20 September 2024, Friday
KSFE Galaxy Chits Banner 2

രണ്ടാംഘട്ടത്തില്‍ 15,000 പേര്‍ക്ക് പട്ടയങ്ങൾ

Janayugom Webdesk
കോഴിക്കോട്
April 8, 2022 10:52 pm

രണ്ടാം ഘട്ട പട്ടയ വിതരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 33 ഓളം പട്ടയ മേളകൾ നടത്തും. രണ്ടാം ഘട്ടത്തിൽ 15,000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെങ്കിലും അതിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടി ക്രമങ്ങൾ മുന്നോട്ടുപോകുന്നതെന്ന് റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. മെയ് പതിനെട്ടിന് കൊല്ലത്ത് പുനലൂരിലാണ് രണ്ടാംഘട്ട പട്ടയ വിതരണത്തിന്റെ സമാപനം നടക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിക്ക് മുമ്പായാണ് വിവിധ ജില്ലകളിലായി 33 ഓളം പട്ടയ മേളകൾ നടത്തുന്നത്. രണ്ടാം ഘട്ട പട്ടയ മേളയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വയനാട്ടിലാണ് നടന്നത്. 525 പട്ടയങ്ങളാണ് വയനാട്ടിൽ വിതരണം ചെയ്തത്. ഇക്കാലം വരെയും ഒരു തരി മണ്ണ് പോലും സ്വന്തം പേരിലില്ലാത്ത ആദിവാസി കോളനികളിലെ പലർക്കും സ്വന്തം ഭൂമിയും രേഖയും ആയപ്പോൾ അത് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായി മാറുകയായിരുന്നു. 

കാടിനും നാടിനും ഇടയിലെ നൂൽപ്പുഴയിലെ വനഗ്രാമങ്ങളിലെ നാൽപ്പത്തിയേഴ് പേർക്കാണ് വനാവകാശ രേഖ പ്രകാരം പുതിയ ജീവിതമായത്. തൊണ്ടർനാട് പഞ്ചായത്തിലെ വാളാംതോട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കും ഭൂമിയുടെ അവകാശ രേഖയായ പട്ടയം റവന്യു വകുപ്പ് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. രണ്ടേക്കർ സ്ഥലം ഇവർക്കായി സമീപപ്രദേശത്ത് കണ്ടെത്തിയിരുന്നു. 2009 ലാണ് ഇവരെ ഈ ഭൂമിയിലേക്ക് പുനരധിവസിപ്പിച്ചത്. ഇവരെല്ലാം പട്ടയം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുകയും മന്ത്രിയ്ക്ക് നന്ദി പറയുകയും ചെയ്തു. 

വർഷങ്ങളായി പലവിധ നിയമ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പട്ടയങ്ങളാണ് വയനാട്ടിൽ വിതരണം ചെയ്തത്. ദീർഘകാലമായി പട്ടയത്തിന് അപേക്ഷിച്ച് കൈവശ അവകാശത്തിനായി കാത്തിരുന്നവരുടെ സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമായതെന്നും അധികൃതർ വ്യക്തമാക്കി. മെയ് പതിനാറിന് വയനാട്ടിൽ ഒരു പട്ടയ മേള കൂടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പന്ത്രണ്ടായിരം പട്ടയങ്ങൾ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും അതെല്ലാം മറികടന്ന് 13,534 പട്ടയങ്ങളാണ് വിതരണം നടത്തിയത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 

വയനാട്, ഇടുക്കി ഉൾപ്പെടെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങളുള്ള സ്ഥലങ്ങളിലെ പ്രയാസങ്ങൾക്ക് അടിയന്തിര പരിഹാരം കാണാനായി ജൂണിൽ സർവകക്ഷി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ഭൂമി പ്രശ്നം, വിതരണം ചെയ്യാനുള്ള തടസ്സങ്ങൾ, നിയമപ്രശ്നം, ഭൂരഹിതരുടെ എണ്ണം, ഭൂമി ലഭ്യത എന്നിവയെല്ലാം ഡാഷ് ബോർഡ് വഴി രേഖപ്പെടുത്തി. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷമാണ് ഇത്രയും പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതെന്നും റവന്യു അധികൃതർ വ്യക്തമാക്കുന്നു.

Eng­lish Summary:In the sec­ond phase, 15,000 peo­ple were giv­en pattayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.