22 December 2024, Sunday
KSFE Galaxy Chits Banner 2

സ്വകാര്യത ഹനിക്കുന്ന ഭീഷണമായ നിയമം

Janayugom Webdesk
August 13, 2023 5:00 am

പൗരന്റെ സ്വകാര്യതയിലേക്ക് സർക്കാരിന് കടന്നുകയറാന്‍ വഴിയൊരുക്കുന്ന വിവര സംരക്ഷണ നിയമം (data pro­tec­tion act) പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ പാസാക്കി. രാജ്യത്ത് കൂട്ട സെൻസർഷിപ്പ് നടപ്പിലാക്കാനും പൗരന്മാരെ നിരീക്ഷണത്തിൽ നിര്‍ത്താനുമുള്ള അവകാശം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യത മൗലികാവകാശമായി ആറ് വർഷം മുമ്പ് സുപ്രീം കോടതി ഉറപ്പിച്ചുപറഞ്ഞിരുന്നതാണ്. പക്ഷെ, വിവര സംരക്ഷണ നിയമം സംരക്ഷിക്കുന്നത് സർക്കാർ സംവിധാനങ്ങളെയും. സാധാരണക്കാരന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും സർക്കാർ കടന്നുകയറിയാല്‍ തടയാനാവാത്ത ദുരവസ്ഥ ബില്ല് സമ്മാനിക്കുന്നു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് ഘോഷണം. പുതിയ ബില്ലിന്റെ 36-ാം വകുപ്പനുസരിച്ച് ഏതൊരു പൗരനോടോ പൊതുജനങ്ങളോടോ വ്യക്തിഗതവിവരങ്ങൾ നൽകാൻ ആവശ്യപ്പെടാനുള്ള എല്ലാ അവകാശവും സർക്കാരിനുണ്ട്. ഈ അവകാശം മാധ്യമങ്ങളെ സര്‍ക്കാരിന്റെ ചൊല്‍പ്പടിയിലെത്തിക്കും. സ്വകാര്യ വിവരങ്ങളിലേക്കും ബില്ലിന്റെ നീരാളിപ്പിടിത്തം എത്തും. ‘സ്വകാര്യ കാര്യങ്ങൾ’ എന്ന് അവ്യക്തമായി അടയാളപ്പെടുത്തുന്നത് ദുരുപയോഗിക്കാന്‍ ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടുന്നു. 2022 നവംബറിലെ നിയമനിർമ്മാണത്തിന്റെ യഥാർത്ഥ പതിപ്പിൽ സ്വകാര്യതാ വിവരങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധർ എതിർത്തവ ഉൾപ്പെടെയുള്ള ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: വില്‍ക്കാനുണ്ട് സ്വകാര്യതകള്‍


കേന്ദ്രത്തിനുള്ള വിർച്വൽ സെൻസർഷിപ്പ് അധികാരവും അപകടകരമാണ്. ദേശീയ സുരക്ഷ, വിദേശ സര്‍ക്കാരുകളുമായുള്ള ബന്ധം, പൊതുക്രമം എന്നിവ ചൂണ്ടിക്കാട്ടി ഈ മാനദണ്ഡങ്ങള്‍ ഒഴിവാക്കാനും ബിൽ കേന്ദ്ര സർക്കാരിനെ അനുവദിക്കുന്നു. അന്തിമ പതിപ്പ് അനുസരിച്ച്, ദേശീയ സുരക്ഷയ്ക്കായി സമ്മതം തേടാതെ തന്നെ കേന്ദ്രത്തിന് പൗരന്മാരുടെ ഡാറ്റ വിശകലനം ചെയ്യാൻ കഴിയും. സബ്സിഡികൾ, സര്‍ക്കാര്‍ ആനുകൂല്യങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസ് അല്ലെങ്കിൽ അനുമതി തുടങ്ങിയ സേവനങ്ങൾ നൽകാന്‍ ഇതുപയോഗപ്പെടുത്താം. ഇതുപോലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രത്യേകാവകാശം ബില്ല് സ്വകാര്യ കമ്പനികൾക്കും നൽകുന്നു. വാർത്തയോ ലേഖനമോ പൊതുതാല്പര്യത്തിന് അനിവാര്യമാണെങ്കില്‍ പോലും നീക്കം ചെയ്യാം. ക്ലോസ് 37(1)(ബി) കാരണങ്ങളൊന്നും നൽകാതെ വിവരങ്ങൾ സെൻസർ ചെയ്യാൻ അനുവാദം നല്‍കുന്നതാണ്. അനിയന്ത്രിതമായ സെൻസർഷിപ്പിന്, ക്ലോസ് 37(1)(ബി) കേന്ദ്രത്തെ അനുവദിക്കുന്നു. വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 69എ പ്രകാരം നിലവിലുള്ള വ്യവസ്ഥകൾക്കപ്പുറമുള്ള സെൻസർഷിപ്പ് അധികാരങ്ങൾ സർക്കാർ ഇതിനകം നേടിയിട്ടുണ്ട്. അതനുസരിച്ചുതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണ് നടക്കുന്നത്. ക്ലോസ് 3(സി)(ii) അനുസരിച്ച് നിര്‍മ്മിതബുദ്ധി പ്രൊഫൈലിങ് കമ്പനികൾക്ക് അവരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ നിന്ന് ഓരോ പൗരന്റെയും വിവരങ്ങള്‍ ശേഖരിക്കാനും വ്യക്തിഗതമായി ക്രോഡീകരിക്കാനുമാകും. സിസിടിവി കാമറകളുടെ അതിവേഗവിന്യാസം, മുഖം തിരിച്ചറിയൽ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന സങ്കീർണത എന്നിവ കണക്കിലെടുക്കുമ്പോൾ ഇത് കൂടുതല്‍ ആശങ്കാജനകവും അപകടകരവുമാണ്. മാധ്യമ പ്രസിദ്ധീകരണങ്ങളുടെയും വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെയും ഉള്ളടക്കം അറിയുന്നതിന് സാധ്യമാക്കുന്നത് പകർപ്പവകാശ ലംഘനത്തിന് തുല്യമാണ്.


ഇതുകൂടി വായിക്കൂ: ഡാറ്റ സുരക്ഷയും സ്വകാര്യതയും!


കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങൾ ഫോൺ കോളുകളുടെയും സന്ദേശങ്ങളുടെയും നിരീക്ഷണം സാധ്യമാക്കുന്നു. വ്യക്തി, സമ്മതം പിൻവലിക്കുകയോ സ്വന്തം ഡാറ്റ മായ്ക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്താൽ പോലും, കൂടുതൽ സമയം വ്യക്തിഗത ഡാറ്റ നിലനിർത്തുന്നതിന് കേന്ദ്ര സർക്കാരിനും അതിന്റെ ‘ഉപകരണങ്ങൾക്കും’ 17(4) ഇളവുകൾ നൽകുന്നു. 36-ാം വകുപ്പ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തിവിവരങ്ങൾ ആവശ്യപ്പെടാൻ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. അതുവഴി മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല എല്ലാ സ്വകാര്യ കമ്പനികളെയും നിരീക്ഷണ ഉപകരണമാക്കി മാറ്റുന്നു. അങ്ങനെ മാധ്യമപ്രവർത്തകരുടെയും ശേഖരിക്കുന്ന വാര്‍ത്തകളുടെ ഉറവിട സ്വകാര്യതയും മാത്രമല്ല, എല്ലാ പൗരന്മാരുടെയും സ്വകാര്യത പഴങ്കഥയാകുകയാണ്. പുട്ടസ്വാമി-യൂണിയൻ ഓഫ് ഇന്ത്യ വിധിന്യായത്തിൽ സുപ്രീം കോടതി പൗരന്മാർക്ക് നൽകിയിട്ടുള്ള സുരക്ഷാ ഉറപ്പിന്റെ ലംഘനമാണിത്. മാധ്യമപ്രവർത്തകർ വാര്‍ത്തകള്‍ക്കായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ സംരക്ഷണം ആവശ്യമാണ്. ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി തയ്യാറാക്കിയ ബില്ലിന്റെ മുൻപതിപ്പ്, മാധ്യമപ്രവർത്തകർക്ക് ഇളവുകൾ ശുപാർശ ചെയ്യുമ്പോൾ ഇത് കണക്കിലെടുത്തിരുന്നു. വ്യക്തിഗത വിവരങ്ങളുടെ ക്രമീകരണം എന്നത് ബില്ലില്‍ അർത്ഥമാക്കുന്നത് ചില വ്യക്തികൾക്ക് പ്രതികൂലമായവ പ്രസിദ്ധീകരിക്കപ്പെടില്ല എന്നതായിരിക്കുന്നു. ചില വ്യക്തികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അപകടസാധ്യതകൾ തുറക്കുന്നു. ഇത് മാധ്യമപ്രവർത്തനത്തെ തടസപ്പെടുത്തുകയും നാലാംതൂണ്‍ എന്ന കാഴ്ചപ്പാടിന്റെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.