5 November 2024, Tuesday
KSFE Galaxy Chits Banner 2

വിദേശ സർവകലാശാലകൾക്ക് പട്ടുപരവതാനി വേണ്ട

Janayugom Webdesk
January 15, 2023 5:00 am

വിദേശ സർവകലാശാലകൾക്ക് മുന്നിൽ രാജ്യത്തിന്റെ വാതിലുകൾ മലര്‍ക്കെ തുറക്കാൻ ആർഎസ്എസ്-ബിജെപി ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ‘വരൂ, കാണൂ, കീഴടക്കൂ’ എന്ന ധ്വനിയിൽ വൈദേശികാധിപത്യത്തിന് പട്ടുപരവതാനി വിരിച്ചിരിക്കുന്നു. രാജ്യത്ത് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള നിർദേശക ചട്ടങ്ങൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പ്രസിദ്ധീകരിച്ചു. രാജ്യാന്തര നിലവാര സൂചിക 500ൽ താഴെയുള്ള വിദേശ സർവകലാശാലകൾക്കോ മാതൃരാജ്യത്ത് മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ ഇന്ത്യയിലേക്ക് കടന്നുവരുന്നതിന് യുജിസിക്ക് അപേക്ഷ നൽകാം. 90 നാളുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും. തുടർന്ന് സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും ഇവിടെ കാമ്പസുകൾ ആരംഭിക്കാം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ഘടനയും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സർവകലാശാലകളിൽ നിക്ഷിപ്തമാണ്. ഫീസ് ഘടന, പാഠ്യപദ്ധതി, സിലബസ്, പരീക്ഷകൾ, ബിരുദങ്ങൾ എല്ലാം വിദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും.


ഇതുകൂടി വായിക്കൂ: അഴിമതിയുടെയും ജീര്‍ണതയുടെയും പ്രതീകം


യുജിസിയും അവരുടെ രാഷ്ട്രീയ മുതലാളിമാരും സാമൂഹിക നീതി പരിഗണിക്കുന്നതേയില്ല. സംവരണത്തെക്കുറിച്ച് പരാമർശിക്കുന്നുമില്ല. സംവരണവും സാമൂഹ്യനീതി സങ്കല്പങ്ങളും വിദേശ സർവകലാശാലകൾക്ക് അന്യമാണ്. സാമൂഹ്യനീതിയുടെ അനിവാര്യഘടകമായ സംവരണം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അവശ്യമെങ്കിലും യുജിസി വിദേശ സർവകലാശാലകളുടെ ഇംഗിതങ്ങൾക്ക് കീഴ്പ്പെട്ടു; സംവരണം മറന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ ‘വിദേശവൽക്കരണം’ എന്നാൽ കച്ചവടം തന്നെയാണ്. ലാഭത്തിനായുള്ള അത്യാഗ്രഹത്തിൽ അധിഷ്ഠിതമായ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) തത്വശാസ്ത്രം രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടനയെ തകർക്കും. വിദ്യാഭ്യാസ മേഖലയിലെ വൈദേശിക കടന്നുകയറ്റം ‘വിശ്വഗുരുവിന്റെ’ കിരീടത്തിലെ തൂവലെന്നാണ് സംഘ്പരിവാറിന്റെ പുതിയ സ്തുതിഗീതം. വിദേശ സർവകലാശാലകൾക്ക് മുന്നിൽ കീഴടങ്ങിയതിനെ ന്യായീകരിക്കാൻ, വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ പിന്നാക്കാവസ്ഥ പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസവും വിജ്ഞാനവും ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയുടെ മഹത്വം പ്രസംഗിച്ചുകൊണ്ടിരുന്ന അതേ കൂട്ടർ തന്നെ വിദേശ സർവകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കാനായി, പറഞ്ഞതെല്ലാം വിഴുങ്ങി. അതിനായി ക്വാക്വരെല്ലി സൈമണ്ട്സിന്റെ (ക്യുഎസ്) ഗ്രേ‍ഡിങ് റിപ്പോർട്ടുകൾ ഉപയോഗിക്കുന്നു. നളന്ദ, തക്ഷശില എന്നീ പുരാതന സർവകലാശാലകളെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നവർ 150 ആഗോള സർവകലാശാലകളുടെ റാങ്കിങ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ആർക്കും ഇടം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആർത്തലയ്ക്കുന്നു. ഐഐടി മുംബൈ 177, ഐഐടി ഡൽഹി 185, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ 186, ഇതാണ് ഇന്ത്യൻ സർവകലാശാലകളുടെ വർത്തമാന നിലവാരം. അക്കാദമിക പിന്നാക്കാവസ്ഥയുടെ കാരണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും തിരുത്തൽ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയുമാണ് വേണ്ടത്. വിദേശ സർവകലാശാലകൾ മാത്രമാണ് പ്രതിവിധിയെന്ന മോഡി സർക്കാരിന്റെ നിലപാട് പരിതാപകരമാണ്.


ഇതുകൂടി വായിക്കൂ: സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രസർക്കാർ വർധിപ്പിക്കണം


ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അറിവ് ശേഖരിക്കുകയും വിശാലമായ ശ്രേണിയിൽ വിദ്യാഭ്യാസം ലഭിക്കുകയും വേണം. എന്നാൽ പരിഹാരം വൈദേശിക അത്യാഗ്രഹത്തിനും വിദേശ സർവകലാശാലകൾക്കും മുന്നിൽ കീഴടങ്ങലല്ല. വിദേശ സർവകലാശാലകളോടുള്ള സ്നേഹം മുംബൈയിലോ ഡൽഹിയിലോ ഉള്ള ഐഐടികളുടെ നിലവാരത്തെ എങ്ങനെ മെച്ചപ്പെടുത്തും? ഉന്നതമായ സർവകലാശാലകളുമായുള്ള സഹകരണവും ആശയങ്ങളുടെയും അറിവുകളുടെയും മനുഷ്യശക്തിയുടെയും കൈമാറ്റവും ആധുനിക കാലത്ത് നടക്കേണ്ടതുണ്ട്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് ജീവിക്കാനാവില്ല. വിദേശ സർവകലാശാലകളുമായും മറ്റ് സ്ഥാപനങ്ങളുമായും വിശാലമായ ഇടപഴകലിന് വഴിയൊരുക്കുമ്പോൾ, പ്രാഥമിക പരിഗണന രാജ്യത്തിന്റെ താല്പര്യങ്ങളായിരിക്കണം. വിദേശ മൂലധനത്തിന് മുന്നിൽ കീഴടങ്ങുമ്പോൾ ആർഎസ്എസ്-ബിജെപി സർക്കാർ രാജ്യ താല്പര്യങ്ങൾ മറക്കുന്നു. വിദേശ സർവകലാശാലകളോടുള്ള അടുപ്പമെന്ന ആശയം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് മുന്നോട്ടുവച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരീക്ഷണങ്ങൾ ആർഎസ്എസ്-ബിജെപി വളർച്ചയുമായി ബന്ധപ്പെട്ടതാണ്. അത് വിദേശ നിക്ഷേപത്താൽ നയിക്കപ്പെടണമെന്നാണ് സംഘ് പരിവാർ താല്പര്യവും. വിദേശ മൂലധനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ദേശീയ അഭിമാനത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദം മിഥ്യയെന്ന് ബോധ്യപ്പെടുന്നു.


ഇതുകൂടി വായിക്കൂ: നിഗൂഢാധിപത്യമുള്ള ബിജെപിയും വിഭജിക്കപ്പെട്ട പ്രതിപക്ഷവും


വിജ്ഞാന വ്യവസായമെന്ന നവലിബറൽ സങ്കല്പത്തിന്റെ വക്താക്കളും ശിഷ്യന്മാരുമായി ആർഎസ്എസ്-ബിജെപി സർക്കാർ മാറിയിരിക്കുന്നു. വിപണിയും ലാഭവുമാണ് അവരെ ചലിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും വിദേശ മൂലധനത്തിന്റെ കാൽക്കൽ അടിയറവയ്ക്കണോ എന്നതാണ് സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷത്തിൽ ഇന്ത്യയുടെ മുന്നിലുള്ള ചോദ്യം. വിദ്യാഭ്യാസം ഉൾപ്പെടെ നയങ്ങളും തീരുമാനങ്ങളും ഇന്ത്യൻ സാഹചര്യങ്ങളെയും മുൻഗണനകളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വിദ്യാഭ്യാസം പോലുള്ള മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ, ദേശീയ സംവാദം അനിവാര്യമാണ്. പാർലമെന്റിൽ പേരിനുപോലും ചർച്ചയില്ലാതെ യുജിസി നിയന്ത്രണങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടുപോകാമെന്നതാണ് കേന്ദ്രനയം. അധ്യാപകരും വിദ്യാർത്ഥി സംഘടനകളും ഭരണകൂട നിലപാടുകളെ ചോദ്യം ചെയ്യുന്നു. അവ കേൾക്കുകയും കാര്യങ്ങൾ ശരിയായി കൂടിയാലോചിക്കുകയും വേണം. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദവും പാർലമെന്റും പരമോന്നതമാണ്. ജനങ്ങളുടെ ശബ്ദത്തിന് കാത് കൊട്ടിയടച്ച് എല്ലാം തച്ചുടയ്ക്കാൻ സർക്കാരിന് അവകാശമില്ല. സർവകലാശാലകൾ അന്വേഷണാത്മക വിജ്ഞാനത്തിന്റെയും ഭാവിയിലേക്കുള്ള മാർഗനിർദേശത്തിന്റെയും കേന്ദ്രങ്ങളാകണം. വിദേശ സർവകലാശാലകളും വിദേശ മൂലധനവും ഇവയെ നിയന്ത്രിക്കാൻ അനുവദിക്കരുത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.