20 September 2024, Friday
KSFE Galaxy Chits Banner 2

കുമാരനാശാന്റെ ജീവിതവുമായി ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ഇന്ന് തീയേറ്ററുകളിൽ

Janayugom Webdesk
കൊച്ചി
April 8, 2022 9:48 am

അതിഥി മുതൽ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ പ്രഗൽഭ സംവിധായകൻ കെ പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ഇന്ന് തീയേറ്ററുകളിലെത്തുന്നു. മഹാകവി കുമാരനാശാന്റെ കവിതയും ജീവിതവുമാണ് 81-ാം വയസിൽ കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവൽസൻ ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തിൽ ഗാർഗ്ഗി അനന്തനും സുഹൃത്ത് മൂർക്കോത്ത് കുമാരന്റെ വേഷത്തിൽ മാധ്യമപ്രവർത്തകൻ പ്രമോദ് രാമനും അഭിനയിക്കുന്നു.  ശ്രീവത്സൻ  ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാൻ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. തിരുവനന്തപു രം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേർത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂർ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്. 2019ൽ നിർമാണം പൂർത്തിയാക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു.

കേരളം കണ്ട ഇതിഹാസപുരുഷനായ കുമാരനാശാനെപ്പറ്റിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമായാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കവിയെന്നതിനോടൊപ്പം ദാർശനികനും സാമൂഹ്യപരിഷ്കർത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്കാരമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസിൽ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങൾ എന്നിവയാണ് സിനിമയിൽ പ്രതിപാദിക്കുന്നത്, ’ കെ പി കുമാരൻ പറഞ്ഞു. ലളിതമായ ശൈലിയിൽ അമൂർത്തമായാണ് ആഖ്യാനം. എഡിറ്റിങ്ങിലെ പരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കെ പി കുമാരന്റെ ഭാര്യ എം. ശാന്തമ്മ പിള്ളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ശ്രീനാരായണ ഗുരുവായി മുൻഷി ബൈജുവും സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും വേഷമിടുന്ന ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും പ്രശസ്തരാണ്. കെ ജി ജയനാണ് ഛായാഗ്രാഹകൻ. ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി. സംഗീതസംവിധാനം ശ്രീവൽസൻ ജെ മേനോൻ. എഡിറ്റിങ് ബി അജിത്കുമാർ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. സബ്ജക്റ്റ് കൺസൾട്ടന്റായി ജി പ്രിയദർശനൻ പ്രവർത്തിച്ച ചിത്രത്തിനായി പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

Eng­lish sum­ma­ry; ‘gra­ma vruk­shathile kuy­il’ with Kumaranasan’s life in the­aters today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.