28 April 2024, Sunday

Related news

December 4, 2023
October 19, 2023
August 20, 2023
April 29, 2023
January 30, 2023
November 26, 2022
September 6, 2022
June 30, 2022
March 4, 2022

ഓൺലൈൻ പെറ്റ് വിപണിയിൽ തട്ടിപ്പ് പെരുകുന്നു

Janayugom Webdesk
ആലപ്പുഴ
October 19, 2023 4:33 pm

പെറ്റ് വിപണിയിൽ ഓൺലൈനിലൂടെ വമ്പൻ ഓഫർ നൽകിയുള്ള തട്ടിപ്പ് പെരുകുന്നു. നിങ്ങൾ പണം നൽകി ഓർഡർ ചെയ്ത വളർത്ത് മൃഗമോ പക്ഷിയോ മിക്കവാറും കിട്ടിയേക്കില്ല. പെറ്റ് ഷോപ്പുകളെ അപേക്ഷിച്ച് 300 മുതൽ 1000 രൂപ വരെ വിലക്കിഴിവിട്ടാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ കച്ചവടമെന്നത് തട്ടിപ്പിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. 

ലാഭത്തിൽ മയങ്ങി വളർത്തുമൃഗങ്ങളെയും പക്ഷികളെയും വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴുന്നത്. അഡോപ്ഷൻ പോസ്റ്റുകളും നിരവധിയാണ്. അഡോപ്ഷനടക്കം നിരവധി ഗ്രൂപ്പുകൾ നിലവിൽ സജീവമാണ്. കൊവിഡ് കാലത്തിനു ശേഷം അരുമ മൃഗ, പക്ഷി വിപണിയിൽ കുതിച്ചുചാട്ടമാണുണ്ടായത്. വീട്ടിൽ വളർത്തുന്ന പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള ആവശ്യക്കാരേറിയതാണ് കാരണം. എന്നാൽ ഈ സാഹചര്യം തട്ടിപ്പുകാർ മുതലെടുത്തു. ഫേസ്ബുക്ക്, വാട്സ്ആപ് കൂട്ടായ്മകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. നിരവധിപേരാണ് അടുത്തിടെ മാത്രം ഇത്തരം സംഘങ്ങളുടെ കെണിയിൽ വീണത്. ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് തുക മുൻകൂർ അടപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പണം ലഭിച്ചുകഴിഞ്ഞാൽ പിന്നെ യാതൊരു വിവരവുമുണ്ടാകില്ല. പരാതി നൽകിയാലും ഇത്തരക്കാരെ കണ്ടെത്തുക പ്രയാസമാണെന്നതാണ് മറ്റൊരു തലവേദന.

അതിനാൽ സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള ഇടപാടുകൾക്ക് കരുതൽ വേണം. പ്രൊഫൈൽ ഹിസ്റ്ററി പരിശോധിക്കുക, മേഖലയിലെ പരിചയം മനസിലാക്കുക, അനുഭവസ്ഥരുടെ അഭിപ്രായം തേടുക, നേരിട്ട് കണ്ട് വാങ്ങുക, വീഡിയോ കോളിൽ വില്പനക്കാരുമായി സംസാരിക്കുക, അരുമയെ വിഡിയോ കോളിൽത്തന്നെ കാണണമെന്ന് ആവശ്യപ്പെടുക, അഡോപ്ഷൻ പോസ്റ്റുകളുടെ യാഥാർത്ഥ്യം അറിഞ്ഞു മാത്രം വാങ്ങാനെത്തുക, ശരിയായി അഡോപ്ഷൻ നല്കുന്നവർ ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കും. സംസ്ഥാനത്ത് ഉടനീളം പെറ്റ് ട്രാൻസ്പോർട്ടിംഗ് നിലവിലുണ്ട്. അവരുടെ സഹായവും തേടാവുന്നതാണ്. സമൂഹമാദ്ധ്യമങ്ങളിൽ അഡോപ്ഷൻ പോസ്റ്റുകൾ ഇട്ട് ആവശ്യക്കാരെ കണ്ടെത്തും. അവരുടെ അഭിരുചി മനസിലാക്കി അരുമകളുടെ വ്യാജ ഫോട്ടോ കാണിച്ച് കച്ചവടമുറപ്പിക്കും. കൈമാറുന്നത് ഫോട്ടോയിൽ കണ്ടതിന് സമാനമായ ക്രോസ് ഇനങ്ങളാകും. വില കൂടിയ വിദേശ ബ്രീഡുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം. കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ വ്യാജ സർട്ടിഫിക്കറ്റുകളും നൽകും.
ലാഭം മാത്രം കൊയ്യുന്ന ബ്രീഡർമാരെ വിശ്വസിച്ച് അരുമകളെ വാങ്ങരുത്. അംഗീകൃത കെസിഐ സർട്ടിഫിക്കറ്റുള്ളവരിൽ നിന്നും വാങ്ങുക. വാങ്ങുന്നതിനു മുമ്പ് വിവിധ സൈഡുകളിൽ നിന്നും മുഖവും തല മാത്രവുമായി എടുത്ത ഫോട്ടോകൾ വെറ്ററിനറി ഡോക്ടർമാരെ കാണിച്ച് ബ്രീഡ് ഏതാണെന്ന് ഉറപ്പു വരുത്തുക. മേഖലയിലെ പരിചിതരായവരുടെ അഭിപ്രായവും തേടണം. 

Eng­lish Sum­ma­ry: Fraud is ram­pant in the online pet market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.