27 July 2024, Saturday
KSFE Galaxy Chits Banner 2

ആഗോളവൽക്കരണവും സംസ്കാരവും

അജിത് കൊളാടി
വാക്ക്
October 22, 2022 4:34 am

സംസ്കാരം ലോകമെമ്പാടും മറ്റെല്ലാത്തിനെയും പോലെ മാറ്റത്തിനു വിധേയമാകുന്നു. വർത്തമാനകാലത്ത് സ്വാധീനശക്തിയുള്ള മൂലധനശക്തികളുടെ, സാമ്രാജ്യത്വത്തിന്റെ സംസ്കാരം ആധിപത്യം പുലർത്തുന്നു. ദേശീയ, പ്രാദേശിക സംസ്കാരങ്ങളും അവയുടെ സ്വഭാവങ്ങളും ഏറ്റവും ശക്തിയുള്ള മൂലധനശക്തികളുടെ സംസ്കാരത്തിന്റെ ഉപഘടകങ്ങളായി മാറുന്ന കാഴ്ചയും നമുക്ക് കാണാം. അഗാധതലങ്ങളിൽ സംസ്കാരത്തിന്റെ സ്വഭാവ സമത്വം കാണാമെങ്കിലും അതെല്ലാം വില്പനച്ചരക്കാക്കുന്ന പ്രവണതകളും കാണാം. ഉല്പന്നങ്ങൾ വില്ക്കുന്ന ഘട്ടങ്ങളിൽ, അവയിലുള്ള വ്യത്യാസങ്ങൾ നിലനിർത്തപ്പെടുന്നു, പ്രോത്സാഹിക്കപ്പെടുന്നു, ഉല്പാദിപ്പിക്കപ്പെടുക പോലും ചെയ്യപ്പെടുന്നു. കാരണം, വൈവിധ്യങ്ങളില്ലാതെ, വിപണിയുടെ അടിസ്ഥാന തത്വമായ, സ്വാതന്ത്ര്യം എന്ന സങ്കല്പവും ഏത് തിരഞ്ഞെടുക്കണം എന്ന പ്രക്രിയയും നിലനിർത്താനാവില്ല.
ആധുനിക ഫാഷൻ ലോകത്ത് ഗോത്രപരവും മതപരവുമായ രീതികളും സ്വഭാവങ്ങളും സ്വാധീനം ചെലുത്തുന്നത് അതുകൊണ്ടാണ്. ആഗോള വിപണിയിലും ദേശീയ വിപണിയിലും വളരെ പ്രാധാന്യമുള്ള നാഗരിക സ്വഭാവങ്ങൾ വന്നുചേരുന്നു. സമൂഹത്തിന്റെമേലുള്ള സർവാധിപത്യംകൊണ്ട് അവർ ലക്ഷ്യമിടുന്നത് അവരുടെ സംസ്കാരംകൊണ്ട് സാമ്പത്തിക വിപണിയിൽ എന്തെങ്കിലും ഉല്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ്. പക്ഷെ അവ സാധ്യമാകുന്നത് സമ്പന്നരിലൂടെ ആണെന്ന് മാത്രം. അതോടൊപ്പം അവർ പറയുന്ന മറ്റൊരു കാര്യം ലൗകിക ജീവിതത്തിലെ സ്വാതന്ത്ര്യമില്ലായ്മ എന്നത് സാംസ്കാരിക മേഖലയിലെ വൈവിധ്യങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് എന്നതാണ്.


ഇതുകൂടി വായിക്കൂ:  മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍


മുതലാളിത്തത്തിന്റെ, മൂലധനശക്തികളുടെ കാലത്ത്, സംസ്കാരത്തിൽ സൗന്ദര്യബോധം വര്‍ധിക്കുന്നത് സമ്പത്ത് കുന്നുകൂടുമ്പോഴാണ് എന്ന് അവർക്കറിയാം. അത് രണ്ടും ഒരുമിച്ച് സഞ്ചരിക്കുന്നു. സ്വാഭാവികമായും അതിന്റെ യഥാർത്ഥ രൂപം നമ്മൾ അറിയുന്നത് അവ വിനിമയമൂല്യവുമായി കൂട്ടിയിണക്കുമ്പോഴാണ്. ഈ ഘട്ടത്തിൽ സൗന്ദര്യബോധത്തിന്റെ ആസ്വാദനവും കലാപരവുമായ മൂല്യങ്ങളുടെ പരിശുദ്ധിയും ക്രമേണ ക്ഷയിക്കുന്നു, പ്രത്യേകിച്ചും ഉല്പന്നങ്ങൾ വിനിമയത്തിലും പരസ്യ വ്യവസായത്തിലും ഏർപ്പെടുമ്പോൾ. അപ്പോൾ സംസ്കാരം തന്നെ മൂലധനമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. കാരണം പ്രസ്തുത ഉല്പന്നങ്ങൾ സാമൂഹിക വിശിഷ്ടതയും പ്രത്യേക അവകാശവും നേടുന്നു. മുതലാളിത്തത്തിന്റെ തുടക്കത്തിൽ തന്നെ സാംസ്കാരിക ഉല്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കിയതു മൂലം, നാട്ടുപ്രമാണിമാരുടെയും ഭൂജന്മിമാരുടെയും തടവറയിൽ നിന്നും സദസുകളിൽ നിന്നും അത് പല കലാകാരന്മാരെയും മോചിപ്പിച്ചു. പക്ഷെ ക്രമേണ മുതലാളിത്തം അതേ കലകളെയും കലാകാരന്മാരെയും തങ്ങളുടെ തടവുകാരാക്കി, അവർ ഉല്പാദിപ്പിക്കുന്ന എന്തിനെയും വിപണിയിൽ വിറ്റഴിച്ചു.
സംസ്കാരത്തെ സൗന്ദര്യബോധവും സഹൃദയത്വവുമുള്ള ധിഷണാ വിലാസ മണ്ഡലമായി നിർവചിക്കാം. മറ്റൊരുതരത്തിൽ സംസ്കാരത്തെ ആകെത്തുകയുള്ള ജീവിതരീതിയായി നിർവചിക്കാം. അതുമല്ലെങ്കിൽ സംസ്കാരത്തെ ആശയവിനിമയത്തിനുള്ള ഉപാധിയായി, പ്രയോഗമായി കണക്കാക്കാം. അതിലൂടെ ഉണ്ടാകുന്ന അർത്ഥങ്ങളും മൂല്യങ്ങളും സംസ്കാരത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ലോകത്തിൽ സംസ്കാരത്തെ വിവക്ഷിക്കുന്നത് ആകെത്തുകയുള്ള ജീവിതരീതി എന്ന നിലയിലാണ്. ഈ ഒരു നിരീക്ഷണത്തിൽ നിന്നാണ് “ദേശീയ സംസ്കാരം”, “ഹിന്ദു സംസ്കാരം”, “പാശ്ചാത്യ സംസ്കാരം” തുടങ്ങിയവയൊക്കെ ആവിർഭവിക്കുന്നത്. അധികാരവും അധികാരമില്ലായ്മയും തമ്മിൽ വളരെ മൂർഛിച്ച വിടവുള്ള സ്ഥലങ്ങളിൽ ഒരിക്കലും ഒരേ സംസ്കാരം പങ്കിടാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ “സംസ്കാരം” എന്നത് ദേശീയ ഐക്യം പടർത്തുന്നതിനു പകരം, സമരങ്ങളുടെയും സ്പർധകളുടെയും പോരാട്ടങ്ങളുടെയും അന്തരീക്ഷം സൃഷ്ടിക്കും.


ഇതുകൂടി വായിക്കൂ:  ചവിട്ടിതാഴ്ത്തപ്പെട്ടവരുടെ കാലം വരും


ജാതിമേധാവിത്വം ഉള്ള ഒരു സമൂഹത്തിൽ ഏകമായ സംസ്കാരം ഉണ്ടാകില്ല. ബ്രാഹ്മണിസത്തിന്റെയും അതിനെതിരെ ഉയർന്നുവന്ന നിരവധി സമരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അറിയാം, ഒരിക്കലും ഒരു ഏകീകൃത സംസ്കാരം ജാതി, മത മേധാവിത്വമുള്ള സമൂഹത്തിൽ ഉണ്ടാകില്ല എന്ന്. സംസ്കാരത്തെ ഒരു ദേശവുമായിട്ടോ മതവുമായിട്ടോ തിരിച്ചറിയുക എന്നതു തന്നെ ഉപരിപ്ലവമാണ്. ഇന്ത്യയിൽ ഇതാണ് അവസ്ഥ. സാംസ്കാരിക രാഷ്ട്രീയ രംഗത്തിന്റെ ഉദ്ഗ്രഥനമോ, സമന്വയമോ അല്ല ഇന്ത്യയിൽ നടന്നത്, രാഷ്ട്രീയത്തിലേക്കുള്ള സംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റമാണ്. യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം പിന്നാക്കം നിൽക്കുന്ന സംസ്കാരത്തെ പരിവർത്തനത്തിനു വിധേയമാക്കണം. പക്ഷെ ഇവിടെ സംഭവിച്ചത് രാഷ്ട്രീയ രംഗത്തേക്കുള്ള സംസ്കാരത്തിന്റെ അതിശക്തമായ നുഴഞ്ഞുകയറ്റമാണ്. രാഷ്ട്രീയ മണ്ഡലത്തിൽ വിവിധ മതങ്ങളുടെ ഉത്സവങ്ങളും ആചാരങ്ങളും മറ്റും ക്രമാതീതമായ സ്വാധീനം ചെലുത്തുന്നു. വിവിധ മതങ്ങളുടെ വർഗീയ രാഷ്ട്രീയത്തിനു നിയമസാധുത ലഭിച്ച പോലെയാണ് അവരുടെ പ്രവർത്തനം. ഇന്നത്തെ ഇന്ത്യയിൽ, അവ സാംസ്കാരിക ചിഹ്നങ്ങളായി മാറുന്നു. കൂടുതൽ അഗാധതയിലേക്ക് പോയാൽ അതിന്റെ വേരുകൾ ജാതിയിൽ അതിഭീകരമായി കാണാം. ബിഹാറിൽ ബ്രാഹ്മിന്‍-ഭൂമിഹാർ, യുപിയിൽ ബ്രാഹ്മിന്‍-രജപുത്രർ, ആന്ധ്രയിൽ റെഡ്ഢി-കമ്മ, തമിഴ്‌നാട്ടിൽ ബ്രാഹ്മണനും ബ്രാഹ്മണനല്ലാത്തവനും കേരളത്തിൽ നായർ-ഈഴവ ഇവയൊക്കെയുള്ള സ്പർധയും സ്വരച്ചേർച്ചയില്ലായ്മയും സംഘട്ടനങ്ങളും കാണാം.
മൂലധനശക്തികളുടെ ലോകത്തിൽ സംസ്കാരം എന്നുള്ളത് അസ്വാതന്ത്ര്യത്തിന്റെയും കെണിയിൽ കുടുക്കുന്നതിന്റെയും മേഖലയായി മാറി. അടിച്ചമർത്തപ്പെടുന്നവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും ചരിത്രം പരിശോധിക്കുമ്പോൾ അതറിയാം. ആരുടെ സംസ്കാരമാണ് ഒരു ദേശത്തെ അതിന്റെ വളർച്ചയിൽ ആശയപരമായി പിന്തുണയ്ക്കുന്നത്, ഭൗതികമായി സഹായിക്കുന്നത് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനിക ലോകത്ത് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ, ആശയവിനിമയത്തിലൂടെ, ഡിജിറ്റലൈസേഷനിലൂടെ, മൂലധന ശക്തികളുടെ നിക്ഷേപങ്ങളിലൂടെ എല്ലാം ചില സംസ്കാരങ്ങൾ വളരുന്നു, മറ്റു ചിലത് ഇല്ലായ്മ ചെയ്യപ്പെടുന്നു. ആഗോളവൽക്കരണത്തിന്റെ സുലഭമായ സ്വാധീനം, ഇന്ത്യയിലും ചില ജീവിതരീതികളെ തകർത്ത്, മറ്റു ചില ജിവിത രീതികളെ നിലനിർത്തുന്നു. അത് ഈ ലോകത്തിലെ ഏറ്റവും ആധുനികമായ സാംസ്കാരിക യുദ്ധത്തിന്റെ കടിഞ്ഞാൺ ചില പ്രത്യേക കൈകളിൽ കൊടുത്ത്, മറ്റുള്ളവരെ തഴയുന്നു. ആഗോളവൽക്കരണത്തിന്റെ മേധാശക്തികൾ നിഷ്ഠൂരമായി തന്നെ സാംസ്കാരിക യുദ്ധത്തിൽ ഏർപ്പെടുന്നു. അതിന്റെ ഫലമായി പാടെ നിഷേധിക്കപ്പെടുന്ന ജനതയുടെ തനത് സംസ്കാരമുണ്ട്. അവ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ആഗോളവൽക്കരണത്തിന്റെ മൃഗീയതയ്ക്കെതിരെയുള്ള ഒരു പോരാട്ടം.
സംസ്കാരം എന്നത്, മൂല്യങ്ങളും അർത്ഥങ്ങളും സൃഷ്ടിക്കുന്ന ഉപാധിയും പ്രക്രിയയുമാണെങ്കിൽ, സൃഷ്ടി എന്നത് ഭാവിയിലേക്കുള്ള നടത്തമാണ്, ഭൂതത്തിലേക്കുള്ള മടക്കയാത്രയല്ല. ഈ നിർവചനം സംസ്കാരത്തിന് പ്രാപഞ്ചികത്വം നൽകുന്നു. ഭാവിയിലേക്കുള്ള പ്രയാണം വളരെ സർഗാത്മകത നൽകുന്ന പ്രക്രിയയാണ്. അസാധ്യമായതെല്ലാം ഭാവനയിൽ കണ്ടുകൊണ്ടുള്ള യാത്ര. ഭൂരിപക്ഷത്തിനും ഈ സർഗാത്മകത, ഭാവനാസമ്പന്നമായ പ്രയാണം ആഗോളവല്‍ക്കരണം നിഷേധിക്കും.


ഇതുകൂടി വായിക്കൂ:  ഒറ്റ വാക്ക്


ബിൽ ഗേറ്റ്സ് പറയും “എല്ലാവരും സമന്മാരാണ്, ഇന്റർനെറ്റിലെ ഭാവനാ ലോകത്ത്” എന്ന്. പക്ഷെ, ലോകജനതയുടെ യഥാർത്ഥ ജീവിതത്തിൽ, ജനസംഖ്യയുടെ ഏതാണ്ട് നാല്പത് ശതമാനവും ഒരു ഫോൺ കോൾ പോലും വിളിക്കാത്തവരാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള ടെലിഫോൺ കേബിളിനെക്കാൾ എത്രയോ പതിന്മടങ്ങ് വരും ന്യൂയോർക്ക്, മാൻഹട്ടൺ, വാഷിങ്ടൺ, പാരിസ്, ലണ്ടൻ, ടോക്കിയോ എന്നീ നഗരങ്ങളിലെ ടെലിഫോൺ ലൈനുകൾ. യഥാർത്ഥ ശരികളാണ് ഇത്. വടക്കൻ അമേരിക്കയും വടക്ക് പടിഞ്ഞാറൻ യൂറോപ്പും കൂടിയാൽ ലോകത്തന്റെ മുപ്പത് ശതമാനം ജനസംഖ്യയേ ആവുകയുള്ളു. പക്ഷെ അവരിലാണ് ലോകസമ്പത്തിന്റെ 65 ശതമാനവും നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരാണ് ലോകത്തിലെ പകുതിയോളം ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ന് ഇന്റർനെറ്റ് പലയിടത്തും ഉണ്ട്. ഇനി വരുംകാലങ്ങളിൽ അത് സർവവ്യാപിയാകും. എന്നാൽ ലോകത്തിലെ ഓരോ മനുഷ്യനും അതിന്റെ ഉപയോഗം ഉണ്ടാകുമോ? അത് പ്രാപ്യമാകുമോ? ഇന്നും ലോകത്തിലെ നാല്പത് ശതമാനം ജനത, ഒരു ടെലിഗ്രാം ലഭിക്കാത്തവരോ, ഒരു ഫോൺ ചെയ്യാൻ കാത്തുനിൽക്കുന്നവരോ ആണ് എന്ന് വിസ്മരിക്കേണ്ട.
സംസ്കാരത്തിന്റെ സ്വാധീനം രാഷ്ട്രീയ, സാമ്പത്തിക, മത, സൈനിക മേഖലകളിൽ നിന്ന് ഒഴിച്ചുനിർത്താൻ പറ്റില്ല. നവ ലിബറലിസം ഇന്ത്യയിലടക്കം പ്രവേശിച്ചപ്പോൾ അതിവേഗത്തിൽ അത് രാഷ്ട്രീയ മേഖലയിലെ ഉന്നത സംസ്കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കുന്നു. അനുദിനം ജീർണത അനുഭവപ്പെടുന്നൂ, മൂല്യങ്ങളിൽ. വാർത്താമാധ്യമങ്ങൾ വാർത്തകളെക്കാൾ പ്രാധാന്യം കൊടുക്കുന്നത് പരസ്യങ്ങൾക്കാണ്. ഇതിനോടടുത്ത ബന്ധം പുലർത്തുന്നതാണ് രാഷ്ട്രീയത്തിലെ അസഭ്യദൃശ്യങ്ങളും. ഇന്ത്യയിൽ ആഗോളവല്‍ക്കരണത്തിന്റെ സംസ്കാരം പുറമെനിന്നു വരുന്ന ഒരു അടിച്ചേല്പിക്കലോ, അധിനിവേശമോ മാത്രമല്ല, മറിച്ച് അത് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നവർഗത്തിന്റെ ജീവിതരീതിയിൽ നിന്നും ആവിർഭവിക്കുന്നു. അവരുടെ സേവകരായി നിൽക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, മത പ്രസ്ഥാനങ്ങളിൽ സമ്പന്ന വർഗത്തിന്റെ സംസ്കാരം കാണാം.
ആധുനിക ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരത്തിൽ, പുരോഗമനപരമായ മൂല്യവത്തായ ആശയങ്ങളിൽ പലതും യൂറോപ്പിൽ നിന്നാണ് വന്നത്. ഉദാഹരണത്തിന്, മാർക്സിസം, കമ്മ്യൂണിസം, വിശാലമായ ജനാധിപത്യം, മതേതരത്വം, ട്രേഡ് യൂണിയൻ, സ്വതന്ത്ര പ്രസ്, ആധുനിക സിവിൽ ക്രിമിനൽ കോഡുകൾ, സ്വതന്ത്ര ജുഡീഷ്യറി തുടങ്ങിയവ. പക്ഷെ ഇന്ത്യയുടെ ഏകീകരണത്തിൽ മുതലാളിത്ത സാർവജനീനത നിമിത്തം, പാശ്ചാത്യ സംസ്കാരത്തിന്റെ നല്ല വശമല്ല നാം അധികം സ്വീകരിച്ചത്. ഇന്ത്യയിൽ പാശ്ചാത്യ അധിനിവേശത്തിനെതിരെ ജനവികാരം ഇളക്കിവിട്ട് സമരം ചെയ്യുന്ന വലതുപക്ഷ തീവ്രവാദികൾ. വേഷവിധാനത്തിന്റെ പേരിലും ഭക്ഷണത്തെ ചൊല്ലിയും കലാരൂപങ്ങളെച്ചൊല്ലിയും എഴുത്തിനെ ചൊല്ലിയും പ്രണയത്തെ ചൊല്ലിയും ആരാധനാരീതികളെ ചൊല്ലിയും സമരത്തിലേർപ്പെടുന്നു. അവർ പറയുന്നത് ഭാരതീയ പൈതൃകം സംരക്ഷിക്കാനാണ് എന്നതാണ്. സംഘ്പരിവാർ ശക്തികൾ സാംസ്കാരിക രംഗത്തും തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പിലാക്കുന്നു. എന്നാൽ അവർ തന്നെ തങ്ങളുടെ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റുമാരാകുന്നു, പാശ്ചാത്യ മൂലധനശക്തികളുടെ സംരംഭങ്ങൾ ഇവിടെ തുടങ്ങാനും അവയെ സംരക്ഷിക്കാനും. ഇന്ത്യൻ വിപണിയെ മൂലധനശക്തികൾക്ക് തുറന്നുകൊടുക്കാൻ നിശ്ചയദാർഢ്യത്തോടെ അവർ പ്രവർത്തിക്കുന്നു.


ഇതുകൂടി വായിക്കൂ:  ജനാധിപത്യ ദേശീയതയ്ക്കുവേണ്ടി


അവർക്ക് പ്രതീകാത്മകമായ സമരങ്ങളേ ചെയ്യാൻ പറ്റുകയുള്ളു. കാരണം ഇന്ത്യയിലെ സമ്പന്നവർഗം മുന്നാക്ക ജാതി വിഭാഗക്കാർ, പട്ടണങ്ങളിലെ സമ്പന്ന കച്ചവടക്കാർ, കാവിവസ്ത്രമണിഞ്ഞ സമ്പന്നരായ സന്യാസിമാർ, സുഖലോലുപതയുടെ മടിത്തട്ടിൽ കഴിയുന്ന നേതാക്കന്മാർ, ട്രേഡ് യൂണിയനുകൾ, ഇവരെല്ലാം ഉദാരവല്‍ക്കരണത്തിന്റെ ചാമ്പ്യന്മാരാണ്. വലതുപക്ഷ തീവ്രവാദ രാഷ്ട്രീയം പറയുന്ന ശക്തികളാണ് സാംസ്കാരിക ദേശീയതയെക്കുറിച്ചും മതത്തെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. അതേസമയം അവർ തന്നെയാണ്, അവരുടെ സർക്കാരാണ് ഏറ്റവും അധികം സാമ്രാജ്യത്വ മൂലധനത്തിന് സ്വാഗതമരുളുന്നത്. അതുകൊണ്ടു തന്നെ വർഗീയ വാദത്തിന്റെ അക്രമണോത്സുകത വളരുന്നു. ആർഎസ്എസും അവരുടെ സുഹൃത്തുക്കളും വർഗീയവല്‍ക്കരിക്കപ്പെട്ട സാംസ്കാരിക ദേശീയതയുടെ ആശയം പ്രചരിപ്പിക്കുന്നു, പ്രാവർത്തികമാക്കുന്നു. പക്ഷെ അവർക്ക് സാമ്രാജ്യത്വ വിരുദ്ധ ദേശീയത ഉയർത്തിക്കൊണ്ടുവരാൻ ഒരു ധൈര്യവുമില്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും തെളിയിക്കുന്നു. മൂലധനശക്തികളുടെ അധിനിവേശവും സ്വാധീനവും മറച്ചു പിടിക്കാൻ, രാജ്യം മുഴുവൻ വൻകിട സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കുന്നത് ജനം ഓർക്കാതിരിക്കാൻ, അവർ ജനങ്ങൾക്കിടയിൽ ജാതിമത വികാരം ആളിക്കത്തിക്കുന്നു. ലോകസമ്പത്തിനെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ അവർക്ക് ധൈര്യമില്ല. ലോക കോർപറേറ്റുകള്‍ക്കെതിരെ പ്രവർത്തിച്ചാൽ ഇന്ത്യയിൽ വൻകിട കോർപറേറ്റ് നിക്ഷേപം വരില്ല എന്നവർക്കറിയാം. അതുകൊണ്ടാണ് തന്ത്രപൂർവം പാശ്ചാത്യ അധിനിവേശത്തെ സാംസ്കാരിക അധിനിവേശ പ്രക്രിയയായി അവർ വാദിക്കുന്നത്. സാമ്രാജ്യത്വ മൂലധന ശക്തികളുടെ അധിനിവേശമല്ല, അവർക്ക് പ്രശ്നം മധ്യകാലത്തെ മുസ്‌ലിം അധിനിവേശമാണ്. മുഗൾ ഭരണകാലത്തെ ദുർവ്യാഖ്യാനം ചെയ്തു ചരിത്രം രചിക്കുന്നു. ഇപ്പോൾ വിദേശ മതങ്ങൾക്കെതിരെയാണ് സമരം. അതുകൊണ്ടാണ് മറ്റു മതദേവാലയങ്ങൾ തകർക്കുന്നത്. ഈ പ്രക്രിയയിലൂടെ ദേശാഭിമാനം വീണ്ടെടുക്കാമത്രെ. ഇന്ത്യയുടെ ബഹുസ്വരതയറിയാത്ത വളരെ ചെറിയ മനസുകളാണ് സംഘ്പരിവാറിനുള്ളത്. അന്യമതങ്ങൾക്കെതിരെ വിദ്വേഷം പ്രകടിപ്പിക്കുമ്പോൾ, രാഷ്ട്രത്തിന്റെ എത്രയോ കാലമായുള്ള സ്വത്തും സമ്പത്തും സ്ഥാപനങ്ങളും വിദേശ മൂലധനശക്തികൾക്കു വില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കുത്തകകൾക്കും വില്‍ക്കുന്നു, അതും വളരെ തുച്ഛമായ വിലയ്ക്ക്. ഇതെല്ലാം കാണിക്കുന്നത് വലതുപക്ഷ തീവ്രവാദ സംഘടനകൾക്ക് രാഷ്ട്രത്തോട് ഒരു പ്രതിബദ്ധതയുമില്ല എന്നതാണ്. രാഷട്രത്തിന്റെ ജനങ്ങളുടെ സമ്പത്തിനെ സംരക്ഷിക്കാതെ, അവർ അത് സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നു.
ആഗോളവല്‍ക്കരണവും അതിലൂടെ ഉണ്ടാകുന്ന സംസ്കാരവും മാനവികതയെ എത്രമാത്രം ഇല്ലായ്മ ചെയ്യുന്നു എന്ന് അനുദിനം കാണാം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിഭയാനകമായ വിടവ് വളർന്നു. മനുഷ്യസമത്വം എത്രയോ, എത്രയോ, അകലെ. മാനുഷികത ഇല്ലാതാക്കുന്ന സംസ്കാരത്തിനെതിരെ, പുരോഗമന പ്രസ്ഥാനങ്ങൾ അതിശക്തമായി സമരം ചെയ്യണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാമ്പ്രദായിക സമരങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും പ്രസക്തി ഇല്ല. മാറുന്ന ലോകത്തിന്റെ മാറ്റത്തിനെ മനുഷ്യനന്മയ്ക്ക് ഉതകുന്ന വിധത്തിലാക്കാനുള്ള ഉത്തരവാദിത്തമാണ് മനുഷ്യനെ സ്നേഹിക്കുന്നവർക്കുള്ളത്. മാറണം, സർഗാത്മകമായ മാറ്റം, ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വേണം, ലോകത്തെ മൂലധനശക്തികളിൽ നിന്നും വലതുപക്ഷതീവ്രവാദത്തിൽ നിന്നും അവരുടെ സംസ്കാരത്തിൽ നിന്നും രക്ഷിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.