25 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ സമ്പന്ന ബഹുസ്വരതയും പിന്നെ ഒരു സിഎഎയും

അജിത് കൊളാടി
വാക്ക്
April 8, 2024 4:45 am

ഇന്ത്യൻ സമൂഹത്തിന് സമ്പന്നമായ ബഹുസ്വരതയും വൈവിധ്യവുമുണ്ട്. ആര്യന്മാരുടെ ആഗമനകാലം മുതൽ ബഹുത്വ സംസ്കാരങ്ങളും മത വിഭാഗങ്ങളും തമ്മിലുള്ള സമ്പർക്കങ്ങളും സംഘർഷങ്ങളും സമവായങ്ങളും സമന്വയവും ഇവിടെ നിലനിന്നു. ബഹുത്വത്തെ ആശ്ലേഷിച്ചും വിഭിന്ന ജനവിഭാഗങ്ങളുടെ സാംസ്കാരിക സത്തയെ സ്വാംശീകരിച്ചും വളർന്നു വന്നതാണ് ഇന്ത്യൻ സംസ്കൃതി. ഹിന്ദുക്കളുടെ ഇടയിൽ തന്നെ നിരവധി വിഭാഗങ്ങളുണ്ട്. ഹിന്ദുക്കൾക്ക് പോലും ഏക ശിലാരൂപത്തിലുള്ള സംസ്കാരമില്ല. ഇന്ന് സംഘ്പരിവാർ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുസംസ്കാരം ഒരുപിടി ഉപരിവർഗത്തിന്റെ സംസ്കാരമാണ്. മഹാഭൂരിപക്ഷത്തിന്റെ ജീവിത സംസ്കൃതി ഇവിടെ നിഷ്കരുണം തമസ്കരിക്കപ്പെടുകയാണ്.
മനുഷ്യരുടെ രാഷ്ട്രീയവും ധാർമ്മികവും സർഗാത്മകവുമായ സ്വതന്ത്ര പ്രവർത്തനങ്ങളെ മുഴുവൻ നിഷ്ക്രിയമാക്കുന്ന ഒരു അധികാര ബന്ധമാതൃകയെയാണ് നാം ഫാസിസം എന്നു പറയുന്നത്. ഫാസിസം നിരന്തരം നുണകൾ പറയും. ചരിത്രം ക്രൂരമായി വികൃതമാക്കും. അതിലൂടെ ചിന്തകളെ ജീർണിപ്പിക്കും.
പൗരാണിക കാലം മുതൽ മലബാർ തീരദേശത്തെ ജനങ്ങളും അറേബ്യൻ ജനതയും തമ്മിൽ വിപുലമായ വാണിജ്യ ബന്ധം നിലനിന്നിരുന്നു. അറബി വ്യാപാരികളിലൂടെയാണ് ഇസ്ലാം മതം യഥാർത്ഥത്തിൽ ഈ മണ്ണിലേക്ക് കടന്നു വരുന്നത്. ഈ വിധം വന്നർക്ക് ആരാധനാ സൗകര്യത്തിനായി നിരവധി മുസ്ലിം ദേവാലയങ്ങൾ ഇവിടുത്തെ തീരദേശ ഭരണാധികാരികൾ സ്ഥാപിക്കുകയുണ്ടായി. മുഗളന്മാരുടെ ആഗമനം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ സവിശേഷ പരിവർത്തനങ്ങളുടെ അലകൾ സൃഷ്ടിച്ചു.


ഇതുകൂടി വായിക്കൂ: സിഎഎ: പെരുംനുണകളുടെ കോട്ടകൾ


ഇപ്പോൾ സംഘ്പരിവാർ ദേശക്കൂറു തെളിയിക്കാൻ ആവശ്യപ്പെടുന്ന മുസ്ലിങ്ങൾ സാമ്രാജ്യത്വ പോരാട്ടത്തിന്റെ പേരിൽ വെള്ളക്കാരൻ തല്ലി ചതച്ചവരായിരുന്നു എന്ന് ഓർമ്മ വേണം. ശ്രീരാമകൃഷ്ണ പരമഹംസൻ ഇസ്ലാം മാർഗത്തിൽ കൂടിയും ഈശ്വര സാക്ഷാത്കാരത്തിന് മുതിർന്നു. വിവേകാനന്ദനും, ശ്രീ നാരായണനും പ്രവാചകൻ മുഹമ്മദ് നബിയെ ആദരവായിരുന്നു. മതത്തിന്റെ മേഖലയിൽ ഇസ്ലാമിക സംസ്കാരവും ഹിന്ദു സംസ്കാരവും തമ്മിൽ ലയാത്മക ഭാവങ്ങൾ മൊട്ടിട്ടു. ഇതിന്റെ ഫലശ്രുതിയായിരുന്നു സൂഫിസവും ഭക്തി പ്രസ്ഥാനവും. ഇതു രണ്ടും ഇന്ത്യൻ ജനതയുടെ ഹൃദയാന്തരാളത്തിൽ മധുരരാഗങ്ങൾ സൃഷ്ടിച്ചു.
ഇന്ത്യാ ഗേറ്റിൽ 93,500 സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകൾ എഴുതിയിട്ടുണ്ട്. അതിൽ 61,945 പേരും മുസ്ലിങ്ങളാണ്. ഖാൻ അബ്ദുൾ ഗാഫർ ഖാൻ, മൗലാനാ അബ്ദുൾ കലാം ആസാദ്, മൗലാന മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, അല്ലാമ ഇക്ബാൽ, മുഹമ്മദ് ബർക്കത്തുള്ള, ബദറുദ്ദീൻ തൊയ്ബ് ജി, ഹസ്റത്ത് മൊഹാനി, സൈഫുദ്ദീൻ കിച്‌ലു, അങ്ങനെ പലരും. ബർക്കത്തുള്ള പ്രവർത്തിച്ചത് ഭഗത് സിങ്ങിനോടൊപ്പവും ഖാൻ അബ്ദുൾ ഗാഫർ ഖാൻ പ്രവർത്തിച്ചത് ഗാന്ധിജിയോടൊപ്പവും. ബ്രിട്ടീഷുകാരുമായിട്ടുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ ഏറ്റുമുട്ടൽ നടത്തിയത് മൈസൂർ രാജാക്കന്മാരായ ഹൈദർ അലിയും ടിപ്പു സുൽത്താനും. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച ഏക ചക്രവർത്തി ടിപ്പു സുൽത്താൻ. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് റാണി ലക്ഷ്മി ഭായ് എന്ന് അവർക്കും അറിയാം. പക്ഷെ ആ സമരത്തിൽ പങ്കെടുത്ത ധീരവനിത ബീഗം ഹസ്റ്ത്ത് മഹലിനെ ഓർക്കണം. ബ്രിട്ടീഷ് പടനായകൻ സർ ഹെൻറി ലോറൻസിനെ വെടിവച്ച് വീഴ്ത്തിയത് അവരാണ്. അവസാന മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ ശക്തമായി ബ്രിട്ടീഷുകാരെ എതിർത്തു. അതായിരുന്നു ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം.
മുസ്ലിങ്ങൾ 800 കൊല്ലം ഇവിടെ ഭരിച്ചു. അവർ ഇവിടെ നിന്ന് ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ചുകാരെ പോലെ ഒന്നും കൊള്ളയടിച്ചില്ല. അവർ ഇന്ത്യയെ ഏകീകരിച്ചു. സാംസ്കാരിക ഔന്നത്യത്തിൽ എത്തിച്ചു. അവർ അനന്തമായ വിജ്ഞാനം സാഹിത്യ രംഗത്തും, ശില്പകലയിലും, നീതിന്യായ വ്യവസ്ഥയിലും, രാഷ്ട്ര ഭരണ പ്രക്രിയയിലും കൊണ്ടുവന്നു. ഡൽഹി സുൽത്താൻമാരും, മുഗളന്മാരും, ശക്തമായ, അതീവ വൈദഗ്ധ്യമുള്ള ഭരണ സംവിധാനം നിലനിർത്തി. ആ കാലയളവിൽ ഇസ്ലാമിക പണ്ഡിതർ അറബിക് പേർഷ്യൻ ഭാഷയിലുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷയിലേക്ക് തർജമ ചെയ്തു. പേർഷ്യൻ — ഹിന്ദി ഭാഷകളുടെ സമ്പർക്കത്തിൽ നിന്നു രൂപം പ്രാപിച്ചതാണ് ഉറുദു ഭാഷ. അല്ലാതെ സംഘ്പരിവാർ പ്രചരിപ്പിക്കുന്നതു പോലെ ഉറുദു വിദേശ ഭാഷയല്ല.
മുല്ല അബ്ദുൾകാദിർ ബദയൂനി എന്ന പ്രഗത്ഭ പണ്ഡിതൻ ഹിന്ദി പണ്ഡിതരുമായി ചേർന്ന് അഥർവവേദവും, രാമായണവും പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി. അബ്ദുൾ ഫസൽ, ഔറംഗസീബ്, മുൻഷിഹരാക്രം, ചന്ദ്ര ഭാൽ ബ്രഹ്മൻ, മുൻഷി മാധവ് റാം ആദിയായവർ മധ്യകാലഘട്ടത്തിലെ പ്രഖ്യാതരായ എഴുത്തുകാരായിരുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിഷൻ, ആയിരുന്ന രാം തനു പാണ്ഡെയാണ് പിൽക്കാലത്ത് സംഗീത സാമ്രാട്ടായ മിയൻ ടാൻസൻ ആയി വിഖ്യാതനായത്. മധ്യപ്രദേശിലെ റെവ എന്ന നാട്ടുരാജ്യത്തെ ഹനു രാജാവായ രാഗ രാമചന്ദ്ര സിങ്ങിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു റാം തനു. അദ്ദേഹത്തിന്റെ പ്രശസ്തി അക്ബർ ചക്രവർത്തിയും അറിയാനിടയായി. അക്ബർ രാജ രാമചന്ദ്രന്റെ കൊട്ടാരത്തിലേക്ക് ദൂതരെ അയച്ചു സംഗീതജ്ഞനെ ക്ഷണിച്ചു. രാജരാമചന്ദ്രയുടെ പ്രോത്സാഹനത്തിന്റെ ഫലമായി, പിന്നീട് ലോകമാകെ അറിയപ്പെട്ട, ടാൻസൻ അക്ബറുടെ രാജസദസിന്റെ ചൈതന്യമായി. ഷാജഹാൻ ചക്രവർത്തിയുടെ മകൻ മഹാ പണ്ഡിതൻ ദാരാ ഷിക്കോ ഉപനിഷദ് പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷചെയ്ത് ലോകത്തിനു പരിചയപ്പെടുത്തി. മഹാഭാരതം വിവിധ പണ്ഡിതർ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷചെയ്തു.


ഇതുകൂടി വായിക്കൂ: സിഎഎ: വേട്ടയുടെ ആരംഭം


മുഗള — ഹിന്ദു ശൈലിയുടെ സമന്വയമാണ് ഹിന്ദുസ്ഥാനി കലാ ശൈലി. ജുമാ മസ്ജിദ്, ഫത്തേപ്പൂർ സിക്രി, എന്നിവയുടെ താഴികക്കുടങ്ങൾ ജൈനശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഛത്തേപ്പൂരിലെ രാജാവിന്റെ കൊട്ടാരങ്ങളും, രഞ്ജിത് സിങ്ങിന്റെ സ്മാരകങ്ങളും (ലാഹോർ), അൽവാറിലെ മഹാരാജ ഭക്തവാർ സിങ് സ്മാരകവും ഹിന്ദുസ്ഥാനി ശൈലിയുടെ മികച്ച ദൃഷ്ടാന്തങ്ങളാണ്. 18-ാം നൂറ്റാണ്ടിൽ “മുൻഷി” എന്ന പദത്തിന് നന്നായി പേർഷ്യൻ ഭാഷ കൈകാര്യം ചെയ്യുന്ന ഹിന്ദു എന്നായിരുന്നു അർത്ഥം.
ഹിന്ദു സംസ്കാരത്തിന്റെ സംഭാവനകളാണ് അജന്ത, എല്ലോറാ, കൊണാർക്ക്, മധുര, കാശി, തഞ്ചാവൂർ, തുടങ്ങിയ ക്ഷേത്രങ്ങൾ എങ്കിൽ താജ്മഹൽ, കുത്തബ്മിനാർ, ചാർമിനാർ, ഫത്തേപ്പൂർ സിക്രി, ബുലുൻഡ് ദർവാസ തുടങ്ങിയവ മുസ്ലിം സംസ്കാരത്തിന്റെ സംഭാവനകൾ ആണ്. കപിലനും, കണാതനും, ചരകനും, കാളിദാസനും, ‘ഭവഭൂതിയും, ബാണ ഭട്ടനും, ടാഗോറും ഈ ഭൂമിയിൽ ജനിച്ച മഹാപ്രതിഭകൾ എങ്കിൽ, മുസ്ലിം സംസ്കാരം സംഭാവന നൽകിയ മഹാപ്രതിഭകൾ ആണ് അബ്ദുൾ ഖദീർ ബദായുനി, അമീർ ഖുസ്രു, മിർസാ ഗാലിബ്, ഫിറാക്, അബ്ദുൾ ഫസൽ തുടങ്ങിയവർ. മുഗൾ കാലത്താണ് ഗസലുകളും ക്വവാലികളും പ്രചാരത്തിലായത്. അവ മുസ്ലിം സംസ്കാരത്തിന്റെ സംഭാവനയാണ്.
മുഗള്‍ ഭരണ കാലത്ത് ഇവിടെ പരിചയപ്പെടുത്തിയ അതീവ സ്വാദിഷ്ടമായ ഭക്ഷണങ്ങളാണ്, ബിരിയാണി, കബാബ്, ആൽമോണ്ട്സ്, വിവിധ പുലാവുകൾ, സമോസ, ബെക്ഡ് ബ്രെഡ് തുടങ്ങിയവ. എത്രയോ നൂറ്റാണ്ടുകളായി ഇവിടെ ഹിന്ദു മുസ്ലിം സംസ്കാരത്തിന്റെ സമന്വയം കാണാം. ഇതൊന്നും സംഘ്പരിവാർ അംഗീകരിക്കില്ല. അവർ ചരിത്രത്തെ നിഷേധിക്കും. സത്യത്തെ അവർ ക്രൂരമായി വധിക്കും. സത്യംകൊണ്ട് പരീക്ഷണങ്ങൾ നടത്തിയ മഹാത്മാവിനെ അവർ വധിച്ചത് അദ്ദേഹം സാംസ്കാരിക സമന്വയത്തെ ജീവിതത്തിൽ ഉടനീളം ആശ്ലേഷിച്ചതുകൊണ്ടാണ്.


ഇതുകൂടി വായിക്കൂ: മോഡിക്കെതിരെ ആർഎസ്എസ്


അതീവ സുന്ദരമായ ബഹുസ്വരതയുടെ സംസ്കാരത്തെ ആർഎസ്എസ് അതിന്റെ ജനനസമയം മുതൽ അംഗീകരിക്കുന്നില്ല. അവർ ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിക്കുന്നില്ല. അവർ ഉന്നതമായ മാനവികതയെ നിരാകരിക്കുന്നു. മനുഷ്യനെക്കാൾ പ്രധാനം അവർക്ക് മതമാണ്. മത വിശ്വാസം ആർക്കും പുലർത്താം എന്നും ആരാധനാ സ്വാതന്ത്ര്യം ഏവർക്കും ഉണ്ട് എന്നും ഭരണഘടന കൃത്യമായി പറയുന്നു. എന്നിട്ടും ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്, മഹത്തായ സംസ്കാര സമന്വയത്തെ നിഷേധിച്ചു കൊണ്ട് സിഎഎ വിജ്ഞാപനം ഇറക്കി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനു വേണ്ടിയുള്ളതാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശും മുസ്ലിം രാജ്യങ്ങളായതിനാലും അവിടൊക്കെ മുസ്ലിങ്ങൾ ഭൂരിപക്ഷമായതിനാലും ആണ് അവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നിഷേധിക്കുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ പുറമെയുള്ള ഈ വസ്തുതകൾക്കപ്പുറം ഈ പൗരത്വ ഭേദഗതി നിയമത്തിൽ ആധുനിക ഇന്ത്യയുടെ ചരിത്രത്തെ തന്നെ വഴി തിരിച്ച് വിടാൻ പോന്ന ഒരു രാഷ്ട്രീയ വിച്ഛേദം സംഭവിക്കുന്നുണ്ട്. അതെന്താണെന്ന് നാം തിരിച്ചറിയണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഇന്ത്യൻ മതനിരപേക്ഷ ധാർമ്മികതയെയും പൗരത്വത്തെക്കുറിച്ചുള്ള ഭരണഘടനാ തത്വത്തെയും തകിടം മറിച്ചുകൊണ്ട് മതം പൗരത്വത്തിന്റെ മാനദണ്ഡമാവുന്നു എന്നതാണ് ആഴത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ ദുരന്തം. ഇന്ത്യൻ ഭരണഘടന പകൽ പോലെ വ്യക്തമായി പറഞ്ഞ ജാതി, മത, വംശ, ലിംഗ നിരപേക്ഷമായ പൗരത്വാവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ഈ പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ സംഭവിക്കുന്നത്. ആർട്ടിക്കിൾ 15 മതം, സംശം ജാതി, ലിംഗം, ജന്മസ്ഥലം, എന്നിവയുടെ പേരിലുള്ള എല്ലാ വിവേചനങ്ങളെയും നിരോധിച്ചിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണനായി നിലകൊള്ളുന്ന ഈ നിരോധനത്തെയാണ് സംഘ്പരിവാർ ശക്തികൾ, ആർഎസ്എസ് നേതൃത്വത്തിൽ സ്വന്തം മതതാല്പര്യത്തിന് വേണ്ടി പൗരത്വ ഭേദഗതി നിയമത്തിലൂടെ എടുത്തു കളയാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടന ഇന്ത്യൻ മണ്ണിൽ ജീവിക്കുന്ന ആർക്കും മതപരിഗണനകളില്ലാതെ നൽകുന്ന നിയമത്തിനു മുന്നിലുള്ള തുല്യത എന്ന തത്വത്തെ (ആർട്ടിക്കിൾ 14) അട്ടിമറിച്ചുകൊണ്ടാണ് സംഘ്പരിവാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇലക്ടറല്‍ ബോണ്ട് മറയ്ക്കാന്‍ പൗരത്വ ഭേദഗതി നിയമം


മതം പൗരത്വത്തിന്റെ മാനദണ്ഡമായി വന്നു കഴിഞ്ഞാൽ ആ മാനദണ്ഡം രാജ്യമാകെ പ്രയോഗിക്കാനുള്ള വഴി അതോടെ തുറക്കുകയാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ഈ ചുവടുവയ്പിലൂടെ സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നതും അതുതന്നെ. മുസ്ലിങ്ങളെ മതാടിസ്ഥാനത്തിൽ പൗരത്വത്തിൽ നിന്ന് ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ മാനദണ്ഡം അംഗീകരിച്ചു കഴിഞ്ഞാൽ വരാൻ പോകുന്ന പൗരത്വ രജിസ്റ്ററിന്റെ മാനദണ്ഡവും അതായി മാറാൻ പിന്നെ തടസങ്ങൾ ഒന്നും ഇല്ല. അങ്ങനെ മുസ്ലിങ്ങൾ മാത്രം പൗരത്വത്തിന് അർഹതയില്ലാത്തവരായി മാറുമ്പോൾ, ഹിന്ദുവും മുസ്ലിമും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഒരുമിച്ച് സമരം ചെയ്ത് ആയിരങ്ങൾ ജീവൻ ബലികഴിച്ചു. അതിലൂടെ നേടിയെടുത്ത സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിങ്ങൾ പൗരത്വാവകാശമില്ലാത്തവരായി മാറുന്ന സ്ഥിതിവിശേഷം വരും.
ഇത് അനുവദിക്കാൻ പാടില്ല. ഈ രാജ്യത്തിന്റെ അതിസുന്ദരമായ ബഹുസ്വരതയെ ചേർത്തു പിടിക്കണം. മനുഷ്യനെക്കാൾ വലുതൊന്നില്ല. വിശാല മനസാണ് ഇന്ത്യയുടേത്. അത് നിലനിർത്തണം. സംഘ്പരിവാറിന്റെ പ്രാകൃത ആശയങ്ങൾക്കെതിരെ നമ്മുടെ പ്രതിരോധങ്ങൾ ഇനിയും ഉച്ചത്തിൽ ആവേണ്ടിയിരിക്കുന്നു. നമുക്ക് വേണ്ടത് സംസാരിക്കാനും ആശയങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ഈ നാട്ടിലെ ജനങ്ങളെ ചോദ്യം ചോദിക്കാനും, വിയോജിക്കാനും വേണ്ടി ശാക്തീകരിക്കാത്തിടത്തോളം ഈ സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാൻ കഴിയുകയില്ല. ജനങ്ങളെ ഉണർത്തണം. ജനശക്തിയെക്കാൾ വലിയ ശക്തി ഈ ഭൂമിയിൽ ഇല്ല. ജനങ്ങളെ അടിമകളാക്കുന്ന, ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണാധികാരികളുടെ മനുഷ്യ വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം ഉയരണം. അതാണ് ഈ കാലം ആവശ്യപ്പെടുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പ്രതിഭാസമായ മനുഷ്യനെ ചേർത്തുപിടിച്ച്, മാനവികതയെ എന്നും നെഞ്ചോടു ചേർത്ത് അസന്ദിഗ്ധമായ പോരാട്ടം ഫാസിസ്റ്റുകൾക്കെതിരെ നടത്തണം. അതാണ് അതീവ സുന്ദരിയായ ബഹുസ്വരതയെ നിലനിർത്താനുള്ള, സ്വതന്ത്രരും തുല്യരുമായ മനുഷ്യരുടെ വീക്ഷണമായ ജനാധിപത്യം നിലനിർത്താനുള്ള ഏക വഴി…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.