21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

സെന്‍ട്രല്‍ ഇലക്ട്രോണിക്സ് വില്പനയില്‍ ക്രമക്കേട്: കമ്പനിക്ക് ബിജെപി ബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2022 9:13 pm

തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് കുറഞ്ഞവിലയ്ക്ക് നേടിയെടുത്ത കമ്പനിക്ക് ബിജെപിയുമായി അടുത്ത ബന്ധം. നടപടികളില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങളെത്തുടര്‍ന്ന് വില്പന താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു പരിചയവുമില്ലാത്ത നന്ദാല്‍ ഫൈനന്‍സിന് കൈമാറാനാണ് മോഡി സര്‍ക്കാര്‍ തീരുമാനമെടുത്തത്. 210 കോടി രൂപ വിലയിട്ടായിരുന്നു പൊതുമേഖലാ സ്ഥാപനത്തിന്റെ വില്പന. നന്ദാല്‍ കമ്പനി ഉടമസ്ഥരായ ജതേന്ദ്ര ഗുപ്ത, പ്രദീപ് ഗുപ്ത എന്നിവര്‍ക്ക് ബിജെപി നേതാവും ആഗ്ര മേയറുമായ നവീന്‍ ജയിനുമായി ബന്ധമുണ്ടെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നത്.

1974 ലാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് സ്ഥാപിച്ചത്. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലകളില്‍ സേവനം നല്‍കുന്ന കമ്പനി പ്രതിരോധ മേഖലയില്‍ മിസൈല്‍ നിര്‍മാണത്തിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും റയില്‍വേക്കും വേണ്ട സുപ്രധാനമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം രാജ്യസുരക്ഷയ്ക്കുവരെ ഭീഷണിയാകുന്ന തരത്തില്‍ വിറ്റഴിക്കുന്നതിനുള്ള നടപടി നിരവധി തവണ കോടതികളില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു.

194 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ 1592 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ കമ്പനിക്കുള്ളപ്പോഴാണ് ഇത്രയും കുറഞ്ഞതുക നിശ്ചയിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡല്‍ഹിക്ക് സമീപം 50 ഏക്കര്‍ സ്ഥലവും സെന്‍ട്രല്‍ ഇലക്ട്രോണിക്‌സിനുണ്ട്. ഇതിന് മാത്രം കേന്ദ്രം നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ വിപണിവില മതിക്കും. സിഇഎല്ലിന് അഞ്ച് മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റും സ്വന്തമായുണ്ട്.

നന്ദാല്‍ ഫിനാന്‍സ് ആന്റ് ലീസിങ്. ജെപിഎം ഇന്‍ഡസ്ട്രി എന്നീ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് വാങ്ങാന്‍ താല്പര്യപ്പെട്ടത്. ജെപിഎം ഇന്‍ഡസ്ട്രീസ് 190 കോടിയാണ് വില പറഞ്ഞത്. ഉയര്‍ന്ന വില പറഞ്ഞ നന്ദാല്‍ ഫൈനന്‍സിന് 210 കോടിക്ക് നല്‍കാനും ധാരണയായി. ഈ രണ്ട് കമ്പനികള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതോടെയാണ് വില്പന താല്കാലികമായി മരവിപ്പിച്ചത്. വില്പന നടപടികളില്‍ ക്രമക്കേട് നടന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

 

Eng­lish Sum­ma­ry: Irreg­u­lar­i­ties in cen­tral elec­tron­ics sales: BJP link to the company

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.