23 December 2024, Monday
KSFE Galaxy Chits Banner 2

ഉയര്‍ത്തെഴുന്നേല്‍പിന്റെ പാതയിൽ കൈത്തറി സംരംഭകര്‍ വ്യാപാര്‍ 2022 ല്‍

Janayugom Webdesk
June 17, 2022 5:44 pm

പ്രളയം-കൊവിഡ് എന്നിവ തകര്‍ത്ത കൈത്തറി മേഖല ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായാണ് സംസ്ഥാന വ്യവസായ‑വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022ല്‍ എത്തിയിരിക്കുന്നത്. നൂതന വിപണന തന്ത്രവും കൈത്തറിയോട് ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ചു വരുന്ന പ്രിയവുമാണ് ഇവര്‍ക്ക് തുണയായത്. ആധുനീക വിപണന തന്ത്രവുമായി സ്വകര്യകമ്പനികൾ ഒപ്പം ചേരുമ്പോൾ പോയകാലത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ കഴി യുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സംരംഭകർ . 

2018 ലെ പ്രളയത്തില്‍ തറിയടക്കം സര്‍വതും നശിച്ച് ഉപജീവനമാര്‍ഗം പോലും മുട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ നെയ്ത്തുകാര്‍. പിന്നീട് സര്‍ക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ സഹായത്താല്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച് എടുക്കുന്നതിനിടെയാണ് കൊവിഡ് പിടിമുറുക്കിയത്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിപണിയും കാര്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ള സംരംഭകര്‍ പറയുന്നു. കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയെന്നാണ് പറവൂരിലെ കൈത്തറി തൊഴിലാളിയായ മോഹനന്‍ പി സി പറയുന്നത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ കൈത്തറിയ്ക്ക് നല്‍കിയ പ്രചാരം ഏറെ ഫലം കണ്ടിട്ടുണ്ട്. സ്വകാര്യ സംരംഭകരും ധാരാളമായി കൈത്തറിയ്ക്ക് ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ഉത്പാദന ക്ഷമത കുറഞ്ഞതും ഈ തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലെ കുറവും മൂലം ആവശ്യത്തിനനുസരിച്ച് വസ്ത്രം നല്‍കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വിപണിയിലേക്ക് കൂടുതലായി കൈത്തറി ഉത്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന് നെയ്ത്തുതൊഴിലാളിയായ ശശി പി കെ പറഞ്ഞു. പല നെയ്ത്തുസംഘങ്ങളും സ്വന്തമായും സ്വകാര്യ പങ്കാളികളോടൊത്തും ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നുണ്ട്.

ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ വന്നാല്‍ അതിനൊത്ത് വസ്ത്രങ്ങള്‍ നെയ്ത് നല്‍കാനാകുന്നില്ലെന്ന് ചേന്ദമംഗലത്തെ നെയ്ത്തുകാരനായ സജീവ് പറഞ്ഞു. വ്യാപാര്‍ 2022 ല്‍ ആമസോണ്‍ ഫ്ളിപ്കാര്‍ട്ട് മുതലായ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതു വഴി ഈ മേഖലയിലെ പുതിയ സാധ്യതകള്‍ തെളിയുമെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. തൊഴിലാളികളുടെ കുറവ് അടക്കം കൈത്തറി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സിഇഒ സൂരജ് എസ് പറഞ്ഞു.

Eng­lish Sum­ma­ry: Hand­loom entre­pre­neurs trade on the path of upsurge in 2022

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.