23 December 2024, Monday
KSFE Galaxy Chits Banner 2

പൗരാവകാശങ്ങള്‍ക്ക് ഭീഷണിയായി ശിരോവസ്ത്ര വിവാദം

Janayugom Webdesk
February 14, 2022 5:00 am

നിരുപദ്രവകാരിയായ ശിരോവസ്ത്രം രാഷ്ട്രീയ അധികാരം കയ്യാളാനും ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള ആയുധമായി മാറുന്നത് ലോകം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. തീരദേശ കര്‍ണാടകത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു ജൂനിയര്‍ കോളജില്‍ നിന്നും ആരംഭിച്ച ഹിജാബ് വിവാദം രാജ്യത്തെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നതില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ വലിയൊരളവ് വിജയിച്ചു. അതിന് അവസരം ഒരുക്കുന്നതില്‍ ന്യൂനപക്ഷങ്ങളുടെ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ സംഭാവനയും അവഗണിക്കാവുന്നതല്ല. സംഘിമാധ്യമങ്ങള്‍ അത് വിദ്വേഷ പ്രചാരണത്തിന്റെ ഉത്സവമാക്കി മാറ്റി. വിഷയത്തെ മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് തീര്‍പ്പുകല്പിക്കുന്നതിനു പകരം അതിന്റെ മതപരമായ അനിവാര്യത പരിശോധനാവിധേയമാക്കുക വഴി രാഷ്ട്രീയ അന്തരീക്ഷത്തെ സംഘര്‍ഷ പൂര്‍ണമാക്കുന്നതില്‍ നീതിപീഠവും ബോധപൂര്‍വമൊ അല്ലാതെയൊ അതിന്റേതായ സംഭാവന നല്‍കിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ : പൗരത്വം നേടിയ റോബോട്ട്


ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന ഓരോ പൗരന്റെയും സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും, അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെങ്കില്‍, ഉറപ്പു നല്‍കുന്നുണ്ട്. ഒരാള്‍ക്ക് മറ്റൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം മതവിശ്വാസത്തിന് അനുസൃതമായി ശിരോവസ്ത്രം ധരിക്കാനൊ ധരിക്കാതിരിക്കാനൊ ഉള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. അത് ഒരാളുടെ സംസ്കാരത്തിന്റെയൊ മതവിശ്വാസത്തിന്റെയൊ പ്രതീകമാണെങ്കില്‍പോലും രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ അവരുടെ മത‑സംസ്കാര ചിഹ്നങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായി മാത്രമെ അതിനെ കാണേണ്ടതുള്ളു. അത്തരം മതചിഹ്നങ്ങള്‍ പൊതുസ്ഥലത്ത് ധരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെ മറ്റൊരാള്‍ അപ്രകാരം ചെയ്യുന്നതിനെ എതിര്‍ക്കുക എന്നത് ഏറ്റവും മിതമായ ഭാഷയില്‍ അതിരുകടന്ന അസഹിഷ്ണുത മാത്രമാണ്.


ഇതുകൂടി വായിക്കൂ : പൗരത്വം- ചങ്ങലയ്ക്ക് ഭ്രാന്തു വരുമ്പോള്‍


ഉഡുപ്പിയില്‍ ആരംഭിച്ച ഹിജാബ് വിവാദം ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. അതിന്റെ പ്രഭാവം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ് അടക്കം സംസ്ഥാനങ്ങളില്‍ പ്രകടമാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനുവേണ്ടി നേരത്തെതന്നെ മുറവിളി കൂട്ടിക്കൊണ്ടിരുന്ന ബിജെപി-സംഘപരിവാര്‍ നേതൃത്വം തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള സുവര്‍ണാവസരമായി വിവാദ കോലാഹലത്തെ മാറ്റുകയാണ്. രാജ്യത്തൊട്ടാകെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല അധ്യാപകര്‍ക്കു പോലും ഏകീകൃത യൂണിഫോം വേണമെന്ന ആവശ്യവുമായി ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞു. ഒരു രാജ്യം ഒരു നികുതി സമ്പ്രദായം എന്നു തുടങ്ങി ‘ഒരു രാജ്യം ഒരേ യൂണിഫോം’ എന്നിടത്തേക്ക് രാജ്യത്തെ നയിക്കാനാണ് ശ്രമം. രാജ്യത്തിന്റെ സാംസ്കാരികവും, ഭാഷാപരവും, മതപരവുമായ വെെവിധ്യങ്ങളെ അപ്പാടെ തുടച്ചുനീക്കി തല്‍സ്ഥാനത്ത് ഏകീകൃത ഹിന്ദുത്വ സാംസ്കാരിക വെെകൃതം അടിച്ചേല്‍പ്പിക്കാനാണ് നീക്കം. ഭൂരിപക്ഷ മതത്തിന്റെ പേരില്‍ രാജ്യത്തിന്റെ വെെവിധ്യ മനോഹാരിതയെ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്ക് കീഴ്പ്പെടുത്തുക എന്നത് സംഘപരിവാര്‍ സ്ഥാപകരുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. വസ്തുത ഇതായിരിക്കെ റിപ്പബ്ലിക്കന്‍ ഭരണഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളില്‍ ഉന്നത നീതിപീഠങ്ങള്‍ അവസരോചിത ഇടപെടലുകള്‍ക്കും തീര്‍പ്പുകള്‍ക്കും കാലവിളംബം വരുത്തുന്നത് ഉല്‍ക്കണ്ഠാജനകമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പരമോന്നത നീതിപീഠം വിശ്വാസത്തിനും പകരം ഭരണഘടനാപരമായ പൗരന്റെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഉണ്ടായത്. ആ മാനദണ്ഡം ശിരോവസ്ത്രത്തിന്റെ കാര്യത്തിലും ബാധകമാണ്. വിശ്വാസം വ്യക്തിപരവും ഭരണഘടനാപരമായ അവകാശം സാര്‍വത്രികവുമാണെന്ന് നീതിപീഠത്തെ അനുസ്മരിപ്പിക്കാന്‍ പൗരന്മാര്‍ നിര്‍ബന്ധിതരാകുന്നു.
മതത്തെ ഉപയോഗിച്ച് അധികാരം കയ്യാളാനും അത് നിലനിര്‍ത്താനും ശ്രമിക്കുന്നവര്‍ക്ക് ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും വിലകെട്ടവയാണ്. മതവും വിശ്വാസവും അവര്‍ക്ക് ഭിന്നിപ്പിനുള്ള ഉപകരണങ്ങളാണ്. അത് രാജ്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തയില്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. അപായകരമായ ഈ തീക്കളിക്ക് മറുപടി നല്‍കാന്‍ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനെ കഴിയൂ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.