22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

‘എല്ലാവർക്കും ആരോഗ്യം’ കടലാസിൽ

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 10:01 pm

രാജ്യത്ത് ‘എല്ലാവർക്കും ആരോഗ്യം’ എന്ന പ്രഖ്യാപനം കടലാസിൽ മാത്രമായി ഒതുങ്ങുന്നു. രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന് ലോകാരോഗ്യ സംഘടനയുടെ ഉച്ചകോടി പ്രഖ്യാപനമുണ്ടായത് 1978ലാണ്. എന്നാൽ 44 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ ഇത് നടപ്പാക്കാനായില്ലെന്ന് അടുത്തിടെ പുറത്തുവന്ന നിതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ 30 ശതമാനത്തിനും ആരോഗ്യ പരിരക്ഷയിൽ ഒരു സഹായവും ലഭിക്കുന്നില്ല എന്നായിരുന്നു റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് രോഗചികിത്സയ്ക്കായി വൻതോതിൽ പണം ചെലവിടേണ്ടി വരുന്നുവെന്ന നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.
എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്കായി പലതവണ ആരോഗ്യ നയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. 1983ലാണ് രാജ്യത്ത് ആദ്യമായി ദേശീയാരോഗ്യ നയം രൂപീകരിച്ചത്. എന്നാൽ ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാത്തതിനാൽ പദ്ധതി പരാജയപ്പെട്ടു. മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയില്‍ വിനിയോഗിച്ചത്.
പിന്നീട് 2002ൽ പുതിയ നയം കൊണ്ടുവന്നു. ആരോഗ്യ രംഗത്തെ ചെലവ് 2020ഓടെ രണ്ട് ശതമാനത്തിന് മുകളിലെത്തിക്കണമെന്നായിരുന്നു ഇതിലെ നിർദ്ദേശം. എന്നാല്‍ ഒന്നും നടന്നില്ല.
മോഡി സര്‍ക്കാര്‍ 2015ൽ ആരോഗ്യം ജനങ്ങളുടെ അവകാശമാക്കിയും കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ പ്രതിശീർഷ ആരോഗ്യ വിഹിതം 1,042 രൂപയിൽ നിന്ന് 3,800 രൂപയാക്കാന്‍ നിർദ്ദേശിച്ചും മറ്റൊരു ആരോഗ്യ നയം പ്രസിദ്ധീകരിച്ചു. പിന്നീട് 2017ൽ ആരോഗ്യനയം പരിഷ്കരിച്ചപ്പോള്‍ ഈ നിർദ്ദേശങ്ങൾ പിൻവലിക്കപ്പെട്ടു.
രാജ്യത്തെ 70 കോടി ജനങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരതിന്റെയും സംസ്ഥാന സർക്കാർ പദ്ധതികളുടെയും ഗുണഭോക്താക്കളാണ്. 25 കോടിയോളം പേർ സാമൂഹിക സുരക്ഷാ പദ്ധതികളിലും സ്വകാര്യ ഇൻഷുറൻസ് പദ്ധതികളിലുമായുണ്ട്. ബാക്കിവരുന്ന 30 ശതമാനം ഇതിനെല്ലാം പുറത്താണ്. ഇതില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിൽ കാർഷിക മേഖലകളിൽ തൊഴിലെടുക്കുന്നവരും നഗരങ്ങളിലെ അസംഘടിത തൊഴിലാളികളുമാണ്.
രാജ്യത്തെ മൂന്നിൽ രണ്ട് പേരും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഇത് പല കുടുംബങ്ങളുടെയും സാമ്പത്തിക തകർച്ചയ്ക്ക് ഇടയാക്കുന്നു. ഇഎസ്ഐസി, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതികൾ നിലച്ച മട്ടാണെന്നും നിതി ആയോഗ് റിപ്പോർട്ട് പറഞ്ഞിരുന്നു.
ആരോഗ്യ മേഖലയിൽ ഏറ്റവും കുറഞ്ഞ തുക വകയിരുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദേശീയ വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് ആരോഗ്യരക്ഷയ്ക്ക് ചെലവിടേണ്ടത്. ഇന്ത്യയിൽ ഇത് 1.13 ശതമാനം മാത്രമാണ്. ലോകത്ത് അറുപതിലധികം രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ പൂർണമായും സർക്കാർ ചെലവിലാണ്. ബ്രിക് രാജ്യങ്ങളിൽ ഇന്ത്യയൊഴികെ ഇത് ലഭ്യമാണ്. ബ്രിട്ടനിൽ ആരോഗ്യ രംഗത്തെ 90 ശതമാനം സേവനവും സർക്കാർ മേഖലയിലുള്ള നാഷണൽ ഹെൽത്ത് സർവീസ് വഴിയാണ് ലഭ്യമാക്കുന്നത്. മോഡി സർക്കാരാകട്ടെ സ്വകാര്യ‑കോർപറേറ്റ് ഇൻഷുറൻസ് കമ്പനികളുമായി കരാറുകളുണ്ടാക്കി, ആരോഗ്യ മേഖലയിൽ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ മാത്രം ജനങ്ങളുടെ ആരോഗ്യാവശ്യങ്ങൾ നിർവഹിക്കാനും ഭീമമായ ചികിത്സാ ചെലവ് മൂലമുള്ള കുടുംബങ്ങളുടെ തകർച്ച പരിഹരിക്കാനും സാധിക്കില്ലെന്ന് വിദഗ്ധർ പറയുന്നു. അമിതമായ ചികിത്സാ ചെലവ് മൂലം ഓരോ വർഷവും ആറ് കോടി പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നതായി ഓക്സ്ഫാം റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Sum­ma­ry: India is one of the coun­tries that spends the least amount on health.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.