May 28, 2023 Sunday

ഹാസ്യമയം ജീവിതം

രമ്യ മേനോന്‍
March 26, 2023 11:23 pm

തൃശൂര്‍ ഭാഷയില്‍ എന്ത് കേട്ടാലും മലയാളികള്‍ക്ക് അത് ഇന്നസെന്റാണ്. തെക്കേത്തല വറീത് ഇന്നസെന്റ് എന്നായിരുന്നു മുഴുവന്‍ പേരെങ്കിലും മലയാളികള്‍ക്ക് ഇന്നസെന്റ് എന്നും ഇന്നസെന്റ് തന്നെയായിരുന്നു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഇന്നസെന്റ് എന്ന ഹാസ്യതാരം മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തമിഴ് എന്നിവയിലും ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചു.

ഇരിങ്ങാലക്കുടയില്‍ വറീത് ‑മാര്‍ഗരറ്റ് ദമ്പതികളുടെ മകനായി ഇരിങ്ങാലക്കുടയില്‍ ഫെബ്രുവരി 28നാണ് ഇന്നസെന്റിന്റെ ജനനം. എട്ട് മക്കളുള്ള വറീതിന്റെയും മാര്‍ഗരറ്റിന്റെയും അഞ്ചാമത്തെ മകന്‍. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂള്‍, ഡോണ്‍ ബോസ്കോ സ്കൂള്‍, ശ്രീ സങ്കമേശ്വര എന്‍ എസ് എസ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ഗ്രേഡ് വരെ പഠിച്ചെങ്കിലും ഇന്നസെന്റിന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏതൊരു സിനിമാ മോഹിയെയും പോലെ മദ്രാസ് എന്ന സ്വപ്ന നഗരത്തിലേക്ക് വണ്ടി കയറി. .…

ആരുടെയും കണ്ണ് പോലും എത്തിപ്പെടാത്ത നെല്ല് എന്ന ചിത്രത്തിലെ അത്ര ചെറിയ റോളിലാണ് അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ടത്. നൃത്തശാല എന്ന സിനിമയിലൂടെയായിരുന്നു ആദ്യ രംഗപ്രവേശം. പിന്നീട് ടൈഫോയിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സിയലായിരുന്നതിനാല്‍ സിനിമാരംഗം ഇന്നസെന്റിനെ കണ്ടിരുന്നില്ല. 1974ല്‍ ലെതര്‍ ഉല്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറിയിലുമായി ജീവിതം മുന്നോട്ട്. .…..

പിന്നീട് തിരികെ സിനിമാ മേഖലയില്‍ സജീവമായ ഇന്നസെന്റ് സിനിമ നിര്‍മ്മാതാവായാണ് രംഗപ്രവേശം ചെയ്തത്. അക്കാലത്തെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍ക്കൊപ്പം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍.…

നടി ആയിരുന്ന ജയലളിതയുടെ നൃത്തം നോക്കി ആസ്വദിച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നെന്ന് പില്‍ക്കാലത്ത് ഹാസ്യരൂപേണ അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. നര്‍ത്തകി ആയി അഭിനയിച്ചിരുന്ന, അന്നത്തെ പ്രധാന നടി ജയലളിതയെ നേരില്‍ക്കണ്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. ജീസസ് എന്ന ചിത്രത്തിലെ കാര്യം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഇന്നസെന്റ് അതില്‍.

സിനിമയില്‍ എത്തിപ്പെട്ടതും നിര്‍മ്മാതാക്കളുടെ മക്കളുടെ വിഴുപ്പ് വരെ ചുമന്ന് കഷ്ടപ്പെട്ടതുമെല്ലാം സിനിമയിലെ പോലെ തന്നെ ജീവിത്തതിലും ഹാസ്യ രൂപേണ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ എവിടെയും അഭിനയിച്ച് കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഓര്‍മ്മിച്ച് ചിരിക്കാന്‍ സിനിമാ ആസ്വാദകര്‍ക്ക് ഒട്ടേറെ സംഭാഷണ ശകലങ്ങള്‍ നല്‍കിയാണ് ഇന്നസെന്റ് അഭിനയത്തിന്റെ അരങ്ങൊഴിയുന്നത്.

റാംജിറാവു, മാന്നാര്‍ മത്തായി സ്പീക്കിങ്, മിഥുനം, കല്യാണരാമന്‍, അഴകിയ രാവണന്‍, മനസിനക്കരെ,ഗോഡ് ഫാദര്‍ രസതന്ത്രം അങ്ങനെ എടുത്തു പറയാന്‍ കഴിയാത്ത അത്ര നിരവധി കഥാപാത്രങ്ങള്‍.

കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട തന്റെ ഇച്ഛാശക്തിയെക്കുറിച്ച് ഒട്ടും നാട്യങ്ങളില്ലാതെ ഇന്നസെന്റ് എന്നും അഭിമാനത്തോടെ പറഞ്ഞിരുന്നു. അസുഖങ്ങളെ ചിരിച്ചുകൊണ്ട് നേരിടുവാന്‍ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. ഏതാണ്ടെല്ലാ സിനിമയിലും സംഭാഷണ ശൈലി ഒന്നുതന്നെയായിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കാന്‍ ഇന്നസെന്റിന് തൃശൂര്‍ ശൈലി ഒരു തടസവും സൃഷ്ടിച്ചിട്ടില്ല.

കൂടുതലും കോമഡി കഥാപാത്രങ്ങളായിരുന്നു ഇന്നസെന്റ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഗൗരവതരമായ കഥാപാത്രങ്ങളും കയ്യടക്കത്തോടെ ചെയ്തിരുന്നതും മലയാളികള്‍ എക്കാലവും ഓര്‍ക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് തന്റെ 75ആം പിറന്നാള്‍ കൂടി ആഘോഷിച്ചാണ് താരം നമ്മില്‍ നിന്നും അകന്നുപോകുന്നത്…

 

Eng­lish Sam­mury: What­ev­er they hear in Thris­sur dialect is inno­cent to the Malayalees

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.