18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 3, 2022 4:30 am

രു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2021ലെ ദീപാവലി കാലയളവില്‍ ഇന്ത്യയിലെ ഓഹരി വിപണി നിലവിലുള്ളതിലും 40 ശതമാനം കൂടുതല്‍ ഊര്‍ജസ്വലതയോടെയാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. കോവിഡ് മഹാമാരിയെ ഒരുവിധം അതിജീവിക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഓഹരി മൂല്യത്തില്‍ രണ്ടക്ക വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. സമീപഭാവിയില്‍ ഈ ദുസ്ഥിതിയിലും അനിശ്ചിതത്വത്തിലും അടിസ്ഥാനപരവും ആശാവഹവുമായ മാറ്റം പ്രതീക്ഷിക്കേണ്ടതുമില്ല എന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം. മൂലധന നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനു പകരം ഇപ്പോള്‍ കാണുന്ന പ്രവണത മൂലധനത്തിന്റെ തുടര്‍ച്ചയായ ബഹിര്‍ഗമനം നടക്കുന്നതാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് അനുദിനം ഗുരുതരമായി വരുന്ന പണപ്പെരുപ്പം പ്രതിരോധിക്കാന്‍ ബാങ്ക് പലിശനിരക്കില്‍ തുടര്‍ച്ചയായ വര്‍ധനവ് വരുത്തുന്ന നടപടിയാണ് പ്രധാനകാരണം. ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം ഇതിനനുസൃതമായിട്ടല്ലെങ്കിലും നാമമാത്രമായ നിലയിലായാലും വായ്പാ പലിശനിരക്ക് ഉയര്‍ത്താതിരിക്കാനും കഴിയില്ല. കാരണം, പണപ്പെരുപ്പവും തുടര്‍ന്നുള്ള വിലവര്‍ധനവുതന്നെ ചില്ലറ മൂലധന നിക്ഷേപകരെയാണ് കൂടുതല്‍ ശക്തമായി ബാധിക്കുക. അവര്‍ക്ക് നിലവിലുള്ള ഉല്പന്നങ്ങള്‍ അധികം സപ്ലൈ ഒരു തലവേദനയായി തുടരുന്നതിനാല്‍ മൂലധന നിക്ഷേപം വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. റിയല്‍ എസ്റ്റേറ്റ് വിപണിയും പ്രതികൂല ആഘാതം നേരിടേണ്ടിവന്നിരിക്കുന്നതിനാല്‍ കടപ്പത്ര വിലനിലവാരവും താഴോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കുകയാണ്. അടിക്കടി ഗുരുതരാവസ്ഥയിലായിവരുന്ന ഉക്രെയ്ന്‍ യുദ്ധമാണെങ്കില്‍ ആഗോള ഭൗമ–സാമ്പത്തിക അനിശ്ചിതത്വവും ഉയര്‍ന്ന നിലയില്‍ തുടരാന്‍ ഇടയായിരിക്കുകയാണ്. സ്റ്റാലിനോടൊപ്പമല്ലെങ്കിലും റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഒരു ഏകാധിപതിയെപ്പോലെയാണ് സാര്‍വദേശീയ നിയമവ്യവസ്ഥയെ അപ്പാടെ അവഗണിച്ചുകൊണ്ട് ഉക്രെയ്‌നിനെതിരെ സൈനികാക്രമണം നടത്തിവരുന്നത്. ധനശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരം നേടിയിട്ടുള്ള അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ പ്രൊഫ. ജോസഫ് ഈ സ്റ്റിഗ് ലിറ്റ്സിന്റെ അഭിപ്രായത്തില്‍ പുടിന്റെ കീഴിലെ ഭരണത്തെ സംബന്ധിച്ച് അങ്ങേയറ്റത്തെ ഭയാശങ്കകളോടെ മാത്രമേ ലോകജനതയ്ക്ക് ചിന്തിക്കാന്‍ സാധ്യമാകൂ എന്നാണ്. സാധാരണഗതിയില്‍ ഏകാധിപതികളായ ഭരണകര്‍ത്താക്കള്‍ സൈനിക നടപടികളിലൂടെ കൈവരിക്കാന്‍ കഴിയുന്ന അധികാരത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുക. യുദ്ധത്തിന്റെ സാമ്പത്തിക നാശങ്ങളെ അവര്‍ തീര്‍ത്തും അവഗണിക്കും. പുടിനും ചെയ്തുവരുന്നത് മറ്റൊന്നല്ല. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിനും അവിടത്തെ ജനതയ്ക്കും ഉക്രെയ്ന്‍ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കാള്‍ കൂടുതല്‍ ഭയാശങ്കകള്‍ ഉളവാക്കുന്നത് അതിനെ തുടര്‍ന്ന് ഉളവാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചാണെന്നതില്‍ സംശയമില്ല.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


നിലവിലെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി പരിശോധനാവിധേയമാക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ നമുക്ക് ബോധ്യപ്പെടുക ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഐ നിയമം അനുശാസിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഏറെക്കുറെ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയാറാകുന്നതിനു പകരം കേന്ദ്ര ഭരണകൂടം മൊത്തത്തിലും കേന്ദ്ര ധനമന്ത്രാലയവും ആര്‍ബിഐ അധികൃതരും സ്വന്തം ചുമതലയില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയും അപ്പാടെ പ്രതികൂല പ്രത്യാഘാതങ്ങളുടെ ചുമതല യുഎന്‍ സര്‍ക്കാരിന്റെ പലിശനിരക്ക് വര്‍ധനവിനെ തുടര്‍ന്നുണ്ടാകുന്ന മൂലധന ബഹിര്‍ഗമനത്തിനുമേല്‍ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഉക്രെയ്ന്‍ യുദ്ധത്തിനിടയാക്കിയ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശകരമായ സൈനികരുടെ നടപടികളെ സമാനമായ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി മോഡിയും എന്‍ഡിഎ സര്‍ക്കാരും തയാറാകുന്നുമില്ല. ഇന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ റെക്കോ‍ഡ് നേട്ടം ആയി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക, തന്നില്‍ നിക്ഷിപ്തമായ നിയമപരമായ ബാധ്യത സമ്പദ്‌വ്യവസ്ഥയുടെ വിലസ്ഥിരത ശക്തമായൊരു പണനയത്തിലൂടെ ഉറപ്പാക്കുക എന്നത് നിറവേറ്റുന്നതില്‍ അമ്പേ പരാജയപ്പെട്ട ആദ്യത്തെ മേധാവി എന്നായിരിക്കും. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമാക്കുന്നത് മുന്‍നിര്‍ത്തി ബാങ്കിങ് മേഖലക്ക് പുറത്തുനിന്നുള്ള ഡോ. അഷിമാ ഗോയലിനെപ്പോലുള്ള വിദഗ്ധരെക്കൂടി ഉള്‍പ്പെട്ട മോഡിറ്റി പോളിസി കമ്മിറ്റിയും പ്രശ്നപരിഹാരം കണ്ടെത്തുന്നതില്‍ വിജയിച്ചിട്ടില്ലെന്നതാണ് അനുഭവം. പണത്തിന്റെ ഒഴുക്ക് അതിരുകടക്കാതിരിക്കാന്‍ സഹായകമായൊരു ‘ഫ്ലെക്സിബിള്‍ ഇന്‍ഫ്ലേഷന്‍ ടാര്‍ഹെറ്റിങ്ങ്’ (എഫ്ഐടി)-അതായത് അയവേറിയ പലിശനിരക്കു നിര്‍ണയം ലക്ഷ്യമാക്കിയ സംവിധാനം-രൂപകല്പന ചെയ്തുകൊണ്ടും കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടുമില്ല. 2016 ഒക്ടോബറില്‍ നിലവില്‍ വന്ന ഈ സംവിധാനം സമീപകാലം വരെ നിശ്ചിത നാലു ശതമാനം എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചിരുന്നില്ല. ഇതോടൊപ്പം പലിശനിര്‍ണയത്തില്‍ അയവുവരുത്തുന്നതിനായി രണ്ട് ശതമനം നിശ്ചിത നിരക്കില്‍ നിന്നും ഉയരാനോ താഴാനോ വ്യവസ്ഥയുമുണ്ടായിരുന്നു. നിശ്ചിത നാല് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനം ഉയര്‍ന്ന് ആറു ശതമാനത്തിലെത്തിയത് 2020ല്‍ കോവിഡ് അനന്തര കാലത്ത് മാത്രമായിരുന്നു. അതും ഒരു കൊല്ലത്തോളം മാത്രമേ തുടരുകയുമുണ്ടായുള്ളു.


ഇതുകൂടി വായിക്കൂ: അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ


ആര്‍ബിഐ ഗവര്‍ണറുടെ ദൗര്‍ഭാഗ്യമെന്നുതന്നെ പറയട്ടെ, ഉക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുണ്ടായ എണ്ണവിലയിലെ കുതിച്ചുകയറ്റവും പണപ്പെരുപ്പത്തെ പിടികിട്ടാത്തവിധത്തില്‍ പുതിയ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പിടിച്ചുനില്ക്കാനാവാത്ത വിധമാണ് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികളുടെ ഒരു തുടര്‍ പരമ്പരയില്‍ ചെന്നെത്തിക്കുന്നത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് മറയായി ആശ്വാസ വചനങ്ങളോ പ്രതീക്ഷാ നിര്‍ഭരമായ വാഗ്ദാനങ്ങളോ മതിയാകാത്തൊരു നിസഹായാവസ്ഥയിലായ ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസിനെയുമാണ് നമുക്കു കാണാനായതും. ആര്‍ബിഐ അതിന്റെ ചരിത്രത്തിലാദ്യമായി അംഗീകൃത കേന്ദ്ര ബാങ്കിങ് വ്യവസ്ഥകളുടെ പാതയില്‍ നിന്നും പൂര്‍ണമായും വഴുതിവീണു. പണപ്പെരുപ്പത്തെ സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്തെന്ന് പലപ്പോഴും പൊതുശ്രദ്ധയില്‍ നിന്നും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, രൂപയുടെ വിദേശ വിനിമയ മൂല്യമാണെങ്കില്‍ ഡോളറുമായുള്ള ബന്ധത്തില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തകര്‍ച്ചയിലെത്തി. ഒരു ഡോളറിന് 83 നിരക്കിലാണിന്ന് വിനിമയം നടക്കുന്നത്. യുകെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നേടാന്‍ പരാജയപ്പെടുമ്പോഴെല്ലാം ബ്രിട്ടനിലെ ധനമന്ത്രി- ചാന്‍സെലര്‍ ഓഫ് എക്സ്ചെക്കര്‍ ഇക്കാര്യം പരസ്യപ്പെടുത്തുക പതിവാണ്. ഇത്തരം വെളിപ്പെടുത്തലുകള്‍ കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമതക്ക് ക്ഷതമേല്പിക്കുന്നതാണ് ബ്രിട്ടീഷ് ജനത ബാങ്കിനെ കുറ്റപ്പെടുത്തുകയുമില്ല. ഇതു മാത്രമോ ജപ്പാന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ ഗവര്‍ണര്‍ ഹരുഹികൊ കുറോഡ രൂക്ഷമായ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ അഭൂതപൂര്‍വമായ പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവച്ചൊഴിയുകയും ചെയ്തത് ഈയിടെയാണ്. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ ‍അവിടത്തെ കേന്ദ്ര ബാങ്ക് ഗവര്‍ണറുടെ സേവനകാലാവധിയും പണപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്നതില്‍ അദ്ദേഹം എത്രമാത്രം വിജയിക്കുന്നു എന്നതുമായി ബന്ധപ്പെടുത്തി നിര്‍ണയിക്കുക എന്നതാണ് യുഎസില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പാര്‍ലമെന്ററി സമിതികള്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരായി തനിക്കു പറ്റിയ നയപരമായ പാളിച്ചകള്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥനുമാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന അവകാശം ഉന്നയിക്കുക മാത്രമാണ് ചെയ്തുവരുന്നത്. പ്രധാനമന്ത്രി തന്റെ സഹപ്രവര്‍ത്തകരോടെന്നല്ലാ, സാമ്പത്തികോപദേഷ്ടാക്കളെപ്പോലും ഇരുട്ടില്‍ നിര്‍ത്തി നോട്ടുനിരോധനം‍ പോലുള്ള വ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന നയപരിപാടികള്‍ പൊടുന്നനെ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
പൊതുജന ശ്രദ്ധയില്‍ കൃത്യമായി എത്തിക്കാന്‍ കേന്ദ്ര മോഡി സര്‍ക്കാരിനും കേന്ദ്ര ബാങ്കെന്ന നിലയില്‍ ആര്‍ബിഐക്കും കാതലായ മറ്റൊരു ബാധ്യതകൂടിയുണ്ട്. കൃത്യമായ ഇടവേളകളിലെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ അനിവാര്യമായ വിദേശ വിനിമയശേഖരം എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തുക എന്നതാണിത്. ആഗോള ഭൗമ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ അനിശ്ചിതത്വം ഒരു തുടര്‍ക്കഥയായിരിക്കെ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ഉക്രെയ്ന്‍ യുദ്ധം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം വിലനിലവാരം തുടര്‍ച്ചയായി ഉയരുക എന്നത് ഇന്ത്യയെപ്പോലെ ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള അസംസ്കൃത പെട്രോളിയത്തിന്റെ 85 ശതമാനം വരെ ഇറക്കുമതി ചെയ്തുവരുന്നതിലൂടെ ഉണ്ടാകുമെന്നുറപ്പുള്ള ബാധ്യത കൊടുത്തുതീര്‍ക്കാന്‍ ആവശ്യമായ വിദേശവിനിമയ ശേഖരം ഒഴിവാക്കാന്‍ കഴിയാതെ വരും. എന്നാല്‍ ഈ മേഖലയില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. ആര്‍ബിഐയുടെ കൈവശമുള്ള വിനിമയ ശേഖരത്തില്‍ 2022 ഒക്ടോബര്‍ 14ന് അവസാനിക്കുന്ന വാരത്തില്‍ 4.5 ബില്യന്‍ ഡോളര്‍ ഇടിഞ്ഞ് 528.37 ബില്യന്‍ ഡോളറിലെത്തിയിരുന്നു. ഇതാണെങ്കില്‍ 2020 ജൂലൈ 24നു‍ ശേഷം ഏറ്റവും താണ നിലവാരത്തിലുമാണ്. ഈ തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത് ആര്‍ബിഐയുടെ വിദേശ കറന്‍സി ആസ്തികളില്‍ 2.8 ബില്യന്‍ ഡോളര്‍ ഇടിയുകയും ഇവ 468.87 ബില്യന്‍ ഡോളറിലെത്തിയതാണ്. ഇതോടൊപ്പം സ്വര്‍ണശേഖരത്തിലുണ്ടായ ഇടിവ് 1.5 ബില്യന്‍ ഡോളറായതിനെ തുടര്‍ന്ന് 37.45 ബില്യന്‍ ഡോളറിലേക്ക് ഇടിയുകയും ചെയ്തു. കേന്ദ്ര ബാങ്കെന്ന നിലയില്‍ ആര്‍ബിഐ വിപണിയില്‍ നടത്തിയ സജീവമായ ഇടപെടലുകള്‍ക്ക് പ്രതിസന്ധി തടയാനുമായില്ല. രൂപയുടെ വിനിമയമൂല്യത്തകര്‍ച്ച ഇന്നും തുടരുകയാണ്.


ഇതുകൂടി വായിക്കൂ: കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ


മറ്റൊരു രക്ഷാമാര്‍ഗമില്ലാത്തതിനാല്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് തുറന്നു സമ്മതിച്ചിരിക്കുന്നത് കറന്‍സിയുടെ പുനര്‍മൂല്യനിര്‍ണയം 67 ശതമാനം വരെ നടത്താന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്നാണത്രെ 2021 ഒക്ടോബര്‍ 14നും 2022 സെപ്റ്റംബര്‍ 30നും ഇടയ്ക്ക് ഇന്ത്യയുടെ വിദേശ വിനിമയ ശേഖരത്തിന്റെ മൂല്യം 631.53 ബില്യന്‍ ഡോളറില്‍ നിന്നും 528.37 ബില്യന്‍ ഡോളറിലേക്ക് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം, സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന മുഴുവന്‍ വസ്തുതകളും പരമാവധി സത്യസന്ധതയോടെ പൊതുശ്രദ്ധയിലെത്തിക്കാന്‍ കേന്ദ്ര ബാങ്കെന്ന നിലയില്‍ ആര്‍ബിഐക്ക് ബാധ്യതയുണ്ട്. പണപ്പെരുപ്പം നിര്‍ദ്ദിഷ്ട ലക്ഷ്യം കടക്കാനിടവരുന്നപക്ഷം അക്കാര്യം വ്യക്തമാക്കി രേഖാമൂലം കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കിയിരിക്കണം എന്ന് ശക്തികാന്ത് ദാസ് ധനശാസ്ത്ര വകുപ്പ് സെക്രട്ടറിയായിരിക്കെ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഈ വിവരങ്ങള്‍ പൊതുശ്രദ്ധയില്‍ എത്തിക്കുകയും വേണമെന്നും കത്തില്‍ വ്യവസ്ഥ ചെയ്തിരുന്നതാണ്. എന്നാല്‍, സമീപകാലത്ത് ഇതൊന്നും നടക്കുന്നില്ല. അതായത് ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ അവശ്യം വേണ്ടതായ സുതാര്യതയില്ലാതായിരിക്കുന്നു. ഒരുപക്ഷെ, സാമ്പത്തിക നയരൂപീകരണത്തിലും അവ നടപ്പാക്കുന്നതിലും വന്നുചേരാനിടയുള്ള പാകപ്പിഴകള്‍ പരമാവധി ഒഴിവാക്കാനും ഒരളവോളം പരിഹരിക്കാനും പൊതുജന ഇടപെടല്‍ സഹായകമാകും.
ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഒരു ഉപദേശക സമിതി നിയോഗിച്ചിരുന്നു. അതില്‍ ഡോ. ജീന്‍ഡ്രേസ്, ഡോ. അരുണാ റോയ്, ഡോ. എ കെ ഭട്ടാചാര്യ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സാമ്പത്തികാസൂത്രണ പദ്ധതികള്‍ക്ക് അവസാന രൂപം നല്കുന്നതിന് സഹായകമായി ഡോ. എച്ച് കെ മന്‍മോഹന്‍ സിങ്, ഡോ. കെ എന്‍ രാജ്, ഡോ. അമര്‍ത്യാസെന്‍ തുടങ്ങിയവരുടെ ഉപദേശങ്ങള്‍ തേടുകയും അവയില്‍ പലതും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അര്‍ത്ഥം അക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ കുറ്റമറ്റതോ മാതൃകാപരമോ ആയിരുന്നു എന്നല്ല. എന്നാല്‍ കാതലായ സാമ്പത്തിക നയരൂപീകരണത്തില്‍ ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ക്ക് സ്ഥാനം നല്കുകയെങ്കിലും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍


ആധുനിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് അനിശ്ചിതത്വം നിറഞ്ഞൊരു അന്തരീക്ഷമാണ്. ഇക്കാരണത്താല്‍തന്നെ സുരക്ഷിതമായൊരു സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ വിരളവുമാണ്. പൊതുനിക്ഷേപ വര്‍ധനവാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമായിരിക്കുന്നതെങ്കിലും അതിനുള്ള സ്രോതസുകള്‍ വേണ്ടത്ര ഇല്ലാത്ത സ്ഥിതിയിലാണ്. ബദല്‍മാര്‍ഗം സ്വകാര്യ നിക്ഷേപമാണ്. എന്നാല്‍ വിപണികളുടെ പൊതുസ്ഥിതി തൃപ്തികരമല്ലാത്തതിനാല്‍ സ്വകാര്യ മൂലധന നിക്ഷേപകരും മെല്ലെപ്പോക്കു നയമാണ് അവലംബിച്ചുവരുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വികസന സാധ്യതകളും ഇത്തരമൊരു ആഗോള, ആഭ്യന്തര പശ്ചാത്തലത്തില്‍ ഒട്ടും ആശാവഹമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.