26 April 2024, Friday

Related news

April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024
April 11, 2024
April 10, 2024
April 7, 2024

കുട്ടികളിലെ ബുദ്ധി വികാസം ആദ്യ ആറു മാസങ്ങളില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ശിവകീര്‍ത്തന ആര്‍ എസ്
Child Development Therapist SUT Hospital, Pattom
August 30, 2021 5:55 pm

ഓരോ കുട്ടിയും അവരുടേതായ രീതിയില്‍ വ്യത്യസ്തരാണ്. എന്നിരുന്നാലും കുട്ടികളുടെ വളര്‍ച്ചയും ബുദ്ധി വികാസവും തുടര്‍ച്ചയായ ഒരു ക്രമത്തിന് അനുസരിച്ചുള്ളതാണ്. തങ്ങളുടെ കുട്ടി പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളര്‍ച്ച നേടുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടതാണ്. ഇതിനായി പ്രായത്തിനനുസരിച്ച് കുട്ടികള്‍ കൈവരിക്കേണ്ട ബുദ്ധി വികാസത്തിന്റെ നാഴികകല്ലുകള്‍ എന്താണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടികളുടെ വളര്‍ച്ചയെ പ്രധാനമായും നാലായി തരം തിരിക്കാം സ്ഥൂല പേശി വികാസം (Gross motor), സൂക്ഷമ പേശി വികാസം (Fine motor), ഭാഷാ വികാസം (Lan­guage), സാമൂഹിക വികാസം (Social) എന്നിങ്ങനെയാണവ. ഇതില്‍ ഗ്രോസ് മോട്ടര്‍ എന്നത് വലിയ പേശികള്‍ ഉപയോഗിച്ച് കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു, ഉദാഹരണത്തിന് കഴുത്തുറയ്ക്കുക, കമഴ്ന്നു വീഴുക, ഇരിക്കുക, നടക്കുക മുതലായവ. ഫൈന്‍ മോട്ടര്‍ എന്നത് കുഞ്ഞു പേശികളുടെ ഏകോപനത്തിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്, ഉദാഹരണത്തിന് കളിപ്പാട്ടം പിടിക്കുക, കുഞ്ഞു വസ്തുക്കള്‍ എടുക്കുക, രണ്ടു കൈയ്യിലും വസ്തുക്കള്‍ മാറിമാറി എടുക്കുക, എന്നിങ്ങനെ.

കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന ശബ്ദം മുതല്‍ തന്നെ ഭാഷാവികസനം ആരംഭിക്കുന്നു പിന്നീട് മറ്റുള്ളവരുമായി സംവദിക്കുന്നതിന് ആവശ്യമായുള്ള വാക്കുകളായും വാക്യങ്ങളായും ആയും രൂപാന്തരപ്പെടുന്നു. സാമൂഹിക വികാസം എന്നത് സൂചിപ്പിക്കുന്നത് കുട്ടി തന്നെയും തന്റെ ചുറ്റുപാടിനെയും മറ്റുള്ളവരെയും മനസ്സിലാക്കി പെരുമാറുന്നതിനെയാണ്

0 — 6 മാസം വരെയുള്ള കുട്ടികളിലെ മാനസിക‑ശാരീരിക വികാസം

0 — 2 മാസം

ഉദരത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ഓരോ കുഞ്ഞും തന്റെ ചുറ്റുപാട് വീക്ഷിക്കാനും അമ്മയെ തിരിച്ചറിയാനും തുടങ്ങുന്നു. ആദ്യ മാസങ്ങളില്‍ കുഞ്ഞിനു കറുപ്പും വെള്ളയും നിറങ്ങള്‍ കാണുവാന്‍ കഴിയുന്നു. ഏകദേശം എട്ട് ഇഞ്ച് (20cm) ദൂരത്തിലുള്ള വസ്തുക്കള്‍ ഈ കാലയളവില്‍ കുഞ്ഞിനു ദൃശ്യമാണ്. പതിയെ ചലിക്കുന്ന വസ്തുവിനോടൊപ്പം കണ്ണുകള്‍ ചലിപ്പിക്കുന്ന കുഞ്ഞ് മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കുവാന്‍ പഠിക്കുന്നു. ഇതോടൊപ്പം കുഞ്ഞ് തന്റെ ആദ്യ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിക്കുന്നു.

3 — 4 മാസം

ഈ സമയം കുഞ്ഞ് തന്റെ കണ്ണിനു മുകളിലൂടെ ചലിക്കുന്ന വസ്തുക്കളെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് പിന്‍തുടരുകയും ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കുവാനും ആരംഭിക്കുന്നു. കമഴ്ത്തി കിടത്തുമ്പോള്‍ തലയും നെഞ്ചും ഉയര്‍ത്താന്‍ കുഞ്ഞ് ശ്രമിക്കുന്നു. നാലു മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ കഴുത്ത് പൂര്‍ണ്ണമായും ഉറയ്ക്കുകയും കമഴ്ത്തി കിടത്തുമ്പോള്‍ തല നന്നായി ഉയര്‍ത്തിപ്പിടിക്കുവാനും പഠിക്കുന്നു. കുഞ്ഞു ശബ്ദമുണ്ടാക്കി ചിരിക്കുകയും തന്റെ കുഞ്ഞി കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ച് കളിക്കാനും ആരംഭിക്കുന്നു.

5 — 6 മാസം

കുഞ്ഞ് കമഴ്ന്നു വീഴുവാന്‍ പഠിക്കുന്നു. കൈനീട്ടി വസ്തുക്കള്‍ വാങ്ങുകയും കുഞ്ഞു വസ്തുക്കള്‍ പോലും ശ്രദ്ധിക്കുകയും ചെയ്യുന്നു. കണ്ണാടിയിലെ സ്വന്തം പ്രതിഫലനം നോക്കി സന്തോഷിക്കുന്നു. ആറാം മാസത്തോടുകൂടി കഴുത്തും നെഞ്ചും ഉയര്‍ത്താന്‍ ശ്രമിക്കുകയും മറ്റുള്ളവരുടെ സഹായത്തോടുകൂടി ഇരിക്കുവാനും പഠിക്കുന്നു. അപരിചിതരെ ഭയക്കാന്‍ കുഞ്ഞു തുടങ്ങുന്നു. മറ്റുള്ളവരെ വീക്ഷിക്കാനും അവരെ അനുകരിച്ച് ശബ്ദങ്ങള്‍ ഉണ്ടാക്കുവാനും തുടങ്ങുന്നു.

ഈ സമയം വരെ കുട്ടിക്ക് പൂര്‍ണ്ണമായും അമ്മയുടെ മുലപ്പാല്‍ നല്‍കുകയും ആറു മാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ ഓരോന്നോരോന്നായി നല്‍കി തുടങ്ങുകയും ചെയ്യാം.

ENGLISH SUMMARY:Intelligence devel­op­ment in chil­dren dur­ing the first six months
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.