November 30, 2023 Thursday

ഹിമാലയം ചൂടില്‍ ഉരുകുന്നു; ദക്ഷിണേഷ്യയിൽ ഭക്ഷ്യോല്പാദനത്തെ ബാധിക്കും

Janayugom Webdesk
ന്യൂഡൽഹി
May 23, 2022 10:35 pm

ഹിമാലയത്തിലെ കാലാവസ്ഥാ വ്യതിയാനം മൂലം അതിവേഗം ഉരുകുന്ന ഹിമാനികൾ ദക്ഷിണേഷ്യയിലെ കാർഷിക മേഖലയെ ബാധിക്കുമെന്ന് പഠനം. ദശലക്ഷക്കണക്കിന് കർഷകരും പ്രതിസന്ധിയിലാകും. കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ്, നെതർലൻഡിലെ ഉട്രെക്റ്റ് യൂണിവേഴ്സിറ്റി, വാഗനിംഗൻ യൂണിവേഴ്സിറ്റി ആന്റ് റിസർച്ച് എന്നിവയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
ഈ വർഷം തുടക്കത്തിൽ, ഐസിഐഎംഡി നടത്തിയ ഗവേഷണത്തിൽ എവറസ്റ്റ് കൊടുമുടിയിലെ മഞ്ഞ് ഭയാനകമായ തോതിൽ കനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഏറ്റവും ഉയർന്ന തലത്തിലുള്ള ഹിമാനികൾ നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്രത്യക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. 1990-കളുടെ അവസാനം മുതൽ എവറസ്റ്റ് കൊടുമുടിയിൽ മഞ്ഞ് ഗണ്യമായി നഷ്ടപ്പെടുന്നു. ഈ ഹിമപാളികൾ രൂപപ്പെടാൻ എടുത്ത 2,000 വർഷത്തേക്കാൾ 80 മടങ്ങ് വേഗത്തിലാണ് ഉരുകുന്നതെന്നാണ് പഠനം. ഏറ്റവും ഉയരം കൂടിയ പ്രദേശത്തെ ഹിമാനികളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം മഴയെ കൂടുതൽ ക്രമരഹിതമാക്കുന്നതിനാൽ, മഴവെള്ളത്തിന്റെയും ഹിമാനി ഉരുകിയ വെള്ളത്തിന്റെയും കുറവ് നികത്താൻ കര്‍ഷകര്‍ക്ക് കൂടുതൽ ഭൂഗർഭജലം പമ്പ് ചെയ്യേണ്ടിവരുന്നു. കൃഷിസ്ഥലം വിപുലീകരിക്കുന്നതിലൂടെ സ്ഥിതി കൂടുതൽ വഷളാകുന്നു. ഭൂഗർഭജലം പമ്പ് ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമല്ല. നിലവില്‍ ദശലക്ഷങ്ങളുടെ ജലസ്രോതസുകൾക്ക് ഹിമാലയൻ ഹിമാനികൾ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. സമീപ വർഷങ്ങളിൽ ത്വരിതഗതിയിലുള്ള കുറവുണ്ടാകുമെന്നാണ് പഠനം കാണിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. 

സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളിൽ ഉരുകിയ വെള്ളവും ഭൂഗർഭജലവും പോലുള്ള ജലവിതരണ സ്രോതസുകൾ ഭാവിയിൽ എങ്ങനെ മാറും എന്ന സവിശേഷമായ മാതൃകയിലായിരുന്നു പഠനമെന്ന് ഐസിഐഎംഒഡിയിലെ മുതിർന്ന കാലാവസ്ഥാ വിദഗ്ധൻ അരുൺ ശ്രേഷ്ഠ പറഞ്ഞു. ഈ പഠനത്തിന്റെ ഫലങ്ങൾ കൃഷിയും ജലവിനിയോഗവും നന്നായി ആസൂത്രണം ചെയ്യാൻ സഹായിക്കും, ഇത് ജലക്ഷാമവും ഭൂഗർഭജല സ്രോതസുകളുടെ ശോഷണവും ഒഴിവാക്കുന്നതിന് സഹായിക്കുമെന്നും ശ്രേഷ്ഠ പറഞ്ഞു. ജലസംഭരണികളുടെ ശേഷി വർധിപ്പിക്കുക, കൂടുതൽ കാര്യക്ഷമമായി വെള്ളം ഉപയോഗിക്കുക, വ്യത്യസ്ത വിളകളിലേക്കോ വ്യത്യസ്ത കാലങ്ങളിലെ കൃഷിയിലേക്കോ മാറുക എന്നിവ പ്രധാനമാണ്. ഹിമാനിയിൽ നിന്നുള്ള വെള്ളത്തിന്റെയും ഭൂഗർഭ സ്രോതസുകളുടെയും സമ്മർദ്ദം കുറയ്ക്കാൻ ഈ നടപടികൾ സഹായിക്കും-പഠനം പറയുന്നു. 

Eng­lish Sum­ma­ry: Himalayas melt in heat; It will affect food pro­duc­tion in South Asia

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.