Janayugom Online
Rajkot: Election officers prepare EVM machine for first phase state assembly election in Rajkot, on Friday. PTI Photo(PTI12_8_2017_000158B)

ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക്

Web Desk
Posted on December 09, 2017, 9:15 am
  • ഒന്നാംഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ വിധിയെഴുതും

സ്വന്തം ലേഖകന്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത്, കച്ച് മേഖലകളിലെ 89 മണ്ഡലങ്ങളിലെ 2.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 14 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 18 നാണ് വോട്ടെണ്ണല്‍. ആകെ 182 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ആകെ 50, 128 പോളിങ് ബൂത്തുകള്‍ ആണ് ഗുജറാത്തില്‍ ഉള്ളത്. ഇതില്‍, 102 പോളിങ് ബൂത്തുകളില്‍ സ്ത്രീകള്‍ മാത്രമായിരിക്കും വോട്ടെടുപ്പ് നിയന്ത്രിക്കുക. കഴിഞ്ഞ 22 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍വേകളെല്ലാം ഒപ്പത്തിനൊപ്പം പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേറുമെന്ന് പ്രതീക്ഷിക്കുന്ന രാഹുല്‍ ഗാന്ധിക്കും നിര്‍ണായകമാണ് ഗുജറാത്തിലെ ഫലം. സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായി 15 റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, നിര്‍മ്മല സീതാരാമന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവരും പ്രചാരണരംഗത്തുണ്ടായിരുന്നു.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി ഏഴ് ദിവസം ക്യാമ്പ് ചെയ്താണ് രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. നിലവിലെ മുഖ്യമന്ത്രി വിജയ് രുപാനി, കോണ്‍ഗ്രസിന്റെ ശശികാന്ത് ഗോഹില്‍, പരേഷ് ദനാനി എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.