23 December 2024, Monday
KSFE Galaxy Chits Banner 2

ചരിത്രം പഠിക്കണം, പഠിപ്പിക്കണം

അജിത് കൊളാടി
വാക്ക്
November 19, 2022 4:45 am

ത്യം മരിക്കുന്ന നാലു മാർഗങ്ങളെ കുറിച്ച്, ദി ലാംഗ്വേജ് ഓഫ് നേർഡ് റീഹിൽ, വിക്ടർ ക്ലെമ്പെറർ പറയുന്നുണ്ട്. കെട്ടുകഥകളെ വസ്തുതകളായി പ്രചരിപ്പിക്കുക (ഉദാ: വലതുപക്ഷ, ഏകാധിപത്യ പ്രവണതകൾ ഉള്ള നേതാക്കളുടെ ‑ട്രംപ്, മോഡി- ഭരണത്തിലും പ്രചരണത്തിലും നുണകൾക്കാണ് പ്രാധാന്യം), ഉള്ളടക്കമില്ലാത്ത മുദ്രാവാക്യങ്ങൾ ആവർത്തിക്കുക (സബ് കി സാഥ്, സബ്കാ വികാസ് ), എല്ലാവരുടെയും വികാസം എന്നാൽ കോർപറേറ്റുകൾക്ക് സൗജന്യം നല്കുക, പ്രചാരണംകൊണ്ട് രക്ഷകരിലുള്ള അന്ധവിശ്വാസം സൃഷ്ടിക്കുക, എന്നിവയാണ് ആ മാർഗങ്ങൾ.

അസത്യ പ്രചരണം വസ്തുതകളെക്കാൾ പ്രധാനമാക്കുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് കോർപറേറ്റ് ശക്തികളും, വലതുപക്ഷ ഏകാധിപത്യ ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഏകാധിപത്യ സ്വഭാവവും, സ്വജനപക്ഷപാതവും, അധികാര ദുർവിനിയോഗവും മറച്ചുപിടിക്കാൻ എല്ലാ ഭരണകൂടങ്ങളും, പ്രസ്ഥാനങ്ങളും അസത്യത്തിന് പ്രാധാന്യം നല്കുന്നു. ഇതാണ് സത്യാനന്തര സമൂഹം. പോസ്റ്റ് ട്രൂത്ത് ഈസ് പ്രീ ഫാസിസം എന്ന് ചിന്തകർ പറഞ്ഞിട്ടുണ്ട്. മുൻപ് വസ്തുതകൾ അസത്യത്തെ തോല്പിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. വ്യാജവാർത്തകൾ പ്രവഹിക്കുന്ന കാലത്ത്, അതിനുവേണ്ടി മാധ്യമങ്ങൾ അത്യധ്വാനം ചെയ്യുമ്പോൾ ഇത് കൂടുതൽ എളുപ്പമാകുന്നു. നോട്ടു പിൻവലിക്കൽ ചെറുകിട വാണിജ്യങ്ങളെ പൂർണമായും തകർത്തിട്ടും, അസത്യമായ സ്ഥിതിവിവര കണക്കുകൾ കാണിച്ച് കേന്ദ്രസർക്കാർ സർക്കസ് കളിക്കുന്നതു തന്നെ ഉദാഹരണം. ഇന്ന് മൂലധനമെന്നത് ഏതു പക്ഷത്തിനും സ്വീകാര്യമായി. ജർമ്മനിയിൽ നാസി ഭരണകാലത്ത് ബുദ്ധിജീവികളും മറ്റും ക്രമേണ നാസിസത്തെ അനുകൂലിക്കുന്നവരായി മാറി. നാസിസത്തെ എതിർക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. ഇന്ന് ഇന്ത്യയിലും ബുദ്ധിജീവികളും അക്കാദമിക്കുകളും കേന്ദ്ര‑സംസ്ഥാന ഭരണാധികാരികളുടെ സ്തുതിപാഠകരായി മാറുന്നത് നാം കാണുന്നു.


ഇതുകൂടി വായിക്കൂ:  സമരങ്ങളുടെ അനിവാര്യത


ചരിത്രമെന്നത് മൗനങ്ങളിൽ കുഴിച്ചുമൂടാൻ കൊതിക്കുന്ന ചത്ത വിവരങ്ങളുടെ ചുരുക്കെഴുത്തല്ല. മരിക്കുമ്പോഴും മനുഷ്യർ ഒരു ഒസ്യത്തുപോലെ അനന്തര തലമുറകൾക്ക് പകുത്തു നല്കുന്ന സ്വന്തം ചങ്കിടിപ്പുകളുടെ ചോരയാണത്. എത്ര മായ്ച്ചാലും അവ മായില്ല. വിജയികളെന്ന് സ്വയം കരുതുന്നവരുടെ ആക്രോശങ്ങൾക്കിടയിൽ കേൾക്കാതെ പോവുന്ന ചങ്കിടിപ്പുകളിൽ നിന്ന് ചരിത്രം പിന്നെയും കരുത്താർജിക്കും എന്ന വസ്തുത അട്ടഹസിക്കുന്നവർ മറക്കുന്നു.

സ്വന്തം സൗകര്യാർത്ഥം ആരേയും എപ്പോൾ വേണമെങ്കിലും റാഞ്ചിയെടുക്കാനുള്ള സാമർത്ഥ്യവും കരുത്തും ഇന്ത്യയില്‍ സംഘ്പരിവാർ ഫാസിസത്തിനുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കഴിയാത്തവിധം എന്തും പിടിച്ചെടുത്ത് സ്വന്തമാക്കാൻ അവർക്ക് കഴിയും. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ കീഴടക്കാൻ അവർക്ക് എപ്പോഴും ആവേശമാണ്. അതവർ കൃത്യമായി ചെയ്യുന്നു. നമ്മുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സംസ്കൃതിയെ, ദർശനങ്ങളെ, അവർ ദുർവ്യാഖ്യാനിക്കുന്നു. സംസ്കാരത്തെ കയ്യടക്കലാണ് സാംസ്കാരിക രാഷ്ട്രീയമെന്ന് അവർ കരുതുന്നു. ഉദാഹരണത്തിന് സർദാർ പട്ടേൽ നിർമ്മാണത്തിലൂടെ സംഘ്പരിവാർ നിർവഹിച്ചത് ശക്തിയുടെയും ഉരുക്കുമുഷ്ടിയുടെയും പ്രകീർത്തനമാണ്. തങ്ങൾക്കാവശ്യം പട്ടേലിന്റെ കരുത്തിനെയാണ് എന്ന് ഫാസിസ്റ്റുകൾ പറയുന്നു. അല്ലാതെ സർദാർ പട്ടേൽ എന്ന നേതാവിനെയല്ല. ചരിത്രത്തെയും പൈതൃകങ്ങളെയും അവർ വളച്ചൊടിച്ചു, വികൃതമാക്കി.

ഇന്ന് വലിയ പരസ്യബോർഡുകളിൽ, പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു, ഏകാധിപതികളുടെ കൂറ്റൻ ചിത്രങ്ങൾ. പണ്ടൊരു നരേന്ദ്രൻ ഒരു പരസ്യത്തിലും പ്രത്യക്ഷപ്പെടാതെ ഇന്ത്യയുടെ അഭിമാനമുയർത്തി, വിവേകത്തിൽ ആനന്ദം കണ്ടെത്തി. ഇന്നോ വലതുപക്ഷ തീവ്രവാദ നേതാക്കൾ, എത്രയോ നികൃഷ്ടമായ മനുഷ്യ വിരുദ്ധ പ്രവൃത്തികൾ ചെയ്തിട്ടും വംശഹത്യകൾ നടത്തിയിട്ടും അതിഭീകരമായ സാമൂഹ്യ അസമത്വം സൃഷ്ടിച്ചിട്ടും, ഒരു ജാള്യതയുമില്ലാതെ കൂറ്റൻ ബോർഡുകളിൽ നിറഞ്ഞു നില്ക്കുന്നു. ഭരണാധികാരികളെ സ്തുതിക്കുന്നതാണ് കൂറ്റൻ കട്ടൗട്ടുകൾ. ഇതിലൂടെ അവർ വലിയ ചരിത്രത്തെ വികൃതമാക്കുന്നു. ലോകം മുഴുവൻ വിജ്ഞാനത്തിന്റെ സുഗന്ധം പടർത്തിയ ആ പഴയ നരേന്ദ്രന്റെ നാട്ടിലാണ്, അഭിനവ നേതാക്കൾ ഇന്ന് സ്വയം പ്രകീർത്തിച്ചുകൊണ്ടുള്ള, അങ്ങേയറ്റത്തെ ആത്മപ്രശംസയുടെ സമൂഹത്തെ വളർത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ എന്ത് അസംബന്ധങ്ങളും കേൾക്കാം. താജ്മഹലിനെ തേജോ മഹൽ എന്ന ക്ഷേത്രമാക്കാം, പൈഥഗോറസ് നമ്മുടെ പതഞ്ജലി മഹർഷിയാണെന്നും, ഹോമർ വാല്മീകിയുടെ പകർപ്പാണെന്നും, അബ്രഹാം നമ്മുടെ ബ്രഹ്മത്തിന്റെ മറ്റൊരു പേരാണെന്നും, ഹോമിയോപ്പതി ചികിത്സയുടെ സ്ഥാപകനായ ഹാനിമാൻ നമ്മുടെ ഹനുമാനാണെന്നും അവകാശപ്പെടുന്നിടത്തോളം അസംബന്ധങ്ങൾ തടിച്ചുകൊഴുക്കുന്നു. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടന്നതും ഇവിടെയാണത്രെ. ഇതും ഇതിലപ്പുറവും ചരിത്രത്തിന്റെ വളച്ചൊടിക്കലിലൂടെ നടക്കും.


ഇതുകൂടി വായിക്കൂ:  വായനയും സമൂഹവും


കോടിക്കണക്കിന് സാമ്പത്തിക വരുമാനവും സാംസ്കാരിക പ്രശസ്തിയും ഇന്ത്യക്ക് നേടിത്തന്ന താജ്മഹലിനെ അവർ അവഹേളിച്ചു. അവർക്ക് താജ്മഹൽ കവിതയല്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തവർ, അവരുടെ പാദസേവ നടത്തിയ സംഘ്പരിവാർ, മുഗൾ ഭരണത്തെ ഇന്ത്യയുടെ ശത്രുക്കളായി കാണുന്നു. ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെ മുച്ചൂടും നശിപ്പിച്ച്, കൊള്ളയടിച്ച് എല്ലാം കവർന്നു കൊണ്ടുപോയി. മത‑ജാതി വിഭജനം നടപ്പിലാക്കി ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചു. മുഗളന്മാർ ഇന്ത്യയെ നിർമ്മിച്ചു. ഇന്ത്യൻ പൈതൃകം സംരക്ഷിച്ചു. ദാരാ ഷോക്കു ഉപനിഷത്തുകള്‍ വിദേശഭാഷയിലേക്ക് തർജമ ചെയ്തു. മഹാഭാരതം വിവർത്തനം ചെയ്തു മുഗളന്മാർ. ഹിന്ദു മുസ്‌ലിം ഐക്യത്തിനു വേണ്ടി പ്രവർത്തിച്ചു. പക്ഷെ സംഘ്പരിവാറിന് ശത്രുക്കൾ മുഗളന്മാർ ആണ്. ചരിത്ര ദുർവ്യാഖ്യാനത്തിലൂടെ അവർ അപര സമൂഹത്തെ സൃഷ്ടിക്കുന്നു. സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിയേറ്റു മരിച്ചുവീണ ടിപ്പു സുൽത്താനും അവർക്ക് ശത്രുവാണ്. ടിപ്പു ഈ രാജ്യത്തിന്റെ വീരപുത്രനാണെന്ന് അവർ സമ്മതിക്കില്ല. ഇന്ത്യൻ ജനത അനുഭവിക്കുന്ന ജീവല്‍പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ അന്ധ വൈകാരികതകളിലേക്ക് വഴിതിരിച്ചുവിടാൻ, ജാതി മേൽക്കോയ്മാ സംസ്കാരം ജനതയുടെ മേൽ കെട്ടിയേല്പിക്കാനുള്ള ആസൂത്രിതമായ ശ്രമം, ചരിത്രം വളച്ചൊടിക്കുന്നതിലൂടെ സംഘ്പരിവാർ വളർത്തുന്നു.

ശാന്തി മാത്രം പ്രചരിപ്പിച്ച മഹാത്മാവിന്റെ നാട്ടിൽ ശബ്ദമുഖരിതമാണ് അന്തരീക്ഷം. ജീവിതം തന്നെ സത്യാന്വേഷണമായി കൊണ്ടുനടന്ന മഹാത്മാവിന്റെ നാട്ടിൽ ഇന്ന് അസത്യങ്ങളുടെ ഗർജനമാണ്. നിശബ്ദത ഉണ്ടാകാൻ പോലും “സയലൻസ് പ്ലീസ്” എന്ന് അലറണം. ഇവിടെ ബഹളം ആൾക്കൂട്ടത്തിന്റെ മാതൃഭാഷയായി. ഉംബർട്ടൊ ഇക്കോ, “ഫൈവ് മോറൽ പീസസ്” എന്ന പുസ്തകത്തിൻ സാർവജനീന ഫാസിസത്തിന്റെ ലക്ഷണങ്ങൾ പറയുന്നുണ്ട്. ആധുനിക ചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന, കപട പ്രചരണം, ബുദ്ധിജീവി വിരോധം, അഭിപ്രായ വ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത, “അപരരെ” സൃഷ്ടിച്ച് അവരാണ് എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ എന്നു പറയുക, വംശ വിദ്വേഷം, ആണത്തത്തെ കുറിച്ചുള്ള വീമ്പു പറച്ചില്‍, പൊതുവായ സദാചാര നാട്യം, ചിന്തയുടെ സങ്കീർണതയോടുള്ള ഭയം, വിമർശകരെ നിശബ്ദരാക്കുക, ജനങ്ങൾ തങ്ങൾമാത്രമാണെന്ന രീതിയിൽ സംസാരിക്കുക, നുണ മാത്രം പറയുക, ചരിത്രത്തെ വികൃതമാക്കുക എന്നിവയൊക്കെ അവയിൽ പ്രധാനമായവയാണ്. ഇതൊക്കെ കാണണമെങ്കിൽ ഹിറ്റ്ലറുടെയും, മുസോളിനിയുടെയും ചരിത്രത്തിലേക്ക് നോക്കണ്ട, ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിലേക്കും, രാഷ്ട്രീയ നേതൃത്വത്തിലേക്കും നോക്കിയാൽ മതി.


ഇതുകൂടി വായിക്കൂ:  ജീവിതവും ദുരഭിമാനവും


ചരിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ പുത്തൻ രാഷ്ട്രീയ മിത്തുകൾ നിർമ്മിക്കപ്പെടുന്നു. സത്യസന്ധനായ ചരിത്രകാരൻ അതിന് അടിമപ്പെടില്ല. ചരിത്രകാരന്മാർ ബോധപൂർവമോ അബോധപൂർവമോ രാഷ്ട്രീയ വിശ്വാസങ്ങളുടെ അവതാരകരായി തീരാറുണ്ട്. അപ്പോൾ ചരിത്രം രാഷ്ട്രീയ വിശ്വാസങ്ങളെ ജനമധ്യത്തിൽ പെരുപ്പിക്കാനുള്ള ഉപകരണമായി തീരും. ഇതിന് ജനാധിപത്യ സമൂഹം കനത്തവില നല്കേണ്ടിവരും. ഹിറ്റ്‍ലര്‍, മുസോളിനി, സ്റ്റാലിൻ, പോൾപോട്ട് തുടങ്ങിയവരുടെ കാലത്തുള്ള ജനത അനുഭവിച്ച ദുരിതം, ലോകം കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലുണ്ടായ ജനാധിപത്യ ധ്വംസനം നാം കണ്ടു. ഇപ്പോഴും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നത് നിത്യേന കാണുന്നു. ചരിത്രത്തെ മുൻനിർത്തി ധാരാളം നുണപ്രചാരണങ്ങൾ നടക്കുന്നു. പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ആൾ രാഷ്ട്രീയ ലാഭത്തിനായി ചരിത്ര സത്യങ്ങളെ കയ്യൊഴിയുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ്.

ചരിത്ര ദുർവ്യാഖ്യാനം ജനാധിപത്യത്തിന് വെല്ലുവിളികൾ ഉയർത്തും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, സമത്വം, മൗലികാവകാശങ്ങൾ തുടങ്ങിയവയെ അത് ഇല്ലായ്മ ചെയ്യും. വൈവിധ്യത്തോടുള്ള ബഹുമാനത്തെ ഇല്ലാതാക്കും, അത് പ്രാഥമിക സ്വാതന്ത്ര്യങ്ങൾ ജനങ്ങൾക്കു നിഷേധിക്കും. രാഷ്ട്രീയ സാമ്പത്തിക അഴിമതി നിലനിർത്തും. കോർപറേറ്റുകളെ സർവാത്മനാ പിന്താങ്ങും. അധികാരികളെ കണ്ണടച്ച് വിശ്വസിക്കാൻ പ്രേരിപ്പിക്കും.

ഫാസിസ്റ്റ് പ്രചാരണത്തിന്റെ പ്രധാന ഇന്ധനം സാമ്പത്തിക സിദ്ധാന്തങ്ങളല്ല, ആളിക്കത്തും വിധമുള്ള ”സാമാന്യബോധ“മാണ്. വിവേകത്തിന്റെ വെളിച്ചമുണ്ടാക്കുന്നതിലല്ല അവർക്ക് താല്പര്യം, മറിച്ച് വികാരത്തിന്റെ വെള്ളപ്പൊക്കമുണ്ടാക്കാനാണ്. കോർപറേറ്റ് നയങ്ങൾക്കെതിരെ ജനത പ്രതിരോധം തീർക്കുമ്പോൾ, അത് പൊളിക്കാൻ മതവും, പാരമ്പര്യവും, സ്വത്വവും, ഭാഷയും, പുരാണവും ഫാസിസ്റ്റുകൾ ഉപയോഗിക്കും.


ഇതുകൂടി വായിക്കൂ: പുതുവർഷ ചിന്തകൾ


നാം നമുക്ക് നല്കിയ ഭരണഘടനയിലെ സ്വയം നിർവചനത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെ കടന്നു പോകുന്നു. റിപബ്ലിക്, മതേതര, ജനാധിപത്യ, സമത്വോന്മുഖ ദർശനത്തിൽ നിന്ന്, മതാധിഷ്ഠിത, ഫാസിസ്റ്റ് പ്രവണതകൾ ചേർത്തുപിടിക്കുന്ന കോർപറേറ്റ് ആധിപത്യമുള്ള ദേശരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. ഈ കാലത്ത് ചരിത്രം സത്യസന്ധമായി പറയണം. ചരിത്രം സത്യസന്ധമാകുമ്പോൾ ചരിത്രകാരൻ ക്രൂശിക്കപ്പെടും. എന്നാലും സത്യം പറയണം. വാൾട്ടർ ബഞ്ചമിൻ പറഞ്ഞതുപോലെ ആപത്തിന്റെ കാലത്ത് മനസിലൂടെ മിന്നിമറയുന്ന ഓർമ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനം. ഇവിടെ തകർക്കാനാവാത്ത നീതിയുടെ പുനഃസ്ഥാപനം അനിവാര്യമാണ്. ആരോഗ്യപരമായ സംവാദങ്ങൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കണം നാം. നീതിക്കു പകരം ഭീതി ജനങ്ങളുടെ അപ്പമായി തീരുമ്പോൾ ഒരു സംസ്കാരത്തിൽ നിന്നും അപ്രത്യക്ഷമാകുന്നത് തങ്ങൾക്കു വേണ്ടത് തിരഞ്ഞെടുക്കാനുള്ള ജനതയുടെ അവസരങ്ങളാണ് എന്ന് മറക്കരുത്.

“സത്യം അറിയുക, അത് നിങ്ങളെ സ്വതന്ത്രരാക്കും” എന്ന യേശുവചനത്തിന് പ്രസക്തിയുണ്ട്. സത്യം പറഞ്ഞാൽ പോരാ, അത് വിളിച്ചു പറയാനുള്ള നിർഭയത്വം ഉണ്ടാവുകയും വേണം. ചിലപ്പോൾ പറയുന്ന ആൾ ഒറ്റപ്പെടാം, ജനപ്രിയത നഷ്ടപ്പെടാം. അപ്പോൾ ഗാന്ധിജി ഉദ്ധരിക്കാറുള്ള ”ഒറ്റയ്ക്കു പോവുക” എന്ന ടാഗോർ ഗീതം മനസിൽ ഉരുവിടാം. ടാഗോർ പറയും ”ഒരു ചരിത്രമേയുള്ളു. മനുഷ്യന്റെ ചരിത്രം. എല്ലാ ദേശചരിത്രവും കൂടുതൽ ബൃഹത്തായ ഒന്നിന്റെ അധ്യായങ്ങൾ മാത്രം”. മനുഷ്യന്റെ ചരിത്രം പഠിക്കണം, പഠിപ്പിക്കണം ഫാസിസത്തെ, ഏകാധിപത്യത്തെ തകർക്കാൻ. മതഫാസിസമാണ് ഏറ്റവും ശക്തമായി ലോക ജീവിതത്തെ സംഘർഷ പൂർണമാക്കുന്നത്. അതിനെതിരെ ത്യാഗോജ്ജ്വല പോരാട്ടം നടത്താൻ ചരിത്ര പഠനം തീർച്ചയായും സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.