരിക്കുന്നതിന് ഇത്തരം പ്ലാന്റുകള്‍ കൂടിയേ തീരൂ. ഒരു ജില്ലയില്‍ രണ്ട് പ്ലാന്റെങ്കിലും അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. അതാത് സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രകൃതി സൗഹൃദമായാണ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ രൂപകല്പന ചെയ്യുന്നത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന വിസര്‍ജ്യാവശിഷ്ടങ്ങള്‍ സുരക്ഷിതമായ സംസ്കരണ പ്രക്രിയയിലൂടെ ജലവും വളവുമായി മാറ്റുകയാണ് പ്ലാന്റുകളിലെ പ്രവര്‍ത്തന രീതി. സംസ്കരണ ശേഷം ലഭിക്കുന്ന ജലം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കുവാനും ഖരവസ്തുക്കള്‍ വളമായി ഉപയോഗിക്കുവാനും കഴിയും. മാത്രമല്ല പ്ലാന്റുകള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഗ്രീന്‍ പാര്‍ക്കാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തിലുള്ള നൂറിലധികം പ്ലാന്റുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ അടുത്തിടെ കാസര്‍കോട് ജില്ലയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘം ഈ സാങ്കേതിക വിദ്യ പരിചയപ്പെടാന്‍ കര്‍ണാടകയില്‍ പോയിരുന്നു. ദേവനഹള്ളി നഗര മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ഇവര്‍ പൂര്‍ണ തൃപ്തിയോടെയാണ് മടങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.