21 December 2024, Saturday
KSFE Galaxy Chits Banner 2

ഹരിവരാസനം ശതാബ്ദി നിറവില്‍

വലിയശാല രാജു
February 19, 2023 7:18 am

ബരിമല അയ്യപ്പന്റെ ഉറക്ക് പാട്ടായ ‘ഹരിവരാസനം വിശ്വമോഹനം’ രചിച്ചിട്ട് 100 വർഷം പൂർത്തിയാകുകയാണ്. അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് തറവാട്ടിൽ ജനിച്ച ജാനകിയമ്മ(1893–1972)യാണ് തന്റെ 30 മത്തെ വയസിൽ ‑1923ൽ- എട്ട് ശ്ലോകങ്ങളിൽ, 32വരികളിൽ, 108വാക്കുകളിൽ, 352 അക്ഷരങ്ങളിൽ ഈ കീർത്തനം എഴുതിയത്. ഇതിന് നിമിത്തമായത് പിതാവ് അനന്തകൃഷ്ണ അയ്യരാണ്. അദ്ദേഹം അന്ന് ശബരിമലയിൽ വലിയ വെളിച്ചപ്പാടായിരുന്നു. പിതാവ് പറയുന്ന അയ്യപ്പ മാഹാന്മ്യങ്ങൾ കീർത്തനമായി എഴുതിവയ്ക്കുന്ന സ്വഭാവം ജാനകിയമ്മക്കുണ്ടായിരുന്നു. ജാനകിയമ്മയുടെ സഹോദരനാണ് പ്രശക്ത പത്രപ്രവർത്തകൻ എം ശിവറാം.

ജാനകിയമ്മ എഴുതിയ കീർത്തനം അനന്ത കൃഷ്ണ അയ്യർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ ഇട്ടത്രെ. ഇത് അവിടത്തെ അന്നത്തെ മേൽശാന്തി ഈശ്വരൻ നമ്പൂതിരി അത്താഴ പൂജക്ക് ശേഷം നടയടക്കുമ്പോൾ സ്ഥിരമായി പാടാറുണ്ടായിരുന്നു. പക്ഷെ ഹരിവരാസനം പ്രശക്തമായത് 1975 ൽ എൻ സുബ്രഹ്മണ്യം മേരിലാന്റിന്റെ ബാനറിൽ നിർമ്മിച്ച ‘സ്വാമി അയ്യപ്പൻ’ സിനിമ റിലീസ് ആയതോടെയാണ്. ആ സിനിമയിൽ ഈ കീർത്തനം ദേവരാജനെക്കൊണ്ട് ഈണം നൽകി വയലാർ ഗാനങ്ങളോടൊപ്പം ഉൾപ്പെടുത്തി. മധ്യമാവതി രാഗത്തിൽ യേശുദാസിന്റെ ആലാപനം ഹരിവരാസനത്തെ അതീവ മനോഹരമാക്കി. സ്വാമി അയ്യപ്പൻ വൻ ഹിറ്റായി. പണം വാരികൂട്ടി. ലാഭത്തിന്റെ ഒരു വിഹിതം ശബരിമലയുടെ വികസനത്തിനായി സുബ്രമണ്യം മുതലാളി വിനിയോഗിക്കുകയും ചെയ്തു. 1975ലെ ഏറ്റവും നല്ല ചിത്രമായി സംസ്ഥാന സർക്കാർ ഈ സിനിമയെ തെരഞ്ഞെടുത്തു. ദേവസ്വം ബോർഡ് സ്വാമി അയ്യപ്പന്റെ ശില്പികളെ ആദരിക്കുകയുണ്ടായി.അന്നത്തെ ദേവസ്വം പ്രസിഡണ്ട് ജി പി മംഗലത്ത് മഠം ഈ യോഗത്തിൽ ഹരിവരാസനം യേശുദാസി ന്റെ ശബ്ദത്തിൽ തന്നെ നടയടക്കുമ്പോൾ സ്ഥിരമായി കേൾപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.അതോടെയാണ് ഈ കീർത്തനം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്.

സിനിമയിലെ ഗാനത്തിൽ നിന്നും ചില്ലറ ഭേദഗതിയോടെ ക്ഷേത്രത്തിനു വേണ്ടി യേശുദാസ് വീണ്ടും ഹരിവരാസനം ആലപിക്കുകയുണ്ടായി. അതാണ് ഇപ്പോൾ ശബരിമലയിൽ ഉറക്ക് പാട്ടായി കേൾപ്പിക്കുന്നത്. താൻ എഴുതിയ കീർത്തനം പ്രസക്തിയുടെ കൊടുമുടി കയറുന്നത് കാണുവാനുള്ള ഭാഗ്യം അത് രചിച്ച ജാനകിയമ്മക്ക് ഉണ്ടായില്ല. അവർ അതിന് മുൻപ് മരണമടഞ്ഞിരുന്നു. ഇതൊക്കെയാണെങ്കിലും ദേവസ്വം ബോർഡ് ഇത് അംഗീകരിച്ചിട്ടില്ല. അവർ ഹരിവരാസനം എഴുതിയത് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേരിലാണ് ചാർത്തികൊടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ കുമ്പക്കുടി ഇതിന്റെ രചിതാവല്ല. സാമ്പാദകൻ മാത്രമാണ്. 1963ൽ തിരുവനന്തപുരത്ത് നിന്നും ജയചന്ദ്ര ബുക്ക് ഡിപ്പോ പുറത്തിറക്കിയ ഒരു സമാഹാരത്തിൽ ആണ് ഈ കീർത്തനം ‘ഹരിഹരാന്മജാഷ്ടകം’ എന്ന തലക്കെട്ടിൽ ചേർത്തിരിക്കുന്നത്. സാമ്പാദകൻ എന്ന് അതിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിട്ടുണ്ട്. ജാനകിയമ്മയുടെ മകളുടെ പരാതിയെതുടർന്ന് അവസാനം കുമ്പക്കുടിയുടെ പേര് ദേവസ്വം ബോർഡ് മരവിപ്പിച്ചു. പക്ഷെ ജാനകിയമ്മയെ അവർ അംഗീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.