26 April 2024, Friday

വേനലിലും വാടാതെ പൈനാപ്പിൾ വിപണി

എവിൻ പോൾ
തൊടുപുഴ
February 10, 2023 11:07 pm

പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കമ്പനികൾ പൈനാപ്പിൾ സംഭരിക്കാനെത്തിയതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ. ഇത്തവണ സീസണിൽ പൈനാപ്പിളിനു ഭേദപ്പെട്ട വിലയാണ് ലഭിക്കുന്നതെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഇന്നലെ വാഴക്കുളത്ത് പൈനാപ്പിളിന്റെ ഗ്രേഡനുസരിച്ച് പഴത്തിന് കിലോയ്ക്ക് 28 മുതൽ 30 രൂപ വരെയും പച്ചയ്ക്ക് 27 രൂപ വരെയുമാണ് വില ലഭിച്ചത്. വില അല്പം മെച്ചപ്പെട്ട് നിൽക്കുന്നത് കോവിഡ് കാലത്ത് തകർച്ച നേരിട്ട പൈനാപ്പിൾ കർഷകർക്ക് വലിയ ആശ്വാസമായി. ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചതോടെ പൈനാപ്പിളിന് ആവശ്യക്കാരേറിയതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ഇതോടെ പൈനാപ്പിൾ ശേഖരിക്കാൻ പൂനെ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളും രംഗത്തുണ്ട്. കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി വ്യാപാരം വീണ്ടും സജീവമായതോടെയാണ് പൈനാപ്പിൾ സംഭരിക്കാൻ കമ്പനികൾ ഓർഡർ നൽകി തുടങ്ങിയത്. പൈനാപ്പിൾ പൾപ്പും മറ്റു മൂല്യവർധിത ഉല്പന്നങ്ങളും നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനികൾ വിപണിയിൽ സജീവമായതിനാൽ തന്നെ പൈനാപ്പിളിന്റെ വില മോശമല്ലാത്ത രീതിയിൽ തുടരുകയാണ്. കയറ്റുമതി ചെയ്യപ്പെടുന്നവയിൽ അധികവും പച്ചയാണ്. കഴിഞ്ഞ വർഷം പൈനാപ്പിളിന് റെക്കോർഡ് വിലയായ 60 രൂപ വരെയെത്തിയിരുന്നു. മുൻ വർഷങ്ങളിൽ കോവിഡ്, വെള്ളപ്പൊക്കം, കാലാവസ്ഥ വ്യതിയാനം, തൊഴിൽ ക്ഷാമം എന്നിവ മൂലം ഉല്പാദനം ഗണ്യമായി കുറയുകയും പൈനാപ്പിൾ വില കിലോയ്ക്ക് ഏഴ് രൂപ വരെയായി ഇടിയുകയും ചെയ്തിരുന്നു.

വിലയിടിഞ്ഞപ്പോൾ ഹോർട്ടികോർപ്പ് മുഖേന സർക്കാർ കർഷകരെ രക്ഷിക്കുന്നതിനായി പൈനാപ്പിൾ വലിയ തോതിൽ സംഭരിച്ചിരുന്നു. നിലവിൽ വപണി വില അനുസരിച്ച് ഉല്പാദന ചെലവ് മറികടക്കാനാകുമെന്ന് ഓൾ കേരള പൈനാപ്പിള്‍ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് ജനയുഗത്തോട് പറഞ്ഞു. റംസാൻ അടുത്തതോടെ മാർച്ച് മാസവും വില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം രാത്രിയിലെ മഞ്ഞും പകൽച്ചൂടും പൈനാപ്പിൾ കൃഷിക്ക് ദോഷമാണെന്ന് കർഷകർ പറയുന്നു. കടുത്ത വേനലിനെ അതിജീവിക്കാൻ ഗ്രീൻ നെറ്റ്, ഓലമടൽ എന്നിവ ഉപയോഗിച്ച് പൈനാപ്പിൾ തോട്ടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ് കർഷകർ.

Eng­lish Sum­ma­ry: hope for pineap­ple farmers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.