1938ല്‍ ഇറ്റലിയില്‍ വിലക്കപ്പെട്ടതെന്ന് ആക്ഷേപിച്ച് നിരവധി ഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു. തീകെടാതെ കാത്ത്, എണ്ണപകര്‍ന്ന് പട്ടാളം കുടപിടിച്ച് കൂടെ നിന്നു. ഫാസിസത്തിന് സൈനിക കാവലും ഇടപെടലും അനിവാര്യമെന്നായിരുന്നു മുസോളിനിയുടെ നിലപാട്. ഒരു വിഷയം പൂര്‍ണമായും മറയ്ക്കാനോ അടിച്ചേല്പിക്കാനോ അല്ലെങ്കില്‍, മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സൃഷ്ടിക്കാനോ നിശ്ചയിക്കുമ്പോള്‍ അത് അതിവേഗം പൂര്‍ത്തീകരിക്കാനും നിരന്തരം ആവര്‍ത്തിക്കാനും പദ്ധതികളുമൊരുക്കി. ഡിജിറ്റല്‍ വിപ്ലവത്തോടെ, വര്‍ത്തമാനകാലത്ത് വിവരങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള വേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങള്‍ ആശയവിനിമയം അതിവേഗതയിലാക്കിയിരിക്കുന്നു. വേഗതയ്ക്കൊപ്പം ഭരണകൂടത്തിന്റെ ഇച്ഛാനുസരണവും അത് സാധ്യമാക്കുന്നു. ചരിത്രത്തെ വസ്തുനിഷ്ഠമായി മനസിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വിഘാതമാകുന്ന വിദ്യാഭ്യാസ നയങ്ങള്‍ ഉദാഹരണമാണ്. ചരിത്രം പോലും ഭരണകൂടത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എഴുതുകയും കൈമാറുകയും വേണമെന്ന് തിട്ടൂരം. നൂറ്റാണ്ടുകളിലെ മാറ്റങ്ങള്‍ ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഘടകങ്ങളാണെങ്കിലും അവ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. ക്രമേണ മായ്ക്കുന്നു. തെറ്റായ വിവരങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയും സാമൂഹിക നിയന്ത്രണത്തിന് പരിശ്രമിക്കുന്ന വര്‍ത്തമാന രാജ്യഭരണം മുസോളിനിയുടെ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഐടി ചട്ടങ്ങളിലെ(ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും)ഭേദഗതിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഓണ്‍ലൈന്‍ ഉള്ളടക്കം തിരിച്ചറിയാന്‍ വസ്തുതാ പരിശോധന സംവിധാനത്തിനുള്ള വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. ഈ സംവിധാനം ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കത്തിനെതിരെ, സമൂഹമാധ്യമ കമ്പനികള്‍ അല്ലെങ്കില്‍ നെറ്റ് സേവന ദാതാക്കള്‍ ഐടി നിയമത്തിലെ 79-ാം വകുപ്പനുസരിച്ച് നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ മൂന്നാം കക്ഷികളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം അവര്‍ വഹിക്കേണ്ടി വരും. 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 69എ നീക്കം ചെയ്യുന്നതിനും നിര്‍ദേശമുണ്ട്. അപ്പീല്‍ ചെയ്യാനുള്ള അവകാശമോ ജുഡീഷ്യല്‍ മേല്‍നോട്ടത്തിനുള്ള വ്യവസ്ഥയോ ഇല്ലാതെ, ഒരു വിവരവും ‘വ്യാജമോ’ ‘തെറ്റോ’ എന്ന കാര്യത്തില്‍ സര്‍ക്കാരിന് വിധിയെഴുതാന്‍ കഴിയില്ല എന്നതാണ് ഒഴിവാക്കപ്പെട്ടത്. പുതിയ അധികാരം മാധ്യമങ്ങളുടെ വിമര്‍ശനങ്ങളെയും സൂക്ഷ്മപരിശോധനകളെയും ഇല്ലാതാക്കാന്‍ ഉപയോഗിക്കാം, സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കാം. ട്വിറ്റര്‍ പോലുള്ള ചിലതു മാത്രമാണ് ഇക്കാര്യങ്ങളെ കോടതിയില്‍ എതിര്‍ക്കുന്നത്. ഓണ്‍ലൈന്‍ വേദികളുടെ സംസാരിക്കാനും ആവിഷ്കാരത്തിനുമുള്ള അവകാശം മരവിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശ്യം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും സത്യം വിളിച്ചുപറയുകയും മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതിയാണ്.
ഭരണഘടനയുടെ 19-ാം വകുപ്പ് ഈ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. മാധ്യമാവകാശങ്ങളും ഈ വകുപ്പില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൊതു അവകാശവും പരസ്പരം ബന്ധപ്പെടുന്നു. വ്യാജ വാര്‍ത്തകള്‍ എന്ത് എന്നതില്‍ സര്‍ക്കാര്‍ മധ്യസ്ഥനാകുകയും അവ പ്രസിദ്ധീകരിക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകളില്‍ ഇടപെടാനുള്ള അധികാരം കയ്യാളുകയും ചെയ്യുന്നത് കടുത്ത സെന്‍സര്‍ഷിപ്പിന് തുല്യമായിരിക്കും. ഈ സെന്‍സര്‍ഷിപ്പ് അധികാരമാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ട ഭേദഗതി, 2023 ഐടി റൂള്‍സ് തുടങ്ങിയവയിലൂടെ സാധ്യമായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മന്ത്രാലയങ്ങളെയും കുറിച്ചുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ അഭിപ്രായങ്ങള്‍, വാര്‍ത്താക്കുറിപ്പുകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയും അതിന്റെ സെന്‍സര്‍ഷിപ്പിനായി ഓണ്‍ലൈന്‍ ഇടനിലക്കാരെ അറിയിക്കുകയും ചെയ്യുന്ന വകുപ്പും സജ്ജമായി. പൗരന്റെ താല്പര്യം സംബന്ധിച്ച തീരുമാനം വായനക്കാരന് വിടുന്നതാണ് ഉത്തമം എന്ന തീരുമാനം അപ്രസക്തമാകുകയാണ്. പ്രസ്താവനകള്‍ സ്വയമേവ തെറ്റായതോ കൃത്യമല്ലാത്തതോ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആകില്ല. ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ’ തുടങ്ങിയ പദങ്ങള്‍ ന്യായമായ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ വരുന്നതുമല്ല. ഇത് ഭരണഘടനാ വിരുദ്ധമായ സെന്‍സര്‍ഷിപ്പിന് അധികാരം നല്‍കുന്നു. ഐടി നിയമങ്ങള്‍ ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങള്‍ എന്താണെന്ന് നിര്‍വചിക്കുന്നില്ല. കൂടാതെ വസ്തുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന് വേണ്ട യോഗ്യതകളെക്കുറിച്ചും പരാമര്‍ശമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.