31 December 2025, Wednesday

പൗരന്‍മാരുടെ ജീവനും വിലപ്പെട്ടതാണ്

Janayugom Webdesk
ശ്രീനഗർ
December 29, 2023 5:00 am

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനടന്ന വാദത്തിനിടെ ഏതാനുംനാള്‍ മുമ്പ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത് കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കാനായെന്നാണ്. കോടതിക്ക് പുറത്ത് ഈ അവകാശവാദം അവര്‍ ആവർത്തിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞയാഴ്ച സൈനികവാഹനങ്ങൾക്കുനേരെ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽ അഞ്ചു സൈനികര്‍ വീരമൃത്യുവരിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത, സെെന്യം ചോദ്യംചെയ്യലിനായി പിടികൂടിയ മൂന്ന് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടുവെന്നാണ്. സെെനികരുടെ മൃഗീയപീഡനത്തിലാണ് യുവാക്കള്‍ മരിച്ചതെന്ന റിപ്പോര്‍ട്ട് രാജ്യത്തെയാകെ നടുക്കുന്നതുമാണ്. സെെന്യത്തിന്റെ ഈ നടപടിക്കെതിരെ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം കനത്തതോടെ പതിവുപോലെ പൂഞ്ചിലും രജൗറിയിലും ഭരണകൂടം ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തി. സൈന്യവും സംസ്ഥാന സര്‍ക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

ബ്രിഗേഡിയറടക്കം നാല് സെെനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി കര‌സേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും അറിയിച്ചു. രാജ്യത്തിന്റെ രക്ഷകരായ സൈനികരുടെ സേവനം വിലമതിക്കുമ്പോള്‍ തന്നെ അവര്‍ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളെ ന്യായീകരിക്കില്ലെന്ന്, പ്രതിഷേധം തണുപ്പിക്കാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞു. മരിച്ച യുവാക്കളുടെ ബന്ധുക്കളെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ജമ്മു കശ്മീരിന് സംസ്ഥാനപദവി നൽകി തെരഞ്ഞെടുപ്പു നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ട് അധികനാളായിട്ടില്ല. എന്നാലും മേഖലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് താല്പര്യമില്ലെന്ന് 2019 മുതല്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് അതിര്‍ത്തികടന്നെത്തുന്ന ഭീകരപ്രവർത്തനം എന്നതില്‍ രണ്ടഭിപ്രായമില്ല. രണ്ടിന്റെയും ഫലം അനുഭവിക്കുന്നത് ജനാധിപത്യം കൊതിക്കുന്ന കശ്മീര്‍ ജനതയാണ്. ഭീകരരെയും അവർക്ക് ഒത്താശനൽകുന്നവരെയും നിയമവിധേയമാക്കേണ്ടതുണ്ട്. അതിന് വേണ്ടത് നിതാന്ത ജാഗ്രതയാണ്. അഞ്ച് സെെനികരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായശേഷം പ്രതികാര നടപടിയായി പൗരന്‍മാരെ കൊലചെയ്യുന്നത് കാടത്തമാണ്. ഭീകരരുടെ വരവ് കണ്ടെത്താനാകാത്ത രഹസ്യാന്വേഷണ സംവിധാനങ്ങൾ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കുക. മുമ്പ് പുല്‍വാമയിലും ഇതേ വീഴ്ചയുണ്ടായിട്ടില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.


ഇതുകൂടി വായിക്കൂ:ഇത് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ച 


ചോദ്യംചെയ്യാനെന്ന പേരില്‍ പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയിൽനിന്ന് സെെന്യം പിടികൂടിയ മൂന്നു യുവാക്കള്‍ മരിച്ചത് ക്രൂരപീഡനത്തെ തുടര്‍ന്നാണെന്ന് ലോകത്തെ അറിയിച്ചത് പീഡനത്തിനിരയായ മറ്റാെരു യുവാവാണ്. സൈനികർ യുവാക്കളെ മർദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വസ്ത്രങ്ങൾ അഴിപ്പിച്ച് ഇരുമ്പ് ദണ്ഡും ലാത്തിയും കൊണ്ട് മര്‍ദിച്ചശേഷം മുറിവുകളിൽ മുളകുപൊടി തേച്ചുവെന്ന് ഇയാള്‍ പറയുന്നു. വീഡിയോ വൈറലായപ്പോഴാണ് താഴ്‌വരയിൽ വലിയ പ്രതിഷേധമുയര്‍ന്നത്. സെെനികരുടെ ഇത്തരം ക്രൂരമായ പീഡന കഥകള്‍ പലപ്പോഴും പുറംലോകം അറിയാതെ പോവുകയാണ് പതിവ്. 1958ൽ പാർലമെന്റ് നടപ്പിലാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമ(അഫ്‌സപ)ത്തിന്റെ മറവിലാണ് കശ്മീര്‍ ഉള്‍പ്പെടെ പലയിടത്തും സെെനികര്‍ പ്രദേശവാസികളെ പീഡിപ്പിക്കുന്നത്. ‘പ്രക്ഷുബ്ധമായ മേഖലകളിൽ’ ക്രമസമാധാനം നിലനിർത്തുന്നതിന് സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം നടപ്പാക്കുന്നിടത്ത് സൈന്യത്തിന് അമിതാധികാരം ലഭിക്കും. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളിലാണ് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്തത്. 1990 ജൂലൈയിൽ ചില്ലറമാറ്റങ്ങളോടെ ജമ്മു കശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിക്കുകയായിരുന്നു.

സൈ­ന്യ­ത്തി­ന് ആരെയും എപ്പോൾ വേ­ണ­മെ­ങ്കി­ലും അറ­സ്റ്റു ചെ­യ്യാ­നും കേ­സെടുക്കാതെ തട­വിൽവയ്ക്കാ­നും അധി­കാ­ര­മു­ണ്ട്. ഏത് വീ­ട്ടി­ലും എപ്പോൾ വേ­ണ­മെ­ങ്കി­ലും കാ­ര­ണംകാണിക്കാതെ തി­ര­ച്ചിൽ നട­ത്താ­നും അനുവാദമുണ്ട്. ഇത്തരം നടപടികളിൽ കരസേനാ ഓഫിസർമാർക്ക് നിയമ പരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രദേ­ശ­വാ­സി­ക­ളു­ടെ ജീ­വ­നും സ്വ­ത്തി­നു­മു­ള്ള സു­ര­ക്ഷി­ത­ത്വം ഇല്ലാ­താ­ക്കുന്ന ഈ കാടന്‍ നിയമ­ത്തിനെതിരെയാണ് മണി­പ്പൂ­രിൽ ഇറോം ചാനു ശർമ്മിളയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നത്. എന്നാല്‍ അഫ്‍സ്‌പ പ്രകാരമുള്ള സായുധ സേനയുടെ നിയമപരിരക്ഷ അവസാനിപ്പിച്ചു കൊണ്ട് സുപ്രീം കോടതി 2016 ജൂലൈയില്‍ വിധി പ്രസ്താവിച്ചു. ആ വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു “ഇര സാധാരണക്കാരനാണോ തീവ്രവാദിയാണോ കലാപകാരിയാണോ, അക്രമി സാധാ­രണ­ക്കാ­രനാണോ ഭരണകൂടമാണോ എന്നത് പ്രശ്നമല്ല. നിയമം ഇരുകൂട്ടര്‍ക്കും തുല്യമാണ്, ഒരുപോലെ ബാധകമാണ്. ഇത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയാണ്.” പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് പാലിക്കുകയും സൈനികരുടെയും സാധാരണപൗരന്റെയും ജീവനോ സ്വത്തോ നഷ്ടപ്പെടാതെ ഭീകരരെ അമര്‍ച്ച ചെയ്യുമെന്ന് ഉറപ്പാക്കു­കയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്.

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.