28 April 2024, Sunday

Related news

April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024
November 23, 2023
September 28, 2023
September 18, 2023
August 31, 2023

പഞ്ചാബില്‍ രാഹുല്‍ തന്ത്രം പാളുന്നു;നവജ്യോത് സിംഗ് സിദ്ദു അയയുന്നില്ല

പുളിക്കല്‍ സനില്‍രാഘവന്‍
February 5, 2022 1:25 pm

പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ നില അത്രസുഖകരമല്ല. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും, പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാവുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം ഉള്ള ഏക സംസ്ഥാനവും പഞ്ചാബ് ആണ്. 

മുഖ്യമന്ത്രിയായിരുന്ന അമരേന്ദര്‍ സിംഗ് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലാണ്. എന്നാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്ക് ബിജെപിയോടുള്ള എതിര്‍പ്പ് ഏറെയാണ്. എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യമേ കര്‍ഷകര്‍ക്കുള്ളു. പഞ്ചാബില്‍ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായം വരുന്നു. നവജ്യോത് സിംഗ് സിദ്ദു പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ് രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും പിന്തുണ. അത് 2024 ലക്ഷ്യമിട്ട് രാഹുല്‍ നടത്തുന്ന ദളിത് കാര്‍ഡിന്റെ ഭാഗമാണ്.ചന്നിയെ കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് വരെ ഉപയോഗിക്കുന്നുണ്ട്.

ഇതെല്ലാം ദളിത് മുഖ്യമന്ത്രി എന്ന കോണ്‍ഗ്രസ് കാര്‍ഡ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്. ഇതില്‍ എന്ത് മാറ്റം കൊണ്ടുവരുമെന്ന് കണ്ടറിയണം.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെങ്കില്‍ ആ വ്യക്തി സത്യസന്ധനായിരിക്കണമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. അനധികൃത മണല്‍ ഖനന കേസില്‍ ചന്നിയുടെ ബന്ധു അറസ്റ്റിലായത് സിദ്ദു ഉപയോഗപ്പെടുത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ചന്നിയെ പൊതുമധ്യത്തില്‍ മോശക്കാരനാക്കാന്‍ സിദ്ദു ശ്രമിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇത് കോണ്‍ഗ്രസിന് വെല്ലുവിളിയാവും. പാര്‍ട്ടിക്കുള്ളില്‍ അറുപത് എംഎല്‍എമാരുടെ പിന്തുണയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കുണ്ടാവണമെന്ന നിബന്ധനയാണ് സിദ്ദു മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇത്രയും പേരുടെ ചന്നിക്കുണ്ടാവില്ലെന്ന ഉറപ്പാണ് സിദ്ദുവിനുള്ളത്. അതേസമയം ചന്നി രണ്ട് സീറ്റില്‍ നിന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ്. ചന്നിയെ പോരാളിയായി കാണിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ദളിത് കാര്‍ഡിനൊപ്പം ഹീറോയിക് പരിവേഷവും ചന്നിക്ക് ഗുണം ചെയ്യും. എന്നാല്‍ ചന്നിയെ അത്തരമൊരു നേതാവായി കാണിക്കുന്നത് സിദ്ദുവിനാണ് ദോഷം ചെയ്യുക. മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സിദ്ദു തൃപ്തിപ്പെടാത്ത കാര്യമാണ്. മൂന്നാമത്തെ ഓപ്ഷനാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി പരിഗണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതാണ് ഈ ഓപ്ഷന്‍. രണ്ടര വര്‍ഷം വീതം ചന്നിക്കും സിദ്ദുവിനും നല്‍കുക എന്നാണ് രാഹുലിന്റെ പ്ലാന്‍. സിദ്ദു നിലവില്‍ അഴിമതിക്കാരെല്ലാം തനിക്കെതിരെ എന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇത് ഹൈക്കമാന്‍ഡിന്റെ പിന്തുണ നേടാന്‍ കൂടിയാണ്

ബിക്രം മജീദിയ അമൃത്സറില്‍ നിന്ന് മത്സരിക്കുന്നതില്‍ ഭയമില്ല. അവര്‍ ഗുണ്ടകളാണ്. മാഫിയയുടെ ഭാഗമാണ് ഈ നേതാക്കള്‍. എന്നെ എങ്ങനെയെങ്കിലും പുറത്താക്കാനാണ് അവരുടെ നീക്കം. ഞാന്‍ മുഖ്യമന്ത്രിയായാല്‍ അതോടെ അവരുടെ കാര്യം പോക്കാണെന്ന് അറിയാം. ഈ പറയുന്ന മജീദിയ നേരത്തെ ചെറിയൊരു കാറില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയാണ്. ഇന്ന് റേഞ്ച് റോവര്‍ ആഢംബര കാറുകളുടെ വലിയൊരു നിരയാണ് അദ്ദേഹത്തിനുള്ളതെന്നും സിദ്ദു പറയുന്നു. 

അതേസമയം മുഖ്യമന്ത്രി സ്ഥാനം പങ്കിടുക കോണ്‍ഗ്രസില്‍ വലിയ വെല്ലുവിളിയുണ്ടാക്കുന്ന കാര്യമാണ്. നേരത്തെ ഛത്തീസ്ഗഡില്‍ ഇത്തരമൊരു ഫോര്‍മുല രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. അത് ടിഎസ് സിംഗ് ദേവിന്റെ വിമത ഭീഷണിക്കാണ് കാരണമായിരിക്കുന്നത്. രാഹുല്‍ വിചാരിച്ചതിനും മുകളിലേക്ക് ഭൂപേഷ് ബാഗല്‍ പോയതാണ് പ്രധാന കാരണം. പാര്‍ട്ടിക്കുള്ളില്‍ ബാഗല്‍ ജനപ്രിയനായി മാറി. അദ്ദേഹത്തെ മാറ്റിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് തന്നെ ഇല്ലാതാവുമെന്ന അവസ്ഥയാണ്.

എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. പഞ്ചാബില്‍ പക്ഷേ അത് പരസ്യമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഛത്തീസ്ഗഡില്‍ വാക്കാല്‍ രാഹുല്‍ ഉറപ്പ് നല്‍കിയെന്നാണ് സിംഗ് ദേവ് പറഞ്ഞിരുന്നത്. എന്നാല്‍ അത്തരമൊരു കാര്യമേ പറഞ്ഞിട്ടില്ലെന്നായിരുന്നു ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. സിദ്ദുവിനെ നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും കോണ്‍ഗ്രസിന് മുന്നില്‍ ഇല്ല. താന്‍ സോണിയാ ഗാന്ധി പറഞ്ഞിട്ടല്ലാതെ മിണ്ടാതിരിക്കില്ലെന്നാണ് സിദ്ദുവിന്റെ യുദ്ധ പ്രഖ്യാപനം.

അഴിമതിയുടെ ഭാഗമായവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ നമ്മളെ തോല്‍പ്പിക്കും. മാഫിയയുമായി ബന്ധമുള്ളയാള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പാക്കാനാവില്ലെന്നും സിദ്ദു പ്രഖ്യാപിച്ചിരിക്കുന്നു

Eng­lish Sumam­ry: In Pun­jab, Rahul’s strat­e­gy fails; Navjot Singh Sid­hu not sending

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.