1990 ല്‍ പുറത്തുവന്ന കാഡ്ബെറി ഡയറിമിൽക്കിന്റെ പ്രശസ്തമായ ഒരു പരസ്യത്തിൽ ആൺസുഹൃത്തിന്റെ വിജയം ആഘോഷിച്ചു നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരാണെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളൊന്നും പരസ്യത്തിലില്ല. പരസ്യം 1990 ൽ ഇറങ്ങിയത് നന്നായെന്നാണ് നിലനിൽക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പറയാനാകുക. കാരണം വിവാഹിതയല്ലാത്ത ഒരു ഭാരതീയ സ്ത്രീ, ഭർത്താവല്ലാത്ത പുരുഷന്റെ വിജയത്തിൽ നൃത്തം ചെയ്ത് ആഘോഷിക്കുന്നത് ‘ഇന്ത്യൻ സംസ്കാരത്തിന്’ ചേർന്നതല്ലെന്ന വാദം സംസ്കാര സൂക്ഷിപ്പുകാർക്കിടയിൽ നിന്ന് ഉയർന്നു വന്നേനെ.
ഫീച്ചർ സിനിമകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ നിന്നു വഴിതിരിഞ്ഞ്, പരസ്യചിത്ര മേഖലയിലെ സദാചാര, സാംസ്കാരിക ഗവേഷണത്തിലാണിപ്പോൾ സംഘപരിവാർ കൂട്ടം. ജെബിഎൽ നോയിസ് ഫ്രീ ഹെഡ്ഫോണിന്റെ പരസ്യം ദീപാവലിയുമായി ബന്ധപ്പെടുത്തിയെന്നതാണ് പരസ്യനിർമ്മാതാക്കൾ ചെയ്ത സംസ്കാര ലംഘനം. വെടിപൊട്ടുന്ന ശബ്ദംപോലും ഹെഡ് ഫോൺ ഉപയോഗിക്കുമ്പോൾ ബാധകമാകില്ലെന്ന് ഉദ്ദേശിച്ച പരസ്യത്തിനെതിരെ, ശബ്ദമില്ലാതെ ദീപാവലി എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യവുമായാണ് ഒരു കൂട്ടർ നേരിട്ടത്. വാഹനപൂജ പ്രമേയമാക്കിയ ഇൻഷുറൻസ് കമ്പനിയുടെ പരസ്യവും ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങൾ നേരിട്ടു. അടുത്തിടെ ഫാബ് ഇന്ത്യ അവതരിപ്പിച്ച പരസ്യത്തിൽ ഉറുദു ഭാഷയും ജഷ്ൻ‑എ-റിവാസ് വസ്ത്രങ്ങളും അവതരിപ്പിച്ചത് ഹിന്ദു സംസ്‍കാരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെ വാദം. പരസ്യം പിൻവലിക്കണമെന്ന ഹാഷ് ടാഗുമായി ബിജെപി നേതാക്കളുൾപ്പെടെ രംഗത്തെത്തിയപ്പോൾ ഫാബ്ഇന്ത്യ പരസ്യം പിൻവലിച്ചു. പരസ്യത്തിലെ മോഡലുകൾ സിന്ദൂരം ചാർത്തിയില്ലെന്നതായിരുന്നു മതവികാരം വ്രണപ്പെടാനുണ്ടായ കാരണം.
ക്രിയേറ്റീവായി അവതരിപ്പിക്കുന്നതെന്തും ആക്രമണത്തിന് വിധേയമാകുന്ന സ്ഥിതിയാണ് നിലവില്‍. സാമൂഹ്യമാധ്യമങ്ങളിലെ ഏതെങ്കിലും ഒരു കോണിൽ നിന്ന് ഉയർന്നുവരുന്ന ഇത്തരം ശബ്ദങ്ങൾ, ഭരണകക്ഷി നേതാക്കളും സംഘപരിവാറുകാരും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു. അതിന്റെ മറപറ്റി മുൻകാലങ്ങളില്‍ അങ്ങിങ്ങായി ഉയർന്നുവന്നിരുന്ന ആക്രമണങ്ങളുടെ ആവൃത്തി, അടുത്തകാലത്തായി വർധിച്ചു വരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. മേൽപ്പറഞ്ഞ സംഭവങ്ങളെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി വ്രണപ്പെട്ട ഹിന്ദു വികാരമാണെന്നതാണ് ശ്രദ്ധേയം. ഈ ഒരൊറ്റ ചട്ടക്കൂടിൽ നിന്നുകൊണ്ടു തന്നെ ആക്രമണങ്ങൾക്ക് പ്രകോപനം സൃഷ്ടിക്കാൻ കഴിയും. റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കി പടക്കം പൊട്ടിക്കരുതെന്ന് പരസ്യത്തിൽ ഉപദേശിച്ച അമിർഖാൻ, ഹിന്ദുവിരുദ്ധ നടനാണെന്നും മുസ്‍ലിങ്ങള്‍ റോഡിൽ വഴിമുടക്കി നമസ്കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളിൽ നിന്നുയരുന്ന ശബ്ദമലിനീകരണം ഒഴിവാക്കണമെന്ന് പറയാനും കമ്പനി ധൈര്യപ്പെടുമായിരുന്നോ എന്നുമൊക്കെയാണ് ബിജെപി എംപിയടക്കം വിമർശിച്ചത്.
പരസ്യചിത്രങ്ങൾക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ ആക്രോശങ്ങളൊക്കെയും വരുന്നത്. സ്വാധീനം തടയാൻ ഏകോപിതമായ ഒരു നീക്കം സാമൂഹ്യമാധ്യമങ്ങളിലടക്കം നടത്തുന്നു. പിന്നെയുള്ള മാർഗം ബഹിഷ്കരണ ക്യാമ്പയിനുകളാണ്. ബ്രാൻഡുകൾക്ക് സാധാരണയായി സാമൂഹിക വീക്ഷണങ്ങളുണ്ടാകാറില്ല. അവരുടെ ലക്ഷ്യം വില്പന മാത്രമാണ്. അതിനനുസരിച്ചാണ് അവർ പരസ്യങ്ങളിൽ പണം നിക്ഷേപിക്കുന്നതും. തികച്ചും പോസിറ്റീവായ രീതിയിൽ പരസ്യചിത്രങ്ങൾ നിർമ്മിക്കാറുള്ള ബ്രാൻഡുകൾ ആരെയും ബഹിഷ്കരിക്കാനോ വെറുക്കാനോ വേദനിപ്പിക്കാനോ ആവശ്യപ്പെടുന്നില്ല. ഈ സാഹചര്യം നിലനിൽക്കേ പരസ്യങ്ങൾക്കെതിരെ, അതും സാമുഹികമാറ്റം അംഗീകരിക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള ഏകീകൃത ബഹിഷ്കരണ ക്യാമ്പെയ്നുകൾ അപരിഷ്കൃതമാണ്. ഒരുമിച്ച് നിൽക്കാനും വ്യത്യാസങ്ങൾക്കും ഭിന്നതകൾക്കും അതീതമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ബിജെപി നടത്തുന്ന യുക്തിരഹിതമായ നീക്കങ്ങൾ സംഘപരിവാർ മനസുകളിലെ മനുസ്‍മൃതിയുടെ പ്രതിഫലനമാണ്.
ഹിന്ദു വിശ്വാസിയായ മരുമകളുടെ വയറുകാണൽ ചടങ്ങ് പരമ്പരാഗത രീതിയിൽ നടത്തുന്ന മുസ്‍ലിം കുടുംബത്തിനെ കാണിക്കുന്ന തനിഷ്ക് ജുവലറിയുടെ പരസ്യവും പിൻവലിപ്പിച്ചു എന്നോർക്കുമ്പോഴാണ് മതേതരത്വത്തിലുളള സംഘപരിവാരത്തിന്റെ അസഹിഷ്ണുത എത്രത്തോളമുണ്ടെന്ന് മനസിലാകുന്നത്. സ്വവർഗവിവാഹങ്ങള്‍ സ്വാഭാവികമാണെന്നും അംഗീകരിക്കപ്പെടേണ്ടതാണെന്നുമുള്ള ഡാബറിന്റെ കർവാചൗത്ത് പരസ്യവും സംസ്കാരം, ആചാരം, ഹിന്ദുത്വം, മതവികാരം എന്ന സ്ഥിരം ആയുധമുപയോഗിച്ച് ബിജെപി പിൻവലിപ്പിച്ചു. രാജ്യത്തെ നിയമംപോലും അംഗീകരിച്ചിട്ടില്ലാത്ത, ആശയപരമായും സാമൂഹികമായും സാംസ്കാരികമായും ജെെവികമായും അംഗീകരിക്കപ്പെടേണ്ട ചിന്താഗതിയാണ് ഹിന്ദുത്വം അനുവദിക്കുന്നില്ലെന്ന പേരിൽ വിമർശന വിധേയമാകുന്നത്.
അടിസ്ഥാന പരമായി ബ്രാൻഡുകൾ ഒരു ഉല്പന്നം വിൽക്കുന്നതിനായാണ് പരസ്യങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. സർക്കാരുകളെപ്പോലെ ബ്രാൻഡുകൾക്ക് ജനങ്ങളുടെമേൽ യാതൊന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഒരു വ്യക്തി ഒരു ബ്രാൻഡിന്റെ പരസ്യമോ അതിന്റെ സന്ദേശമോ അംഗീകരിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ലെങ്കിൽ, അത് അവഗണിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്യത്തിന്റെ ഉള്ളടക്കത്തിൽ വിയോജിക്കാനും അവകാശമുണ്ട്. എന്നാൽ ആ വിയോജിപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നതിനർത്ഥം, അവരുടെ ചിന്താഗതിക്ക് അനുസൃതമായി ചിന്തിക്കാൻ ബ്രാൻഡുകളെയും പരസ്യ നിർമ്മാതാക്കളെയും നിർബന്ധിക്കുന്നുവെന്നാണ്. അത് അസഹിഷ്ണുത മാത്രമായല്ല ഭീഷണിപ്പെടുത്തലായും വേണം കണക്കാക്കാൻ.ഇത് പരസ്യനിർമ്മാതാക്കളെ സെൻസർഷിപ്പിലേക്ക് നയിക്കുകയും ബ്രാൻഡുകളുടെ ആശയങ്ങളെയും സർഗാത്മകതയെയും തടയുകയും ചെയ്യും.
ബ്രാൻഡുകൾ അവരുടെ ആശയങ്ങൾക്കും സർഗാത്മകതയ്ക്കും ഒപ്പം നിൽക്കണം. ഉപഭോക്താക്കളിലേക്ക് അപരിഷ്കൃത സന്ദേശം നൽകുകയോ അവരെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം ബ്രാൻഡിനെ പറ്റി അവരോട് സംവദിക്കാനുള്ള ഏറ്റവും നല്ല ആശയം ഏതെന്ന് അവർ തീരുമാനിക്കണം. എന്നാൽ ആ നിലപാടാണ് കമ്പനികളുടെ ഭാഗത്ത് നിന്ന് ഇല്ലാതെ പോകുന്നത്. ഭീഷണികളോട് ബ്രാൻഡുകൾ പെട്ടെന്ന് കീഴടങ്ങുന്നതും പരസ്യങ്ങൾ പിൻവലിക്കുന്നതും കൂടുതൽ ബഹിഷ്കരണങ്ങൾക്ക് ആഹ്വാനം ചെയ്യാൻ സംഘപരിവാര കൂട്ടങ്ങളെ ധൈര്യം നല്‍കും. ബഹിഷ്കരണ ക്യാമ്പയിനുകളെ പ്രതിരോധിച്ചുവേണം ബിജെപിയുടെ ഹിന്ദുത്വ വികാരത്തള്ളിച്ചകളെയും മതേതര ചിന്താഗതിയോടുള്ള അസഹിഷ്ണുതയെയും നേരിടാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.