30 May 2024, Thursday

ഉത്സവചന്തകള്‍: അനുമതി നിഷേധം രാഷ്ട്രീയപ്രേരിതം

Janayugom Webdesk
April 10, 2024 5:00 am

റംസാൻ, വിഷു ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് കൺസ്യൂമർഫെഡിന്റെ ഉത്സവച്ചന്തകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് തികച്ചും രാഷ്ട്രീയപ്രേരിതമായ ഈ തീരുമാനം. ഉത്സവവേളകളിൽ ഭക്ഷ്യവസ്തുക്കളടക്കം അവശ്യസാധനങ്ങൾ വിപണിവിലയെക്കാൾ കുറഞ്ഞനിരക്കിൽ സാമാന്യജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സിവിൽസപ്ലെെസ് കോർപറേഷനും കൺസ്യൂമർഫെഡും പ്രത്യേക ചന്തകൾ സംഘടിപ്പിക്കുകയെന്നത് കാലങ്ങളായി സംസ്ഥാനത്ത് തുടർന്നുവരുന്ന നടപടിയാണ്. ഉത്സവവേളകളിലാണ് സാമാന്യജനങ്ങൾ ഏറ്റവും കടുത്ത വിപണിചൂഷണത്തിന് വിധേയരാവുക. അവശ്യവസ്തുക്കൾ നിയന്ത്രിതവിലയ്ക്ക് ലഭ്യമാക്കുന്നതിന് പുറമെ ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മാർഗമാണിതെന്നും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. തെരഞ്ഞെടുപ്പുവേളകളിലും അല്ലാത്തപ്പോഴും ഒരുപോലെ ജനങ്ങൾ ആശ്രയിച്ചുപോന്നിട്ടുള്ള സംവിധാനമായിരുന്നു ഇത്. മുമ്പൊരിക്കലും, തെരഞ്ഞെടുപ്പുകാലത്തുപോലും, ഇത്തരം ഉത്സവച്ചന്തകൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷനോ കേന്ദ്രസർക്കാരോ വിഘാതം സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെനീക്കം രാഷ്ട്രീയപ്രേരിതമാണെന്ന നിഗമനത്തിലെത്താൻ നിർബന്ധിതമാകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒന്നല്ല മോഡി ഭരണത്തിലെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അത് കേന്ദ്ര ഭരണകൂടത്തിന്റെ ചരടുവലിക്കൊപ്പം തുള്ളുന്ന കേവലം പാവകളാണെന്ന വസ്തുത ആർക്കാണ് അറിയാത്തത്? കേരളത്തിലെ ജനങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടാണെങ്കിലും എൽഡിഎഫിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാകുമോയെന്ന അറ്റകൈ പ്രയോഗത്തിനാണ് മോഡി സർക്കാർ മുതിർന്നിരിക്കുന്നത്. അത് ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മിഷൻ പോലെ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ തീരുമാനമാണെന്ന് ആരും കരുതില്ല.


ഇതുകൂടി വായിക്കൂ: സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക


ഏപ്രിൽ എട്ടുമുതൽ 19 വരെ സംസ്ഥാനത്തുടനീളം 300 ഉത്സവച്ചന്തകൾ നടത്താനാണ് കൺസ്യൂമർഫെഡ് തയ്യാറെടുത്തിരുന്നത്. സപ്ലെെകോ വഴി വില്പന നടത്തിവരുന്ന 13 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെ ചന്തകളിൽ ലഭ്യമാക്കാനായിരുന്നു പദ്ധതി. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരായിരിക്കും സ്വാഭാവികമായും പദ്ധതിയുടെ ഗുണഭോക്താക്കൾ. സബ്സിഡി ഉല്പന്നങ്ങൾക്ക് പുറമെ ഇതര അവശ്യവസ്തുക്കളും ഈ വിപണിയിൽ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞിരുന്നു. 17.5 കോടി രൂപയുടെ ഉല്പന്നങ്ങൾ ഇ‑ടെൻഡർ വഴി സംഭരിച്ച് വില്പനകേന്ദ്രങ്ങളിൽ എത്തിച്ചു. തെരഞ്ഞെടുപ്പായാലും അല്ലെങ്കിലും എല്ലാവർഷവും ഉത്സവവേളകളിൽ തുടർന്നുവരുന്ന സംരംഭം എന്നനിലയിൽ ഇക്കൊല്ലവും തടസങ്ങൾ കൂടാതെ ഉത്സവച്ചന്തകൾക്ക് അനുമതി ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു കൺസ്യൂമർഫെഡും സംസ്ഥാന സർക്കാരും. ആ പ്രതീക്ഷകൾക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വിനയായിരിക്കുന്നത്. അതിന്റെ ഇരകളാവട്ടെ തങ്ങളുടെ കണക്കുകൂട്ടലുകൾ അപ്പാടെ തകിടംമറിഞ്ഞ കേരളത്തിലെ പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളും. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവവേളയിൽ അവരെ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ട തെരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്രസർക്കാരിന്റെയും വിധ്വംസക നടപടിയെ അപലപിക്കാൻ കേരളത്തിലെ പ്രതിപക്ഷം മുന്നോട്ടുവന്നതായി കാണുന്നില്ല. അവരുടെ നിശബ്ദത തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ഏത് ജനദ്രോഹ നടപടിക്കുമൊപ്പമാണ് തങ്ങൾ എന്ന പ്രഖ്യാപനമായി വിലയിരുത്തേണ്ടിവരും. വിഷു കേരളത്തിലെ ഹൈന്ദവ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും കുത്തക അവകാശപ്പെടുന്ന ബിജെപി തന്നെയാണ് ഉത്സവവേളയിൽ ജനങ്ങളെ പട്ടിണിക്കിടാൻ മുതിർന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ നെയ്യാറ്റിൻകര സ്വദേശിയുടെ ബിജെപി ബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിശബ്‍ദത ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തുറന്നുകാട്ടുന്നത്.


ഇതുകൂടി വായിക്കൂ:പത്തുരൂപാ നോട്ട് 


അല്ലലില്ലാതെ ഉത്സവവേളകളെ സംതൃപ്തവും ആഹ്ലാദഭരിതവുമാക്കാൻ കേരളത്തിൽ കാലാകാലങ്ങളായി തുടർന്നുപോരുന്ന സർക്കാരിന്റെ വിപണി ഇടപെടലിനാണ് സങ്കുചിത രാഷ്ട്രീയത്തിന്റെ കൂച്ചുവിലങ്ങ് വീണിരിക്കുന്നത്. ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തര ഇടപെടലിന് തയ്യാറാവാതെ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതി നടപടികൾ പൂർത്തിയാക്കി ചന്തകൾ ആരംഭിക്കാനാകുമോയെന്ന് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. എന്നാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്നും, രാഷ്ട്രീയ അന്ധത ബാധിച്ച് ജനദ്രോഹത്തിന് മടിക്കാത്തവർ ആരൊക്കെയെന്നും തിരിച്ചറിയാനുള്ള അവസരമാണ് ഈ സംഭവവികാസം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈ തിരിച്ചറിവ് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിപ്പിക്കാനുള്ള രാഷ്ട്രീയ വിവേകം കേരളജനത പ്രകടിപ്പിക്കുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.