November 29, 2022 Tuesday

Related news

October 24, 2022
October 3, 2022
September 3, 2022
August 15, 2022
August 13, 2022
August 7, 2022
July 27, 2022
July 22, 2022
July 21, 2022
July 20, 2022

ജിഎസ്‌ടി നിയമം: കേന്ദ്ര‑സംസ്ഥാനങ്ങള്‍ക്ക് തുല്യ അധികാരം

Janayugom Webdesk
തിരുവനന്തപുരം
May 19, 2022 5:01 pm

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) സംബന്ധിച്ച നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നടക്കുന്ന ആശയ വിനിമയങ്ങളുടെ ഉല്പന്നമാണ് ജിഎസ്‌ടി കൗണ്‍സില്‍ നിര്‍ദേശങ്ങളെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാമൂല്യം മാത്രമാണ് ഉള്ളതെന്നും ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് കോടതി വിധിച്ചു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ്‌ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും. ജിഎസ്‌ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉല്പന്നമാണ്. ഫെഡറല്‍ സംവിധാനത്തിലെ ഏതെങ്കിലും ഒരു ഘടകത്തിന് അതില്‍ മുന്‍തൂക്കം ഉണ്ടെന്ന് കണക്കാക്കാനാകില്ല.

ഇന്ത്യന്‍ ഫെഡറലിസം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ മുന്നോട്ടുപോവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരും മൂന്നംഗ ബെഞ്ചിലെ അംഗങ്ങളായിരുന്നു. 2016ലെ ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയുടെ അനുച്ഛേദം 246 എ പ്രകാരം സംസ്ഥാന നിയമസഭകള്‍ക്കും ജിഎസ്‌ടി സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് അധികാരമുണ്ടെന്ന നിയമ വ്യാഖ്യാനവും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

ജിഎസ്‌ടി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് കൂടുതല്‍ ആക്കം പകരുന്നതാണ് സുപ്രീം കോടതിയുടെ വ്യാഖ്യാനം. കേന്ദ്രം ജിഎസ്‌ടി നടപ്പിലാക്കുകയും തുടർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളായ ജിഎസ്‌ടി കൗണ്‍സിലിന്റെ പ്രസക്തിതന്നെ സുപ്രീം കോടതി ഉത്തരവോടെ ചോദ്യചിഹ്നമായി മാറി. ജിഎസ്‌ടിയില്‍ കേന്ദ്രത്തിന്റെ മേല്‍ക്കൈക്ക് അറുതി വരുത്താനും പകരം ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനും സുപ്രീം കോടതി ഉത്തരവ് അവസരം ഒരുക്കിയിരിക്കുകയാണ്.

ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധി: ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നതാണ് ജിഎസ്‌ടി സംബന്ധിച്ച സുപ്രീംകോടതി വിധിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശ രൂപത്തില്‍ ഉള്ളതാണെന്നും ഈ വിധിയിലൂടെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിധി സഹകരണ ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു എന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. ജിഎസ്‌ടി നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയ കാലം മുതൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.

Eng­lish Summary:GST ver­dict: KN Bal­agopal says state fed­er­al rights can be protected

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.