“എത്ര മിഴികള്‍ കൊണ്ടു കാണ്‍കിലും കാഴ്ചകള്‍— ക്കപ്പുറം നില്‍ക്കുന്നു ഗാന്ധി എത്ര വര്‍ണം മാറ്റിയെഴുതിലുമെഴുത്തുകള്‍— ക്കപ്പുറത്തെഴുതുന്നൂ ഗാന്ധി” എന്ന് ‘ഗാന്ധി’ എന്ന കവിതയില്‍ കവി വി മധുസൂദനന്‍ നായര്‍ ‘എവിടെയോ കരയുന്നു ഗാന്ധി’ എന്ന് കൂടി കുറിച്ചു. സംഘപരിവാര ഭരണത്തിന്‍ കീഴില്‍ അജ്ഞാതമായ എവിടെയോ ഇരുന്ന് ഗാന്ധിജി ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥകണ്ട് ഹൃദയം പൊട്ടിക്കരയുന്നുണ്ടാവും. ഗാന്ധിജി രാജ്യദ്രോഹിയാണെന്നും ഗോഡ്സെയാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയെന്നും പരസ്യ പ്രഖ്യാപനം നടത്തിയ മാലേഗാവ്-മഡ്ഗാവ് സ്ഫോടനത്തിന്റെ സൂത്രധാരയായ ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂറിനു പിന്നാലെ ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിനു നേരെ വെടിയുതിര്‍ത്തഹങ്കരിച്ച ബിജെപി എംപിമാരുമുണ്ടായി. ഏറ്റവുമൊടുവില്‍ ഗാന്ധിജി പിറന്ന ഗുജറാത്തിന്റെ മണ്ണില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വല്‍സാഡ് ജില്ലാ യുവജനക്ഷേമ വകുപ്പ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഗോഡ്സെ എന്റെ മാതൃക’ എന്ന വിഷയത്തില്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാഷ്ട്രപിതാവായ, സ്വാതന്ത്ര്യസമ്പാദന പോരാട്ടത്തെ മുന്നില്‍ നിന്നു നയിച്ച, വര്‍ഗീയ ലഹളകള്‍ക്കും ചോരപ്പുഴയൊഴുക്കലിനുമെതിരെ ജീവിതാന്ത്യം വരെ പൊരുതിയ ധീരദേശാഭിമാനിയും മതനിരപേക്ഷതയുടെ വക്താവും പ്രയോക്താവുമായിരുന്ന ഗാന്ധിജിയെ നിന്ദിച്ചും ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സയെ മുക്തകണ്ഠം പ്രശംസിച്ചും പ്രസംഗിച്ച പെണ്‍കുട്ടിയെ ജേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ പണമുപയോഗിച്ച് ഗാന്ധിനിന്ദയെ പ്രോത്സാഹിപ്പിക്കുകയും ഗോഡ്സെ വന്ദനം ത്വരിതപ്പെടുത്തുകയുമാണ് ബിജെപി ഭരണകൂടം. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസ്റ്റ് അജണ്ട പ്രഖ്യാപിച്ചത് അഡോള്‍ഫ് ഹിറ്റ്ലറാണ്. ഹിറ്റ്ലറായിരിക്കണം മാതൃക എന്ന് പറഞ്ഞ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ അനുചരന്മാരായ നരേന്ദ്രമോഡിയും അമിത് ഷായും നമ്മുടെ പൊതുവിദ്യാഭ്യാസ മണ്ഡലത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ആശയം സാക്ഷാത്ക്കരിക്കുവാന്‍ വര്‍ഗീയ ഫാസിസവത്ക്കരിക്കുകയാണ്. സര്‍വകലാശാല മേധാവികളാകെ ആര്‍എസ്എസ് പ്രചാരകരും സംഘാടകരും. കരിക്കുലവും സിലബസും പൊളിച്ചെഴുതി സംഘപരിവാര രാഷ്ട്രീയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ദീന്‍ദയാല്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവരുടെ ആത്മകഥ പഠനത്തിനായി നിര്‍ദേശിക്കുന്നു. നരേന്ദ്രമോഡിയുടെ ജീവചരിത്രം ഗുജറാത്തിലെ സ്കൂളുകളില്‍ പാഠപുസ്തകമാക്കുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ‘ഗോഡ്സെ എന്റെ മാതൃക’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം. താന്‍ ഒരു സനാതന ഹിന്ദുവാണ് എന്ന് ആവര്‍ത്തിച്ചുരുവിട്ടിരുന്ന ഗാന്ധിജിയെ വെടിയുണ്ടകളാല്‍ ഇല്ലായ്മ ചെയ്തത് ഹിന്ദുമത ഭീകരരാണെന്നുള്ളത് ചരിത്രത്തിലെ വൈരുധ്യം.
‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ഗാന്ധിജിയുടെ ഉപവാസവേളയില്‍ നടത്തിയ ഘോഷയാത്രയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. ഒരു നിമിഷം അവര്‍ മുഴക്കുന്ന മുദ്രാവാക്യം എന്തെന്നു മനസിലാക്കാന്‍ ഗാന്ധി ശ്രദ്ധിച്ചു. ‘അവരെന്താണു പറയുന്നത്?’ അദ്ദേഹം ചോദിച്ചു. പ്യാരെലാല്‍, എന്താണ് പറയേണ്ടതെന്ന് ചിന്തിച്ച് ഒരു നിമിഷം മടിച്ചു. പിന്നെ പറഞ്ഞു ‘ഗാന്ധി മരിച്ചോട്ടെ എന്നാണവര്‍ പറയുന്നത്’. അങ്ങനെ ആക്രോശിച്ചവരുടെ പ്രതിനിധികളായ നാഥുറാം വിനായക് ഗോഡ്സെയും നാരായണ്‍ ആപ്തേയും മദന്‍ലാലും സവര്‍ക്കറുമൊക്കെ ചേര്‍ന്നാണ് ‘ഹേ! റാം’ എന്ന് മന്ത്രിച്ചുകൊണ്ടിരുന്ന മനുഷ്യന്റെ ഹൃദയം തകര്‍ത്ത് വെടിയുണ്ടകള്‍ പായിച്ചത്. ‘ഗാന്ധി മരിച്ചോട്ടെ, ഗാന്ധി വധിക്കപ്പെടേണ്ട രാജ്യദ്രോഹിയാണ്’ എന്ന് പുലമ്പുന്ന കൂട്ടര്‍ പ്രഭാഷണ മത്സരത്തിലൂടെ ഗാന്ധിനിന്ദയുടെ പുതിയ പരമ്പരകളുടെ കവാടങ്ങള്‍ തുറന്നിടുകയാണ്. സര്‍വമത സമത്വത്തില്‍ വിശ്വസിച്ച വ്യക്തിപ്രഭാവനാണ് ഗാന്ധിജി. ഞാന്‍ ഒരു സനാതന ഹിന്ദുവായതുകൊണ്ട് എനിക്ക് മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ജൈന‑ബൗദ്ധരെയും ചേര്‍ത്തുപിടിക്കുവാനാവുമെന്ന് പറഞ്ഞ ഗാന്ധിജി രാമനും റഹിമും ഒന്നുതന്നെ എന്നു പറഞ്ഞതിലൂടെ മതേതര മാനവികതയുടെ മഹത് സന്ദേശം പകരുകയായിരുന്നു. വര്‍ഗീയതയെ എതിര്‍ക്കുന്ന മതനിരപേക്ഷ വാദികള്‍ എതിര്‍ക്കുന്നത് മതത്തെയല്ല. മതത്തെ മൗലിക വാദത്തിനും വംശവിദ്വേഷത്തിനും വര്‍ഗീയതയ്ക്കും ദുരുപയോഗം ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നത്. ഗാന്ധിജിയും അതാണ് നിര്‍വഹിച്ചത്. സംഘപരിവാര ഹിന്ദുത്വ ശക്തികള്‍ ‘ഹിന്ദു’ എന്ന പദം തന്നെ സംഭാവന ചെയ്തത് അറബികളാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം മറന്നുപോവുകയാണ്. റൊമീലാ ഥാപ്പര്‍ ‘ചരിത്രാവര്‍ത്തനം’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു; ‘ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങളെ പൊതുവില്‍ അറിയപ്പെടാന്‍ ഒരു പേരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ജാതി, ഭാഷ, പ്രദേശം എന്നിവയ്ക്കപ്പുറം പൊതുവായ ആചാരങ്ങളും ഒരു മതഗ്രന്ഥവുമെല്ലാം ഉള്ള ഒരു മതമായിരിക്കുക എന്ന ചിന്ത ഉണ്ടായി. നാലു വര്‍ണാശ്രമങ്ങളിലുള്ളവരെ ഒന്നായി അറിയപ്പെടുക എന്നു പറയുന്നതാവും കൂടുതല്‍ ശരി’ ഈ ചരിത്ര വസ്തുതയും ‘അല്‍ഹിന്ദ്’ എന്നു വിളിച്ചതിലൂടെയാണ് ഹിന്ദു എന്ന വാക്കുണ്ടായതെന്നും തിരിച്ചറിയാമായിരുന്ന ആളാണ് ഞാന്‍ സനാതന ഹിന്ദു എന്നു പറഞ്ഞിരുന്ന, മതനിരപേക്ഷതയെ മാറോടണച്ചു പിടിച്ച ഗാന്ധിജി. വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ ഗാന്ധിനിന്ദയ്ക്കും ഗോഡ്സേ സ്തുതിക്കും പ്രേരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് കാണാമറയത്താണ്. അവര്‍ മൃദുവര്‍ഗീയതയെ പാലൂട്ടുന്ന തിരക്കിലാണ്. ഗോഡ്സെയ്ക്കായി അമ്പലങ്ങള്‍ പണിയുകയും ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുകയും ചെയ്യുമ്പോള്‍ ‘കേഴുക പ്രിയനാടേ’ എന്ന് വിലപിക്കുക മാത്രമേ നിവൃത്തിയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.