28 September 2024, Saturday
KSFE Galaxy Chits Banner 2

ആഗോള കടബാധ്യത പുതിയ ഉയരങ്ങളിലേക്ക്

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 18, 2023 4:30 am

ന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ വികസ്വര രാജ്യങ്ങള്‍ സമീപകാലത്ത് സാമ്പത്തികമേഖലയില്‍ അതിവേഗത്തിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ഈ രാജ്യങ്ങളുടെ ആഗോള കടബാധ്യതയിലും വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. പരസ്പര വിരുദ്ധമായ ഈ രണ്ടു പ്രവണതകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പരിശാേധിക്കാം. ഇക്കഴിഞ്ഞ ജൂണ്‍ അവസാനമായതോടെ ആഗോള കടബാധ്യത സര്‍വകാല റെക്കോഡായ 30,700 കോടി ഡോളറിലെത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (ജിഐഎഫ്) എന്ന സ്ഥാപനം സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, പിന്നിട്ട ഒരു ദശകക്കാലത്തിനിടയില്‍ 10,000 കോടി ഡോളറിലേറെ വര്‍ധിച്ചുവെന്നാണ്. ജിഡിപിയുടെ 336 ശതമാനം വരെ കുതിച്ചുയര്‍ന്നതായും കാണുന്നു. കഴിഞ്ഞ ഏഴ് പാദങ്ങളിലായി ഈ പ്രവണതയില്‍ തുടര്‍ച്ചയായ ഇടിവു രേഖപ്പെടുത്തിയതിനു ശേഷമുണ്ടായ കുതിച്ചുചാട്ടം കൂടിയാണിത്.
ആഗോള കടബാധ്യത എന്നാല്‍ ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ചേര്‍ന്ന് ഒരു പ്രത്യേക കാലയളവില്‍ വാങ്ങിക്കൂട്ടിയ കടത്തിന്റെ ആകത്തുകയാണ്. സര്‍ക്കാരുകള്‍ കടം വാങ്ങുന്നത് നിലവിലുള്ള നികുതി അടക്കമുള്ള വരുമാനമാര്‍‍ഗങ്ങളുടെ സഹായത്തോടെ നിര്‍വഹിക്കേണ്ട അനിവാര്യമായ ചെലവുകള്‍ക്കായിരിക്കും. പലിശബാധ്യത കൊടുത്തുതീര്‍ക്കുന്നതിനായും സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോഴും വിപണി കടംവാങ്ങലിന് നിര്‍ബന്ധിതമായേക്കാം. വ്യവസായസ്ഥാപനങ്ങള്‍ കടത്തെ ആശ്രയിക്കുക പ്രധാനമായും നിക്ഷേപങ്ങള്‍ക്കു വേണ്ടിയായിരിക്കും.
ആഗോള കടബാധ്യത സ്വന്തം നിലയില്‍ മാത്രമല്ല, ജിഡിപിയുടെ അനുപാതം എന്ന നിലയിലും പിന്നിട്ട ഏതാനും ദശകത്തിനിടയില്‍ ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഇതില്‍ ഒരു മാറ്റമുണ്ടായത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപനവും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ നിശ്ചലാവസ്ഥയും കാരണം വായ്പാ ഇടപാടുകളൊന്നും നടന്നിരുന്നില്ല. എന്നാല്‍, കോവിഡ് ശമനം തുടങ്ങിയതോടെ സമ്പദ് വ്യവസ്ഥയുടെ തൊട്ടടുത്ത പാദങ്ങളില്‍ കടമെടുപ്പ് പ്രക്രിയയ്ക്ക് ആഗോളതലത്തില്‍ തന്നെ പുനരാരംഭം കുറിച്ചു. കടബാധ്യതയില്‍ 80 ശതമാനത്തോളം വര്‍ധനവുണ്ടായത് യുഎസ്, യുകെ, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളിലായിരുന്നു. വികസ്വരരാജ്യങ്ങളിലെ സ്ഥിതിയും ഏറെക്കുറെ സമാനമായിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവയായിരുന്നു മുന്നണിയില്‍. 2023ന്റെ ആദ്യപകുതിയില്‍ മൊത്തം ആഗോള കടത്തില്‍ രേഖപ്പെടുത്തിയ വര്‍ധന 1000 കോടി‍ ഡോളറോളമായിരുന്നു. ഇതോടൊപ്പം പലിശ നിരക്കുകളിലും വന്‍ വര്‍ധനവുണ്ടായി. ഇതേത്തുടര്‍ന്ന് വായ്പാ ആവശ്യകത കുറയുകയും കടത്തില്‍ കുത്തനെ ഇടിവുരേഖപ്പെടുത്തുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:  നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


ഇത്തരമൊരു സ്ഥിതിവിശേഷം ദീര്‍ഘകാലം നീണ്ടുനില്‍ക്കാനിടയില്ല. ധനവിനിമയം അതിനുള്ള ഡിമാന്‍ഡിനെക്കാള്‍ പതിന്മടങ്ങ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം അനിശ്ചിതകാലത്തേക്കുണ്ടാകില്ല എന്നതുതന്നെ കാരണം. കോവിഡനന്തര കാലഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഉണര്‍വ് പുതിയ തൊഴിലവസരങ്ങളും വരുമാന വര്‍ധനവും സാധ്യമാക്കിയതോടൊപ്പം ജനങ്ങളുടെ സമ്പാദ്യത്തിലും വര്‍ധനയിലേക്ക് നയിച്ചു. ഈ വര്‍ധന കടമെടുപ്പിന്റെയും നിക്ഷേപത്തിന്റെയും വര്‍ധനവിലേക്ക് നയിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥ താല്‍ക്കാലികമായൊരു പ്രതിസന്ധി നേരിടുമ്പോള്‍ റവന്യു വരുമാനത്തില്‍ ഇടിവുണ്ടാവുകയും കടത്തിന്റെ തോതില്‍ വര്‍ധനവുണ്ടാവുകയും ചെയ്യുക സ്വാഭാവികം മാത്രമായിരിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏല്പിക്കണമെന്നുമില്ല.
സമീപകാലയളവില്‍ തുടര്‍ച്ചയായി ഏഴ് പാദങ്ങളില്‍ കടത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടൊപ്പം ജിഡിപിയും ആഗോളതല കടവും തമ്മിലുള്ള അനുപാതത്തില്‍ ഇടിവുണ്ടായി എന്നത് അതിശയകരമാണ്. ഇതിനിടയാക്കിയത് വിലവര്‍ധനവിലൂടെ ഉണ്ടായ പണപ്പെരുപ്പം സൃഷ്ടിച്ച സാഹചര്യമാണ് എന്നാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിഗമനം. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ ചെയ്തത് പ്രാദേശിക കറന്‍സികളുടെ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെട്ടിരുന്ന വലിയ കടബാധ്യതകള്‍ പണപ്പെരുപ്പത്തിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകള്‍, നേരിട്ടോ അല്ലാതെയോ പുതുതായി സമ്പദ്‌വ്യവസ്ഥയിലേക്കൊഴുക്കിയ കറന്‍സി നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കുന്നതിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതിനുള്ള പ്രധാനമാര്‍ഗം വിപണിയില്‍ നിന്നും കടപ്പത്രങ്ങള്‍ തിരികെ വാങ്ങുക എന്നതാണ്. അങ്ങനെ വിപണിയിലെ ലിക്വിഡിറ്റി വര്‍ധിക്കുമെങ്കിലും സര്‍ക്കാരിന്റെ ബോണ്ട് വഴിയുള്ള കടബാധ്യത കുറയ്ക്കാന്‍ കഴിയും. ഇതിലൂടെ സര്‍ക്കാരിന്റെ നികുതിഭാരം കുറയുമെങ്കിലും വിലക്കയറ്റം രൂക്ഷമാകുമെന്നതിനാല്‍ സാധാരണക്കാരുടെ ജീവിതഭാരം ഉയരുകയായിരിക്കും ഫലം. സര്‍ക്കാരിന്റെ ശേഷിക്കുന്ന കടബാധ്യത ലഘൂകരിക്കുന്നതിനായി പരോക്ഷനികുതികള്‍-ജിഎസ്‌ടിയുടെ അടിസ്ഥാനത്തില്‍-ഉയര്‍ത്തേണ്ടതായും വരും. അതായത്, ഒരുവശത്ത് സര്‍ക്കാരിന് കടാശ്വാസം ലഭിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ ജീവിതഭാരം വര്‍ധിക്കുന്നു.
ആഗോളകടം ഉയരുന്ന പ്രവണത ഒരുതരത്തിലും നിസാരമായി കാണേണ്ട കാര്യമല്ല. കടബാധ്യത, സര്‍ക്കാരിന്റേതായാലും അതിന് ശാശ്വത സ്വഭാവം ഉണ്ടാകുന്നത് ആശാസ്യമല്ല. കാരണം, ഈ പ്രവണതയ്ക്ക് കടിഞ്ഞാണില്ലാതെ വന്നാല്‍ പരിധിവിട്ട നിലയില്‍ കടം വാങ്ങുന്ന പ്രവണതയായിരിക്കും രാഷ്ട്രീയ‑ഭരണനേതൃത്വത്തില്‍ ഉടലെടുക്കുക. ധനകാര്യ മേഖലയെ സമഗ്രമായ നിലയില്‍ സമീപിക്കാനും അതിന്റെ സ്ഥിരത ഉറപ്പാക്കാനും പര്യാപ്തമായ നയങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കാനും ബാധ്യസ്ഥമായ കേന്ദ്ര ബാങ്കുകളുടെ കാര്യം ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഏത് സര്‍ക്കാരായാലും അതിന്റെ രാഷ്ട്രീയനിറം നോക്കാതെ കടബാധ്യതകള്‍ അതിരുകടക്കുന്ന ഘട്ടത്തില്‍ അവ ലഘൂകരിക്കാന്‍ ലക്ഷ്യമാക്കിയുള്ള നയങ്ങളുമായി കേന്ദ്രബാങ്ക് രംഗത്തുവരും. ഭരണകൂടങ്ങള്‍ക്ക് അത് ഒരു വെല്ലുവിളി ആയിരിക്കുകയും ചെയ്യും. അത് മറികടക്കുകയല്ലാതെ അവഗണിക്കാന്‍ ഏത് ഭരണകൂടമായാലും സാധ്യമാവില്ല.


ഇതുകൂടി വായിക്കൂ:  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


പിന്നിട്ട ഒരു ദശകക്കാലം കടബാധ്യത ഉയര്‍ന്നുകൊണ്ടിരിക്കെത്തന്നെ, അതിന്റെ പേരിലുള്ള പലിശയിനത്തിലെ ബാധ്യത ഒരുവിധം താങ്ങാന്‍ കഴി‍ഞ്ഞിരുന്നു. കാരണം പലിശനിരക്കുകളില്‍ വലിയതോതിലുള്ള വര്‍ധനവുണ്ടായിരുന്നില്ല. പ്രത്യേകിച്ച് പാശ്ചാത്യരാജ്യ സമ്പദ്‌വ്യവസ്ഥകളില്‍. എന്നാല്‍ ഇന്നത്തെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമാണ്. പണപ്പെരുപ്പം പരിധിവിട്ട് ഉയരുന്ന സാഹചര്യം നേരിടുന്നതിനായി യുഎസ് ഭരണകൂടം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സഹായത്തോടെ പലിശനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നനിലയില്‍ നിലനിര്‍ത്തിവരികയാണ്.
മഹാമാരിയെത്തുടര്‍ന്ന് ഉല്പാദനമേഖലയിലുണ്ടായ തളര്‍ച്ച ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതയില്‍ വന്‍ ഇടിവാണുണ്ടാക്കിയത്. സ്വാഭാവികമായും സമ്പദ്‌വ്യവസ്ഥ, കോവിഡനന്തര കാലയളവില്‍ അതിവേഗം വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങിയതോടെ തൊഴിലവസരങ്ങളും വരുമാനവും ഉയരുകയും ഡിമാന്‍ഡ് കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പ്രതിഫലനം വിലവര്‍ധനവിലൂടെ ഉണ്ടായ പണപ്പെരുപ്പമാണ്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് യുഎസ് സര്‍ക്കാര്‍ കടബാധ്യത തീര്‍ക്കുന്നതില്‍ സാവകാശം വരുത്തുകയോ കുമിഞ്ഞുകൂടിയ കടം പണപ്പെരുപ്പത്തിന്റെ ഭാഗമാക്കി മാറ്റി പലിശനിരക്ക് വര്‍ധനവിലൂടെ പ്രശ്നം പരിഹരിക്കുകയോ ചെയ്യുക എന്ന തീരുമാനമെടുക്കുന്നത്. എന്നാല്‍ പല സര്‍ക്കാരുകള്‍ക്കും കുമിഞ്ഞുകൂടിയിരിക്കുന്ന കടബാധ്യത ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ത്തും ഒഴിവാക്കുക എന്നത് അസാധ്യമായിരിക്കും.


ഇതുകൂടി വായിക്കൂ:  അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ


പ്രാദേശികതലങ്ങളില്‍ അതായത് വിവിധ രാജ്യാതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കാനിടയുള്ള കടബാധ്യതകള്‍ക്ക് ആഗോള സാമ്പത്തിക നയങ്ങള്‍ക്കല്ല ഉത്തരവാദിത്തം. ഈ യാഥാര്‍ത്ഥ്യം ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ ഏറ്റുപറയുന്നുണ്ട്. സമാനമായ പരിമിതികള്‍തന്നെയാണ് സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കടബാധ്യതകളുടെ കാര്യത്തില്‍ ഐഐഎഫിനുള്ളത്. അതേസമയം കടബാധ്യതകള്‍ ഏതുമേഖലയില്‍ ആയാലും അവ ദീര്‍ഘകാലം അതേപടി തുടരാന്‍ അനുവദിച്ചുകൂടാ. വികസനം ജനനന്മയെ ലാക്കാക്കിയാണെങ്കില്‍ കടബാധ്യതകള്‍ പരമാവധി ലഘൂകരിക്കണം. മറിച്ചാണെങ്കില്‍, വികസനം എന്നത് തീര്‍ത്തും അപ്രാപ്യമായൊരു ലക്ഷ്യമായിരിക്കും. വര്‍ധിച്ചതോതില്‍ നിക്ഷേപം നടക്കുക എന്നതും വികസനത്തിന് അനിവാര്യമാണ്. എന്നാല്‍, ഇത്തരം നിക്ഷേപത്തിന്റെ സ്രോതസ് ജനങ്ങളുടെ നേര്‍വഴിക്കുള്ള സമ്പാദ്യത്തില്‍ നിന്നും രൂപംകൊള്ളുന്ന മൂലധന നിക്ഷേപത്തിലൂടെ മാത്രമുള്ളതുമായിരിക്കണം. അല്ലെങ്കില്‍ ആഗോള സമ്പദ്‌വ്യവസ്ഥകളുടെയായാലും വികസന പ്രക്രിയകളില്‍ പ്രതിസന്ധികളുടെ ആവര്‍ത്തനം ഒഴിവാക്കുക പ്രായോഗികമായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.