ഫെബ്രുവരി പതിനാലിനാണ് 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. അധികാരത്തിനായുള്ള അതിരുകടന്ന കച്ചവടത്താൽ ഗോവയിലെ രാഷ്ട്രീയം നുരഞ്ഞുപൊന്തുകയാണ്. പ്രധാന പാർട്ടികളടക്കം തകർന്നടിയുന്ന കാഴ്ചകൾ ഗോവൻ രാഷ്ട്രീയ പവലിയനിലിരുന്നാൽ കാണാം. ഗോവയുടെ ചരിത്രം അങ്ങനെയാണ്. ബിജെപിയുടെ അധികാരവെറിയിൽ കൂറുമാറ്റംകൊണ്ടും ഗോവ ശ്രദ്ധേയമായി. ആകെയുള്ള നാല്പതിൽ 15 എംഎൽഎമാരും കൂറുമാറി വിവാദം സൃഷ്ടിച്ചവരാണ്. നിലവിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്കും നേരത്തേ ഭരണം കയ്യാളിയിരുന്ന കോൺഗ്രസിനുമെല്ലാം ആസന്നമായ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. ആഭ്യന്തരകലാപമാണ് ബിജെപിയെ അലട്ടുന്നതെങ്കിൽ കോൺഗ്രസിനുള്ളത് സംഘടനാപ്രശ്നങ്ങളാണെന്ന് പറയാം. 2017ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിയമസഭയിലെത്തിയവരാണ് കോൺഗ്രസ്. 13 സീറ്റുള്ള ബിജെപി രണ്ടാംസ്ഥാനത്തും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംഎജി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്‌പി) എന്നീ കക്ഷികൾക്ക് മൂന്ന് വീതവും എൻസിപിക്ക് ഒരാളും മൂന്ന് സ്വതന്ത്രരുമാണ് സഭയിലെ മറ്റംഗങ്ങൾ. 2017 ഫെബ്രുവരി നാലിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് പരിപൂര്‍ണമായി വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയില്‍ (വിവിപിഎടി-വിവിപാറ്റ്) മെഷിനുകള്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പ് എന്ന റെക്കോഡ് ഗോവയ്ക്ക് അന്ന് സ്വന്തമായി. തൂക്ക് മന്ത്രിസഭയും സുപ്രീം കോടതി ഇടപെടലും വിശ്വാസവോട്ടെടുപ്പും രാഷ്ട്രീയ കുതിരക്കച്ചവടവുമായി ഗോവ ദേശീയതലത്തില്‍ നിറഞ്ഞുനിന്നു. അട്ടിമറിയിലൂടെ ബിജെപി അധികാരം പിടിച്ചത് ജനാധിപത്യത്തിനുമേലുള്ള മറ്റൊരു കളങ്കംകൂടിയായി. ഗോവ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് സജീവ ഇടപെടലുകളാണ് തുടരുന്നത്. രാഹുല്‍ ഗാന്ധി തന്നെ ഒന്നിലേറെ തവണയായി ഗോവയില്‍ നേരിട്ടെത്തി ചരടുവലികള്‍ നടത്തുന്നുണ്ട്. ഗോവന്‍ മണ്ണിലെ പാര്‍ട്ടി സ്വാധീനം നിലനിര്‍ത്തുന്നതിനും രാഹുല്‍ പരിശ്രമം നടത്തുന്നുണ്ട്.
ഗോവയിലെ തൊഴില്‍ മേഖലയിലും പരിസ്ഥിതി മേഖലയിലും കോണ്‍ഗ്രസിന്റെ നിലപാട് തുറന്നുപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ആദ്യ സൂചനയടക്കം രാഹുല്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വവുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. സഖ്യത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്റേത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന പൊതുധാരണയിലേക്ക് കാര്യങ്ങളെ എത്തിക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. എന്‍സിപി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കുപുറമെ പ്രാദേശിക പാര്‍ട്ടികളും സംസ്ഥാനത്ത് സജീവമാണ്. കോണ്‍ഗ്രസിനും മീതെ പറക്കാനുള്ള മമതാ ബാനര്‍ജിയുടെ ഗോവന്‍ ദൗത്യം കോണ്‍ഗ്രസ് ഏതുവിധത്തില്‍ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കെതിരെ പൊരുതാന്‍ തൃണമൂലുമായി സഖ്യത്തിലേര്‍പ്പെടണമെന്ന മമത ബാനര്‍ജി ആവശ്യത്തോട് കോണ്‍ഗ്രസ് ഇനിയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ലൂസിഞ്ഞോ ഫലെയ്റോയെ മുന്‍ നിര്‍ത്തിയാണ് ഗോവയില്‍ മമത സംഘടന ചലിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് പരമ്പരാഗതമായി വോട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ നേതാക്കളുടെ അധികാരക്കൊതിയില്‍ തനിച്ചുമത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. തൃണമൂല്‍, ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വിശാലമായ പ്രതിപക്ഷ സഖ്യം ഇല്ലെന്നതുമാത്രമാണ് പോരായ്മ. ജിഎഫ്‌പിയാണ് നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിലുള്ളത്. നേരത്തെ ബിജെപി മുന്നണിയിലായിരുന്നു ജിഎഫ്‌പി എന്നതും ശ്രദ്ധേയമാണ്. ഇതിനകം പുറത്തുവന്ന സര്‍വേകളില്‍ ആം ആദ്മിയെയും പിറകിലാക്കി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.
ഒന്നാം സ്ഥാനത്തുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ 10 ശതമാനത്തിന്റെ വ്യത്യാസവും സര്‍വേകള്‍ പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ ആം ആദ്മി, തൃണമൂല്‍ തുടങ്ങിയവയുമായി യോജിച്ച മുന്നേറ്റമാണ് ബിജെപിയെ തുരത്തുക എന്ന ഗോവയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് കോണ്‍ഗ്രസിന് ചെയ്യാനുള്ളത്. എന്തുതന്നെയായാലും തൃണമൂൽ കോൺഗ്രസിന്റെ ഗോവൻ യാത്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു ഓളം സൃഷ്ടിക്കുമെന്ന് ഉറപ്പായി. മമതാ ബാനര്‍ജി ഒന്നിലേറെ തവണ സംസ്ഥാനത്തെത്തി. രാഷ്ട്രീയ നീക്കത്തിന്റെ ഫലമായി എംഎജി തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സഭയിലെ ഏക എന്‍സിപി അംഗം ചര്‍ച്ചില്‍ അലമാവോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇദ്ദേഹത്തിന്റെ മകളും എന്‍സിപി വിട്ട് തൃണമൂലിലെത്തി. കൂറുമാറ്റനിരോധന നിയമ പരിധിയില്‍പ്പെടാതിരിക്കാന്‍ സഭയിലെ എന്‍സിപി നിയമസഭാകക്ഷി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന ഔദ്യോഗിക കത്ത് സ്പീക്കര്‍ക്ക് നല്‍കിയാണ് എഴുപത്തിരണ്ടുകാരനായ ചര്‍ച്ചില്‍ മറുകണ്ടംചാടിയത്. ചര്‍ച്ചിലും മറ്റു നിരവധി പ്രമുഖരും തൃണമൂലിലെത്തിയത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു. ടെന്നീസ് താരം ലിയാണ്ടർ പേസ്, നടി നഫീസ അലി, മുൻ മുഖ്യമന്ത്രി ലുസീനോ ഫലീറോ എന്നിവരാണ് ഇവരില്‍ പ്രധാനികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍. നിലവിലെ നിരവധി എംഎല്‍എമാരെ ഇക്കുറി ഒഴിവാക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. നിസാര വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും 2017ല്‍ വിജയിച്ചത്. മോശം പ്രകടനം ജനവിരുദ്ധ വികാരത്തിനും കാരണമായിരിക്കുന്നു. പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ അത് വലിയ പൊട്ടിത്തെറിയുണ്ടാക്കും. കേന്ദ്രനേതൃത്വത്തിനുപോലും പരിഹരിക്കാനാവാത്ത വിധമായിരിക്കും ബിജെപിയിലെ പ്രതിസന്ധി. അടുത്തിടെ നടന്ന ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് ബിജെപിക്കും മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഉള്ള ആത്മവിശ്വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.