അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കേണ്ട തെലങ്കാനയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ വർഗീയ അജണ്ടയുമായി മോഡി സർക്കാർ. ഹെെദരാബാദിന്റെ 75-ാം വാർഷികമെന്ന പേരിൽ ചരിത്രം വളച്ചൊടിച്ചുള്ള വർഗീയ ധ്രുവീകരണമാണ് പദ്ധതിലക്ഷ്യം.
‘ഹൈദരാബാദ് സംസ്ഥാന വിമോചന’ത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു വർഷം നീണ്ടുനില്ക്കുന്ന അനുസ്മരണം സംഘടിപ്പിക്കുമെന്നും ഈ മാസം 17 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് തെലങ്കാന, കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്ക് കേന്ദ്രമന്ത്രി കത്തെഴുതി. സംസ്ഥാനത്തുടനീളം ഉചിതമായ പരിപാടികളോടെ അനുസ്മരണ ദിനം ആചരിക്കണമെന്നും മൂന്ന് മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
നൈസാമിന്റെ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദ് സംസ്ഥാനം 1948 സെപ്റ്റംബർ 17നാണ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. മഹാരാഷ്ട്രയും കർണാടകയും ഈ ദിനം അനുസ്മരിക്കുന്നുണ്ടെങ്കിലും മൂന്ന് സംസ്ഥാനങ്ങളിൽ ഇത് ആഘോഷിക്കാനാണ് കേന്ദ്രം ആഹ്വാനം ചെയ്യുന്നത്.
ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുമെന്ന് അമിത് ഷാ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. തെലങ്കാനയിലെ ജനസംഖ്യയുടെ 12.7 ശതമാനമുള്ള മുസ്‍ലിം വിഭാഗത്തെ വേട്ടയാടി ഹിന്ദുവോട്ട് ഏകീകരിക്കുകയാണ് ലക്ഷ്യം. ഒപ്പം ചരിത്രത്തെ വളച്ചൊടിച്ച് കാവിവല്ക്കരിക്കുകയും. സ്വാതന്ത്ര്യസമരത്തോടൊപ്പം 1945 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ‘തെലങ്കാന സമരത്തെ‘യും തമസ്ക്കരിക്കാന്‍ ലക്ഷ്യമിടുന്നു.
2017 തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിലെ മുസ്‍ലിം സമൂഹം കോൺഗ്രസ്-ടിഡിപി സഖ്യത്തെ പിന്തുണച്ചപ്പോൾ നഗരങ്ങളിൽ ടിആർഎസിന് വോട്ടുചെയ്തു. ഇത്തരത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഫലപ്രദമായി ഭിന്നിപ്പിക്കാമെന്ന് ബിജെപി കരുതുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ, ഇന്ധനവിലവർധന, ന്യൂനപക്ഷവേട്ട തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന കേന്ദ്രവിരുദ്ധവികാരം മറികടക്കാൻ തീവ്രദേശീയതയും ഹിന്ദുത്വ കാർഡുമിറക്കുന്ന പഴയ പദ്ധതിയിലേക്ക് തന്നെയാണ് പാര്‍ട്ടിയുടെ മടക്കം.
English Summary: Hyderabad Liberation Anniversary: Amit Shah’s New Communal Agenda
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.