1948 ജനുവരി 30, ഇന്ത്യന്‍ ജനത കണ്ണുനീരില്‍ കുറിച്ചിട്ട, ഭാരതത്തിന്റെ ഹൃദയത്തെ മതഭ്രാന്തന്‍മാര്‍ തകര്‍ത്തെറിഞ്ഞ ദിനം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ നാഥുറാം വിനായക ഗോഡ്സെയെന്ന വര്‍ഗീയവാദി വെടിവച്ചുകൊലപ്പെടുത്തിയ ദിനം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് പറഞ്ഞ മതമൈത്രിയുടെ സന്ദേശവാഹകനായിരുന്നു ഗാന്ധിജി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹിംസാ മന്ത്രവുമായി ഇന്ത്യന്‍ ജനതയെ അണിനിരത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നടുനായകത്വമായിരുന്നു ഗാന്ധിജി. അഹിംസയും സത്യവും മതനിരപേക്ഷതയും സമത്വവും ലളിതജീവിതവും സഹാനുഭൂതിയും വിദ്വേഷമില്ലായ്മയും ഗാന്ധിദര്‍ശനങ്ങളായിരുന്നു. ഓരോ ഗ്രാമവും സ്വയം പൂര്‍ണമായ കൊച്ചു റിപ്പബ്ലിക്കുകള്‍ ആയിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം.
മതസൗഹാര്‍ദ്ദത്തിന്റെ കാവലാളായ ഗാന്ധിജി ജീവിച്ചിരിക്കുന്നത് ഹിന്ദുരാഷ്ട്രവാദമുയര്‍ത്തുന്ന മതഭ്രാന്തന്‍മാരുടെ ലക്ഷ്യത്തിന് വിഘാതമാണെന്ന തിരിച്ചറിവോടെയാണ് 1948 ജനുവരി 30ന് വൈകുന്നേരം 5.15ന് ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും നേതാവായ നാഥുറാം വിനായക ഗോഡ്സെ താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. പല തവണ നടത്തിയ വധശ്രമങ്ങളുടെ ഒടുവില്‍ ആ ലക്ഷ്യം ഗോഡ്സെയെന്ന കൊലയാളി പൂര്‍ത്തീകരിച്ചു. ഡല്‍ഹിയില്‍ ബിര്‍ളാമന്ദിറില്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് കടന്നുവന്ന ഗാന്ധിജിയെ കൈകൂപ്പി നിന്ന ആര്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കാക്കി ജാക്കറ്റിനു മീതെ പച്ചനിറത്തിലുള്ള പുള്ളോവര്‍ ധരിച്ചു ഗോഡ്സെ വണങ്ങാനെന്ന ഭാവത്തില്‍ തലകുനിച്ചെത്തി മറച്ചുവച്ച കറുത്ത ഇറ്റാലിയന്‍ ബെറേറ്റ പിസ്റ്റള്‍ പുറത്തെടുത്ത് ഗാന്ധിജിക്കു നേരെ അയാള്‍ മൂന്നു തവണ വെടിയുതിര്‍ത്തു പോയിന്റ് ബ്ലാക്ക് റേഞ്ചില്‍. ഹേറാം… എന്ന് ചൊല്ലിക്കൊണ്ട് കൂപ്പുകൈകളോടെ ഗാന്ധിജി കുഴഞ്ഞു വീണു.
ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുക്കുവാനും ഹിന്ദു-മുസ്‌ലിം മതമൈത്രിക്കും അധഃസ്ഥിതജനതയ്ക്കും വേണ്ടി ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. ഹിന്ദു-മുസ്‌ലിം കലാപമേഖലകളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹമന്ത്രവുമായി ഓടിനടന്ന ലോകാരാധ്യനായ മനുഷ്യസ്നേഹിയെയാണ് ഹിന്ദു വര്‍ഗീയവാദികള്‍ ഇല്ലാതാക്കിയത്. വിരോധാഭാസമെന്ന് തോന്നേണ്ട ഒരു കാര്യം അദ്ദേഹത്തെ കൊലപ്പെടുത്തിയ മതഭ്രാന്തന്മാരുടെ അനുയായികള്‍ ഇന്ന് ഇന്ത്യയുടെ ഭരണനേതൃത്വമായി മാറിയിരിക്കുന്നു എന്നതാണ്. ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും ഇന്നവര്‍ ഭയപ്പെടുകയാണ്. ഗാന്ധിജിയെ കൊന്നവര്‍ക്ക് വീരപരിവേഷം നല്കി അവരെ മഹാത്മാക്കള്‍ ആക്കുന്നു. ഇവര്‍ ഗാന്ധിജിയെ ബഹിഷ്കൃതനും തിരസ്കൃതനുമാക്കുന്നു. കൊലപ്പെടുത്തിയിട്ടും കലിതീരാത്ത ഇവര്‍ രാജ്യത്തിന്റെ ഭരണത്തണലില്‍ ഗാന്ധിജിയുടെ ഓര്‍മ്മകള്‍ക്കു നേരെ വീണ്ടും വെടിയുതിര്‍ത്തുകൊണ്ടേയിരിക്കുകയാണ്.
ഗാന്ധി വധത്തെ ന്യായീകരിക്കുകയും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മധുരവിതരണം നടത്തകയും ചെയ്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായിപട്ടേല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് എഴുതിയത് ആര്‍എസ്എസിന്റെ എല്ലാ നേതാക്കളുടേയും പ്രസംഗങ്ങള്‍ മുഴുവന്‍ വര്‍ഗീയ വിഷം നിറഞ്ഞതായിരുന്നു എന്നാണ്. ഇത്തരത്തില്‍ വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമഫലമാണ് ഗാന്ധിവധം എന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിച്ചു.
രാജ്യത്തുടനീളം ഇപ്പോള്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഗാന്ധിഘാതകന്‍ ഗോഡ്സെയെ വാഴ്ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു എന്നത് ഏറെ ദുഃഖകരമാണ്. മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ലെന്നും ഹിന്ദുത്വത്തിനുവേണ്ടി തൂക്കിലേറിയ ഗോഡ്സെയാണ് യഥാര്‍ത്ഥ രക്തസാക്ഷിയെന്നും ഗാന്ധിസ്മാരകങ്ങള്‍ക്ക് പകരം ഗോഡ്സെ സ്മൃതിമണ്ഡപങ്ങള്‍ ഉയരണമെന്നും പറഞ്ഞു പ്രചരിപ്പിച്ചയാളാണ് ഇന്നത്തെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്. മഹാത്മാഗാന്ധിയെ മൗലാന ഗാന്ധിയെന്ന് പരിഹസിക്കുകയും കൗശലക്കാരനായ ബനിയ ജാതിക്കാരനെന്ന് ആക്ഷേപിക്കുകയും ഗോഡ്സെയെ മഹാനായ ദേശീയവാദിയെന്ന് വിളിച്ച് ആദരിക്കുകയും ചെയ്യുകയാണ് ആര്‍എസ്എസുകാര്‍.
മീററ്റ് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോഡ്സെക്ക് ക്ഷേത്രം പണിയുന്നു. ഗുജറാത്തിലെ ജാംനഗറില്‍ ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ 72-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹിന്ദുസേനയുടെ നേതൃത്വത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ചു. ഗ്വാളിയാറിലെ ഹിന്ദുമഹാസഭ ഓഫീസിലും പ്രതിമസ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. രാജസ്ഥാനിലെ ആള്‍വാറില്‍ ഒരു മേല്‍പ്പാലത്തിന് ‘മഹാനായ ദേശീയവാദി ഗോഡ്സെപാലം’ എന്നു പേര് നല്‍കി. ജനരോഷത്തെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടിവന്നു. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയും മാലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍ പാര്‍ലമെന്റിനുള്ളില്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം വിനായക ഗോഡ്സെയുടെ പേരുപോലും പാര്‍ലമെന്റിനുള്ളില്‍ പറയുവാന്‍ പാടില്ല എന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു താക്കൂറിന്റെ പ്രഖ്യാപനം.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലും ഗാന്ധിഘാതകനായ ഗോഡ്സെയെ പുകഴ്ത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ഗാന്ധിജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലുമാണ് ഗോഡ്സെ ആരാധകര്‍ കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുന്നത്. ഗാന്ധി ദേശവിരുദ്ധനാണെന്ന വാദം ആവര്‍ത്തിക്കണമെന്നും ഗാന്ധിയെ വധിച്ച ഗോഡ്സെക്ക് നന്ദി പറയണമെന്നും ഗോഡ്സെ ദേശഭക്തനാണെന്ന് വാഴ്ത്തണമെന്നും ഗാന്ധിയെ അപഹസിച്ചും ഗോഡ്സെയെ പുകഴത്തിയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയ്ക്കണമെന്നും തീവ്രഹിന്ദുത്വവാദികളായവര്‍ ട്വീറ്റുകള്‍ പുറപ്പെടുവിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് ഗോഡ്സെയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പത്ത് രൂപയുടെ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം മാറ്റി ഗോഡ്സെയുടെ ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. എബിവിപി നേതാവായിരുന്ന ശിവം ശുക്ലയാണ് ‘ഗോഡ്സെ അമര്‍രഹേ’ എന്ന അടിക്കുറിപ്പില്‍ ചിത്രം പ്രചരിപ്പിച്ചത്. ഹിന്ദു മഹാസഭ നേതാക്കള്‍ തോക്കെടുത്ത് ഗാന്ധിജിയുടെ കോലത്തിനു നേരെ വെടിയുതിര്‍ത്താണ് രക്തസാക്ഷിത്വദിനം ആചരിച്ചത്. ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം ഗാന്ധിവധത്തിലെ മുഖ്യ സൂത്രധാരന്‍ വി ആര്‍ സവര്‍ക്കറുടെ ചിത്രമാണ് അച്ചടിക്കേണ്ടെതെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവച്ചു.
ഗാന്ധിഘാതകന്‍ ഗോഡ്സെയെ പ്രശംസിക്കുന്ന പ്രദീപ് ദാല്‍വിയുടെ നാടകത്തിന് നല്ല പ്രോത്സാഹനം നല്കിയത് ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയും ബിജെപി സര്‍ക്കാരുകള്‍ ആയിരുന്നു. രാമന് രാവണനെ കൊല്ലാമെങ്കില്‍ കൃഷ്ണന് കംസനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് നാഥുറാമിന് ഗാന്ധിയെ കൊന്നുകൂടാ എന്നാണ് ‘ഞാന്‍ നാഥുറാം ഗോഡ്സെ സംസാരിക്കുന്നു’ എന്ന പ്രദീപ് ദാര്‍വിയുടെ നാടകത്തിന്റെ ഉള്ളടക്കം.
ഗോഡ്സെയെ നായകനാക്കി നാല്പത്തി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള “വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പേരില്‍ ഒരു ചിത്രം ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ മഹാരാഷ്ട്രയില്‍ തയാറെടുപ്പുകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ സമീപ ദിവസങ്ങളിലാണ് പുറത്തുവന്നത്. മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ലെന്ന് വി ഡി സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍ പ്രസ്താവിച്ചതും നാം കേള്‍ക്കുകയുണ്ടായി.
ഗാന്ധിജിയും ചര്‍ക്കയും തമ്മിലുള്ള ബന്ധം പോലും അറിയാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഖാദിയുടെ സംരക്ഷകനും പ്രചാരകനും എന്ന നിലയിലാണ് രാഷ്ട്രപിതാവിന് ചര്‍ക്കയുമായുള്ള ആത്മബന്ധം. ചര്‍ക്ക കൂടെക്കൊണ്ടു നടക്കുവാനും ഖാദി ധരിക്കുവാനും ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രചോദനം ആകുവാനും ഗാന്ധിജി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. എന്നാല്‍ തരംതാണ രാഷ്ട്രീയം കളിച്ച നരേന്ദ്രമോഡി, സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രം ഒഴിവാക്കി തന്റെ ചിത്രം അതേസ്ഥാനത്ത് ചേര്‍ത്തു വച്ചു.
ഡല്‍ഹിയിലെ ഗാന്ധിസ്മൃതിയില്‍ നിന്നും മഹാത്മാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടുകിടക്കുന്ന ചിത്രം സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുകയുണ്ടായി. ഗാന്ധിജിയെ കൊലപ്പെടുത്തുവാന്‍ ഗോഡ്സെ ഉപയോഗിച്ച ഒന്‍പത് എംഎം ബരേറ്റ പിസ്റ്റള്‍ ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ നിന്നും വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നീക്കം ചെയ്തിരുന്നു. ഇതൊക്കെ ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും ഇവര്‍ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. ‘മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെയാണ്?’ എന്നതായിരുന്നു ചോദ്യം. ചരിത്രത്തെ വികലപ്പെടുത്തിയും തിരുത്തി എഴുതിയും തങ്ങളുടെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുകയാണ് സംഘപരിവാര്‍ ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്.
അടുത്ത കാലത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ ഒരു പ്രസ്താവന ആന്റമാന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുവാന്‍ വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മാപ്പെഴുതി കൊടുത്തത് ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്നായിരുന്നു. നട്ടാല്‍ കുരുക്കാത്ത നുണപ്രചരണങ്ങള്‍ നടത്തി സവര്‍ക്കറെ ന്യായീകരിക്കുവാനും സ്വാതന്ത്ര്യ ശില്പിയായ മഹാത്മാഗാന്ധിയുടെ യശ്ശസിന് കളങ്കമേല്പിക്കുക എന്ന ദുരുദ്ദേശ്യവുമായിരുന്നു ഈ പ്രസ്താവനക്കു പിന്നിലുണ്ടായിരുന്നത് എന്ന് വ്യക്തമാണ്.
മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ലെന്നും ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയാണ് രാഷ്ട്രപിതാവെന്നും പറയുന്ന ഗോഡ്സെ പിന്മുറക്കാര്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയ തോക്കുമായി അധികാരത്തണലില്‍ രാജ്യത്തുടനീളം അക്രമം അഴിച്ചുവിടുകയാണ്. രാഷ്ട്രപിതാവിനെ വെടിവച്ചവര്‍ക്ക് ആരുടേയും നേര്‍ക്ക് വെടിയുതിര്‍ക്കുവാന്‍ മടിയില്ല എന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു. സംരക്ഷിക്കുവാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ തന്നെ ഉള്ളപ്പോള്‍ ഭയപ്പെടേണ്ടതില്ലല്ലോ. പക്ഷേ ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ കൊലയാളികള്‍ തന്നെയാണ്.
ഗാന്ധിജിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണമെന്ന് തരാതരംപോലെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെപ്പോലുള്ളവര്‍ പറയുമ്പോള്‍ കപടമായ ഗാന്ധിസ്നേഹമാണ് നിങ്ങള്‍ പറയുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. ഗാന്ധിജിയെ ഒരേസമയം ഇകഴ്ത്തുവാനും സ്വന്തമാക്കുവാനുമുള്ള കാപട്യത്തെ തിരിച്ചറിയുവാനും വംശീയതയുടെയും സ്വാര്‍ത്ഥതകളുടെയും അട്ടഹാസങ്ങള്‍ ഉയര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് ഗാന്ധിസ്മരണകള്‍ വ്യര്‍ത്ഥമാകാതിരിക്കുവാനുമുള്ള കരുതലുണ്ടാകണം. ഗാന്ധിഘാതകരെ ഒറ്റപ്പെടുത്തുവാനും ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുവാന്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.