28 April 2024, Sunday

Related news

April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024

നരേന്ദ്രമോഡിയുടെ മണ്ഡലത്തില്‍ ഗാന്ധിസ്മരണ ഇടിച്ചുനിരത്തി

Janayugom Webdesk
വാരാണസി
August 13, 2023 10:57 pm

ഗാന്ധിജിയുടെ ആശയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കാന്‍ സര്‍വ സേവാ സംഘം സ്ഥാപിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ച് നിരത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വാരാണസി.
സ്വതന്ത്ര്യസമര സേനാനിയും ഗാന്ധി ശിഷ്യനുമായിരുന്ന വിനോബ ഭാവെ സ്ഥാപിച്ചവയാണ് മോഡി സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. സര്‍ക്കാരില്‍ നിന്ന് വില നല്‍കി വാങ്ങിയ ഭൂമിയിലാണ് കെട്ടിടങ്ങള്‍. ഇതിന്റെ രേഖകള്‍ സര്‍വ സേവാ സംഘം പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ഭൂമിയും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം റയില്‍വേയുടേതാണെന്ന അവകാശവാദം ഉയര്‍ത്തിയാണ് 12 കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. പുലര്‍ച്ചെ 500 പൊലീസുകാരുടെ അകമ്പടിയോടെ എത്തിയ സംഘമാണ് പാെളിക്കല്‍ നടത്തിയതെന്ന് സ്ഥാപനത്തിലെ അക്കൗണ്ടന്റ് സുരേന്ദ്ര നാരായണ്‍ പറഞ്ഞു. ആറ് ബുള്‍ഡോസറുകള്‍ മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ദൗത്യം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ കോടതി വിധിയുടെ മറവിലായിരുന്നു ഇടിച്ചുനിരത്തല്‍. 13 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ചാണ് റയില്‍വേ തട്ടിയെടുത്തത്. റയില്‍വേയ്ക്ക് ബിജെപി സര്‍ക്കാര്‍ ഒത്താശചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും റയില്‍വേ വകുപ്പും നടത്തിയ കുതന്ത്രമാണ് ഇടിച്ചുനിരത്തലിലൂടെ പുറത്തുവന്നതെന്ന് സര്‍വ സേവാ സംഘം മേധാവി രാം ധീരജ് പ്രതികരിച്ചു. വ്യാജരേഖ ചമച്ചാണ് ഭൂമിയും കെട്ടിടങ്ങളും റയില്‍വേയുടേതാണെന്ന് സ്ഥാപിച്ചതെന്നും ജില്ലാ കോടതി വിധി സമ്പാദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിയന്‍ തത്വശാസ്ത്രം കുഴിച്ചുമൂടാനുള്ള ചരിത്രപരമായ ഗൂഢാലോചനയണ് സ്മാരകം ഇടിച്ചുനിരത്തിയതിലൂടെ വെളിവാക്കപ്പെട്ടതെന്ന് സര്‍വ സേവാ സംഘം പ്രതികരിച്ചു. സ്ഥലം എംപിയായ പ്രധാനമന്ത്രി മോഡിയുടെ മൗനാനുവാദം ഇല്ലാതെ കേന്ദ്രം പൊളിച്ച് നീക്കില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ഇടിച്ചുനിരത്തല്‍ നടന്നിരിക്കുന്നത്. ഇന്ത്യാചരിത്രത്തിലെ നാണക്കേടിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും സര്‍വ സേവാ സംഘം ഭാരവാഹികള്‍ പറഞ്ഞു. കെട്ടിടം ഇടിച്ചുനിരത്തിയ നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

1948 ല്‍ സ്ഥാപിച്ച സ്മാരകങ്ങള്‍

1948 ജനുവരി 30ന് ഗാന്ധി വധത്തിന് ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളും ജീവിതരീതികളും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സ്ഥാപിച്ചതാണ് വാരാണസിയിലെ സ്ഥാപനങ്ങള്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1960, 1961, 1970 കാലങ്ങളില്‍ നടത്തിയ മൂന്ന് ഇടപാടിലൂടെ വാങ്ങിയ ഭൂമിയിലാണ് ഗാന്ധി സാഹിത്യങ്ങള്‍ അടങ്ങുന്ന വായനശാല, ഖാദി സ്റ്റോര്‍, അതിഥി മന്ദിരം എന്നിവ സ്ഥാപിച്ചത്. വിനോബ ഭാവെ സ്ഥാപിച്ച ആശ്രമ സമാനമായ ഇവിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള വിദ്യാലയം, യുവജന പരിശീലന കേന്ദ്രം എന്നിവയുമുണ്ട്. വിനോബ ഭാവെയ്ക്ക് പുറമേ ജയപ്രകാശ് നാരായണ്‍ ഉള്‍പ്പെടെയുളള ദേശീയ നേതാക്കളും ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.

Eng­lish Summary;Gandhi memo­r­i­al demol­ished in Naren­dra Mod­i’s constituency

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.