21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ഇനിയും ജയിലുകള്‍ നിറയ്ക്കാൻ സര്‍ക്കാരിനാകില്ല: ഇറാനിലെ പ്രതിഷേധത്തെക്കുറിച്ച് ഹൂപോയെ സിനിമയുടെ നിര്‍മ്മാതാവ് സംസാരിക്കുന്നു

അരുണ്‍ ടി. വിജയന്‍
December 14, 2022 12:28 pm

27-ാം ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണ് ഹൂപോയെ. മെഹദി ഗസര്‍ ഫാരി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരനായ ഹാദി ഗസൻ ഫാരി ആയിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് അദ്ദേഹമാണ് കേരളത്തിലെത്തിയിരിക്കുന്നത്. തങ്ങളുടെ സിനിമയെക്കുറിച്ചും ഇറാനിലെ ജനങ്ങളുടെ സമരത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

ഹൂപോയെ ഇറൻ സംസ്കാരവുമായി ബന്ധപ്പെട്ട പ്രത്യേക വാക്കാണ്. ലളിതമായി പറഞ്ഞാല്‍ ഇത് ആശയെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും ഏകാന്തതയെക്കുറിച്ചുമാണ്. ഹൂപോയെ ഒരു മനോഹരമായ വാക്കാണ്. ഇറാനിയൻ സംസ്കാരത്തിലെ തന്നെ പ്രത്യേക വാക്കാണ് അതെന്ന് ഞാൻ കരുതുന്നു.

നാല് വര്‍ഷം മുമ്പ് ഞങ്ങള്‍ ഒരു സിനിമ നിര്‍മ്മിക്കാൻ തീരുമാനിച്ചപ്പോള്‍ ഞാനും സഹോദരനും ഈ വിഷയമാണ് സംസാരിച്ചത്. ഞങ്ങള്‍ ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്തു. അങ്ങനെയാണ് എന്റെ സഹോദരൻ ഹൂപോയെയുടെ തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥ തയ്യാറാക്കിയ ശേഷം ഞങ്ങള്‍ ഇതിനെക്കുറിച്ച് എന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചു. അദ്ദേഹം ഇതില്‍ സന്തോഷവാനായിരുന്നു. എങ്കിലും കുറച്ചുകൂടി വര്‍ക്ക് ചെയ്യാൻ പറഞ്ഞു. അങ്ങനെ തിരക്കഥ വീണ്ടും വീണ്ടും തിരുത്തിയെഴുതി.

പിന്നീട് ഞാൻ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫറും സെറ്റ് ഡിസൈനര്‍മാരും നടിമാരുമൊക്കെയായി സംസാരിച്ചു. അപ്പോഴും ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൗണ്ട് റെക്കോര്‍ഡിസ്റ്റിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒരു യഥാര്‍ത്ഥ സൗണ്ട് റെക്കോര്‍ഡിസ്റ്റിനെ തന്നെയാണ് ഞങ്ങള്‍ അതിനായി തിരഞ്ഞത്. ഞങ്ങള്‍ക്ക് അത് വളരെ പ്രധാനമായിരുന്നു. അതിനാല്‍ തന്നെ ഏറ്റവും ഒടുവില്‍ പ്രധാന കഥാപാത്രത്തിനുള്ള നടനെ കണ്ടെത്തിയത്. സിനിമയ്ക്കുള്ളില്‍ തന്നെയാണ് അഭിനയിക്കാന്‍ താല്‍പര്യവും കഴിവുമുള്ള സൗണ്ട് റെക്കോര്‍ഡിസ്റ്റിനായി ഞങ്ങള്‍ തെരഞ്ഞത്. ഒടുവില്‍ ഹാദി മാനാവിപോറുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങളുടെ നടനും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായി ഒപ്പം ചേര്‍ന്നു. അഞ്ച് മൈക്രോഫോണുകള്‍ ഉപയോഗിച്ച് രണ്ട് രീതിയിലുള്ള സൗണ്ട് റെക്കോര്‍ഡിംഗ് ആണ് ഇതില്‍ നടന്നത്. ഒന്ന് രംഗങ്ങള്‍ക്കുള്ളില്‍ മാനാവി ചെയ്ത ലൈവ് റെക്കോര്‍ഡിംഗ്. മറ്റൊന്ന് രംഗങ്ങള്‍ക്ക് പുറത്തെ സൗണ്ട് റെക്കോര്‍ഡിംഗും.

സിനിമയിലെ കവിതാ എലമെന്റുകള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ചിത്രം ഒരാള്‍ക്ക് അനുഭവപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ വ്യക്തിപരമായാണ് അതിനെ കണ്ടത്. ഇതില്‍ പലരും അപൂര്‍വ്വമായ ഇടങ്ങളില്‍ താമസിക്കുന്നവരാണ്. സൗണ്ട് റെക്കോര്‍ഡിസ്റ്റ് തന്റെ കാറില്‍ തന്നെ താമസിച്ചാണ് പലയിടങ്ങളിലേക്കും സഞ്ചരിക്കുന്നതും തന്റെ തൊഴിലെടുക്കുന്നതും. ഒരു സഞ്ചാരിയായ മനുഷ്യനാണ്. ആ കാര്‍ ട്രാവലറിനെയും ശബ്ദത്തെയും മനുഷ്യനും വേണ്ടിയുള്ളതാണ്. എനിക്ക് തോന്നിയിട്ടുള്ളത് ഈ സിനിമയിലെ സെറ്റ് ഡിസൈൻ ആയിരുന്നു ഏറ്റവും നല്ല തീരുമാനം. ചലിക്കുന്ന കാറിലും ചലിക്കുന്ന കപ്പലിലുമായാണ് മനുഷ്യരുടെ ജീവിതം കാണിച്ചത്.

ഞങ്ങളുടെ രാജ്യത്ത് മദ്യത്തിന് നിരോധനമുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ സ്ത്രീയ്ക്ക് അവളുടെ അച്ഛനെ നഷ്ടമായത് മദ്യം കൈവശം വച്ചതിനാണ്. പോലീസിനെ പേടിച്ച് അയാള്‍ കുടുംബം ഉപേക്ഷിച്ച് ഓടി പോകുന്നു. അതിന് ശേഷം അവളും അവളുടെ സഹോദരിയും കുഞ്ഞും കടലില്‍ ആ കപ്പലിനുള്ളില്‍ തന്നെ ജീവിക്കാൻ നിര്‍ബന്ധിതരാകുന്ന‍ു. മദ്യം കാരണമാണ് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായത്. നിരോധനത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും മദ്യം എല്ലായിടത്തും ഒരു പ്രശ്നമാണ്. അവരുടെ അച്ഛൻ മദ്യപിക്കുകയും മരിക്കുകയും ചെയ്യുന്നു. മദ്യം എല്ലായിടത്തും നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഈ കപ്പലിലെ സെറ്റ് ഡിസൈൻ ചെയ്യാൻ ഞങ്ങള്‍ക്ക് ആറ് മാസത്തിലേറെ സമയം വേണ്ടി വന്നു. കടലിനുള്ളിലായതുകൊണ്ട് തന്നെ കപ്പല്‍ ഇടയ്ക്കിടെ ഇളകും. നിങ്ങള്‍ക്ക് അത് സിനിമയിലും കാണാം. ഈ രംഗങ്ങള്‍ക്കായി ഞങ്ങള്‍ കടലില്‍ തന്നെ ജീവിക്കുകയായിരുന്നു. പുറം ലോകവുമായി ഇക്കാലത്ത് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

രണ്ടാമത്തെ സ്ത്രീ ആദ്യത്തെ സ്ത്രീയേക്കാളും സൗണ്ട് റെക്കോര്‍ഡിസ്റ്റിനേക്കാളും വ്യത്യസ്ത സ്വഭാവമുള്ളയാളാണ്. തികച്ചും അപരിചിതയും ഒറ്റപ്പെട്ടയാളുമൊക്കെയാണ് അവരും. പക്ഷെ അവരൊരു പ്രത്യേക വ്യക്തിയാണ്. ഇതില്‍ ആദ്യത്തെ സ്ത്രീ ഒരു ചെറുപ്പക്കാരിയും രണ്ടാമത്തെയാള്‍ വൃദ്ധയും മൂന്നാമത്തെയാള്‍ കൗമാരക്കാരിയുമാണ്. കൗമാരക്കാരിക്ക് ഈ അപരിചിതനായ സൗണ്ട് റെക്കോര്‍ഡിസ്റ്റിന്റെ സാന്നിധ്യത്തില്‍ പ്രത്യേക വികാരം ഉണ്ടാകുന്നുണ്ട്. അത് അവളുടെ പ്രവര്‍ത്തികളില്‍ വ്യക്തമാണ്. വളരെ ചെറുതും പ്രത്യേകതയുള്ളതുമായ ബന്ധമാണ് അവര്‍ക്കിടയിലുള്ളത്.

ഇറാൻ ജനത സ്വാതന്ത്ര്യം തേടുകയും അതിന് വേണ്ടിയുള്ള പോരാട്ടത്തിലുമാണ്. ഇറാനിയൻ ജനത പ്രത്യേകിച്ചും സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനും നല്ലൊരു ജീവിതത്തിനുംം വേണ്ടിയാണ് തെരുവിലിറങ്ങിയിരിക്കുന്നത്. സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇറാനില്‍ സ്ത്രീകള്‍ പാട്ട് പാടുന്നതിന് വിലക്കുണ്ട്. അവര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുവാദമില്ല. അത്തരം നിരവധി നിരോധനങ്ങള്‍ എന്റെ നാട്ടിലുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്ന നാടല്ല ഇറാൻ. അതുകൊണ്ടാണ് നല്ലൊരു ജീവിതത്തിന് വേണ്ടി ഞങ്ങള്‍ അന്വേഷിക്കുന്നത്. ഞങ്ങള്‍ സമരം ചെയ്യുന്നത് മദ്യത്തിന്റെ മേലുള്ള നിരോധനം ഒഴിവാക്കാനല്ല. ഞങ്ങള്‍ക്ക് മാറ്റം വേണം.

ഫുട്ബോള്‍ ഇറാന്‍കാരുടെ വികാരമാണ്. ഒരുപക്ഷേ ബ്രസീലില്‍ ഒക്കെയുള്ളതുപോലെ. ഗുസ്തിയും ഫുട്ബോളുമാണ് ഞങ്ങളുടെ പ്രിയപ്പെട്ട കായിക ഇനങ്ങള്‍. ഞങ്ങളുടെ ദേശീയ ടീമിന് ഇത്രയും കാലം ഞങ്ങള്‍ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇനി അതുണ്ടാകില്ല. കാരണം ദേശീയ ടീം ജനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവര്‍ ഇറാനിയൻ ജനതയെ പിന്തുണയ്ക്കുകയോ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തില്ല. അവര്‍ ലോകകപ്പില്‍ ഭരണകൂടത്തെയാണ് പ്രതിനിധീകരിച്ചത്. ഒരു കളിയില്‍ ദേശീയ ഗാനം ആലപിക്കാൻ തയ്യാറായില്ലെങ്കിലും മറ്റുള്ള കളികളില്‍ അവര്‍ ഭരണകൂടത്തിന്റെ പ്രതിനിധികളായാണ് ഗ്രൗണ്ടിലിറങ്ങിയത്. ജനങ്ങളെ പിന്തുണയ്ക്കുന്നുവെങ്കില്‍ അവര്‍ ലോകകപ്പിന് പോകാതിരിക്കുകയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് ദേശീയ ഫുട്ബോള്‍ ടീമിനെ ഇനി പിന്തുണയ്ക്കില്ലെന്ന് ഇറാനിയൻ ജനത തീരുമാനമെടുത്തത്.

തെരുവിലെ ഈ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ആയിരക്കണക്കിന് ഇറാന്‍ ജനങ്ങളാണ് ഇപ്പോള്‍ തെരുവിലുള്ളത്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഞങ്ങള്‍ സമരത്തിലാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ കേസെടുക്കുന്നു. വെടിവച്ച് കൊല്ലുന്നു. ഒരുപാട് പേര്‍ ഇപ്പോള്‍ ജയിലിലുണ്ട്. സര്‍ക്കാരിന് ഇനിയും ജയിലുകള്‍ നിറയ്ക്കാനാകില്ല. അതിനാല്‍ തന്നെ ജനങ്ങളുടെ ജീവിക്കാനുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

Eng­lish Sum­mery: Hadi Gazan­fari Pro­duc­er of the Iran­ian Movie Hoopoe Speaks about film and protest

You May Also Like This Video

<iframe width=“647” height=“364” src=“https://www.youtube.com/embed/0COSKLYUqDg” title=“നിങ്ങൾ കരുതുന്ന രാജ്യമല്ല ഇറാൻ| IFFK2022 |Janayu­gom Online” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.