26 April 2024, Friday

മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി അന്തരിച്ചു

Janayugom Webdesk
മലപ്പുറം
October 13, 2021 9:18 am

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി (86 ) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ‚ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയാണ്.വിവാഹവേദികളില്‍ ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് വി എം കുട്ടി. അര നൂറ്റാണ്ടുകാലം ഗാന രംഗത്ത് നിറഞ്ഞു നിന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, മോയിന്‍ കുട്ടി സ്മാരക സമിതി എന്നിവയില്‍ അംഗമായിരുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം പുളിക്കലില്‍ ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി 1935 ഏപ്രില്‍ 16 നാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം കുട്ടിയുടെ ജനനം. മെട്രിക്കുലേഷനും ടിടിസിയും പാസായശേഷം 1957 ല്‍ കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായി. 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് വി എം കുട്ടി ചുവടുറപ്പിക്കുന്നത്. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി എം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി.

ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികള്‍.
eng­lish sum­ma­ry; Famous map­pi­lap­pat­tu singer vm kut­ty passed away
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.