30 April 2024, Tuesday

Related news

April 17, 2024
April 15, 2024
April 15, 2024
April 14, 2024
April 13, 2024
April 12, 2024
April 12, 2024
April 11, 2024
April 9, 2024
April 8, 2024

വിഷു-റംസാൻ ചന്തകള്‍ക്ക് അനുമതിയില്ല; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

സരിത കൃഷ്ണൻ
കോട്ടയം
April 8, 2024 10:48 pm

വിഷു-റംസാൻ ആഘോഷങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി. കൺസ്യൂമർ ഫെഡിന്റെ റംസാൻ‑വിഷു ചന്തകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയില്ല. കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹർജി പരിഗണിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 250 ചന്തകൾ തുടങ്ങാനായിരുന്നു തീരുമാനം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷനോട് നേരത്തെ തന്നെ അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. ഉത്സവകാലത്ത് ജനങ്ങൾക്ക് കിട്ടേണ്ടിയിരുന്ന ഒരു ആശ്വാസമാണ് ഇതോടെ ഇല്ലാതായത്. മുൻകാലങ്ങളിൽ ഇത്തരം വിപണികൾക്ക് അനുമതി നൽകിയിരുന്നതാണ്. അനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുവെന്ന് മന്ത്രി വാസവൻ പറഞ്ഞു. 

ഇന്നലെ മുതൽ വിഷു വരെയുള്ള ദിവസങ്ങളിൽ വിപണി നടത്താനായിരുന്നു തീരുമാനം. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ഉണ്ടായത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉത്സവകാലത്ത് വിലക്കയറ്റം തടഞ്ഞുനിർത്തുവാൻ ഏറെ സഹായകരമാകേണ്ടിയിരുന്ന വിപണിയാണ് കമ്മിഷന്‍ ഇടപെട്ട് ഇല്ലാതാക്കിയത്. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർ ഫെഡ് റംസാൻ‑വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. കൺസ്യൂമർ ഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനതല വിപണിയും സഹകരണസംഘങ്ങളുടെ നിയന്ത്രണത്തിൽ 77 താലൂക്ക് കേന്ദ്രങ്ങളിലും എല്ലാ ത്രിവേണി സ്റ്റോറുകളിലും ചന്തകൾ ആരംഭിക്കാനായിരുന്നു തീരുമാനം. ചന്തകൾക്കായി ഇ ടെണ്ടറിലൂടെ ആവശ്യമായ സാധനങ്ങൾ വാങ്ങുകയും മറ്റ് നടപടികള്‍ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

കൺസ്യൂമർ ഫെഡിന്റെ ഗോഡൗണിൽ നിന്നും ഓരോ സഹകരണസംഘത്തിനും ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്ന തീയതിയും സമയവും പരസ്യപ്പെടുത്തിയിരുന്നു. വിപണിയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും സംഘങ്ങൾക്ക് നൽകിയിരുന്നു.
ഉത്സവകാലങ്ങളില്‍ പതിവായി കൺസ്യൂമർ ഫെഡിന്റെയും സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ പ്രത്യേക ചന്തകൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണയും റംസാൻ‑വിഷു മുൻനിർത്തി വിപണി തുടങ്ങാൻ തീരുമാനിച്ചത്. 13 ഇനം സബ്സിഡി സാധനങ്ങളടക്കം അരി, പച്ചരി, പഞ്ചസാര, വൻപയർ, കടല, ഉഴുന്ന്, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയർ തുടങ്ങിയവ സപ്ലൈകോ വിലയിൽ വിപണിയിലെത്തിക്കാനായിരുന്നു കൺസ്യൂമർ ഫെഡിന്റെ തീരുമാനം. പൊതുവിപണിയെക്കാൾ 10 ശതമാനം വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കാന്‍ നടപടി പൂർത്തിയാക്കിയിരുന്നു.
29 രൂപ നിരക്കിൽ ജയ അരിയും 30 രൂപയ്ക്ക് കുത്തരിയും ഉൾപ്പെടെയാണ് റേഷൻകാർഡ് ഉടമയ്ക്ക് ഇവിടെ നിന്നും സാധനങ്ങൾ ലഭിക്കേണ്ടിയിരുന്നത്. 

Eng­lish Sum­ma­ry: Vishu-Ramzan mar­kets are not allowed; The gov­ern­ment approached the High Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.