October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022

ആരോഗ്യ മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം 19ന്

Janayugom Webdesk
കോഴിക്കോട്
August 17, 2022 9:54 pm

ജില്ലയിൽ ആരോഗ്യ മേഖലയിലെ വിവിധ നൂതന പദ്ധതികളുടെ ഉദ്ഘാടനം 19ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. രാവിലെ 9.30 ന് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രം, കാക്കൂർ, കുരുവട്ടൂർ, തുറയൂർ, ചൂലൂർ, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ വച്ച് മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നിലവിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി പ്രവർത്തിച്ചു വരുന്ന ഈ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ വൈകുന്നേരം ആറ് മണി വരെ ഒ പി സൗകര്യം ഉണ്ടായിരിക്കും.

ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, പകർച്ച — പകർച്ചേതര വ്യാധി ക്ലിനിക്കുകൾ, പ്രീ ചെക് അപ്പ്, രോഗികൾക്കും കൂടെ വരുന്നവർക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പു മുറികൾ, നിരീക്ഷണ മുറികൾ, മുലയൂട്ടൽ മുറികൾ, വാക്സിനേഷൻ മുറികൾ, വയോജന ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങൾ, റാംപ് തുടങ്ങിയ രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം ചിങ്ങപുരം, കോതോട്, എരവണ്ണൂർ, ചീക്കിലോട്, മരുതാട്, കക്കോടിമുക്ക് എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ഉപകേന്ദ്രങ്ങളിൽ കാത്തിരിപ്പു മുറി, വിവിധ ക്ലിനിക്കുകൾ, ഇമ്മ്യൂണൈസേഷൻ മുറി, മുലയൂട്ടൽ മുറി, ഐയുഡി (ഗർഭനിരോധനോപാധി) മുറി, ശൗചാലയം, സ്റ്റോർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റുന്നത്. ‘ജീവതാള’ത്തെ കുറിച്ചുള്ള സെമിനാർ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ടാഗോർ സെന്റിനറി ഹാളിൽ വച്ച് നടക്കും. ശേഷം ജീവതാളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്ന് മണിക്ക് മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും.

 

ജീവിത ശൈലി രോഗങ്ങളെ നേരിടാൻ ‘ജീവതാളം പദ്ധതി’ ജില്ലാതല ഉദ്ഘാടനം നാളെ

ജീവിത ശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യ മാറ്റവും രോഗ പ്രതിരോധവും ലക്ഷ്യം വെച്ച് ജീവതാളം പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കും. വെെകുന്നേരം മൂന്നു മണിക്ക് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളം നടപ്പിലാക്കുന്നത്. ത്രിതല പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയിൽ വാർഡ് തലത്തിൽ നൂറ് വീടുകളടങ്ങുന്ന ക്ലസ്റ്ററുകളുണ്ടാക്കി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും വിധം ആരോഗ്യ ശീലമാറ്റ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

18 വയസിന് മുകളിലുള്ള എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കുകയും പ്രമേഹം, രക്താതിമർദ്ദം, പൊണ്ണത്തടി, സ്തനാർബുദം, വദനാർബുദം, സെർവിക്കൽ കാൻസർ എന്നിവ സ്ക്രീൻ ചെയ്യുകയും ചെയ്യും. രോഗം വരാതിരിക്കുന്നതിനും നേരത്തെ കണ്ടെത്തി ജീവിത ശൈലീമാറ്റത്തിലൂടെ നിയന്ത്രിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കും. ജനപങ്കാളിത്തത്തോടെ ജീവിത ശൈലീ രോഗങ്ങൾ മൂലമുണ്ടാകുന്ന രോഗ ഭാരം ഇല്ലാതാക്കുകയാണ് ജീവതാളത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള സാമൂഹ്യ സാഹചര്യങ്ങളും ഇടങ്ങളും സൗകര്യങ്ങളും സൃഷ്ടിച്ചെടുക്കാനും ജീവതാളം ലക്ഷ്യമിടുന്നു. ഇതിനായി നടത്തം, കൃഷി, നീന്തൽ, സൈക്കിൾ സവാരി, പരിസ്ഥിതി പ്രവർത്തനം തുടങ്ങിയ മേഖലകളിൽ കൂട്ടായ്മകളുണ്ടാക്കി ആരോഗ്യ പൂർണ്ണമായ ഗ്രാമമെന്ന ലക്ഷ്യം പ്രചരിപ്പിക്കും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലായി ഇതിനായി വിദഗ്ധ പരിശീലനങ്ങൾ നൽകും.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ‘ജീവതാള’ത്തെ കുറിച്ചുള്ള സെമിനാർ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ടാഗോർ സെന്റിനറി ഹാളിൽ വച്ച് നടക്കും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം, ജില്ലയിൽ നടന്ന ആരോഗ്യ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള സമ്മാന വിതരണം, എൻക്യുഎസ്, കായ കൽപ് അവാർഡ് വിതരണം, കുട്ടി ഡോക്ടർ കിറ്റ് വിതരണം, ആർ പി എച്ച് ലാബ് ശിലാസ്ഥാപനം എന്നിവയും പരിപാടിയോടനുബന്ധിച്ച് നടക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ കെ ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ എം പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് വി, ശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീർ, ടെക്നിക്കൽ അസിസ്റ്റന്റ് ജോസ് എ ജെ സംബന്ധിച്ചു.

Eng­lish Summary:Inauguration of inno­v­a­tive projects in the health sec­tor on 19
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.