2 May 2024, Thursday

ഇനിയൊരു ജന്മമുണ്ടെങ്കിൽ…

ഷര്‍മിള സി നായര്‍
September 3, 2023 7:14 am

ഈ ജന്മത്തിൽ ഒരുമിക്കാൻ കഴിയാത്ത, അടുത്ത ജന്മത്തിൽ ഒരുമിക്കണമെന്ന് മനസ് കൊതിക്കുന്ന ഒരാൾ നിങ്ങൾക്കുണ്ടോ? ആരുടെ മുന്നിലും തോൽക്കാൻ കൂട്ടാക്കാത്ത, എന്നാൽ നിങ്ങളുടെ മുന്നിൽ തോൽക്കാൻ മടിയില്ലാത്ത ഒരാൾ. “ഒരിയ്ക്കൽ നിന്റെ സ്നേഹത്തിനു മുന്നിലാണ് ഞാൻ തോറ്റത്. അതെനിക്കിഷ്ടാ നിനക്കു വേണ്ടി തോൽക്കുന്നതെന്ന് ” പറയുന്ന കണ്ണകിയുടെ മാണിക്യനെപ്പോലൊരാൾ. എങ്കിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ / ഭാഗ്യവതി നിങ്ങളാവും. ഇപ്പോൾ അറിയാതെ നിങ്ങളുടെ മനസിൽ ഒരു ഗാന രംഗം തെളിയുന്നില്ലേ, ഒരു മുഖവും.
“ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ
സരയൂ തീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ
യമുനാ തീരത്തു കാണാം”

2001 ൽ പ്രദർശനത്തിനെത്തിയ ജയരാജ് ചിത്രമായിരുന്നു കണ്ണകി. കണ്ണകിയിലെ ഹൃദയസ്പർശിയായ ഗാനം. കൈത്രപ്രത്തിന്റെ വരികൾക്ക് അനിയൻ വിശ്വനാഥന്റെ സംഗീതം.സ്വതന്ത്ര സംഗീതസംവിധായകനായി കൈതപ്രം വിശ്വനാഥൻ മലയാളിക്കു മുന്നിലെത്തുന്നത് കണ്ണകിയിലൂടെയാണ്. തന്റെ കന്നി ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും അദ്ദേഹം സ്വന്തമാക്കി. ഒന്നിക്കാനാവാതെ പോയ കണ്ണകിയും മാണിക്യനും അവരുടെ പ്രണയവും, പ്രണയത്തിനായുള്ള ജീവനൊടുക്കലും ഇന്നും ഒരു നോവാണ്.

 

കോഴിപ്പോരിൽ വിജയിക്കുന്ന മാണിക്യനെ (ലാൽ) കാണണമെന്ന് ഒറ്റയ്ക്കു താമസിക്കുന്ന മന്ത്രവാദിനിയെന്ന ദുഷ്പേരുളള കണ്ണകി(നന്ദിതാദാസ്) ആഗ്രഹിക്കുന്നു. കണ്ണകിയുമായി അടുക്കുന്ന മാണിക്യന് അവിടം വിട്ടു പോവാൻ കഴിയുന്നില്ല. മാണിക്യന്റെ പിൻബലത്തിൽ ഗൗണ്ടറെ തോൽപ്പിച്ചിരുന്ന ചോമ (സിദ്ദിഖ്), മാണിക്യനെ തിരികെ തന്റെ കൂട്ടത്തിലെത്തിക്കാൻ, തന്റെ പെങ്ങളായ കുമുദത്തെ (ഗീതുമോഹൻദാസ്) അവന് വിവാഹം കഴിപ്പിച്ച് നൽകാൻ തീരുമാനിക്കുന്നു. കണ്ണകിയേയും, മാണിക്യനെയും പിരിക്കാൻ അതിനും കഴിയില്ലെന്ന് മനസിലായപ്പോൾ, പെങ്ങൾ വഴി കണ്ണകിയെ തെറ്റിദ്ധരിപ്പിക്കുന്നു. കുമുദത്തിന് മാണിക്യനെ വിട്ടു കൊടുക്കാൻ കണ്ണകി തീരുമാനിക്കുന്നു എന്നാൽ കണ്ണകി ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞ മാണിക്യൻ ആത്മഹത്യ ചെയ്യുന്നു. കോഴിപ്പോരിലൂടെ കണ്ണകിയുടെ മനം കവർന്ന മാണിക്യൻ മരണത്തിന് തിരഞ്ഞെടുത്തതും തന്റെ പോരുകോഴിയെ. മാണിക്കൻ ആത്മഹത്യ ചെയ്തതറിഞ്ഞ കണ്ണകിയും ആത്മഹത്യ ചെയ്യുന്നു, സ്വയം സർപ്പദംശനമേൽപ്പിച്ച്. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നോരർധ നാരീശ്വരനാവാമെന്ന് മോഹിച്ചവർ, ഒരുമിച്ച് മരിച്ചു കിടക്കുന്ന രംഗം ആരുടേയും കണ്ണ് നനയിക്കും.
മരണത്തിനു പോലും വിട്ടു കൊടുക്കാനാവാത്തവിധം സ്നേഹിച്ചുപോയ മാണിക്യനെ കുമുദത്തിന്റെ ഇല്ലാ വചനങ്ങൾ വിശ്വസിച്ച് അവൾക്ക് വിട്ടു കൊടുക്കാൻ തീരുമാനിച്ച കണ്ണകിയുടെ ആത്മനൊമ്പരം ഒരു ഗാന രംഗത്തിലൂടെ എത്ര മനോഹരമായി പകർത്തിയിരിക്കുന്നു.

നിനക്കുറങ്ങാൻ അമ്മയെ പോലെ
ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്ക് നൽകാൻ
ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നിൽക്കാം
പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം

അടുത്ത ജന്മത്തിൽ ഉണ്ണാതെ ഉറങ്ങാതെ അമ്മയെ പോലെ അവനുറങ്ങാൻ കാവലിരിക്കുന്ന, വീരന്മാരായ അഞ്ചു ഭർത്താക്കന്മാരുണ്ടായിട്ടും ചൂതുകളിയിൽ പണയപ്പെടാൻ വിധിക്കപ്പെട്ടപ്പോൾ അവർക്കു വേണ്ടി പുഞ്ചിരിയോടെ ആ വിധി സ്വീകരിച്ച പാഞ്ചാലിയെപ്പോലെ, അവനുവേണ്ടി എന്തും പുഞ്ചിരിയോടെ സഹിക്കുന്ന ഒരു പെണ്ണിനെ ഏതൊരു പുരുഷഹൃദയമാണ് കൊതിച്ചു പോവാത്തത്. ആരും കൊതിച്ചു പോവുന്ന പ്രണയത്തിന്റെ, സഹനത്തിന്റെ വിട്ടു കൊടുക്കലിന്റെ മൂർത്തിമത് ഭാവമാണ് കണ്ണകി.
നിന്റെ ദേവാങ്കണം വിട്ടു ഞാൻ
സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി
ഞാൻ നിനക്കായ് നോറ്റു നോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നോരർധ നാരീശ്വരനാവാം
കുമുദത്തിന്റെ ഇല്ലാവചനങ്ങൾ വിശ്വസിച്ച്, സ്വയം ഒഴിഞ്ഞു പോവുന്ന, വരും ജന്മത്തിൽ അവന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി അവനായ് നോമ്പുനോറ്റിരിക്കാൻ,വീണ്ടും ജന്മമുണ്ടായാൽ പ്രണയത്തിന്റെ മൂർത്തി സ്വരൂപമായ അർധനാരീശ്വരനാവാൻ കൊതിക്കുന്നവൾ. പ്രണയത്തിന് ഇങ്ങനെയും ഒരു തലമുണ്ടോന്ന് ശങ്കിച്ചു പോയിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന ഉദാത്തമായ പ്രണയം. പ്രണയിക്കുവേണ്ടി ജീവൻ പോലും പകുത്ത് നൽകാൻ തയ്യാറാവുന്നവർ. അങ്ങനെയും ചില പ്രണയങ്ങളുണ്ട്. പക്ഷേ, കണ്ണകിയെ കാത്തിരുന്നത് എത്ര വലിയ ദുരന്തമായിരുന്നു!

 

ഈ ജന്മത്തിൽ നിറവേറ്റാൻ കഴിയാത്ത ആഗ്രഹങ്ങൾ അടുത്തൊരു ജന്മമുണ്ടെങ്കിൽ ആ ജന്മത്തിലേക്ക് നീക്കിവയ്ക്കുന്നതിലെന്തർത്ഥം. “വിട്ടു കൊടുക്കലാണ് യഥാർത്ഥ പ്രണയമെന്ന് പറയുന്നവർക്ക് അറിയില്ലല്ലോ വിട്ടുപോവുന്നവന്റെ നോവെന്ന് ” ഒരിയ്ക്കൽ ഒരു സുഹൃത്ത് പറഞ്ഞത് കാതിൽ മുഴങ്ങുന്നു.
“അവന്റെ ഭാര്യയ്ക്ക് സംശയമുണ്ടെന്നും വീട്ടിൽ പ്രശ്നമുണ്ടെന്നുമറിഞ്ഞപ്പോൾ വിട്ടു പോവാൻ ഞാൻ ശ്രമിച്ചതാണ്. പാവം! അവളുടെ വിഷമം എനിക്ക് മനസിലാവാഞ്ഞിട്ടല്ല. പക്ഷേ എനിക്കീ ബന്ധം അവസാനിപ്പിക്കാനാവില്ല. അവനില്ലെങ്കിൽ ഞാനില്ല, എന്റെ സംഗീതമില്ല. കണ്ണകി വിട്ടു പോയെന്നറിഞ്ഞ മാണിക്യന്റെ അവസ്ഥ. മാണിക്യൻ പോയതറിഞ്ഞ കണ്ണകിയുടെ അവസ്ഥ. ഒരു രീതിയിലും അവന്റെ ജീവിതത്തിൽ ഞാനൊരു തടസമാവുന്നില്ല, പലപ്പോഴും ഒരു സഹായ ഹസ്തം. അവൻ എന്റേതു കൂടിയാണെന്ന സ്വാർത്ഥത മറ്റുള്ളവരുടെ കണ്ണിൽ തെറ്റാവാം. പക്ഷേ എനിക്കത് ശരിയാണ്.”
അവളത് പറയുമ്പോൾ ഞാൻ മണ്ണാർത്തൊടി ജയകൃഷ്ണന്റെ ക്ലാരയക്കൊപ്പമായിരുന്നു. ഈ ഗാനമെന്റെ പ്രിയ ഗാനങ്ങളിലൊന്നാവുമ്പോഴും ഒരു നോവായി മാറിയ കണ്ണകിയും മാണിക്യനും അവരുടെ പ്രണയവുമല്ല, മഴയായി പെയ്തിറങ്ങിയ ക്ലാരയുടെ പ്രണയത്തിനോടാണ് എനിക്കെന്നുമിഷ്ടം. വല്ലാത്തൊരു കാന്തിക പ്രഭാവമുണ്ടായിരുന്നവളുടെ കാല്പനിക പ്രണയത്തിന്. കാല്പനികതയും ഒപ്പം പ്രായോഗികതയും നിറഞ്ഞ ക്ലാസിക് പ്രണയം.
ആദ്യ കാഴ്ചയിൽ രാധയിൽ ജീവിത പങ്കാളിയെ കണ്ടെത്തുന്ന ജയകൃഷ്ണന് രാധയോട് പ്രണയമായിരുന്നു. എന്നാൽ ക്ലാരയോട് പ്രണയവും, ആസക്തിയും, അതിനപ്പുറം നിർവ്വചിക്കാനാവാത്ത പലതും കൂടിക്കലർന്നൊരാകർഷണമാണയാൾക്ക്. നിനക്കാത്ത നേരത്ത് അയാളുടെ മനസിന്റെ ഊഷരതയിലേക്ക് വേനൽമഴ പോലെ പെയ്തിറങ്ങിയവൾ. ജയകൃഷ്ണന്റെ മാടമ്പി പരിവേഷം അഴിഞ്ഞു വീഴുന്നതും അയാൾ ദുർബലനാവുന്നതും ക്ലാരയ്ക്കുമുന്നിൽ മാത്രം. അയാളുടെ ചില നിലപാടുകൾ പോലും അവൾക്കുമുന്നിൽ മാറ്റാൻ അയാൾ തയ്യാറാവുന്നു. വിധേയത്വമായിരുന്നില്ല അയാൾക്ക് അവളോട്, മറിച്ച് അവൾ അയാളുട ദൗർബല്യമായിരുന്നു. രാധയോട് അങ്ങനെയല്ല താനും. കണ്ണകിയ്ക്കായി ജീവനുപേക്ഷിച്ച മാണിക്യനേക്കൾ ക്ലാരയുടെ സ്നേഹത്തിനു മുന്നിൽ ദുർബലനാവുന്ന മണ്ണാർത്തൊടി ജയകൃഷ്ണനെയാണ് എനിക്കിഷ്ടം. രാധ മണ്ണാർത്തൊടിയിൽ വരുന്ന ദിവസം വരെ മാത്രമേ തമ്മിൽ കാണാൻ കഴിയൂന്ന് പറയുന്ന ക്ലാരയ്ക്കും ക്ലാരയെ ഇനി കാണരുതെന്ന് സത്യം ചെയ്യിക്കുന്ന രാധയ്ക്കുമിടയിൽ നിസഹായനാവുന്ന ജയകൃഷ്ണനെ.

ക്ലാര ഒഴിഞ്ഞു പോയ ശൂന്യത നികത്താൻ രാധയ്ക്കായിട്ടുണ്ടാവുമോയെന്ന ചോദ്യം എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. എത്ര ജന്മമെടുത്താലും ജയകൃഷ്ണനും ക്ലാരയുമായി പുനർജ്ജനിച്ചാൽ മതിയെന്ന് ആഗ്രഹിക്കുന്നുണ്ട് ഓരോ കാമുകഹൃദയവും. ക്ലാര ഉറക്കം കെടുത്തിയ രാത്രികളിൽ ഒറ്റയിരിപ്പിന് ‘ഉദകപ്പോള’ വീണ്ടും വായിച്ചു തീർത്തത് ഇന്നലെയെന്നപോലെ. ഉദകപ്പോളയിൽ നിന്ന് പത്മരാജൻ അടർത്തിയെടുത്ത ക്ലാരയും ‘ജയ കൃഷ്ണനും, മഴയുടെ പശ്ചാത്തലവും മലയാളിയുടെ നൊസ്റ്റാൾജിയയാണിന്ന്.
“ആ മഴക്കാലത്താണ് ഏറെ നാൾ കൂടിയിട്ട് ക്ലാരയും ഞാനും തമ്മിൽ കണ്ടുമുട്ടിയത്. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോഴൊക്കെ പ്രകൃതി ഞങ്ങൾക്ക് ചുറ്റും മഴയുടെ കറുത്ത തിരശ്ശീലകൾ വലിച്ചു കെട്ടാറുണ്ടായിരുന്നുവെന്നത് ഇന്ന് ലേശം കൗതുകം കലർന്നൊരത്ഭുതത്തോടെ അനുസ്മരിച്ചു പോവുന്നു. ഒരു പക്ഷേ ഈ ഭൂമുഖത്ത് സുരക്ഷിതത്വം തീരെയില്ലാതിരുന്ന ഞങ്ങൾ രണ്ടു പേർ തമ്മിലുള്ള ആ സന്ധിക്കലിന് ഒരു മറ ആവശ്യമായിരുന്നിരിക്കാം. ഏതായാലും ഞങ്ങളുടെ ആത്മ സംതൃപ്തിക്ക് മഴയുടെ ചാറ്റുപാട്ട് വലിയൊരനുഗ്രഹമായിരുന്നു.
ഓരോ മഴയിലും ജയകൃഷ്ണനും ക്ലാരയും അവരുടെ കാൽപനിക പ്രണയവും ഓർമ്മയിൽ നിറയുമ്പോൾ വെറുതേ തോന്നാറുണ്ട് ഒരു ചാറ്റൽ മഴയത്ത് നിന്നോടൊപ്പമൊന്ന് വെറുതേ തർക്കിച്ചു നടക്കണമെന്ന്. നിനക്കും തോന്നാറില്ലേ? ചങ്ങാത്തത്തിന്റേയുംപ്രണയത്തിന്റേയും
മാഞ്ഞുപോയ ഓർമ്മകളയവിറക്കി വെറുതേയൊന്ന് കൈകോർത്തു നടക്കാനായങ്കിലെന്ന്… ഉദകപ്പോളയിലെ ആഖ്യായകാരൻ പറയുന്നതു പോലെ, ഈ ഭൂമുഖത്ത് സുരക്ഷിതത്വം തീരെയില്ലാത്ത നമ്മൾ എങ്ങനെന്നല്ലേ നീ ഇപ്പോൾ ചിന്തിക്കുന്നത്.
“ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ സരയൂതീരത്ത് കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ
യമുനാ തീരത്തു കാണാം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.