9 May 2024, Thursday

Related news

May 2, 2024
April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024

ഗ്യാന്‍വാപി മോസ്ക് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
ലഖ്നൗ
September 9, 2021 10:32 pm

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന ഗ്യാന്‍വാപി മോസ്‌ക് സ്ഥിതി ചെയ്യുന്നത് തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ മുകളിലാണെന്ന വാദത്തില്‍ നടക്കുന്ന സര്‍വേ നിര്‍ത്തിവയ്ക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. വാരണാസി കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ്‌ഐ) സര്‍വേ ആരംഭിച്ചിരുന്നു. കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ജസ്റ്റിസ് പ്രകാശ് പാഡിയ ഉത്തരവിട്ടു. 2019 ല്‍ ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഗ്യാന്‍വാപി മോസ്‌കുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ എഎസ്‌ഐയോട് വാരണാസി കോടതി നിര്‍ദേശിച്ചത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് പുരാതന വിശ്വേശ്വര ക്ഷേത്രം തകര്‍ത്ത് അതിന് മുകളില്‍ നിര്‍മ്മിച്ചതാണ് മോസ്‌ക് എന്നാണ് ചിലരുടെ വാദം. 1991 ല്‍ ഈ തര്‍ക്കം ഹൈക്കോടതിയ്ക്ക് മുന്നില്‍ എത്തുകയും ചെയ്തിരുന്നു. ഏപ്രിലിലാണ് വാരണാസി കോടതി പുതിയ പരാതിയിന്മേല്‍ തര്‍ക്കം പരിശോധിക്കാന്‍ എഎസ്‌ഐയിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട അഞ്ചംഗ സമിതിയെ രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്.

 

 

മൂന്ന്​ പതിറ്റാണ്ടു മുമ്പ്​ നൽകിയ ഹരജിയിലാണ് ​ ക്ഷേത്രം കയ്യേറിയോ മാറ്റം വരുത്തിയോ നിർമിച്ചതാണോ എന്ന്​ പരിശോധിക്കാൻ വരാണസി കോടതി ഉത്തരവിട്ടിരുന്നത്​. ഇതനുസരിച്ച് ആർക്കിയോളജിക്കൽ സർ​​വേ ഓഫ്​ ഇന്ത്യ നടപടിയും ആരംഭിച്ചിരുന്നു. പുരാവസ്​തു ഖനനം ആവശ്യമാണെങ്കിൽ ഭൂമിക്കടിയിൽ നിരീക്ഷണം നടത്തുന്ന റഡാറോ ജിയോ റേഡിയോളജി സംവിധാനമോ ഉപയോഗിക്കാവുന്നതാണെന്ന്​ അന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. പള്ളിയുടെ ഏതു ഭാഗത്ത്​ പ്രവേശിക്കാനും സർവേ നടത്താനും കോടതി അനുമതിയും നൽകി​. സർവേയുടെ ചെലവ്​ ഉത്തർപ്രദേശ്​ സർക്കാർ വഹിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഔറംഗസീബ്​ ക്ഷേത്രം കയ്യേറി നിർമ്മിച്ചതാണ്​ ഗ്യാൻവാപി മസ്​ജിദെന്ന്​ ആരോപിച്ച്​ 1991 ലാണ്​ അഭിഭാഷകൻ വി എസ്​ രസ്​തോഗി കോടതിയെ സമീപിക്കുന്നത്​​. അയോധ്യയിലെ ബാബരി മസ്​ജിദിനെ ഉന്നമിട്ട്​ രാമക്ഷേത്ര പ്രക്ഷോഭം നടക്കുന്ന സമയത്തു തന്നെയായിരുന്നു ഇതും. എന്നാൽ, ഈ ഹര്‍ജിയിൽ കോടതി തീരുമാനമെടുത്തിരുന്നില്ല. ഗ്യാൻവാപി മസ്​ജിദിനെതിരായ ഹരജി പരിഗണിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ അലഹാബാദ്​ ഹൈകോടതിയിൽ ഗ്യാൻവാപി മസ്​ജിദ്​ കമ്മിറ്റി മറ്റൊരു ഹര്‍ജിയും നൽകിയിരുന്നു. ഈ ഹര്‍ജി കേൾക്കണോ വേണ്ടയോ എന്നു പോലും ഹൈക്കോടതി തീരുമാനിട്ടിരുന്നില്ല.

ഗ്യാൻവാപി മസ്​ജിദിന്റെ ചരിത്രം പരിശോധിക്കാൻ അഞ്ചംഗ വിദഗ്​ദ സമിതിയെ നിയമിക്കണമെന്നാണ്​ ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയോട്​ വരാണസി കോടതി ആവശ്യപ്പെട്ടത്​. ഇതിൽ രണ്ടംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണമെന്നും നിർദേശമുണ്ടായി​. സമിതിയുടെ പ്രവർത്തനം നിരീക്ഷക്കാൻ ഒരു അക്കാദമിക വിദഗ്ധ​നെ നിയമിക്കണമെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു​. അതേസമയം, ഗ്യാൻവാപി മസ്​ജിദിനെതിരായ ഹര്‍ജി തള്ളണമെന്ന​ ഹര്‍ജി അലഹബാദ്​ ഹൈകോടതിയിൽ തീർപ്പാകാത്ത സാഹചര്യത്തിൽ വാരാണസി കോടതിയുടെ ഉത്തരവ്​ നീതീകരിക്കാനാകുന്നതല്ലെന്ന്​ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ പ്രതികരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ശക്താക്കിയത്.

Eng­lish sum­ma­ry; High court orders sus­pen­sion of Gyan­wapi mosque survey

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.