26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

കോണ്‍ഗ്രസില്‍ പോര് മുറുകുന്നു;23ജി നേതാക്കളുടെ അടിയന്തരയോഗം ഇന്ന്

പുളിക്കല്‍ സനില്‍രാഘവന്‍
March 16, 2022 11:08 am

കോൺഗ്രസിലെ നേതൃപദവികളിൽനിന്നു ഗാന്ധി കുടുംബം മാറിനിൽക്കേണ്ട സമയമായെന്നും പാർട്ടിയെ നയിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകണമെന്നും പറഞ്ഞ് മുതിർന്ന നേതാവ് കപിൽ സിബൽ ഇന്നലെ തുറന്നടിച്ചു രംഗത്തുവന്നിതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കപില്‍ സിബിലിനു പിന്തുണയുമായി നേതാക്കള്‍ നേതൃത്വത്തെ വിമര്‍ശിച്ച് തുറന്നടിച്ചിരിക്കുന്നു

പാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബിൽ രാഹുൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപിൽ സിബൽ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചുരുന്നു. 2014 നു ശേഷം 8 വർഷം കഴിഞ്ഞിട്ടും നിരന്തര തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ചിന്തൻ ശിബിരം നടത്തണമെന്നു പറയുന്ന പാർട്ടിയും നേതൃത്വവും മൂഢസ്വർഗത്തിലാണു ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു

പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത്ത്‌ ചന്നിയെ നേതൃത്വം തീരുമാനിച്ചതാണ്‌ തോൽവിക്ക്‌ കാരണമെന്ന് മുതിർന്ന നേതാവും പിസിസി മുൻ അധ്യക്ഷനുമായ സുനിൽ ഝക്കർ. ചന്നിയും സിദ്ദുവുമാണ്‌ തോൽവിക്ക്‌ കാരണക്കാർ. ഇവരെ നേതൃത്വത്തിലേക്ക്‌ ഉയർത്തിയത്‌ പഞ്ചാബിന്റെ ചുമതലക്കാരനായിരുന്ന ഹരീഷ്‌ റാവത്തും രാജ്യസഭാംഗമായ അംബികാ സോണിയുമാണ്‌–- ഝക്കർ തുറന്ന‌ടിച്ചിരിക്കുന്നുപ്രവർത്തകസമിതി യോഗത്തിൽ ചന്നിയെ അംബികാ സോണി പുകഴ്‌ത്തിയിരുന്നു. ട്വിറ്ററിലൂടെ ഇതിന്‌ മറുപടി നൽകിയ ഝക്കർ അംബികാ സോണിക്ക്‌ ചന്നി സ്വത്തായിരിക്കുമെന്നും എന്നാൽ കോൺഗ്രസിന്‌ ബാധ്യതയാണെന്നും തുറന്നടിച്ചു

ചന്നിയുടെ അനന്തരവന്റെ വസതിയിൽനിന്ന്‌ കോടികളുടെ കള്ളപ്പണമാണ്‌ ഇഡി പിടിച്ചെടുത്തത്‌. ഇത്‌ കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചു. പഞ്ചാബിൽക്കൂടി കോൺഗ്രസിനെ ഇല്ലാതാക്കിയതിന്‌ ഉത്തരവാദി ചുമതലക്കാരനായിരുന്ന ഹരീഷ്‌ റാവത്താണ്‌. ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവത്ത്‌ തോറ്റത്‌ കാവ്യനീതിയാണ്‌–- ഝക്കർ പറഞ്ഞു. അതേസമയം, പഞ്ചാബിലെ തോൽവിക്ക്‌ ഉത്തരവാദികൾ നേതാക്കളാണെന്ന്‌ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ്‌ എംപി രവ്‌നീത്‌ സിങ്‌ ബിട്ടു കുറ്റപ്പെടുത്തി.നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതോടെ ഉത്തരാഖണ്ഡ്‌ കോൺഗ്രസിലും ചേരിപ്പോര്‌ രൂക്ഷമായി

അവസാന നിമിഷം സീറ്റ്‌ മാറി മൽസരിച്ച ഹരീഷ്‌ റാവത്തിനെ വിമർശിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രീതം സിങ്‌ രംഗത്തെത്തി. മണ്ഡലത്തിൽ മറ്റൊരു പാർടി അംഗം അഞ്ചുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലം കൊയ്യാൻ മറ്റൊരാൾക്ക്‌ അവകാശമില്ലെന്ന്‌ റാവത്തിനെ കുറ്റപ്പെടുത്തി പ്രീതം സിങ്‌ പറഞ്ഞു.രാംനഗറിൽ മൽസരിക്കാൻ തീരുമാനിച്ച റാവത്ത്‌ തോൽവി ഭയന്ന്‌ അവസാന നിമിഷം ലാൽകുവയിലേക്ക്‌ മാറിയെങ്കിലും പതിനേഴായിരത്തിലേറെ വോട്ടിന്‌ തോറ്റു.സ്വന്തം താൽപ്പര്യത്തിനല്ല സീറ്റ്‌ മാറിയതെന്ന്‌ റാവത്ത്‌ ഫേസ്ബുക്കില്‍ കുറിച്ചു. ലാൽകുവയിൽ എത്തിയപ്പോൾ തന്നെ സ്ഥിതി അനുകൂലമല്ലെന്ന്‌ അറിയാമായിരുന്നു. മൽസരിച്ചില്ലെങ്കിൽ പാർടി കൂടുതൽ ദുർബലപ്പെടുമെന്നാണ്‌ നേതൃത്വം പറഞ്ഞത്‌. താൽപ്പര്യമില്ലാതെ പത്രിക നൽകി

ഇത്തരം കാരൃങ്ങൾ പാർടി വേദികളിലാണ്‌ പറയേണ്ടത്‌–- റാവത്ത്‌ പറഞ്ഞു. അതേ സമയം റാവത്ത്‌ പണം വാങ്ങി സീറ്റ്‌ വിറ്റെന്ന ആക്ഷേപവുമായി അനുയായിയായ രഞ്‌ജിത്ത്‌ റാവത്ത്‌ രം​ഗത്തെത്തി.പഞ്ചാബിലെ കോൺഗ്രസ്‌ തോൽവിക്ക്‌ പൂർണ ഉത്തരവാദികൾ സോണിയ കുടുംബമാണെന്ന്‌ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ പറഞ്ഞു. അവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക്‌ വിശ്വാസം നഷ്ടമായി. തലയ്‌ക്ക്‌ സ്ഥിരതയില്ലാത്ത സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാനും അഴിമതിക്കാരനായ ചന്നിയെ മുഖ്യമന്ത്രിയാക്കാനും നേതൃത്വം തീരുമാനിച്ച ദിവസം പഞ്ചാബിൽ കോൺഗ്രസ്‌ സ്വയം ശവക്കുഴി തോണ്ടി. ചില മുഖസ്‌തുതിക്കാർക്കായി തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കുന്നതുവരെ പഞ്ചാബിൽ കോൺഗ്രസിന്റെ നില ഭദ്രമായിരുന്നു.

തോൽവിക്ക്‌ തന്നെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം മണ്ടത്തരങ്ങൾ തുറന്ന മനസ്സോടെ അംഗീകരിക്കുകയാണ്‌ നേതൃത്വം ചെയ്യേണ്ടത്‌–- അമരീന്ദർ പറയുന്നു.വീട്ടിലെ കോൺഗ്രസല്ല (ഘർ കീ കോൺഗ്രസ്) മറിച്ച് ബിജെപിക്കെതിരെ നിലകൊള്ളുന്ന എല്ലാവരുടെയും കോൺഗ്രസ് (സബ് കീ കോൺഗ്രസ്) ആണ് ആവശ്യമെന്നും അതിനു വേണ്ടി അവസാനശ്വാസം വരെ പോരാടുമെന്നും സിബൽ പറഞ്ഞു. കോൺഗ്രസിനെ ഗാന്ധി കുടുംബം പൂർണമായി നിയന്ത്രിക്കുന്നതിനെ സൂചിപ്പിച്ചായിരുന്നു വീട്ടിലെ കോൺഗ്രസ് പരാമർശം.രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവരുടെ ആവശ്യത്തെയും സിബൽ ചോദ്യം ചെയ്തു. ”എല്ലാവരും അതേ അഭിപ്രായക്കാരല്ല. പദവിയിൽ പ്രസിഡന്റല്ലെങ്കിലും രാഹുൽ തന്നെയാണു പാർട്ടിയിലെ അപ്രഖ്യാപിത പ്രസിഡന്റ്. പഞ്ചാബിൽ ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയായി രാഹുൽ പ്രഖ്യാപിച്ചത് എന്ത് അധികാരത്തിലാണ്? പ്രസിഡന്റല്ലെങ്കിലും അദ്ദേഹമാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അദ്ദേഹം പ്രസിഡന്റാകണമെന്ന് എന്തിനാണ് വീണ്ടും ആവശ്യപ്പെടുന്നത്” സിബൽ ചോദിച്ചു.

കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റം വേണ്ടെന്ന പ്രവർത്തക സമിതിയുടെ തീരുമാനത്തിലുള്ള അതൃപ്തിയും സിബൽ മറച്ചുവച്ചില്ല. നേതൃത്വം നാമനിർദ്ദേശം ചെയ്യുന്നവരാണു പ്രവർത്തക സമിതിയിലെത്തുന്നത്. പ്രവർത്തക സമിതിക്കു പുറത്തൊരു കോൺഗ്രസുണ്ട്. അവരുടെ അഭിപ്രായങ്ങളും കേൾക്കണം. ഞാനുൾപ്പെടെ പ്രവർത്തക സമിതിയിൽ അംഗങ്ങളല്ലാത്ത ഒട്ടേറെ പേർക്കും കേരളം, അസം, ജമ്മു കശ്മീർ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒട്ടേറെ കോൺഗ്രസുകാർക്കും വ്യത്യസ്ത അഭിപ്രായമുണ്ട്.

മുന്നിൽനിന്നു നയിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. താഴെത്തട്ടിൽ സംഘടനാ സംവിധാനമില്ല. പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്നു നേതൃത്വത്തെ ബോധ്യപ്പെടുത്താൻ തങ്ങളിൽ ചിലർ കിണഞ്ഞു ശ്രമിച്ചു. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല സംസാരിക്കുന്നത്. താനൊരിക്കലും മറ്റൊരു പാർട്ടിയിൽ ചേരില്ലെന്നും സിബൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ നേതൃത്വം തിരുത്തലുകൾ വരുത്തണമെന്ന് ജി 23 അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്‌നിക് എന്നിവർ ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുലിന്റെയോ ഗാന്ധി കുടുംബത്തിന്റെയോ നേതൃത്വത്തെ കടന്നാക്രമിച്ചിരുന്നില്ല. ആവശ്യമെങ്കിൽ മാറിനിൽക്കാമെന്നു സോണിയ പറഞ്ഞപ്പോഴും ഇവർ മൗനം പാലിച്ചു. ഗാന്ധി കുടുംബവും ജി 23 സംഘവും തമ്മിൽ ഒത്തുതീർപ്പ് രൂപപ്പെടുന്നതിന്റെ സൂചനകൾ ഇതു നൽകിയെങ്കിലും അവയെല്ലാം കാറ്റിൽപ്പറത്തി തുറന്ന പോരിനു തുടക്കമിട്ടിരിക്കുകയാണു സിബൽ.

അതേസമയം കപിൽ സിബലിന്റെ കടന്നാക്രമണത്തോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. ഇന്നലെ പാർലമെന്റിൽ ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ആർഎസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണു സിബൽ സംസാരിക്കുന്നതെന്ന് രാഹുൽ പക്ഷക്കാരനും യുവ നേതാവുമായ മാണിക്കം ടഗോർ എംപി ആരോപിച്ചു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വമില്ലെങ്കിൽ കോൺഗ്രസ് ജനതാ പാർട്ടിയായി മാറും. ഗാന്ധി കുടുംബത്തെ ഒഴിവാക്കി കോൺഗ്രസിനെയും അതുവഴി ഇന്ത്യയുടെ ആശയത്തെയും ഇല്ലാതാക്കാനാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ശ്രമം മാണിക്കം ആരോപിച്ചു.

അതിനിടെ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുൻപ് രംഗത്തുവന്ന ജി 23 നേതാക്കൾ ഇന്നു വൈകിട്ട് ഏഴിനു യോഗം ചേരും.പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ള എല്ലാ നേതാക്കളെയും ക്ഷണിച്ചതായാണു വിവരം.കേരളത്തിൽ നിന്നടക്കമുള്ളവരും ഇതിലുൾപ്പെടുന്നു. ഗാന്ധി കുടുംബം പാർട്ടിയുടെ നേതൃത്വത്തിൽനിന്നു മാറണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള യോഗം അതീവ നിർണായകമാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ജി 23 സംഘം യോഗം ചേരുന്നത്.

Eng­lish Summary:Fighting rages in Con­gress; 23G lead­ers con­vene emer­gency meet­ing today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.