March 22, 2023 Wednesday

കാപ്പിക്ക് നല്ലകാലം: കർഷകർക്ക് ആശ്വാസമായി വിലവർധന

ജോമോൻ ജോസഫ്
കല്‍പ്പറ്റ
February 8, 2023 11:34 am

കാപ്പി കൃഷി വീണ്ടും പ്രതാപകാലത്തേക്ക് തിരിച്ചുവരുന്നു. വിളവെടുപ്പ് സീസണിൽ മെച്ചപ്പെട്ട വില ലഭിക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കർഷകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും വയനാട് ജില്ലയിൽ മാത്രം 60,000 ഹെക്ടറിൽ കാപ്പി കൃഷി ചെയ്യുന്നുണ്ട്.
ഒരു ഹെക്ടറിൽ നിന്ന് ശരാശരി 800 കിലോ കാപ്പിയാണ് ഉല്പാദിപ്പിക്കുന്നത്. ഭൂരിഭാഗം കർഷകരും ജീവിതത്തിലെ പ്രധാന വരുമാന മാർഗമായി കാണുന്നത് കാപ്പി മേഖലയെയാണ്. കാപ്പി കൃഷി ചെയ്യുന്നതിൽ 90 ശതമാനവും ചെറുകിട കർഷകരാണ്.
അതേസമയം കാലാവസ്ഥയിലുണ്ടായ മാറ്റം കാപ്പി കർഷകരേയും സാരമായി ബാധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാപ്പി ഉല്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് വിവിധ പദ്ധതികൾ കോഫി ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. 

മിക്കയിടങ്ങളിലും വിളവെടുപ്പ് പൂർത്തിയായി കാപ്പിക്കുരു ഉണക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഒരേക്കറിൽ കിട്ടുന്ന കാപ്പിയുടെ വിലയുടെ 70 ശതമാനവും ഉല്പാദന ചെലവിന് മാറ്റിവയ്ക്കണം. കാലാവസ്ഥയിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനങ്ങൾ ഒന്നര ലക്ഷത്തോളം വരുന്ന ദരിദ്ര കർഷകരുടെ ഉപജീവന മാർഗം മുട്ടിക്കുന്ന സ്ഥിതിയാണ്. നിലവിൽ കാപ്പി പരിപ്പിന് ക്വിന്റലിന് 16,000 രൂപ വില ലഭിക്കുന്നുണ്ട്. ഉണ്ടക്കാപ്പി ക്വിന്റലിന് 4900–5050 രൂപയോളം വിലയും ലഭിക്കുന്നുണ്ട്.
പൊതുവേ രോഗബാധ കുറവുള്ള കാപ്പിയെ ഇത്തവണ കർഷകർ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭൂരിഭാഗം കർഷകരും റോബസ്റ്റ കാപ്പിയാണ് കൃഷി ചെയ്യുന്നത്. വില ലഭിക്കുന്നുണ്ടെങ്കിലും കാപ്പി ഉല്പാദനത്തിൽ വലിയ കുറവുണ്ട്. കാലം തെറ്റി പെയ്ത മഴ ഉല്പാദനത്തെ സാരമായി ബാധിച്ചു. നിലവിൽ തൊഴിലാളികൾക്ക് ചെലവടക്കം 500–600 രൂപ കൂലി നൽകണം. ഉല്പാദനക്കുറവും, ചെലവിലെ വർധനവും പ്രതികൂലമായി നിലനിൽക്കുന്നതിനിടയിൽ കാലാവസ്ഥ കൂടി വില്ലനായത് കർഷകർക്ക് തിരിച്ചടിയാണ്. 

കർഷകരെ സഹായിക്കാനായി കോഫി ബോർഡിന്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ സ്കിൽസ്, സംരംഭകത്വ വികസനം, കാപ്പി ചെറുകിട വ്യാപാരം എന്നീ ആഭ്യന്തര വിപണി പ്രോത്സാഹന പദ്ധതികൾ കോഫി ബോർഡ് നടപ്പാക്കുന്നുണ്ട്.
അന്താരാഷ്ട്ര ഓൺലൈൻ വിപണന ശൃംഖലകൾ വഴി പ്രീമിയം ബ്രാൻഡ് കാപ്പി ലഭ്യമാക്കിയിട്ടുണ്ട്. ഭൗമ സൂചിക പദവി ലഭിച്ച കൂർഗ് അറബിക്ക, വയനാട് റോബസ്റ്റ, ചിക്കമംഗ്ളൂർ അറബിക്ക, അറബിക്ക‑റോബസ്റ്റ ബ്ലെൻഡ് എന്നീ കാപ്പി ഇനങ്ങൾ കോഫീസ് ഓഫ് ഇന്ത്യ എന്ന ബ്രാൻഡിലും ലഭിക്കും. ഈ കാപ്പികളുടെ രുചിയിലൂടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ മികച്ച കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള കാപ്പി ആണ് ബോർഡ് തെരഞ്ഞെടുക്കുന്നത്.

Eng­lish Sum­ma­ry: Good sea­son for cof­fee: Farm­ers relieved by price hike

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.