16 June 2024, Sunday

വന്‍ സാമ്പത്തിക പ്രതിസന്ധി; കളമശേരി എച്ച്എംടി അടച്ചുപൂട്ടലിലേക്ക്

*വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ല
* വൈദ്യുതി ബിൽ കുടിശിക 33 കോടി
ജി ബാബുരാജ് 
കൊച്ചി
May 27, 2024 10:32 pm

നവരത്ന കമ്പനിയെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എംടി നിത്യനിദാന ചെലവിന് പോലും പണമില്ലാതെ പ്രതിസന്ധിയില്‍. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് പൊതുമേഖലാ സ്ഥാപനത്തിന് ദയാവധം വിധിച്ചത്. ശമ്പളം നൽകാനും പരിമിതമായ ഓർഡറുകൾ പൂർത്തീകരിക്കാനുമാവാതെ ക്ലേശിക്കുന്ന കളമശേരി എച്ച്എംടി യൂണിറ്റിന് വൈദ്യുതി ബിൽ പോലും യഥാസമയം അടയ്ക്കാനാവുന്നില്ല. കുടിശിക 33 കോടി രൂപയിലധികമായിരിക്കുന്ന സാഹചര്യത്തില്‍ ഫ്യൂസ് ഊരേണ്ടിവരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
മൂന്ന് വർഷം മുമ്പ് വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി പോലും നൽകാനാവാതെ പ്രതിസന്ധിയിലായ കമ്പനി ഇതുകൂടി ചേർത്ത് 40 കോടി രൂപ ഉടൻ കണ്ടെത്തേണ്ട സ്ഥിതിയിലാണ്. എച്ച്എംടി സ്വാഭാവിക മരണത്തിലേക്ക് നീങ്ങുകയാണെന്നറിഞ്ഞിട്ടും കേന്ദ്രവ്യവസായ വകുപ്പ് പരിഹാര നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മൂന്ന് വർഷമായി ജനറൽ മാനേജർ ഇല്ലാതെ ചുമതലക്കാരനെ വച്ചാണ് കമ്പനി മുന്നോട്ടു പോകുന്നത്. 1997ൽ നിശ്ചയിച്ച സ്കെയിൽ പ്രകാരമുള്ള 13,000 രൂപയേ പ്രതിമാസം ശമ്പളമുള്ളൂ എന്നതിനാൽ നിയമനം കിട്ടുന്നവര്‍ മറ്റ് ജോലികൾ തേടി പോവുന്നു. 

പ്രവർത്തന മൂലധനം ഇല്ലാത്തതിനാലും വേണ്ടത്ര ഓർഡറുകൾ കിട്ടാത്തതിനാലും കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി കനത്ത നഷ്ടത്തിലായിരുന്നു. വെറും 30 കോടിയുടെ ഉല്പാദനം മാത്രമാണ് കഴിഞ്ഞ വർഷം നടത്തിയത്. അജ്മീർ, പിൻജോർ, ഹൈദരാബാദ്, ബംഗളൂരു, ശ്രീനഗർ, റാണിബാഗ് എന്നിവിടങ്ങളിൽ ഉല്പാദനയൂണിറ്റുകൾ ഉണ്ടായിരുന്നെങ്കിലും മെഷീൻ ടൂൾ ഒഴികെയുള്ള യൂണിറ്റുകളെല്ലാം വിവിധ ഘട്ടങ്ങളിലായി അടച്ചുപൂട്ടി. കാര്യമായ ഉല്പാദനമില്ലാത്ത ഹൈദരാബാദ്, പിൻജോർ, ബംഗളൂരു, യൂണിറ്റുകളും പ്രതിസന്ധിയിലാണ്. 

സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഏപ്രിലിലെ ശമ്പളം 20 ദിവസം വൈകിയാണ് വിതരണം ചെയ്തത്. വരും മാസങ്ങളിലെ സ്ഥിതി കണ്ടറിയേണ്ടിയിരിക്കുന്നു. റെയിൽവേ, ഡിഫൻസ്, എയ്‌റോസ്പേസ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ഓർഡറുകളാണ് കമ്പനി പ്രധാനമായി കൈകാര്യം ചെയ്തു വരുന്നത്. എന്നാൽ മാർക്കറ്റിങ്ങിനായി പ്രൊഫഷണൽ ടീം ഇല്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. നാമമാത്രമായി ശേഷിക്കുന്ന മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാർക്ക് യാത്രപ്പടി നൽകുവാൻ പോലും കഴിയുന്നില്ല.
നടപ്പു സാമ്പത്തിക വർഷത്തേക്ക് 60 കോടിയുടെ ഓർഡർ ലഭിച്ചിട്ടുണ്ടെങ്കിലും അത് പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തന മൂലധനം ഇല്ല. വിവിധ യൂണിറ്റുകളിൽ നിന്ന് 2019 മുതൽ വിരമിച്ച 520 തൊഴിലാളികൾക്ക് പിഎഫ്, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നല്‍കിയിട്ടില്ല.

കളമശേരി യൂണിറ്റ് 1966ലാണ് പ്രവർത്തനം തുടങ്ങിയത്. 80കളുടെ തുടക്കം വരെ 3500ൽപ്പരം ജീവനക്കാരുണ്ടായിരുന്ന ഇവിടെ അവശേഷിക്കുന്നത് 127 പേർ മാത്രം. ഈ മാസം 31ന് ഒരാൾ വിരമിക്കുന്നതോടെ ക്യാന്റീനിൽ ഒരു ജീവനക്കാരൻ മാത്രമാകും. കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനയിൽ ഒരു പൊതുമേഖലാ കമ്പനികൂടി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.

Eng­lish Summary:Great eco­nom­ic cri­sis; Kala­masery HMT is clos­ing down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.