26 April 2024, Friday

Related news

November 29, 2023
October 27, 2023
October 8, 2023
July 19, 2023
July 11, 2023
July 10, 2023
June 2, 2023
April 6, 2023
April 4, 2023
March 14, 2023

കളിക്കിടയിലെ മടക്കം; ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി വന്നേക്കും

web desk
ബംഗളുരു
March 7, 2023 11:37 am

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ അപമാനകരമായ സംഭവങ്ങളില്‍ ഐഎസ്‌എൽ കടുത്ത നടപടികളിലേക്ക്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്ക നടപടി വന്നേക്കുമെന്നാണ് സൂചന. റഫറിയുടെ തീരുമാനം അംഗീകരിക്കാതെ കളംവിട്ടതിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കടുത്ത നടപടിക്ക് സംഘാടകര്‍ ഒരുങ്ങുന്നത്. കളിക്കാരെ തിരിച്ചുവിളിച്ച കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ്‌ ഐഎസ്‌എൽ സംഘാടകരുടെ പ്രാഥമിക വിലയിരുത്തൽ. ബംഗളൂരു താരം സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്കിനെ തുടർന്നായിരുന്നു കളത്തിലെ നാടകീയ നിമിഷങ്ങൾ. റഫറി ഗോൾ അനുവദിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ അംഗീകരിച്ചില്ല. ഒടുവിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ ടീം ഒന്നടങ്കം പുറത്തുപോയി. അരമണിക്കൂർ തികയുംമുമ്പ്‌ റഫറി ക്രിസ്‌റ്റൽ ജോൺ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യൻ ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായിരുന്നു ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ അരങ്ങേറിയത്.

ആവേശകരമായ കളിക്ക്‌ ഒട്ടും യോജിക്കാത്ത അന്ത്യമായിരുന്നു അത്. നിശ്‌ചിതസമയം ഇരുടീമുകളും ലക്ഷ്യം കണ്ടില്ല. അവസാനഘട്ടത്തിലാണ് ഛേത്രി കളത്തിലെത്തിയത്‌. അധികസമയത്തിന്റെ ഏഴാംമിനിറ്റിലായിരുന്നു ഫ്രീകിക്ക്‌. ഛേത്രി കിക്ക്‌ എടുക്കാനെത്തി. ചുറ്റും സഹതാരങ്ങളും ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാരും. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗിൽ സഹതാരങ്ങൾക്ക്‌ നിർദ്ദേശം നൽകി. റഫറി വിസിൽ മുഴക്കിയില്ല. പ്രതിരോധ മതിൽ പൂർത്തിയാക്കിയതുമില്ല. ഇതിനിടെ ഛേത്രി പന്ത്‌ അടിച്ചു‌. അപ്രതീക്ഷിത നീക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാർക്ക്‌ സംഭവിച്ചതൊന്നും മനസിലായില്ല. അവർ പ്രതിഷേധിച്ചു. പക്ഷേ, റഫറി വഴങ്ങിയില്ല. ഗോളിൽ ഉറച്ചുനിന്നു. ഇതോടെ‌ വുകോമനോവിച്ച്‌ കളിക്കാരെ തിരികെവിളിച്ചു‌. റഫറിയുമായി ഏറെനേരം ചർച്ച ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. കളിക്കാരും പരിശീലകസംഘവും കളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു.

അതേസമയം, ബംഗളൂരു എഫ്‌സി ക്കെതിരായ മത്സരം വീണ്ടും കളിക്കണമെന്നാവശ്യപ്പെട്ട് കേ­രള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഔദ്യോഗികമായി കത്തയച്ചു. റഫറിയുടെ പിഴവാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതെന്നും പരാതിയിൽ പറയുന്നു. റഫറിക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു എഫ് സിയും മുംബൈ എഫ് സിയും തമ്മിലുള്ള മത്സരത്തിന് മുൻപ് തീരുമാനമെടുക്കാമെന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ബംഗളൂരുവിന് ഫ്രീ കിക്ക് നൽകിയ സമയം ബോളിന് അരികിൽ നിന്ന് മാറി നിൽക്കാൻ റഫറി, അഡ്രിയാൻ ലൂണയോട് ആവശ്യപ്പെട്ടെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കത്തിൽ പറയുന്നത്. അതുകൊണ്ട് അവിടെ ഫ്രീ കിക്ക് നൽകാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു.

ഫ്രീകിക്ക് നടക്കുന്നതിന് മുൻപ് തന്നോട് നീങ്ങി നിൽക്കാൻ റഫറി ക്രിസ്റ്റൽ ജോൺ പറഞ്ഞെന്ന കാര്യം ആ സമയം ടീമിനെ നയിച്ചിരുന്ന അഡ്രിയാൻ ലൂണ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനോടും സഹതാരങ്ങളോടും പറഞ്ഞെന്നാണ് കത്തിൽ പറയുന്നത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇറങ്ങിപ്പോയ ബ്ലാസ്റ്റേഴ്സ് പിന്നീട് മൈതാനത്തേക്ക് തിരിച്ചെത്താൻ തയ്യാറായില്ല. വിവാദമായി മാറിയ ഈ മത്സരം വീണ്ടും നടത്തണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബംഗളൂരുവിനെ ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിച്ചതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ആവശ്യം നടക്കാനുള്ള സാധ്യത കുറവാണ്. വിവാദ തീരുമാനം കൈക്കൊണ്ട റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാന ആവശ്യം. ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോൾ അനുവദിച്ചു കൊടുത്ത ക്രിസ്റ്റൽ ജോൺ, ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധം പൂർണമായി തള്ളിക്കളയുകയായിരുന്നു. അതേ സമയം ഐഎസ്എൽ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഈ സീസൺ ഐഎസ്എല്ലിലെ 15 റഫറിമാരിൽ ഏറ്റവും കൂടുതൽ മത്സരം നിയന്ത്രിച്ചത് ക്രിസ്റ്റൽ ജോൺ ആണ്.

സെമിയിൽ മുംബൈ സിറ്റിയാണ്‌ ബംഗളൂരുവിന്‌ എതിരാളികൾ. ഇന്ന്‌ നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ എടികെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടും.

 

Eng­lish Sam­mury: ISL play­off issue, Dis­ci­pli­nary action may be tak­en against Blasters

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.