അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലില്‍ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്.
ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് ഇത് കാരണമായിത്തീരുകയാണ്. ഇവയ്‌ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരികയാണ് — മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്‌സിഡി സിലണ്ടറിന് ആ ഘട്ടത്തില്‍ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്.
ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു.ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്‌ടിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കംകുറിച്ചത്.
സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഈ മേഖലയില്‍ അനുവാദം നല്‍കിയതിന്റെ തുടര്‍ച്ച കൂടിയാണ് ഈ നടപടി. എണ്ണ വില സ്ഥിരമാക്കി നിര്‍ത്തിയ ഓയില്‍പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയ നടപടിയും ഇതിന് കാരണമായിത്തീര്‍ന്നു. പുതിയ എണ്ണ പരിവേഷണം നടത്തി മുന്നോട്ടുപോയ ഒഎന്‍ജിസി യുടെ പദ്ധതികള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന നയവും ഇക്കാര്യത്തില്‍ ഭാവിയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കിയിരിക്കുകയാണ്.വില നിയന്ത്രണം എടുത്തുമാറ്റുമ്പോള്‍ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്ന നയം ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുകയും, അതിന്റെ ഫലമായി അതില്‍ നിന്ന് ലഭിക്കുമെന്ന് പ്രചരിപ്പിച്ച നേട്ടം പോലും നമുക്ക് ലഭിച്ചില്ല.കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സെസ്സ്, അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്നീ പേരുകളില്‍ പുതിയ നികുതികള്‍ ഇന്ധന മേഖലയില്‍ കൊണ്ടുവന്നു. ക്രൂഡോയില്‍ വിലയില്‍ കുറവ് വന്നാല്‍ പോലും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസ്സും അഡീഷണല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരംശം പോലും ലഭിക്കാത്ത നികുതികളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചുവെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അക്കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നല്‍കുകയും അതിന്റെ നാലിരട്ടി നികുതി വര്‍ദ്ധനവിലൂടെ പിരിച്ചെടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. 13 തവണ നികുതി വര്‍ദ്ധനവുണ്ടായപ്പോള്‍ 3 തവണ മാത്രം കുറച്ചതിന്റെ മേനിയാണ് ഇപ്പോള്‍ പറയുന്നത്. 2016 ല്‍ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പെട്രോള്‍ ഡീസല്‍ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളില്‍ നിന്നും കുറയ്ക്കുയുമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി 1500 ഓളം കോടി രൂപയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.കോവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്‌ഗഡ്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
കേരളത്തില്‍ പെട്രോളിയത്തിന്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള വില പരിശോധിക്കുന്നത് നന്നാവും.അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിര്‍ത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലില്‍ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേന്ദ്രം ഇളവു ചെയ്‌തത് 1.45 ലക്ഷം കോടി രൂപയാണ്.
സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസബ്‌സിഡിയും എണ്ണ സബ്‌സിഡിയും നല്‍കുന്നതിന് പണമില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കോര്‍പ്പറേറ്റുകളുടെ നികുതി ഇളവ് ചെയ്യുന്നത്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ഒപ്പം നികുതി ഭാരം കയറ്റിവെയ്ക്കുകയും ചെയ്‌തുകൊണ്ടുള്ള ഇരട്ടഭാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. അതിന്റെ ഉദാഹരണമാണ് കുതിച്ചുയരുന്ന ഇന്ധന വില വര്‍ദ്ധനവ് — മുഖ്യമന്ത്രി പറഞ്ഞു.
English summary:Fuel price hike is a double burden on the people: CM
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.