26 April 2024, Friday

മരുന്നുവിലയില്‍ ആഘാതം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2023 11:07 pm

വിലക്കയറ്റത്തിന്റെ ആഘാതത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു ഇരുട്ടടിയായി മരുന്നുവിലയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന. ഏപ്രില്‍ ഒന്നു മുതല്‍ അവശ്യ മരുന്നുകളുടെ വില 12 ശതമാനത്തിലേറെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കി.
വേദനസംഹാരികള്‍ മുതല്‍ ആന്റിബയോട്ടിക്കുകള്‍ വരെ വില വര്‍ധിക്കുന്നവയില്‍ ഉള്‍പ്പെടും. ആയിരത്തോളം മരുന്നുകള്‍ക്കാണ് വില ഉയരുക. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അവശ്യമരുന്നുകളുടെ വിലയില്‍ ഭീമമായ വര്‍ധന. പണപ്പെരുപ്പം കണക്കിലെടുത്തുള്ള വര്‍ധനയ്ക്കാണ് അനുമതി. 12.12 ശതമാനമാണ് മൊത്തവില രംഗത്തെ പണപ്പെരുപ്പമെന്ന് കണക്കാക്കപ്പെടുന്നു. 

കാൻസര്‍, പനി, പ്രമേഹം, അണുബാധ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തത്തിലെ തകരാറുകൾ, ക്ഷയം, രക്താതിമർദ്ദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കെല്ലാം ചെലവേറും. പാരസെറ്റമോൾ, അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകളുടെ വിലയും ഉയരും.
മരുന്നുവില എല്ലാവര്‍ഷവും പുതുക്കാറുണ്ട്. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വിലയിൽ വർഷം തോറും പത്ത് ശതമാനം വർധനവ് വരുത്താൻ നിർമ്മാതാക്കൾക്ക് ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയുടെ അനുവാദമുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏകദേശം 6,000 മരുന്നുചേരുവകളില്‍ 18 ശതമാനം മാത്രമാണ് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ മരുന്നുകള്‍ക്ക് പരമാവധി നാലു ശതമാനം വരെ മാത്രമാണ് വാര്‍ഷിക വര്‍ധന അനുവദിക്കുന്നത്.
കഴിഞ്ഞവര്‍ഷം രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവ് നടപ്പാക്കിയിരുന്നു. അവശ്യമരുന്നുകളുടെ വില 10.7 ശതമാനമാണ് ഉയര്‍ത്തിയത്. ഇതിനെയും മറികടക്കുന്നതായി ഇത്തവണത്തെ വര്‍ധന. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ക്രമാനുഗതമായ വർധന ഉണ്ടായതായി കമ്പനികള്‍ വാദിക്കുന്നു. സജീവ മരുന്നുചേരുവകളുടെ വില കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 100 ശതമാനത്തിലധികം കൂടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 

Eng­lish Sum­ma­ry: Impact on drug prices; The high­est rate in history

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.