2 May 2024, Thursday

വരുമെന്ന് ചൊല്ലി പിരിഞ്ഞു പോയില്ലാരും

ഷർമിള സി നായർ
July 16, 2023 7:45 am

അനുവാദമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില മനുഷ്യരുണ്ട്. ഒരുപാട് നാൾ മുമ്പ് ഒരുച്ചനേരത്തിന്റെ പതിവ് വിരസതയിലേക്കാണ്, ഒരു ഫോൺകോളിലൂടെ നന്ദന ശിവ കടന്നുവന്നത്. ഒരു കൊച്ചു കുട്ടിയുടെ മധുരമായ ശബ്ദം. “എത്ര നല്ല ശബ്ദം. കുട്ടി പാടാറുണ്ടോ ” എന്ന ചോദ്യത്തിന്, “കുട്ടിയല്ലട്ടോ. മുതിർന്നൊരു കുട്ടീടെ അമ്മയാ എന്ന നർമ്മം കലർന്ന മറുപടി. ഈ ശബ്ദവും ഈ ഗാനവും തന്നെയാട്ടോ എന്റെ ജീവിതം നശിപ്പിച്ചതെന്ന് “പറഞ്ഞവൾ പതിയെ മൂളി.
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ… 

എത്ര നല്ല ശബ്ദമെന്ന് പറയാതിരിക്കാനായില്ല. ചില പാട്ടുകളുടെ കാര്യത്തിൽ വല്ലാതെ സ്വാർത്ഥരാവാറില്ലേ നമ്മൾ. കെ എസ് ചിത്രയുടെ ശബ്ദത്തിലല്ലാതെ ഈ പാട്ട് കേൾക്കാൻ ഇഷ്ടമില്ലാന്ന് പറഞ്ഞപ്പോൾ, എനിക്കുമതേന്ന് പറഞ്ഞവൾ ഉറക്കെ ചിരിച്ചു.

1993 ൽ റിലീസായ ‘മണിച്ചിത്രത്താഴ്’ എന്ന ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർചിത്രത്തിലെ നൊസ്റ്റാൾജിക് ഗാനം. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എസി ലളിത തുടങ്ങി വൻ താര നിര തന്നെയുണ്ട്. ഓരോരുത്തരും മത്സരിച്ചഭിനയിച്ച ചിത്രം 1993 ലെ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി. മധു മുട്ടത്തിന്റെ തന്നെ ഗൃഹാതുരുത്വത്തിന്റെ വിഷാദം നിഴലിക്കുന്ന കവിതയ്ക്ക് എം ജി രാധാകൃഷ്ണന്റെ സുന്ദര സംഗീതം. കെ എസ് ചിത്രയുടെ മധുരമായ ആലാപനം കൂടിയായപ്പോൾ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ട്രേഡ് മാർക്കായി ഗാനം മാറി. അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങിക്കഴിയുന്ന ഒരു കവി മനസിന്റെ ഒറ്റപ്പെടലും പ്രതീക്ഷാനിർഭരമായ കാത്തിരിപ്പും കാതോർത്താൽ ഈ വരികളിൽ നമുക്ക് കേൾക്കാം.
വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ… 

ഭർത്താവായ നകുലന്റെ (സുരേഷ് ഗോപി) കൂടെ, അയാളുടെ കേരളത്തിലുള്ള മാടമ്പള്ളി എന്ന തറവാട് വീട്ടിൽ എത്തുന്ന ഗംഗ (ശോഭന), അവിടെവച്ച് നാഗവല്ലിയുടെ കഥ കേൾക്കുകയും ആ കഥാപരിസരങ്ങൾ അവളിൽ ആഴ്ന്നു പോവുകയും ചെയ്യുന്നു. മനയിലെ തമ്പിയുടേയും (നെടുമുടി വേണു) ഭാസുരയുടേയും മകളായ അല്ലിക്ക് (രുദ്ര) കോളജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മഹാദേവനുമായി (ശ്രീധർ) വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മാടമ്പള്ളിയുടെ അടുത്തുള്ള മഹാദേവന്റെ വീട് മഹാദേവന്റെ കൃതികളെ ഇഷ്ടപെടുന്ന ഗംഗക്ക് അല്ലി കാണിച്ചു കൊടുക്കുന്നു. മഹാദേവന്റെ പുസ്തകത്തിലെ ഒരു കവിത ശോഭന ചൊല്ലുകയാണ്. ശോഭന ഏറ്റവും സുന്ദരിയായി പ്രത്യക്ഷപെടുന്നതും ഈ ഗാന രംഗത്താണ്. നാഗവല്ലിയായും സുന്ദരിയായ ഗംഗയായും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ശോഭന ദേശീയ പുരസ്ക്കാരവും നേടി. നിയമ പഠന കാലത്ത് കോളജിൽ നിന്നും മുങ്ങി തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ പോയി ‘മണിച്ചിത്രത്താഴ്’ കണ്ടതും എത്രയോ നാൾ ഈ ഗാനം ഒരു വിങ്ങലായി മനസ്സിൽ കൊണ്ടു നടന്നതും ഒരു ചിരകാല സ്മരണ.

സിനിമയിൽ മറ്റൊരു രംഗത്തും ഗാനത്തിന്റെ ഒരു ഭാഗം വരുന്നുണ്ട്, യേശുദാസിന്റെ ശബ്ദത്തിൽ.ഗംഗ (ശോഭന)യുടെ നാട്ടിലേക്ക് സൈക്കിളുമെടുത്ത് പോവുന്ന സണ്ണിയും (മോഹൻലാൽ) ചന്തു (സുധീഷ്)വുമാണ് പശ്ചാത്തലത്തിൽ. മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസും, പിന്നിലിരിക്കുന്ന ചന്തുവിന്റെ (സുധീഷ്) ഭാവ പ്രകടനവും ആ രംഗത്തിനും വല്ലാത്തൊരു ദൃശ്യചാരുത പകരുന്നുണ്ട്.
വിഷാദം നിഴലിക്കുന്ന വരികളുടെ തീവ്രത കൂട്ടുന്ന എം ജി രാധാകൃഷ്ണൻ മാജിക്. അതിനിടയിലും എവിടെയോ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം കാണുന്ന കവി ഭാവന. രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ടു കേട്ടിരിക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം വന്നു മനസിനെ മൂടും. പിന്നിലേക്ക് നടന്നു നടന്ന് ഒരു നാട്ടുവഴിയോരത്തിലെത്താറുണ്ട് പലപ്പോഴും മനസ്. ഓരോ കേൾവിയിലും മുരുകൻ കാട്ടാക്കട പറഞ്ഞതു പോലെ “മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ “യൊരനുഭൂതി.
തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ആരുടേയോ അടുത്തു വരുന്ന കാലൊച്ച ഞാനും കേട്ടിട്ടുണ്ട്. ഒടുവിലാ കാലടികളകന്നു പോവുമ്പോൾ ഒച്ചയില്ലാതെ തേങ്ങിയിട്ടുമുണ്ട്. ഒരിക്കലും തിരിച്ചു വരില്ലാന്നറിയാമെങ്കിലും എന്റെ അമ്മ തിരിച്ചു വരുന്നതായി ഭ്രാന്തമായ സ്വപ്നങ്ങളിൽ ഞാനും സങ്കല്പിച്ചു കൂട്ടിയിട്ടുണ്ട്. അന്ന് മണിച്ചിത്രത്താഴ് റിലീസായിട്ടില്ല. 93 ന് ശേഷം എത്ര പ്രാവശ്യം ഈ പാട്ട് കേട്ടിട്ടുണ്ടാവുമെന്നറിയില്ല.
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ…
കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു

ഈ ഗാനത്തിലൂടെയാണ് ഗംഗയുടെ ഉള്ളിലേക്ക് സംവിധായകൻ ഇറങ്ങി ചെല്ലുന്നത്. കുഞ്ഞ് ഗംഗയെ മുത്തശ്ശിയെ ഏൽപ്പിച്ച് കൽക്കട്ടയ്ക്ക് പോവുന്ന അച്ഛനമ്മമാർ, മുത്തശ്ശിയോടും നാട്ടുരീതികളോടും ഇഴുകിച്ചേർന്നു ജീവിക്കുന്ന ഗംഗയെ കൽക്കട്ടയ്ക്ക് പറിച്ചു നടാൻ രക്ഷിതാക്കൾ വരുന്നതറിഞ്ഞ അവൾ പരീക്ഷാ ഹാളിൽ നിന്ന് ഒരു ഭ്രാന്തിയെ പോലെ ഇറങ്ങി ഓടുന്നതായിരുന്നു അവളുടെ ആദ്യത്തെ സൈക്കിക് അറ്റാക്ക്. മരുന്നുകൾ കൊണ്ട് ഉറക്കി കിടത്തിയെങ്കിലും മാടമ്പള്ളിയിലെ രീതികളിലും പഴയ സമ്പ്രദായങ്ങളിലും ചേർന്ന് കടുത്ത ചായക്കൂട്ടിൽ ചാലിച്ചെടുത്ത നാഗവല്ലിയുടെ കഥകൂടിയായപ്പോൾ ഉറക്കി കിടത്തിയിടത്തേക്കു തന്നെ മെല്ലെ തിരിഞ്ഞു നടന്ന ഗംഗയുടെ മറ്റൊരു കഥ ഈ ഗാനത്തിലൂടെ ചിത്രീകരിക്കാനായത് ഫാസിൽ തന്റെ ‘മണിച്ചിത്രത്താഴും മറ്റ് ഓർമകളും’ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്.
പ്രിയമുള്ള ആർക്കൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ നമ്മുടെ ഓരോരുത്തരുടേയും ജീവിതം. പ്രിയപ്പെട്ടവന്റെ കാലൊച്ച കേൾക്കാനായി കാത്തിരിക്കുന്ന ചാമരത്തിലെ ഇന്ദുവും (സറീനാ വാഹബ് ), ‘പരസ്പര’ത്തിൽ വെറുമൊരോർമ്മതൻ കിളിന്തു തൂവലും തഴുകി കാത്തിരിക്കുന്ന മീരയും (സറീന വാഹബ് ), ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞ ‘എന്ന് നിന്റെ മൊയ്തീനി‘ലെ കാഞ്ചനയും ‘മണിച്ചിത്രത്താഴി‘ലെ ഗംഗയുമെല്ലാം ഒരേ തൂവൽ പക്ഷികൾ തന്നെയല്ലേ. എന്നോ മനസിൽ ചേക്കേറിയ ഇവർക്കൊപ്പം നന്ദനയും ഞാനറിയാതെ പതിയെ മനസിലേക്ക് നടന്നുകയറുകയായിരുന്നു.
നന്ദന, അവളുടെ ഓരോ വാക്കിനും എന്റെ മനസ് പൊള്ളിക്കാനുള്ള ചൂടുണ്ടായിരുന്നു. ആ വാക്കുകൾ അത്രമേൽ പൊള്ളിച്ചതിനാലാവണം അവളുടെ മനസിന്റെ ഉള്ളറകളിലേക്ക് നുഴഞ്ഞുകയറാനുള്ള മര്യാദകേട് ഞാൻ കാണിച്ചത്.
തികച്ചും യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നതായിരുന്നു നന്ദന. വളരെ കര്‍ക്കശക്കാരിയായ അധ്യാപിക. പ്രവാസിയായ ഭർത്താവും മകനുമൊപ്പം സന്തോഷമായ ജീവിതം. പാട്ടൊഴികെ മറ്റൊരു വിഷയത്തിലും താൽപ്പര്യമില്ല. പാട്ടെന്നാൽ ജീവവായു. സംഗീത വിരോധിയായ ഭർത്താവിനോടൊപ്പം വർഷങ്ങൾ തള്ളി നീക്കവെ സംഗീതത്തിലെന്നപോലെ ജീവിതത്തിലും എപ്പോഴൊക്കെയോ ശ്രുതി പിഴയ്ക്കുന്നത് അവളറിഞ്ഞു. തന്റെ കാലിൽ കുടുങ്ങിയ ചങ്ങല വലിച്ചെറിയണമെന്നാഗ്രഹിച്ചപ്പോഴെല്ലാം വിധി അമ്മയുടെ രൂപത്തിൽ അവളെ പിന്തിരിപ്പിച്ചു.
“നിന്റെ അച്ഛനു പാട്ടിഷ്ടമല്ലാത്തതിനാൽ താലി കഴുത്തിൽവീണശേഷം ഞാനൊരു മൂളിപാട്ടു പോലും പാടിയിട്ടില്ല എന്ന അമ്മയുടെ മാസ് ഡയലോഗിനു മുന്നിൽ അവളുടെ വാദഗതികൾ വീണുടയും. സ്വസ്ഥമായ ദാമ്പത്യമങ്ങനെ (കാണുന്നവർക്കാണെന്നവൾ) ഇഴഞ്ഞു നീങ്ങവെയാണ് വിധി മറ്റൊരാളുടെ രൂപത്തിൽ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
നിനയാത്ത നേരത്ത്, അവളുടെ ഒറ്റപ്പെടലിനൊരുത്തരമായി അയാൾ അവതരിച്ചു. ഏകാന്തതയിൽ ഞാനുണ്ട് ആശ്വാസമായെന്ന വാഗ്ദാനത്തിൽ, അവളുടെ മനസ് ഒന്നു പതറി. പിന്നെ പ്രണയത്തിന്റെ അനർഗള പ്രവാഹമായിരുന്നു, വാക്കുകളിലൂടെ… അവൾക്കായി മാത്രം അയാൾ പാടി. എന്റെ ശ്വാസത്തിനു പോലും നിന്റെ മണമെന്നയാൾ പറയുമ്പോൾ, നിന്റെ വിയർപ്പിന് വല്ലാത്ത നാറ്റമെന്ന് പറഞ്ഞ് വിദേശനിര്‍മ്മിത പെര്‍ഫ്യൂം ‘നീനാ റിച്ചി’ നീട്ടുന്ന പ്രവാസി ഭർത്താവിനെ അവൾക്കോർമ്മ വരും. എന്റെ ജീവിതം ഇനി നിനക്ക് തരുന്നു, എന്തു വേണേലും ചെയ്തോളൂവെന്ന സ്നേഹ മർമ്മരത്തിനു മുന്നിൽ അവൾ മൂക്കും കുത്തി വീണില്ലെങ്കിലല്ലേ അതിശയമുള്ളൂ. അവളുടെ ലോകം അയാളിലേക്ക് ചുരുങ്ങി. അയാളുടെ ലോകം തന്നിലേക്കു ചുരുങ്ങിയതായി അവളും കരുതി.

shobana
ഒരു കളിത്തോണിയിൽ
ഒരുസ്വപ്നസീമയിൽ
ഒരുമിച്ചിരുന്നൊന്നു തുഴയുവാൻ മോഹം
ഒരുമിച്ചിരുന്നൊന്നു പാടുവാൻ ദാഹം
ദാഹം ദാഹം ദാഹം… 

എന്നയാൾ പാടുമ്പോൾ അവളും ഏറ്റുപാടി. ഒരു രാത്രി മുഴുവൻ അയാൾ ഫോണിലൂടെ തനിക്കായി പാടിയെന്ന് പറയുമ്പോൾ അവളുടെ വാക്കുകളിൽ പഴയ പ്രണയത്തിന്റെ നിഴൽ.
മാർക്വേസിന്റെ ‘കോളറക്കാലത്തെ പ്രണയ’ത്തിലെ നായകനെയാണ് അപ്പോഴെനിക്ക് ഓർമ്മ വന്നത്. ഫെർമിനയുടെ പ്രണയത്തിനായി എന്തും ചെയ്യാൻ തയ്യാറായിരുന്ന ഫ്ലോറന്റിനോ. രാത്രി മുഴുവൻ അവളുടെ വീടിനു മുന്നിലുള്ള പാർക്കിലിരുന്ന് അവൾക്കായി പ്രണയ സംഗീതമൊരുക്കിയ ഫ്ലോറന്റിനോ. ഫ്ലോറന്റിനോയുടെ ജീവിതത്തിലേക്ക് അനേകം സ്ത്രീകൾ കടന്നുവരുന്നുണ്ടെങ്കിലും ആ സ്ത്രീകളിലെല്ലാം അയാൾ കാണുന്നത് ഫെർമിനോയെ ആയിരുന്നു. എന്നാൽ ഫ്ലോറന്റിനോയെ പോലെ ആയിരുന്നില്ല നന്ദനയുടെ കഥയിലെ നായകൻ. പെട്ടെന്നൊരുനാൾ എന്തിനെന്നറിയാതെ ഒഴിവാക്കപ്പെട്ടപ്പോൾ, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടുള്ള യാത്രയ്ക്കിടയിലായിരുന്നു അവളെന്നെ തേടിയെത്തുന്നത്.
പിന്നീടെപ്പോഴോ ഒരു രാത്രി സ്വപ്നത്തിലേക്ക് ഫോൺ ചെയ്തവൾ ചോദിച്ചു, “എന്തുകൊണ്ടാവണം ജോലിയും സാമ്പത്തിക ഭദ്രതയും സ്വസ്ഥമെന്ന് തോന്നുന്ന കുടുംബ ജീവിതവുമുള്ള ഒരു സ്ത്രീ മറ്റൊരു ബന്ധത്തിലേക്ക് ചായുന്നത്? തന്റെ ജീവിതം മറ്റൊരാൾക്ക് പകുത്തു നൽകുന്നത് ?” എത്രയോ രാത്രികളിൽ ഇങ്ങേത്തലയ്ക്കൽ റീസവറും പിടിച്ച്, ഉത്തരം പറയാനാവാതെ ഞാൻ സ്വപ്നത്തിലുണർന്നിരുന്നിട്ടുണ്ട്, മലയാളിക്ക് ഒരിക്കലും സ്വീകരിക്കാനാവാത്ത വിവാഹേതര ബന്ധത്തിന്റെ പൊരുളും തേടി.
കഴിഞ്ഞതൊക്കെ ഒരു തമാശയായിക്കാണാൻ ഇപ്പോഴവൾ പഠിച്ചിരിക്കുന്നു. പാട്ടാണ് ജീവിതം നശിപ്പിച്ചതെന്ന് ചിന്തിച്ചവൾ പാട്ടിലൂടെ ജീവിതം തിരിച്ചു പിടിച്ചു. സംഗീതത്തിന് മാത്രം കഴിയുന്ന മാജിക്. അവൾ തിരക്കിലാണ്. ലക്ഷക്കണക്കിന് ഫോളോ
വേഴ്സുമായി. എങ്കിലും എനിക്കുള്ള രാത്രി പാട്ടവൾ മുടക്കാറില്ല. ഞാനിതെഴുതുമ്പോൾ ദേ, വന്നു വല്ലോ ഇന്നത്തെ ഗാനശകലം. അകലങ്ങളിലിരുന്നവൾ എന്റെ മനസ് വായിച്ചുവോ? കേൾക്കാൻ കാതോർത്തിരുന്ന ഗാനം!
കൊതിയോടെ ഓടിപ്പോയ്
പടിവാതിലിൽ ചെന്നെൻ
മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിൻ കൊമ്പ് -
എന്റെ കരളിലെ തേന്മാവിൻ കൊമ്പ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.