അടുത്ത ഒരു കൊല്ലത്തിനുള്ളിൽ ലോക ജനസംഖ്യയിൽ ചെെനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎൻ റിപ്പോർട്ട്. ഈ വർഷം നവംബർ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 1950‑ന് ശേഷം ജനസംഖ്യാ വർധന അതിന് മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണെന്നും യുഎൻ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2022ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങൾ കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയാണ്. 2023 ൽ ചെെനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യാ നിരക്കിൽ ഒന്നാമതെത്തും. ലോക ജനസംഖ്യാ ദിനമായ ഇന്നലെയാണ് യുഎൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അതേസമയം 2047 ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയ്ക്കു മുന്നിലെത്തുമെന്നായിരുന്നു തൊണ്ണൂറുകളിൽ യുഎൻ പറഞ്ഞിരുന്നത്. എന്നാൽ 2001 ലെ സെൻസസിനെ അധികരിച്ചു നടത്തിയ പഠനത്തിൽ 2040 ൽ ഇന്ത്യ ചൈനയ്ക്കു മുന്നിലെത്തുമെന്ന് വിലയിരുത്തി. ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയാണ് അതിനു കാരണമായി വിലയിരുത്തപ്പെട്ടത്.
എന്നാൽ 2011ലെ സെൻസസിനു ശേഷം നടന്ന കണക്കെടുപ്പിൽ 2035ൽ ഇന്ത്യ ചെെനയെ മറികടക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. 2019ലെ യുഎൻ പ്രവചനം 2027ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു. എന്നാൽ, ചൈനയിലെ സെൻസസിന്റെയും ജനന നിരക്കിന്റെയും അടിസ്ഥാനത്തിൽ 2021 ൽ നടന്ന വിലയിരുത്തലിൽ 2025–26ൽ ഇന്ത്യ മുന്നിലെത്തുമെന്നായിരുന്നു റിപ്പോർട്ട്.
ഇന്ത്യൻ ജനസംഖ്യയിലെ വളർച്ചാ നിരക്ക് മാത്രമല്ല, ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക് കുറയുന്നതും കാരണമായി വിലയിരുത്തപ്പെടുന്നു. ചൈനീസ് ജനസംഖ്യ ക്രമാതീതമായി വളർന്നതിനെ തുടർന്ന് എഴുപതുകളുടെ അവസാനം ഒറ്റക്കുട്ടിയെന്ന നിബന്ധന നടപ്പാക്കി. ജനന നിരക്ക് കുറഞ്ഞതോടെ, 2015 ൽ രണ്ടു കുട്ടികൾ വരെയാകാമെന്ന് തീരുമാനമെടുത്തു. എന്നിട്ടും ജനന നിരക്ക് വർധിക്കാതായതോടെ മൂന്നു കുട്ടികൾ വരെയാകാമെന്ന തീരുമാനം അടുത്തിടെ ചൈനീസ് സർക്കാർ സ്വീകരിച്ചിരുന്നു.
2030 ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തുമെന്നും 2050 ഓടെ 970 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2080 ആകുമ്പോഴേക്കും ജനസംഖ്യ 1040 കോടിയിലെത്തും. എന്നാൽ പിന്നീട് 2100 വരെ കാര്യമായ വർധനവുണ്ടാകില്ല. പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കിൽ കാര്യമായ കുറവുണ്ടായി.
2050 വരെ ലോക ജനസംഖ്യാ വർധനവിന്റെ പകുതിയിലധികവും എട്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകാൻ സാധ്യത.
English Summary: India will surpass China in population
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.