പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്ക് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിൽ നിരീക്ഷക പദവി നിഷേധിക്കുന്നതിന് ഇന്ത്യ വോട്ട് ചെയ്തത് പെഗാസസ് ചാരസോഫ്റ്റ്‍വേറിനുള്ള പ്രത്യുപകാരമെന്ന് റിപ്പോർട്ട്.
2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് പെഗാസസ് വാഗ്ദാനം ചെയ്യപ്പെട്ടത്. മിസൈൽ ഉൾപ്പെടെയുള്ള 200 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചാണ് ചാരസോഫ്റ്റ്‍വേറായ പെഗാസസ് ഇന്ത്യ വാങ്ങിയത്. യുഎന്നിൽ ഇസ്രയേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുന്നതിന് കരാര്‍ കാരണമായെന്ന് ന്യൂയോർക്ക് ടെെംസാണ് റിപ്പോർട്ട് ചെയ്തത്.
പെഗാസസ് ഉപയോഗിച്ച് പ്രമുഖര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിൽ പാർലമെന്റിലുൾപ്പെടെ പ്രതിഷേധവും നടന്നിരുന്നു. പെഗാസസ് ഉപയോഗിച്ച് ചോർത്താൻ ശ്രമിച്ച മൊബൈൽ ഫോണുകളിൽ ഭൂരിഭാഗവും മോഡി സർക്കാരിന്റെ വിമർശകരുടേതായിരുന്നു.
എന്നാൽ പെഗാസസ് നിർമ്മാതാക്കളായ എൻഎസ്ഒയുടെ എല്ലാ കയറ്റുമതികളും ടെൽ അവീവിന്റെ മേൽനോട്ടത്തിലാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ പറഞ്ഞപ്പോൾ അത് ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.
പെഗാസസ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നു. മോഡി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുൽ ഗാന്ധി എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോഡി പെഗാസസ് വാങ്ങിയതെന്നും പ്രതിപക്ഷം വിമർശിച്ചു.
പെഗാസസ് എന്തിന് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ആരെയൊക്കെ നിരീക്ഷിക്കണമെന്ന് എങ്ങനെ തീരുമാനിച്ചുവെന്നും ആർക്കാണ് അതിന്റെ റിപ്പോർട്ട് കിട്ടിയതെന്ന് വെളിപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
English Summary: India’s vote against Palestine: In return for Pegasus
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.